Tuesday, January 14, 2014

മറുപിറവി


കൈവരിയില്ലാത്ത
കവിതയിലൂടെ നടക്കുമ്പോഴാണ്
എന്നെ കാണാതായത്‌

ആഴത്തിനും പരപ്പിനും
വേറെ വേറെ അളവുകളില്ലാത്ത
മഞ്ഞിൻ ത്രിമാനവിരിപ്പായിരുന്നു ചുറ്റിലും

താഴെ,
വെൺ‌മുയൽക്കുഞ്ഞുങ്ങൾ
കുത്തിമറിഞ്ഞുകിടക്കുംപോലെ
ചാഞ്ഞും ചെരിഞ്ഞും
മേഘത്തിൻ കുറ്റിക്കാടുകളായിരുന്നു

ഇടത്തുനിന്നും വലത്തോട്ട്‌
ഇഴനീർന്നു കിടന്ന എഴുത്തുനൂലുകൾ
നടത്തത്തിന്റെ ആദ്യപടിയിൽത്തന്നെ
ഇടവിട്ടു കിതച്ചിരുന്നു
അഴിയിട്ടുനെയ്ത വാക്കുകളിൽ
എന്നിട്ടും
പലസ്ഥായിയിലുള്ള കൌതുകം പൂത്തുനിന്നു
ഇടയിലേതോ വരിയിലെ ചില്ലക്ഷരത്തിൽ നിന്ന്‌
ഊർന്നിറങ്ങി വന്ന ശബ്ദമാണ്
എന്നെക്കാണാനില്ലെന്ന്‌ ഉടഞ്ഞുവീണത്‌...

അന്തിമായുന്ന വേലിയ്ക്കലേയ്ക്ക്‌
സൂര്യനൊപ്പമെത്താൻ
ഒരു ചിറകു കറുപ്പും മറുചിറകു വെളുപ്പുമുള്ള
കാഴ്ചയുടെ തൂവലുകൾ
എന്നെ പറത്തിയതാകാം

അസാധ്യമെന്ന്‌ തോന്നും‌വിധം മൂർച്ചപ്പെട്ട
ഭൂമിയുടെ വക്കിൽ നിന്നും
സ്വപ്നം കൈപിടിച്ചെടുത്തതാകാം

ഇരുൾ മാനത്ത്‌
അടക്കംവിട്ട്‌ ചാറിവീണ
ഓരോ വെളിച്ചത്തുള്ളിയിലും
ഓരോ ലോകങ്ങളുയിർക്കുന്നതും
പിന്നെ-
തുന്നലഴിഞ്ഞ ചിന്തയിൽനിന്നും
എഴുതിമുറിച്ച ദൂരങ്ങളില്ലാതെ
കവിത, അനന്തശായിയാവുന്നതും
അതുവരെ കയ്യെത്താതിരുന്ന ആശ്ചര്യചിഹ്നത്തോടൊപ്പം
വെള്ളിപ്പൊട്ടുപോലൊരു നക്ഷത്രം
എന്റെ കണ്ണിൽ വീണു കുതിർന്നതും
കണ്ടത്‌ മറ്റാരുമാകാനിടയില്ല;
ഞാൻ തന്നെയാവണം.

5 comments:

ബൈജു മണിയങ്കാല said...

വാക്കുകളുടെ വരികളുടെ പ്രയോഗ ഭംഗി

ajith said...

കണ്ടിട്ടുണ്ടാവണം
അല്ലെങ്കില്‍ ഇത്രയും എഴുതാനാവില്ല

സൗഗന്ധികം said...

അകക്കണ്ണിന്റെ കാഴ്ച്ചകൾ.

നല്ല കവിത

ശുഭാശംസകൾ....

ശ്രീ said...

നന്നായി, ചേച്ചീ...

പുതുവത്സരാശംസകള്‍!

ഭാനു കളരിക്കല്‍ said...

കവിതയിൽ അലിഞ്ഞ് ...