Thursday, June 7, 2007

പിന്‍‌വിളി

അസ്ഥികൂടം വിതാനിച്ചപോലെ ക്രെയിനുകള്‍ നിറഞ്ഞ മേല്‍ക്കൂര. അതിനിടയിലൂടെ കാണുന്ന ആകാശത്തുട്ടുകള്‍ക്ക്‌ മങ്ങിയ ചാരനിറം.

താഴെ തലങ്ങും വിലങ്ങും കൂട്ടിക്കെട്ടി ഏതുസമയവും പുറംലോകബന്ധം വിച്ഛേദിക്കാന്‍ കുത്തിയൊഴുകിവരാവുന്ന കോണ്‍ക്രീറ്റ്‌ പ്രവാഹം കാത്തുകിടക്കുന്ന ഇരുമ്പുകമ്പികള്‍.

ചുറ്റിലും ക്ഷീണമറിയാതെ, അറിഞ്ഞാലും ഭാവിക്കാനാവാതെ അവസാനവീര്‍പ്പുവരെ അധ്വാനിക്കാന്‍ വിധിക്കപ്പെട്ട കുറെ മനുഷ്യശരീരങ്ങള്‍. സ്വന്തം ആത്മാവ്‌, ജന്മഗൃഹത്തിന്റെ മേല്‍ക്കൂരയില്‍ തന്റെ കുടുംബത്തിന്‌ കാവലായി, തണലായി നിര്‍ത്തിക്കൊണ്ടാണല്ലൊ അവര്‍ ഈ സ്വര്‍ണ്ണമൊഴുകുന്ന നാട്ടില്‍ ഭാഗ്യം തേടി വന്നത്‌.

അങ്ങുദൂരെ..

ചന്ദനശീതളിമ ഭൂമിയിലൊഴുക്കുന്ന ചന്ദ്രബിംബത്തിനുപോലും കണ്ടാസ്വദിക്കാന്‍ പാകത്തില്‍, പനമരത്തിന്റെ രൂപത്തിലുള്ള ദ്വീപുകള്‍ വാര്‍ത്തെടുക്കുന്ന തിരക്കിലാണവര്‍....സ്വശരീരത്തിന്റെ യാതനകളെപ്പറ്റി ചിന്തിക്കാനുള്ള മനസ്സ്‌ എന്നേ കൈമോശം വന്നവര്‍.

ആരുടെയൊക്കെയോ തലച്ചോറിലൂടെയും പിന്നെ ചായക്കോപ്പയിലൂടെയും വീശിയടിച്ച കൊടുങ്കാറ്റില്‍ കടലിലേക്ക്‌ തലതല്ലി വീണുപോയ പനമരം.

...എന്റെ നാട്ടില്‍, വീടിന്റെ പടിഞ്ഞാറുഭാഗത്തൊഴുകുന്ന കനോലിക്കനാലിന്റെ കരയില്‍ നിന്നിരുന്ന ചമ്പത്തെങ്ങ്‌ ഒരു മഴക്കാലത്ത്‌ പുഴയില്‍ തലയടിച്ചു വീണിട്ടും..വീഴാന്‍ സമ്മതിക്കാതെ ബലിഷ്ട്ഠമായ വേരുകള്‍ സ്നേഹപൂര്‍വം പിടിച്ചുനിര്‍ത്തിയതും.. പിന്നെ വര്‍ഷങ്ങളോളം ഞങ്ങള്‍ക്ക്‌ ജലകേളികള്‍ക്ക്‌ രംഗമായതും...

ചുവപ്പുരാശി കലര്‍ന്ന ആകാശച്ചെരുവിലൂടെ, കാലത്തു കിഴക്കോട്ട്‌ പറന്ന പക്ഷിസമൂഹം തിരിച്ചു ചേറ്റുവാക്കടപ്പുറത്തിനപ്പുറത്ത്‌ സാഗരസ്നാനത്തിനൊരുങ്ങുന്ന പകലോനെ നോക്കി തിരിച്ചു പറക്കുന്നതിന്റെ ബഹളം കാതിലിപ്പോഴുമുണ്ട്‌.

