Sunday, November 25, 2012

ഇതള്‍ പൊഴിയുമൊരു ശലഭത്തിന്നാത്മഭാഷണം

ശരീരദേശത്തിനുള്‍വഴികള്‍
നുഴഞ്ഞുകയറ്റക്കാരെക്കൊണ്ട്‌
നിറഞ്ഞിരിയ്ക്കുന്നു

ചുമലില്‍നിന്നും തലയിലേയ്ക്ക്‌
ആര്‍ത്തുകയറുകയാണ്‌ ഭ്രാന്തുകള്‍

നെഞ്ചിന്‍ മദ്ധ്യഭൂമിക
ചതുപ്പും ചരലുംകൊണ്ട്‌
അനേകം വന്‍കരകളായി
സൂക്ഷ്മദ്വീപുകളായി
പിരിച്ചെഴുതിയിട്ടിരിയ്ക്കുന്നു

കൈക്കരുത്തിന്റെ കോട്ടയില്‍
കുന്തമുന കയറിയിറങ്ങുന്നു

വിരല്‍മടക്കുകളില്‍,
ഞരമ്പുണങ്ങിയ കൈത്തണ്ടില്‍
കടല്‍ച്ചൊരുക്കേറ്റ ശ്വാസനാളിയില്‍
കരളേയെന്നൊരു കരിമ്പിന്‍തോപ്പില്‍,
തിരിഞ്ഞും വളഞ്ഞുമിഴയുന്ന
അനേകം പ്രാണവഴികളില്‍
വേദന തറച്ച്‌
പ്രതിരോധത്തിന്‍ പടവുകള്‍
കുഴഞ്ഞുവീഴുന്നു

പൂക്കാലം ഒഴിഞ്ഞുപോയ അസ്ഥിയില്‍
ജീവപദമൂന്നി
ഏതുനേരവും തകര്‍ന്നേക്കാവുന്ന
ചില്ലുകൂടാരത്തിലുമ്മവയ്ക്കുന്നു
ഹൃദയഭിത്തിയോടൊട്ടിയ
പഴയൊരു പ്രണയഗാനം
***********************

9 comments:

ഭാനു കളരിക്കല്‍ said...

ഉള്ളില്‍ തറക്കുന്ന വരികള്‍ക്കൊണ്ടൊരു ആത്മഭാഷണം.

ajith said...

ഏതുനേരവും തകര്‍ന്നേക്കാവുന്ന
ചില്ലുകൂടാരത്തിലുമ്മവയ്ക്കുന്നു
ഹൃദയഭിത്തിയോടൊട്ടിയ
പഴയൊരു പ്രണയഗാനം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല വരികള്‍

അപ്പു ആദ്യാക്ഷരി said...

വളരെ നന്നായെഴുതിയ ആത്മനൊമ്പരം ! ഇപ്പോഴും ബ്ലോഗെഴുത്തിൽ കാണിക്കുന്ന ഈ ഇനിഷ്യേറ്റീവിനു ഒരു സല്യൂട്ടും.

Kaithamullu said...

ശബ്ദമടക്കിയ വലിയ ഒരു കരച്ചില്‍...........!

സജീവ് കിഴക്കേപറമ്പില്‍ said...

കവിത ഒരിക്കലും അവസാനിക്കാത്ത അന്വേഷണം പോലെ,
അനുസ്യുത പ്രവാഹങ്ങളെ ചേതനയില്‍ ആവാഹിക്കുന്ന
മഹാകാശങ്ങളെ കരളില്‍ നിറയ്ക്കുന്നു
ഭാവുകങ്ങള്‍

Unknown said...

Athamavine pollikkunna oru nombaram pole enteyullil veenudayunnu ormakal

Vinodkumar Thallasseri said...

പൂക്കാലം ഒഴിഞ്ഞുപോയ അസ്ഥിയില്‍
ജീവപദമൂന്നി
ഏതുനേരവും തകര്‍ന്നേക്കാവുന്ന
ചില്ലുകൂടാരത്തിലുമ്മവയ്ക്കുന്നു
ഹൃദയഭിത്തിയോടൊട്ടിയ
പഴയൊരു പ്രണയഗാനം

കാല്‍പനിക സൌന്ദര്യമുള്ള വരികള്‍.

yousufpa said...

വീണ്ടുവിചാരമില്ലാത്ത പ്രണയഗാനം .