"എനിക്കു സാന്‍സ്ക്രീറ്റ് പഠിക്കണം, പറ്റ്വോ?"..
സ്കൂളില്‍ നിന്നു വന്നു പുറത്തേറ്റിയിരുന്ന ബാഗ് , ഷോള്‍ഡര്‍ മാത്രം ചലിപ്പിച്ച് നിലത്തേക്കു കുടഞ്ഞിട്ട് " ധും" എന്നൊരു ശബ്ദവും കേള്‍പ്പിച്ച് നിഷ്ക്കളങ്കമായ മുഖഭാവത്തൊടെ അവന് എന്നെ നോക്കി ചോദിച്ചു. എത്രയോ തവണ അരുതെന്നു വിലക്കിയിട്ടുള്ളതും; ഇപ്പോഴും, ആവര്‍ത്തിച്ച ശേഷം 'സോറി' പറയുന്നതുമായ ആ ‘ഡീഫാള്‍ട്ട്’ ബാഗിടല്‍ കര്‍മ്മം, ചെറിയൊരു ബഹളം വെയ്ക്കലിനു പര്യാപ്തമായിരുന്നുവെങ്കിലും അവന്റെ പുതിയ ചോദ്യം എന്നെ അതില്‍നിന്നും പിന്തിരിപ്പിച്ചു.
"സംസ്കൃതം പഠിക്കാന്‍ അത്ര വിഷമൊന്നുള്ള കാര്യല്ല.. പക്ഷേ ഈ നാട്ടില്‍..അതിന്റെ ക്ലാസ്സുണ്ടോന്ന് അറീല്യ..ന്നാലും നോക്കാം."
ധ്രൃതിയില് മേല്‍കഴുകിവന്ന മകനു ചോറു വിളമ്പിക്കൊടുത്തു.
"എന്തേ..പ്പൊ ഇങ്ങിനൊന്നു പഠിക്കണംന്ന് തോന്നാന്‍?" പെട്ടെന്നു പൊട്ടിമുളച്ച ആഗ്രഹത്തിനു പിന്നിലെ പ്രചോദനം അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചു.
"അദൊക്കിണ്ട്, ഞാന്‍ പിന്നെ പറയാം." അവന് എന്തോ കാര്യമായ ത്രില്ലിലാണു.
രണ്ടാഴ്ച മുന്‍പു യാദൃശ്ചികമായി കേട്ട ഒരു ശ്ലോകത്തിന്റ അര്‍ത്ഥം അവന് ചോദിച്ചറിഞ്ഞതു ഓര്‍ത്തു. സംസ്കൃതം എന്നതു വളരെ പണ്ടുകാലത്തുള്ള ഒരു ഭാഷയാണു എന്നതിലുപരി അറിവൊന്നും അവനില്ല. എന്തായാലും, അവന്റെ പുതിയ ചിന്തകള്‍ എനിക്കും സന്തോഷം നല്കി.
ദേവനാഗിരീലിപിയുടെ ആദ്യാക്ഷരങ്ങള്‍ എഴുതിച്ച ലീലടീച്ചറെ ഓര്‍മ്മവന്നു. ക്ലാസ്സിലെ ആദ്യ ആഴ്ച്ചകളിലൊന്നില്‍, 'പുരി'എന്നതിനു പകരം, വളരെ ആലോചിച്ചു കഷ്ട്ടപ്പെട്ട് മാത്രകളൊക്കെ മനസ്സിലിട്ടുരുട്ടി 'പൂരി" എന്നു വായിച്ചൊപ്പിച്ചതും; "ന്താ...എപ്പൊഴും ശാപ്പാടിന്റെ ഓര്‍മ്മ്യാ..ല്ലേ.." എന്ന ടീച്ചറുടെ കമന്റും. ക്ലാസ്സിലെ കൂട്ടച്ചിരിക്കിടയില്‍ തലകുനിച്ചു നില്ക്കുമ്പോള് കണ്ണ് നിറഞ്ഞിരുന്നു.
