Thursday, January 17, 2013

ജനിതകം

അച്ഛന്റെ കണ്ണും കാതും
അമ്മതന്‍ കൈനീട്ടവും
എഴുതിപ്പതിച്ചപോലുണ്ടത്രേയെന്നില്‍
കൂട്ടുകാരുടെ കണ്ണില്‍

ഏടുപോയ പ്രണയവേദങ്ങള്‍
ആശകള്‍ ആശയങ്ങള്‍
ചോരയോട്ടദിശകള്‍ ഉന്മാദകാലങ്ങള്‍
ചൂഴ്‌ന്ന മാംസത്തിനുണങ്ങാക്കുഴികള്‍
വിണ്ടുപൊട്ടിയും ഇഴയിട്ടുവെട്ടിയും
വഴിനടന്നു തിണര്‍ത്ത പാടുകള്‍
ഒളിഞ്ഞുകുത്തുവാന്‍ ചിരിച്ച മൂര്‍ച്ചകള്‍
തെളിഞ്ഞുനില്‍പ്പുണ്ടെന്റെമാത്രം കണ്ണില്‍

മഴയും വെയിലും മാറ്റിമാറ്റിയെഴുതി
നിറങ്ങളന്യോന്യമിണഞ്ഞ തണലുകള്‍
ഞാനെന്ന്‌ നീയെന്ന്‌ വേറിടാപ്പേജുകള്‍
തമ്മില്‍ക്കുതിര്‍ന്ന വരികള്‍ വേരുകള്‍
നനഞ്ഞപൂഴിയില്‍ ഒട്ടിക്കിടക്കുന്നു
വസന്തം നോക്കാതിടയ്ക്കു പൂക്കുന്നു

കെട്ടകാലത്തിനാവാസഭീതിയില്‍
സര്‍പ്പവൃക്ഷങ്ങള്‍ വിഷംചേര്‍ത്ത ചിന്തകള്‍
നുള്ളിപ്പറിച്ച കണ്ണുകള്‍ കൈകാലുകള്‍
ഉടഞ്ഞ ചങ്കിനെപ്പിളര്‍ന്ന നാവുകള്‍
ചേര്‍ത്തുവച്ചോരടയാളവാക്കുപോല്‍
വരും ഋതുക്കളില്‍ തളിര്‍ത്തുകായ്ക്കുമ്പോള്‍,

കൂട്ടുകാര്‍ കൂട്ടിവായിയ്ക്കാമിന്നേപ്പോലെ
കുരുന്നു കാല്‍വയ്പ്പില്‍, കാഴ്ചയില്‍ മുന്‍ഗാമിയെ!
കടന്ന കാലത്തിന്‍ കരിന്തിരി കത്തി-
പുകഞ്ഞ ശീലത്തിന്നൂരാക്കുടുക്കിനെ!!

--------------------------------



19 comments:

Appu Adyakshari said...


അച്ഛന്റെ കണ്ണും കാതും
അമ്മതന്‍ കൈനീട്ടവും
എഴുതിപ്പതിച്ചപോലുണ്ടത്രേയെന്നില്‍
കൂട്ടുകാരുടെ കണ്ണില്‍

കറക്റ്റ്...

AnuRaj.Ks said...

ഒളിഞ്ഞുകുത്തുവാന്‍ ചിരിച്ച മൂര്‍ച്ചകള്‍
തെളിഞ്ഞുനില്‍പ്പുണ്ടെന്റെമാത്രം കണ്ണില്‍
...കവിത തുടിക്കുന്ന വരികള് ആശംസകള്

രഘുനാഥന്‍ said...

കവിത നന്നായി

ശ്രീ said...

നുള്ളിപ്പറിച്ഛ > നുള്ളിപ്പറിച്ച അല്ലേ ശരി


എല്ലാം തുടര്‍ക്കഥകള്‍ തന്നെ

ചന്ദ്രകാന്തം said...

നന്ദി ശ്രീ..
അക്ഷരപ്പിശാചിനെ ഓടിച്ചു വിട്ടു..ട്ടൊ.

Manickethaar said...

നന്നായി

Kalavallabhan said...

ഒരു വലിയ ചിത്രം

സൗഗന്ധികം said...

വളരെ നന്നായി എഴുതി.

ശുഭാശംസകള്‍........

Unknown said...

Okke parambaryamalle

ധനലക്ഷ്മി പി. വി. said...

കവിത ഇഷ്ടമായി

അനില്‍കുമാര്‍ . സി. പി. said...

പതിവ് ശൈലിയില്‍ നിന്നൊരല്പം മാറി അല്ലേ?:)

ലയവും താളവും ഒപ്പം കാംപുമുള്ള കവിത.

കരീം മാഷ said...

"മഴയും വെയിലും മാറ്റിമാറ്റിയെഴുതി
നിറങ്ങളന്യോന്യമിണ തണലുകള്‍
ഞാനെന്ന്‌ നീയെന്ന്‌ വേറിടാപ്പേജുകള്‍
തമ്മില്‍ക്കുതിര്‍ന്ന വരികള്‍ വേരുകള്‍
നനഞ്ഞപൂഴിയില്‍ ഒട്ടിക്കിടക്കുന്നു
വസന്തം നോക്കാതിടയ്ക്കു പൂക്കുന്നു"

ഈ ഭാഗം വളരെ ബോധിച്ചു :)

ആമി അലവി said...

കവിത നന്ന് .

രാജേഷ്‌ ചിത്തിര said...

ചൊല്ലിക്കേള്‍ക്കാന്‍ തോന്നിപ്പിക്കുന്നുണ്ട്, ചന്ദ്രകാന്തമേ..

ചന്ദ്രകാന്തം said...

എല്ലാരോടും സ്നേഹം, സന്തോഷം..

ചൊല്ലാമല്ലോ ചിത്തിരേ.. :)

നവംബറിന്റെ നഷ്ട്ടം said...

nannaayi ...

മിര്‍സ said...

ഒളിഞ്ഞുകുത്തുവാന്‍ ചിരിച്ച മൂര്‍ച്ചകള്‍
തെളിഞ്ഞുനില്‍പ്പുണ്ടെന്റെമാത്രം കണ്ണില്‍

shams said...

ഇഷ്ടമായി..

Unknown said...

കവിത ഇഷ്ടമായി