Monday, April 12, 2010

കറ

കറുകറുത്ത ബോര്‍ഡിലെ
വെളുവെളുത്ത എഴുത്തില്‍
നിറഞ്ഞ വാക്ക്‌;
നിറം നോക്കാത്ത വായന
..........
കറുപ്പും വെളുപ്പും സിനിമാക്കാലം,
വെളുത്ത കുതിരമേലാണ്‌ നായകന്‍
വീഴ്ത്തിയ ചോര കറുപ്പ്‌
ഉള്ളില്‍ തെറിച്ചത്‌ ചോപ്പ്‌
..........
വെളുപ്പും കറുപ്പും കണ്ണില്‍
നിറം പിടിച്ച കാഴ്ചക്കാലം;
വീഴ്ത്തുന്നത്‌ ചുവപ്പ്‌
കാണുന്നതും ചുവപ്പ്‌
ഉള്ളിലെന്നും ഉണങ്ങാത്ത കറുപ്പ്‌
..........

Sunday, April 4, 2010

കാറ്റു പറയുന്നുണ്ട്‌

ഉല്‍സവക്കതിനകള്‍ക്കിടയില്‍ നിന്നും
ആനച്ചൂരും ചവിട്ടിയിറങ്ങുന്ന കാറ്റു പറയുന്നുണ്ട്‌..

ഓരോ രംഗവും രംഗമാറ്റവും
എത്ര ശ്രദ്ധയോടെയാണെന്ന്‌!
പാത്രസൃഷ്ടി, ഭാവപ്പകര്‍ച്ചകള്‍, അലങ്കാരങ്ങള്‍..

സമയസൂചികളിലൂടെ
താളത്തില്‍ തെന്നുന്ന മിടിപ്പുകള്‍,
അരങ്ങും കഴിഞ്ഞ്‌
കണ്ണും കാതും കടന്ന്‌
പരഹൃദയങ്ങളില്‍
പുതിയ കഥാനാമ്പുകള്‍
മുളപ്പിച്ചെടുക്കുന്നു;
അതിരിനപ്പുറം അരുതെന്ന്‌
അരിഞ്ഞു നിര്‍ത്തിയാലും
പ്രകാശത്തിലേയ്ക്ക്‌ പടര്‍ന്നുപോകുന്നു..

ഇഴയടുപ്പിച്ചു നെയ്ത കഥയില്‍,
സൈഡ്‌കര്‍ട്ടനു പിന്നില്‍നിന്നും
സഹായവചനങ്ങളെത്താത്ത നേരങ്ങളില്‍
നെയ്ത്തില്‍പ്പിശകു പോലെ
അപകടമരണങ്ങളുണ്ടാകുന്നു..

ഏതിലും,
അക്ഷരത്തെറ്റില്ലാത്തവ
ആരവങ്ങളിലുയിര്‍ക്കപ്പെടുന്നു

ചേര്‍ത്തടുക്കിയ ഇഷ്ടികകള്‍ക്കുള്ളില്‍
ഒതുങ്ങുന്നില്ല ജീവിതം;
വെട്ടിമൂടിയ കുഴിയില്‍ മരണവും..

Thursday, March 11, 2010

തീയോട്ടം

മുഖത്ത്‌ വിഴുപ്പൊഴുക്കും നഗരത്തെ
മലയെന്നും പുഴയെന്നും കടലെന്നും
പാടിപ്പാടി നാടുകാണിയ്ക്കുമ്പോള്‍,
യന്ത്രോച്ഛാരണം കേട്ടുകേട്ട്‌
കണ്ട നാടൊക്കെ
വണ്ടി കയറാന്‍ കൂടും

മടി പിടിച്ച തിരക്കാണെന്നും,
മൊട പിടിച്ച മനസ്സുകളാണെന്നും,
പതിഞ്ഞുപോയ വിശ്വാസത്തിന്‍ മരത്തടികള്‍
നെടുനീളന്‍ ഇരുമ്പുവഴിയെപ്പോലും
അളവുമകലവും അനുസരിപ്പിയ്ക്കുകയാണെന്നും
നീട്ടി നീട്ടി കൂകിയാലും...

