Monday, December 31, 2012

മഴത്തുള്ളിദൂരം

ഇറ്റുവീണതേ ഉള്ളു
ഇലമെത്തയില്‍
കൈകാലടിച്ച്‌ തുളുമ്പുന്നു

സൂര്യനോളം തിളങ്ങി
കാറ്റില്‍ പിച്ചവയ്ക്കുന്നു

അന്നോളമടിഞ്ഞ പൊടിപ്പരപ്പില്‍
തെന്നിത്തെന്നിയൊരു പുഴ വരയ്ക്കുന്നു

മീനും മീന്‍കണ്ണികളും
നക്ഷത്രത്തെരുവുകളും
ആകാശമൈതാനവും
മേഘത്താഴ്‌വരയും
മാന്തളിരും മധുരക്കനിയും
ഉള്ളുനുരയും തേന്‍നിലാവും
ഉള്ളൊതുക്കിയ ഞാറ്റുപാട്ടും
മുറുക്കിത്തെറിച്ച ചെമ്പന്‍നീരും
വളഞ്ഞും തെളിഞ്ഞുമൊഴുകി
പുഴ നിറയുന്നു

പുഴയിറമ്പിലൂടെ
ഇലദൂരത്തിനുമപ്പുറമെത്തും സ്വപ്നങ്ങളെ
കാണെക്കാണെ കരയെടുക്കും
സങ്കടത്തിട്ടയിലുണക്കാനിടും

ഒട്ടുവറ്റി,
നിറവും നിറഭേദങ്ങളും ചോര്‍ന്ന്‌
ഇലത്തടത്തിലിടറിയിടറി
കാണാക്കാറ്റിന്നൂഞ്ഞാല്‍ത്തുമ്പില്‍ ചിതറും വരെ
വെയില്‍മിനുക്കത്തില്‍ കണ്ണുചുളിയ്ക്കും
നൂലിഴ പലതായ്‌പകുത്തപോല്‍
നേര്‍ത്തൊരു നനവ്‌
------------------------


11 comments:

AnuRaj.Ks said...

ഗൃഹാതുരമായ സ്മരണകള്ക്ക് ആശംസകള്

ഭാനു കളരിക്കല്‍ said...

മഴത്തുള്ളിയില്‍ എല്ലാം ഒതുങ്ങുന്നു മനോഹരം.

സൗഗന്ധികം said...

ഒരുതുള്ളി മനസ്സ്...........
ശുഭാശംസകൾ......


ajith said...

ചന്ദ്രകാന്തക്കല്ല്...

Unknown said...

Mazhathullipole madhuram ee kavitha

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

പുതുവത്സരാശംസകള്‍

അനില്‍കുമാര്‍ . സി. പി. said...

പുഴയിറമ്പിലൂടെ
ഇലദൂരത്തിനുമപ്പുറമെത്തും സ്വപ്നങ്ങളെ
കാണെക്കാണെ കരയെടുക്കും
സങ്കടത്തിട്ടയിലുണക്കാനിടും ...

Manickethaar said...

മനോഹരം.

Kaithamullu said...

മാന്തളിരും മധുരക്കനിയും
ഉള്ളുനുരയും തേന്‍നിലാവും
ഉള്ളൊതുക്കിയ ഞാറ്റുപാട്ടും
മുറുക്കിത്തെറിച്ച ചെമ്പന്‍നീരും....

ന്യൂ ഇയര്‍ പിറന്നെയുള്ളു. ഇത്ര പെട്ടെന്ന് മനുഷ്യനെ ‘സെന്റി’യാക്കല്ലേ ചാന്ദ്നി!

viswan madathil said...

1952 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ അല്‍സേഷന്‍ എഴുത്തുകാരന്‍ ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍ പറഞ്ഞു
''ഒരുതുള്ളി വെള്ളത്തില്‍ നമ്മള്‍ ശക്തി ഒന്നും കാണില്ല. എന്നാല്‍ അത് പാറയുടെ ഒരു വിടവില്‍ കയറട്ടെ .. മഞ്ഞുകട്ടയായി അത് പാറയെ പിളര്‍ക്കും ആവിയായാല്‍
അത് എഞ്ചിന്‍ പിസ്ട്ടന്‍ പ്രവര്‍ത്തിപ്പിക്കും! . വാക്കും അതുപോലെതന്നെയാണ് പ്രതിഭാശാലിയുടെ കയില്‍ കിട്ടുമ്പോല്‍ അത് നയൂക്ല്യര്‍ ബോംബിന്ടെ ശക്തി ആവഹിക്കും..
താജ്മഹലിന്റെ സൌന്ദര്യം സൃഷ്ടിക്കും!.''
ഇവിടെ ചന്ദ്നിയും അതുതന്നെയാണ് ചെയ്തത്

ഒരു മഴത്തുള്ളിയെ വലിയ ഒരു മാജിക്കായി മാറ്റിയിരിക്കുന്നു !

ആശംസകള്‍ ..

മുകിൽ said...

sarikkumoru mazhathulli dhooram...!