ഗംഗാതടത്തിലെ ഇരുണ്ടു ഇടതൂര്‍ന്ന് ഉയര്‍ന്നു നില്ക്കുന്ന പുല്‍ക്കാടുകളിലേക്ക് മേയാനായി കയറിപ്പോകുന്ന വെളുത്ത സുന്ദരിയായ നന്ദിനിയും, അവളുടെ കുളമ്പിന്റെ സ്പര്‍ശനത്താല്‍ പറന്നുപൊങ്ങുന്ന പൊടി പോലും പുണ്ണ്യമെന്നു കരുതി പരിപാലനോല്‍സുകനായി ദിലീപ മഹാരാജനും, അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ടു ഗുഹാന്തര്‍ഭാഗത്തുനിന്നു പശുവിന്റെ മേല്‍ ചാടിവീണ സിംഹവും നിറഞ്ഞ മായാചിത്രം. "മഞ്ഞണിഞ്ഞ ഹിമാലയത്തിന്റെ താഴ് വരയില്‍ പാച്ചോറ്റി പൂത്ത പോലെ"യെന്ന കാളിദാസഭാവന ടീച്ചര്‍ വിവരിക്കുമ്പോള്‍ , നനുത്ത ശീകരങ്ങളാള്‍ ഈറനുടുത്ത അന്ത:രീക്ഷത്തിന്റെ കുളുര്‍മ്മ പലപ്പോഴും അടുത്തറിഞ്ഞിട്ടുണ്ട്.
കഥ കുമാരസംഭവത്തിലേക്ക് കടന്നപ്പോള്‍, പാര്‍വ്വതിയുടെ അംഗപ്രത്യംഗവര്‍ണ ണനകള്‍ ഇഞ്ചോടിഞ്ച് ചേര്‍ത്ത് അടുക്കി മെനഞ്ഞെടുത്ത വരികള്‍. മറ്റേതൊരു ക്ലാസ്സിലും നാളിതുവരേയും കാണിയ്ക്കാത്തത്ര ശുഷ്ക്കാന്തിയോടെ ആണ്‍പ്രജകള്‍. നൂറുകണക്കിനു സംശയങ്ങള്‍ ആവേശപൂര്‍വം മുന്പില് നിരത്തി വെയ്ക്കുമ്പോള്‍, വില്ലന്മാരുടെ വിജ്ഞാനദാഹംകൊണ്ടു പൊറുതിമുട്ടിനില്‍ക്കുന്ന ടീച്ചര്‍. അതിലേറെ കഷ്ട്ടമായ അവസ്ഥയില്‍ ഞങ്ങള്‍ അഞ്ച് പേരുടെ പെണ്‍സമൂഹം.
വിണ്ണോളമെത്തുന്ന ഭാവനാലോകത്തിന്റെ വാതായനങ്ങളിലൂടെ..സൂര്യതേജസ്സില്‍, വെള്ളിപ്രഭയോടെ തലയുയര്ത്തിനില്ക്കുന്ന കൊടുമുടികള്‍.. അങ്ങുദൂരെ ഉയരങ്ങളിലെവിടെയോ മാനസ സരോവരം. കൈലാസനാഥന്റെ കേളീരംഗം. ഹിമഗിരിതനയേ..ഹേമലതേ..
ഗംഗാനദിയിലെ ആര്‍ത്തുല്ലസിക്കുന്ന കുഞ്ഞോളങ്ങളില്‍നിന്ന് ഒരു കുടന്ന ജലം എന്റെ മുഖത്തു ചിതറി വീണു.
"അമ്മ സ്വപ്നം കാണാണോ?"..
നനഞ്ഞ കൈകളിലെ വെള്ളം എന്റെ മുഖത്തേക്കു തെറിപ്പിച്ച് കുസ്രുതിയോടെ മകന്.
"അതേയ്, കമ്പ്യൂട്ടര്‍ സാറു പറയ്യാ..സാന്‍സ്ക്രീറ്റിന്റെ ഗ്രാമാറ്റിക് സ്റ്റൈല്‍ കമ്പ്യൂട്ടറിന്റെ ബ്രൈനിനു ഏറ്റവും പറ്റിയ ലാങുവേജ് ആണെന്ന്. അതില്‍ വെല്യ റിസേര്‍ച്ച് ഒക്കെ നടക്കുന്നുണ്ടത്രെ. ഞാന്‍ വലുതാവുമ്പൊഴേക്ക് അതല്പം പഠിച്ചാല്‍ കാര്യങ്ങള്‍ എളുപ്പല്ലേന്ന് വെച്ചിട്ടാ.. അമ്മയ്ക്ക് ഗ്രാമര്‍ അറിയെങ്കില് അമ്മ പഠിപ്പിച്ചാലും മതി."
.......ഹോ..ഇതെല്ലാം എന്റെ അഞ്ചാം ക്ലാസ്സുകാരന്റെ future calculations ആയിരുന്നോ..
