Wednesday, April 25, 2012

ജലഭ്രമം

നെല്ലിപ്പടിയോളം വറ്റി
 കല്ലുന്തിയ കിണറില്‍,
പിഞ്ഞിയ കയറും മാടിക്കെട്ടി
ആടിയാടി
തുരുമ്പന്‍പാട്ടകള്‍
വീണ്ടും വീണ്ടും ഇറങ്ങിനോക്കുന്നു

അടിത്തട്ടില്‍ ചില്ലിട്ടുസൂക്ഷിച്ച
ത(ക)ണ്ണീര്‍ജീവിതം കൊത്തിവിഴുങ്ങാന്‍
പൊന്മകള്‍ കൊതിച്ചുണ്ട്‌ നനയ്ക്കുന്നു

മണ്‍ഭിത്തിചാരിയ മാറാലക്കയ്യില്‍,
ദൂരമെയ്തുമുറിച്ചിരുന്ന കിളിത്തൂവലും
ഞരമ്പുതെളിഞ്ഞ പ്ലാവിലയും കുരുങ്ങിയാടുന്നു

വായ്‌വട്ടത്തില്‍ തിളയ്ക്കുമാകാശം,
അതില്‍ ഞെരിപിരികൊള്ളും മഞ്ഞക്കരു

അകംവരണ്ട പടവുകള്‍
നെല്ലിപ്പടിയിലൊരൂഞ്ഞാലു കെട്ടുന്നു
ഉണങ്ങിയ പടികളെണ്ണി
മുകളിലേയ്ക്കാടുന്നു

അയലത്തെ അലക്കുകല്ലിന്‍
തുണിയലച്ച പ്രസംഗം
കാറ്റുകൊണ്ടുപോകുന്നു
********************

6 comments:

മിര്‍സ said...

പ്രതീക്ഷകള്‍ നെല്ലിപ്പടിയോളം വറ്റിപ്പോയ ഒരു വരണ്ട ഹൃദയം ..അവശേഷിച്ച തെളിവെള്ളത്തില്‍ സ്വകാര്യമായി കാത്തു സൂക്ഷിച്ച പരല്‍ മീനുകളെ പോലും കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന ദുഷ്ട പൊന്മാന്‍ കണ്ണുകള്‍ മുകളില്‍ .മറവിയുടെ മാരാലയിലെവിടെയോ തങ്ങി നില്‍ക്കുന്ന പഴയെതോ പ്രണയത്തിന്റെ കിളിത്ടൂവലുകള്‍ അപ്രാപ്യമായി മുകളില്‍ . സാന്ത്വന മാകേണ്ട സൂര്യന്‍ പോലും തിളയ്ക്കുന്ന മഞ്ഞക്കരു കാട്ടി പോള്ളലെല്‍പ്പിക്കുന്നു ...... ഉറവ് വറ്റിയ ഉള്ളില്‍ നിന്നും പുറമേ അലക്കി വെളുപ്പിക്കാന്‍ ഇനി വെള്ളമെവിടെ ? ഈ അനാഥമായ വ്യഥയിലും വീണ്ടും വീണ്ടും തുരുമ്പന്‍ പാട്ടകള്‍ ആടി ആടി താഴോട്ടു ഇറങ്ജി നോക്കുന്നുണ്ട് ...ഒരു പെയിന്റിങ്ങിന്റെ ഭംഗി യുണ്ട് ഈ കവിതയ്ക്ക്.

ശ്രീനാഥന്‍ said...

ഓർമ്മയിലെവിടെയോ പൊന്തകൾക്കിടയിൽ മറഞ്ഞിരുന്ന ഒരു പ്രാചീനമായ കിണറിൽ നിന്ന് കവിത കോരി ഹൃദയത്തിൽ നിറച്ചു തന്നിരിക്കുന്നു, മിർസയുടെ വ്യാഖ്യാനവും നന്നായി. സന്തോഷം!

Manickethaar said...

നന്നായിട്ടുണ്ട്‌

ഗീത said...

വരണ്ട കിണറുകൾ - ഭാവികാഴ്ചകൾ. ഒപ്പം ഭ്രമിച്ചു പോകുന്ന വരണ്ട മനസ്സുകളും... ദാഹനീരില്ലാതെ, അപ്പക്കഷണങ്ങളില്ലാതെ ഉഴറുന്നവർ...
അടുത്ത ലോകമഹായുദ്ധമിനി വെള്ളത്തിനു വേണ്ടി എന്നത് ശരിയായിരിക്കാം അല്ലേ?

മുസാഫിര്‍ said...

ഇപ്പോൾ ഗർഭിണിയേപ്പോലെ വയറുനിറച്ച് സുന്ദരി ആയെങ്കിലും
വേനലറുതിയിൽ വെള്ളം വറ്റിയോ എന്നറിയാൻ ഒന്നെത്തി നോക്കിയപ്പോൾ എന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബ്ബൈൽ കവർന്നെടുത്ത് എല്ലാ കൂട്ടുകാരുടെ വിവരങ്ങളോടൊപ്പം അതിനെ ജലസമാധി അടയിച്ച ഒരു പാരമ്പര്യം ഉണ്ട് എന്റെ കിണറിനു.കവിത വായിച്ചപ്പോൾ അവളെ ഓർത്തു.

ഭാനു കളരിക്കല്‍ said...

കിണറ്റില്‍ നിന്നും മനുഷ്യനിലേക്കുള്ള ദൂരം നന്നായി വരച്ചു വെച്ചു. ആശംസകള്‍.