Monday, September 21, 2015

പൊളിച്ചുമാറ്റം



എണ്ണമില്ലാത്ത മഴക്കാലങ്ങൾ 
പൂപ്പലെഴുതിയ ഓടുകൾ 
മൂലകളിലൊളിച്ചു പാർത്ത അണ്ണാൻകൂടുകൾക്കൊപ്പം 
നിലമിറങ്ങി വന്നു 

‘ഇരുമ്പുകൈ മായാവി’യും, 
മാൻഡ്രേക്കും അപ്പുണ്ണിയും, 
കൊത്താങ്കല്ലാടിയ തിണ്ണയും, 
മുറ്റത്തേയ്ക്ക്‌ കാൽനീട്ടി 
ചൂലുഴിഞ്ഞ ഉമ്മറപ്പടിയും 
ഇരുന്നയിരുപ്പിൽ മണ്ണായിപ്പോയി 

മച്ചിലടച്ചിട്ട പലഹാരമണം, 
‘വിവിധഭാരതി’ പാടാൻ 
തിരിഞ്ഞും മറിഞ്ഞുമിരുന്ന റേഡിയോ, 
മാലബൾബു കത്തിയ 
കുഞ്ഞുപൂക്കൂട, 
അലമാരിപ്പുറത്തെ 
തലയാട്ടും കുട്ടിബൊമ്മ 
ഒക്കെ കൂടെപ്പോയി 

താമരയും പീലിയും കൊത്തിയ 
മേൽതട്ടടർത്തുമ്പോൾ, 
അടക്കം ചെയ്തിട്ടിന്നേവരെ നേരിട്ട പോരുകൾ 
അതിസൂക്ഷ്മമായെഴുതിയിട്ട 
കരിങ്ങോട്ടയിലയുടെ എല്ലുരൂപങ്ങൾ, 
മൂടിപ്പോയ പടനിലം പിളർന്നെന്നപോലെ ഉയർന്നു; 
അവയ്ക്കപരിചിതമായ കാറ്റിൽ 
തെന്നിവീണു 

പടിയ്ക്കലേയ്ക്ക്‌ പുരികം ചുളിച്ചിരുന്ന ചാരുകസേര, 
ഒരൊറ്റ അലാറം മുഴക്കത്തിൽ 
തെറിച്ചുപോയ സ്വപ്നം പോലെ 
പുതിയ വീട്ടിലെ പിൻമുറിയിൽ 
ചടഞ്ഞിരിയ്ക്കുന്നു 

5 comments:

ബൈജു മണിയങ്കാല said...

പടിയ്ക്കലേയ്ക്ക്‌ പുരികം ചുളിച്ചിരുന്ന ചാരുകസേര,
അതിൽ ഉണ്ട്
കാലം
കൊത്തിവെച്ചതെല്ലാം
പുതിയ വീടിന്റെ പിറകിലെ മുറിയിലേയ്ക്ക്
കുട്ടിക്കാലവും
മുന്നിലേയ്ക്ക് വരുന്ന ഓര്മ്മകളും
മനോഹരം

ajith said...

Nostalgic

Salim kulukkallur said...

ഒരൊറ്റ അലാറം മുഴക്കത്തിൽ
തെറിച്ചുപോയ സ്വപ്നം പോലെ..
ഇഷ്ടപ്പെട്ട ഒരു പ്രയോഗം നന്നായി ..

SASIKUMAR said...

കാലങ്ങൾക്കു ശേഷം താങ്കളുടെ വരികൾ വായിക്കുന്നു. അതേ ആർദ്രത !!!

Unknown said...

Nostalgic.....beautiful lines....feel like to read again and again....