ഹിമവാന്റെ മടിത്തട്ടില്‍ നിന്ന് ഈ ഊഷരഭൂമിയിലെ, ജൂണിലെ പൊള്ളുന്ന മധ്യാഹ്നത്തിലേക്ക് എടുത്തെറിയപ്പെട്ട ജാള്യത മറയ്ക്കാന്‍ ഒരു ഉണങ്ങിയ ചിരി ചുണ്ടിലൊട്ടിച്ച്... "അമ്മയ്ക്കറീല്ല കുട്ട്യേ,അമ്മ പഠിക്കുന്ന കാലത്തു ജീവിതം ഇത്രയും മെക്കാനിക്കല്‍ ആയിരുന്നില്ല" എന്ന് പറഞ്ഞൊപ്പിച്ച്, കുഴക്കുന്ന അടുത്ത ചോദ്യങ്ങളിള്‍ നിന്നും രക്ഷപ്പെടാന്‍ മെല്ലെ പാത്രങ്ങളുമായി അടുക്കളയിലേയ്ക്ക് നടന്നു.
6 comments:
ഗംഗാതടത്തിലെ ഇരുണ്ടു ഇടതൂര്‍ന്ന് ഉയര്‍ന്നു നില്ക്കുന്ന പുല്‍ക്കാടുകളിലേക്ക് മേയാനായി കയറിപ്പോകുന്ന വെളുത്ത സുന്ദരിയായ നന്ദിനിയും, അവളുടെ കുളമ്പിന്റെ സ്പര്‍ശനത്താല്‍ പറന്നുപൊങ്ങുന്ന പൊടി പോലും പുണ്ണ്യമെന്നു കരുതി പരിപാലനോല്‍സുകനായി ദിലീപ മഹാരാജനും, അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ടു ഗുഹാന്തര്‍ഭാഗത്തുനിന്നു പശുവിന്റെ മേല്‍ ചാടിവീണ സിംഹവും നിറഞ്ഞ മായാചിത്രം.
...മോണിറ്ററില്‍ കണ്ട് ആസ്വദിക്കാന്‍ മാത്രം പ്രാപ്തരായ പുതുതലമുറ..
ഇതൊക്കെയും അപ്പൂസിന്റെയും നഷ്ടങ്ങള്‍..
പക്ഷേ ആ ദേവഭാഷയെ ഇപ്പോഴും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന ഒരു ഗ്രാമം ഉണ്ടെന്നു കേട്ടിട്ടുണ്ട്. ഇതാ ഇവിടെയും,
ഇവിടെയും നോക്കൂ.
പയ്യന്‍സ് ആളു പുല്യാണല്ല്ലോ? ;)
ഞാനാദ്യം ഓര്‍ത്തു സ്കൂളില്‍ സംസ്കൃതം മാത്രം സംസാരിക്കുന്ന പെങ്കൊച്ചുങ്ങള് ആരേലും വന്നു കാണുമെന്ന് ;)
എന്നെത്തപ്പി ബുതീനയില്‍ വരണ്ടാ! കൊടുക്കാനുള്ളത് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ അരികില്‍ വച്ചാല്‍ മതി ;) വന്നു കളക്റ്റു ചെയ്തോളാം
computer language aayi punarjenmamedukkunna "sanskrit"inu namovakam!!!
ചേച്ചിയേയ്...
ഞാനും 5 മുതല്‍ 10 വരെ സംസ്കൃതം ആണേ പഠിച്ചത്...
ഇതു വായിച്ചപ്പോള്‍ ഞങ്ങളുടെ സംസ്കൃതം ക്ലാസ്സുകളും പഠിപ്പിച്ചിരുന്ന പാര്‍വ്വതി ടീച്ചറേയും മനോജ് മാഷിനേയുമെല്ലാം ഓര്‍ത്തു.
നന്ദി.
:)
"അമ്മയ്ക്കറീല്ല കുട്ട്യേ,അമ്മ പഠിക്കുന്ന കാലത്തു ജീവിതം ഇത്രയും മെക്കാനിക്കല്‍ ആയിരുന്നില്ല"
എനിക്കേറ്റവും ഇഷ്ടപെട്ട വരി ഇതാണ്.
ഞാനും ഒരു സംസ്കൃതം വിദ്യാര്‍ത്ഥിയായിരുന്നു (ഉമേഷ് കേള്‍ക്കണ്ട)
Post a Comment