Sunday, December 9, 2012

ദൂരദേശം തന്ന ചുമരെഴുത്തുകള്‍



മഞ്ഞുകൊണ്ടു തലപ്പു പോയ മലയുടെ
ചുമലിലുമൊക്കത്തും
കൈവിരല്‍ തുമ്പത്തുമുണ്ട്
കുഞ്ഞു മേഘങ്ങള്‍

മലമ്പാതയില്‍,
ചിമ്മിനി വെട്ടത്തില്‍
ചിറകുകരിഞ്ഞ ഈയലുകളെപ്പോലെ
അന്തിച്ചോപ്പ് മുങ്ങി
ഇഴയുന്ന വാഹനങ്ങള്‍


ചോരപൂത്ത ശോകമരങ്ങള്‍ക്കിടയിലൂടെ
ഇരുട്ട് നടക്കാനിറങ്ങവെ,
തെരുവിന്റെ വാതിലുകള്‍
നിലവിളികളെ നിശബ്ദരാക്കി
അകത്തേയ്ക്ക് വലിക്കുന്നു

വരണ്ട തൊണ്ടയില്‍ നിന്ന്
താരാട്ടുപാട്ടിനെ ഒളിച്ചു കടത്തേണ്ടത്
ഏത് ദേശത്തേക്കാണെന്ന്
വെടിയുണ്ട തിന്ന ചുവരുകള്‍
ആകാശം നോക്കുന്നു

മെല്ലെ മെല്ലെ
മലഞ്ചെരിവുകളെ മുഴുവനായും
വെള്ളമൂടുകയാണ് മഞ്ഞ്

കട്ടപിടിച്ച കാറ്റ് നിശ്ചലരാക്കിയ
മേഘക്കുഞ്ഞുങ്ങള്‍ക്കുമേല്‍
ചുറ്റുവഴികള്‍ ചിതറിയ വെളിച്ചം
ഉറുമ്പുവരികളാകുന്നു
.......................................................

6 comments:

Kaithamullu said...

വരണ്ട തൊണ്ടയില്‍ നിന്ന്
താരാട്ടുപാട്ടിനെ ഒളിച്ചു കടത്തേണ്ടത്
ഏത് ദേശത്തേക്കാണ്?

-വരണ്ട ചിന്തകള്‍ നമ്മെക്കൂടി വട്ട് പിടിപ്പിക്കുമെന്നാ തോന്നുന്നേ........
ഒരു സ്മൈലി!

ഭാനു കളരിക്കല്‍ said...

കവിത വായനയില്‍ ചാന്ദ്നിയുടെ വരികള്‍ തരുന്ന ദുര്‍ഗ്രഹത മറ്റൊരു കവിയുടെ വരികളും തരുന്നില്ല്യ. എന്റെ വായനയുടെ കുഴപ്പമാവും ചിലപ്പോള്‍.

ഈ കവിതയിലും വരികള്‍ പല ബിംബങ്ങളും വരച്ചു വെക്കുന്നുവെങ്കിലും കവി എന്താണ് ഉദ്ദേശിക്കുന്നതെന്ന് പിടി കിട്ടുന്നില്ല.

മുസാഫിര്‍ said...

കശ്മീരിലെങ്ങാനും പോയിരുന്നോ ഈയിടെ ?

മുകിൽ said...

എന്തൊരു ചിത്രം!

yousufpa said...

what a creation..i like it.

Manoraj said...

പുടികിടിയില്ലാട്ടാ.. സത്യായിട്ടും