Thursday, March 7, 2013

ആദ്യാക്ഷരമാല

സംഭാഷണങ്ങളേയില്ലാത്ത
നെടുനീളന്‍ നാടകംപോലൊരു വരാന്ത

ഒരറ്റം മുതല്‍ മറ്റേയറ്റം വരെ
തലപ്പില്‍ താമരയിതളും
താഴേയ്ക്ക്‌ മുന്തിരിവള്ളിയും ചുറ്റി
ചന്തം നരച്ച തൂണുകള്‍;
ദ്രവിച്ച കഴുക്കോല്‍കൂട്ടമെഴുതിയ
മേല്‍ക്കൂരയെത്താങ്ങിത്താങ്ങി
നിന്നനില്‍പ്പിലുറഞ്ഞുപോയവര്‍

പകലിതളുകള്‍
വെളുത്ത്‌
ചുകന്ന്‌
കരിഞ്ഞ്‌ തീരുന്ന താളത്തില്‍
ഒഴുകിപ്പരക്കുന്ന ഓരോ നിഴലും
സങ്കടത്തിന്റെ കൈവരി കടന്ന്‌
ഇപ്പോള്‍ പടിയിറങ്ങുമെന്ന്‌ തോന്നും;
ഒരു മിടിപ്പുനേരം
തമ്മില്‍ത്തമ്മില്‍ വിരല്‍കോര്‍ത്ത്‌
തന്നിലേയ്ക്ക്‌തന്നെ വറ്റിപ്പോകും

വെയിലൊളിയ്ക്കുന്ന തണലില്‍
മഴ എത്തിനോക്കിയാലും
പാടത്തിനക്കരെയിക്കരെ
മഞ്ഞ്‌ മുങ്ങാംകുഴിയിട്ടാലും
പൊട്ടിപ്പോകാത്ത നിഴല്‍രേഖ മുറിച്ച്‌

ആഴത്തില്‍ നുരചിതറും
ജലഭംഗിയിലേയ്ക്കുള്ള സ്വപ്നാടനം പോലെ

നിന്റെ കാഴ്ചയിലേയ്ക്കുള്ള വഴിയിലാണ്‌
വഴി നിറഞ്ഞ ആകാശവെളിച്ചത്തിലാണ്‌
കാലാഹരണപ്പെട്ടെന്നു കരുതിയ
വാക്കുകളുടെ വിത്തുകിളിര്‍ത്തത്‌
പൂത്ത്‌ ചുവന്ന്‌
കവിത ശ്വസിച്ചത്‌

8 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

കവിത ശ്വസിച്ചത്‌..........

ഭാനു കളരിക്കല്‍ said...

കവിതകള്‍ വായിക്കാറുണ്ട്

സൗഗന്ധികം said...

വേണമെന്നു വച്ചാൽ നമുക്ക് കവിതയേയും ശ്വസിക്കാം..!!

ശുഭാശംസകൾ....   

AnuRaj.Ks said...

നമ്മുടെ ശ്വാസം തന്നെ കവിതയാണല്ലോ...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല വരികള്‍ ,,

Vinodkumar Thallasseri said...

കവിതയുടെ ശ്വാസം. നല്ല വരികള്‍.

Unknown said...

Nannnayirikkunnu

Vineeth M said...

നല്ല രചന...