എല്ലാം പതിവുപറച്ചിലുകള്‍ എന്നല്ലേ ചിരി?

വിരലറ്റത്തിന്‍ കൊഴുപ്പിറങ്ങിയ
ചായ്‌ കോഫി വിളികളില്‍,
ഞാനെന്നും നീയെന്നുമല്ലാതെ
നമ്മള്‍ ഇല്ലാതാകുന്ന
അഴുകിയ ഇടത്താവളങ്ങളില്‍ നിന്ന്‌ കിതയ്ക്കാം

മാറി മാറി വീശും കൊടിനിറത്തിനൊപ്പം
വേച്ച്‌ വേച്ച്‌ ഓടിക്കൊണ്ടിരിയ്ക്കാം.

ഓടിക്കൊണ്ടേയിരിയ്ക്കാം..

Monday, February 22, 2010

വെളിച്ചത്തിന്റെ അക്ഷരമാല

തലങ്ങും വിലങ്ങും അഴിയിട്ടുമുറിച്ച്‌
ചുമരില്‍ തിങ്ങി നിറഞ്ഞൊരു ജനല്‍

ഒരൊറ്റ നീക്കം കൊണ്ടൊരാകാശമൊതുക്കാന്‍
വലത്തേ മുകള്‍ക്കള്ളിയില്‍
തെന്നിത്തെന്നിയൊരു സ്വപ്നമേഘം

ചടച്ചുണങ്ങിയിട്ടും
നുള്ളു പച്ചപ്പുകോര്‍ത്തൊരു ചില്ല
ഇടത്ത്‌ നടുക്കളത്തില്‍ എത്തിപ്പിടിച്ചിട്ടുണ്ട്‌

മഴവില്ല്‌മായ്ച്ച്‌ പെയ്ത മഴയില്‍
അതിന്‍ നിറത്തുള്ളികളില്ലല്ലോ എന്ന്‌
തരിച്ചു നില്‍ക്കും പുല്‍ത്തുമ്പുകളാണ്‌ താഴെ

കുന്നോളം കൂട്ടിവച്ചതു
മഴയെടുത്തെന്ന്‌,
ദ്രവിച്ചൊരു ശലഭപ്പാതിയും തൂക്കി
ജനല്‍പ്പടിയില്‍ ഉറുമ്പുകള്‍

അഴികള്‍ക്കിപ്പുറം,
പൂഴ്‌ന്നൊരു തേര്‍ച്ചക്രമോ
ഒരുപിടി മണ്ണോ ഇല്ലാതെ,
കളങ്ങളറുപത്തിനാലിനോടും പൊരുതി,
കുഴഞ്ഞുപോയ ചിറകുപേക്ഷിയ്ക്കാന്‍
കൂടുകാണാതെ നിന്നൊരു കരച്ചില്‍,
വീതം വയ്ക്കാത്ത വെളിച്ചം
കണ്ണില്‍ക്കോരി
ജീവിതമെഴുതി വായിയ്ക്കുന്നു.

Thursday, February 4, 2010

ആകാശക്കോട്ടയുടെ ഏറ്റവും താഴേപ്പടിയില്‍

ഞാനെന്നുമേറ്റുവാങ്ങുന്നത്
മനസ്സിന്‍ ആണിത്തുളകളിലൂടെ
നൂല്‍പ്പാകത്തില്‍
ഉരുകിവീണൊരു മേഘം

കണ്ണിന്‍ കരിക്കട്ടയില്‍
അലക്കി വെളുപ്പിച്ച നീര്‍ത്തുള്ളി
അടരാനൊരുങ്ങുമ്പോള്‍
ഒരു വെയിലിഴയാല്‍
വജ്രമണിയെന്നോ, ചില്ലുചീളെന്നോ
വായിയ്ക്കപ്പെടാം

തൊട്ടെടുക്കുന്ന നിന്റെ കൈവിരല്‍
മുറിയാതിരിയ്ക്കണേ എന്ന്‌
ശ്വാസച്ചൂട്‌ ആവര്‍ത്തിച്ച്‌
രാകി മിനുക്കാമെന്നല്ലാതെ,

നെഞ്ചമര്‍ന്ന്‌ വേരോടും
സാന്ത്വനപ്പച്ചയിലേയ്ക്ക്‌
തെളിനീരെന്ന ലാഘവത്തോടെ
എറ്റിത്തെറിപ്പിയ്ക്കുന്ന ജാലവിദ്യ
നിനക്കല്ലേ അറിയൂ..

