പുലര്‍കാലസഞ്ചാരി തെന്നല്‍ തലോടവെ
മൃദുവായ്ക്കരഞ്ഞുണര്‍ന്നെന്നെയുണര്‍ത്തുവാന്‍
മഞ്ഞമുളകള്‍ക്കിടയിലൂടെത്തങ്ക..
നൂലിഴപ്പരുവത്തിലെന്‍ കിളിവാതിലൂ-
ടെത്തിനോക്കി; സ്സുപ്രഭാതമര്‍പ്പിക്കുന്ന
ബാലാര്‍ക്ക രശ്മി കണി കാണാന്‍ കൊതിപ്പു ഞാന്‍..
കൈത്തിരിയില്‍ നിന്നൊരിത്തിരി വാര്‍ന്നെടു-
ത്തമ്മയടുപ്പിന്നു ജീവന്‍ കൊടുക്കവെ
ഉഛ്വാസ വായുവിന്‍ പിന്‍ബലത്താല്‍ വിറ-
കെത്തിപ്പിടിയ്ക്കുന്ന നാളങ്ങളില്‍ നിന്നു-
മൊറ്റക്കുതിപ്പില്‍ ചെറൂജാലകത്തിലൂ-
ടേറ്റമുയര്‍ന്നുല്ലസിച്ചു പോകും പുക-
ച്ചുരുളുകള്‍ തീര്‍ക്കുന്ന മായിക ലോകത്തി-
ലൊരുമാത്ര ചുറ്റിപ്പറക്കാന്‍ കൊതിപ്പു ഞാന്‍.
മാധുര്യമേറും നറും പാല്‍ നുകര്‍ന്നുടല്‍
തുള്ളിച്ചു പായും പശുക്കിടാവിന്‍ പിന്നി-
ലൊപ്പമോടും വള്ളിയെത്തിപ്പിടിച്ചു തൊടി
യൊട്ടാകെയോടി നടക്കാന്‍ കൊതിപ്പു ഞാന്‍.
മുക്കുറ്റി തന്നുച്ചഭാഷിണിക്കൂട്ടവും
തെന്നിപ്പറക്കുന്ന തുമ്പിക്കിടാങ്ങളും
തുമ്പക്കുടങ്ങളും കൊങ്ങിണിപ്പൂക്കളും
വര്‍ണം വിതച്ച ഗതകാലങ്ങളോര്‍പ്പു ഞാന്‍.
* * * * * * * * * *
സങ്കല്പ്പ ലോകസമാനമീയുള്‍ക്കടല്‍-
ത്തീരം മനോഹരം ആമോദ ദായകം
ഒഴുകുന്ന സ്വര്‍ണഖനിയമരുമീ ഭൂവിങ്ക-
ലുയരത്തിലേറ്റിപ്പടുത്തൊരു കൂട്ടിലെ
ചില്ലു ജനാലകള്‍ക്കിപ്പുറത്തേയ്ക്കായി
തെല്ലു നുണഞ്ഞു നിന്നോട്ടെ ഞാനോര്‍മ്മകള്‍!!
അന്ത:രംഗത്തിന്നകക്കണ്ണിലൂടെക്ക-
ടന്നെത്തുമായിരം കുപ്പിവളപ്പൊട്ടു-
മെണ്ണുവാനാകാത്ത മുത്തുമണികളും
പൂത്തുലഞ്ഞാടുന്ന പൂമരച്ചില്ലയും
പീയൂഷ നിര്‍ഭര സ് നേഹകാവ്യങ്ങള്‍: ഞാന്‍
വായിച്ചു തീര്‍ന്നില്ല; നില്‍ക്കൂ.. ദിനങ്ങളേ..!!
2 comments:
കടന്നു പോന്ന വഴികളിലേക്കു...ഒരുവട്ടം കൂടി...തിരിഞ്ഞു നോക്കി ഞാന്‍..
ആശംസകള്‍.
നന്നായിരിക്കുന്ന്നു കേട്ടോ!
വിളികേള്‍ക്കാതെ ഓടിപ്പോവുന്ന ദിനങ്ങളെ നോക്കി നെടുവീര്‍പ്പിടാനല്ലേ നമുക്കു പറ്റൂ ;)
വയസ്സായി വരുന്നു എന്ന തോന്നല്‍ കലശലായിരിക്കുന്നു ല്ലേ?
ചെരുപ്പിന്റെ റബ്ബര്‍ വട്ടത്തില്‍ വെട്ടി ടയറുണ്ടാക്കി നടുവിലൂട കുടക്കമ്പിയും കൊന്നവടിയുടെ നീളന്‍ കമ്പും ചേര്‍ത്ത് ബസ്സോടിച്ചു കളിച്ചിരുന്ന ദിനങ്ങള്‍ ഓര്‍ക്കുന്നു.. ആ ഓര്‍മ്മയില്‍ മുഴുകുമ്പോ, അവക്കു ഭംഗം വരുത്തുന്നത് മോളുടെ ഫേവറിറ്റ് കാര്‍ട്ടൂണ്‍ മാറ്റിക്കൊടുക്കാനായി അവള്‍ വന്നു ചിണുങ്ങുമ്പോഴാണ് ...
യെസ്..വയസ്സായി വരുന്നു!
ബൈദവേ..
പിന്മൊഴികള്‍ എന്ന ഗൂഗിള്‍ ഗ്രൂപിലേക്ക് കമന്റുകള്‍ തിരിച്ചു വിടൂ.. കുറച്ചു പേര്‍ക്ക്കൂടി ഈ പോസ്റ്റുകള്‍ കാണാന്‍ പറ്റിയേക്കും.
ബ്ലോഗര്ര് ഡേഷ്ബോര്‍ഡില്‍ സെറ്റിങ്ങ്സ്> ഇ-മെയില്‍ നോട്ടിഫികേഷന്‍ അഡ്രസ് എന്നിടത്ത്
pinmozhikal @ gmail .com
എന്നു കൊടുക്കൂ.. കൂടാതെ ഈ കമന്റ് മോഡറേഷന്‍ എന്ന പരിപാടിയും എടുത്തു കളയൂ!
Post a Comment