Tuesday, August 21, 2012

സ്വപ്നഭ്രംശം

ഏതു സ്വപ്നത്തിലേയ്ക്ക്‌ എന്നതല്ലേ...


കൈതപൂക്കുന്ന കടവ്‌
മഞ്ഞളരച്ച കല്ലോടെ മുങ്ങി
സ്വപ്നമേ അല്ലാതായി

കാലിനും കൈക്കോട്ടിനും
ചളി കഴുകാനൊരു പടവ്‌
വീതം പറഞ്ഞെടുത്തത്‌
പായലെടുക്കുന്നു

കട്ടുറുമ്പിന്‍
കാതില്‍ച്ചോര വീണ കടവില്‍
എന്നത്തേയുംപോലെ
വള്ളിയെടുത്ത്‌
വാളയും കോര്‍ത്ത്‌
കല്യാണംകൂടാനുള്ള തിരക്ക്‌

കറുപ്പിലും വെളുപ്പിലും മടുത്ത
അതേ സംഭാഷണം
അതേ ചിത്രസംയോജനം

കയ്യോ കാലോ
ഒടിച്ചുകുത്തിപ്പോകുന്നേയെന്ന്‌
ചക്കിപ്പശുവിന്റെ
ചോരതെറിച്ചകരച്ചില്‍,
അക്കരെയിക്കരെ അലച്ച്‌
നേര്‍ത്തു നേര്‍ത്ത്‌...

തണുത്തിരുണ്ട ഈ ഒഴുക്കിലൂടെ
സ്വപ്നനിറത്തിന്റെ ഏതു വന്‍കരയിലേയ്ക്കും
മനോധര്‍മ്മംപോലെ
നിങ്ങള്‍ക്ക്‌ സഞ്ചരിയ്ക്കാം;
ഉണരാതിരിയ്ക്കുവോളം.




6 comments:

Unknown said...

തണുത്തിരുണ്ട ഈ ഒഴുക്കിലൂടെ
സ്വപ്നനിറത്തിന്റെ ഏതു വന്‍കരയിലേയ്ക്കും
മനോധര്‍മ്മംപോലെ
നിങ്ങള്‍ക്ക്‌ സഞ്ചരിയ്ക്കാം;
ഉണരാതിരിയ്ക്കുവോളം.

നല്ല വരികള്‍ .അഭിനന്ദനങ്ങള്‍!!

നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഞാനും ഒരെളിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചുകൊണ്ട്..

മുകിൽ said...

2012ലെ കവിതകളെല്ലാം വായിച്ചു നോക്കി. എല്ലാം നല്ല കവിതകള്‍.. ഒരൂളിയിടലിനു ആഴം കണ്ടു മാത്രം പൊങ്ങുന്ന കവിതകള്‍.

yousufpa said...

ഏതോ ഒരു നഷ്ടബോധം എന്നെ വിടാതെ പിടികൂടിയിരിക്കുന്നു....

ശ്രീ said...

അതെ, സ്വപ്നങ്ങളുടെ ആയുസ്സ് ഉണരാതിരിയ്ക്കുവോളം മാത്രം.

ഓണാശംസകള്‍ ചേച്ചീ...

ശ്രീനാഥന്‍ said...

പായൽ പിടിച്ച കൽപ്പടവിൽ,മനോധർമ്മം പോലെ.. സ്വപ്നസഞ്ചാരം! നല്ല കവിത.

ഭാനു കളരിക്കല്‍ said...

കുളങ്ങളും നീരാടലും മലയാളിക്ക് ഗൃഹാതുരമായ ഓര്‍മ്മകളാകുന്നു.