Monday, January 18, 2010

ഉണര്‍ച്ച രേഖപ്പെടുന്നത്‌

വേലിയേറ്റത്തിന്‍ മദിപ്പില്‍
കരകയറിയെത്തും കടല്‍ജീവന്‍,
വെയിലലിഞ്ഞ നിറങ്ങള്‍ നീന്തുമാഴങ്ങളെ,
കൗതുകം തൊട്ട കടല്‍പ്പച്ചയെ,
ഉള്ളറകള്‍ ഊട്ടിവളര്‍ത്തുന്ന പവിഴപ്പാടങ്ങളെ,
മുത്തുച്ചിപ്പിയുടെ അകക്കണ്‍പ്രണയത്തെ,
മണ്‍തിട്ടയില്‍ അമര്‍ത്തിയമര്‍ത്തിയെഴുതി,
തിരയിട്ട മുഖപടത്തില്‍
പതിനാലാം രാവു തെളിയിയ്ക്കും

ആ നിമിഷം വരെ
അടിഞ്ഞുകൂടിയ പരിഭവക്കറകള്‍
ആലിംഗനശതങ്ങളില്‍
അലിയിച്ചൊഴുക്കിക്കളയും
ഉടലാകെ നക്ഷത്രം വിതറും

ഓളത്തിന്‍ ഉയിര്‍പ്പുകള്‍
വിരല്‍കോര്‍ക്കും പൂഴിയില്‍ നിന്നും
വേലിയിറക്കത്തിന്‍ കിതപ്പ്‌
ഞണ്ടിന്‍ മാളങ്ങളിലൂടെ നിലവറയിലേയ്ക്കൂര്‍ന്നിറങ്ങുമ്പോള്‍
അയഞ്ഞ താളത്തില്‍
ജലരേഖകള്‍ തെറുത്തെടുത്ത്‌
തീരത്ത്‌ നിലാവുണങ്ങും

നനഞ്ഞ ഓര്‍മ്മകളില്‍,
മുഖമടര്‍ന്ന കക്കയും
വക്കുപൊട്ടിയ ശംഖും
കാലദേശങ്ങളുടെ കണക്കുമായി
കുരുങ്ങിക്കിടക്കുകയാകുമപ്പോഴും...

*********************

Wednesday, January 6, 2010

ആത്മവൃക്ഷം

കുന്നിന്‍പുറങ്ങള്‍ക്ക്‌,
ഇലപൂത്ത്‌ നില്‍ക്കും വിതാനത്തിന്‍
ഒറ്റക്കാഴ്ചയാണ്‌ താഴ്‌വാരം

ആഴം തേടിപ്പോയ ചോലകള്‍ക്കറിയാം
തുളസി തൊട്ടു തളിച്ചാല്‍
കീഴാര്‍നെല്ലിയും
കണിക്കൊന്നയും
കൈതയും
ഏഴിലംപാലയും
ഉയിര്‍കൊള്ളുന്ന കോശങ്ങളെ

വള്ളികള്‍ സിരകളായ്‌ പടര്‍ന്ന്‌
ഏണുകളിലൊക്കെയും പൊടിച്ച മരങ്ങളെ,
ഒരു മരമെന്ന്‌ കരുതുമ്പോഴേയ്ക്കും
ഉണര്‍ന്നു വരും കാടിനെ

മേഘമേലാപ്പും ഇലനിരപ്പും ചോര്‍ന്ന്‌
ഈറന്‍മണ്ണില്‍ ജീവന്‍ വരയ്ക്കും
വെയില്‍നൂലുകളില്‍,
വാക്കേ വാക്കേ എന്ന്‌
ചിറകു വിരുത്തും അക്ഷരങ്ങളെ..
അവ കൂടുവയ്ക്കും കവിതയെ..

************************************