പുഴയോരത്തു മഞ്ഞക്കുപ്പായത്തില്‍ കാപ്പിക്കളര്‍ പൊട്ടിട്ട പനച്ചോത്തിന്‍ പൂവുകള്‍ മുള്ളുതട്ടാതെ പറിച്ചെടുക്കുമ്പോള്‍ പൊന്തക്കുള്ളില്‍ ഓടിമറയുന്ന കുളക്കോഴികളെ ഉന്നം നോക്കുന്ന കൗതുകം.

മണ്ണിര കോര്‍ത്ത ചൂണ്ടല്‍ ടാങ്കീസില്‍ക്കെട്ടി ധ്യാനനിരതമായി തൂങ്ങിപ്പിടിച്ചിരിക്കുന്നതും, പൊട്ടിയ ഓടിന്റെ ചീള്‌ പുഴവെള്ളത്തില്‍ ചായ്ച്ചെറിഞ്ഞ്‌ എത്ര തവണ അതു തെന്നിപ്പറന്നു എന്നു കണക്കെടുക്കുന്നതിനു റഫറി അശ്വാരൂഢഭാവത്തില്‍ ഉപവിഷ്ടനാവുന്നതും പാതിവീണ കേരവൃക്ഷ സിംഹാസനത്തിലാണ്‌.

ചാഞ്ഞ തെങ്ങില്‍ കയറിനിന്ന് മലക്കംമറിഞ്ഞ്‌ പുഴയുടെ കൈകളിലേക്ക്‌ ചാടുമ്പോള്‍..പറ്റുന്നത്ര തുന്നാംതലപ്പിലിരുന്ന് 'കടലിനക്കരെപ്പോണോരേ..'എന്ന് തൊണ്ട പൊട്ടുമാറ്‌ നീട്ടിപ്പാടി പ്രതിധ്വനിയുടെ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍..

ഒരിക്കല്‍പ്പോലും ഓര്‍ത്തിരുന്നില്ല..

അക്കരെപ്പോകുന്ന കൂട്ടരില്‍ ഞാനും ഒഴുകിച്ചേരുമെന്ന്.

...വാക്കുകള്‍ക്കെത്താവുന്നതിനേക്കാള്‍ എത്രയോ ആഴത്തില്‍..ആ തെങ്ങും പുഴയും ജീവിത്തില്‍ പടര്‍ന്നിറങ്ങിയിരുന്നു.

..എന്റെ പുഴ; ഞങ്ങളുടെ പുഴ.

എന്തിനെല്ലാമോ സാക്ഷിയായ പുഴ.

ഒടുവില്‍.. ഒഴുകിയൊഴുകി അറബിക്കടലില്‍ അലിഞ്ഞില്ലാതാകുന്ന പുഴ.

..അതെ. അതേ അറബിക്കടലാണ്‌ മുന്നില്‍.

രണ്ടടി നടന്നപ്പോള്‍..കുഞ്ഞുതിരകള്‍ കാലില്‍ത്തൊട്ടു വിളിക്കുന്നു.

നിന്നു; കടലിനെ ഒരു കുടന്ന തീര്‍ത്ഥമായി കോരിയെടുത്തു. എന്റെ പുഴവെള്ളത്തില്‍ കണ്ടിരുന്ന അതേ മുഖം.

കുറച്ചുകൂടി അടുത്തു ചെന്നു. ജലം ആര്‍ത്തുല്ലസിച്ചു കൈകള്‍ നീട്ടി എതിരേറ്റു.

.."എനിക്കറിയാം നിന്നെ,.. നീ എന്റെ കുഞ്ഞല്ലേ.."

അതെ. പണ്ട്‌ നീ താലോലിച്ച അതേ കുഞ്ഞ്‌.

വര്‍ഷങ്ങള്‍ക്കിപ്പുറം വീണുകിട്ടിയ ജന്മബന്ധം.

ആഹ്ലാദത്തിലേക്ക്‌ ഊളയിട്ടിറങ്ങി മുങ്ങുമ്പോള്‍ കാതുകളില്‍ പുഴയുടെ സംഗീതം.

മേലാകെ.. മനസ്സാകെ കുളിര്‌.

ആര്‍ത്തിയോടെ വീണ്ടും വീണ്ടും മുങ്ങി.

നിവര്‍ന്നെണീക്കാന്‍ തോന്നിയില്ല.

ഞാന്‍.....

കൗമാരത്തിലേക്കും.. കുസൃതി നിറഞ്ഞ ബാല്യത്തിലേക്കും.. പിച്ചവെക്കാന്‍ വെമ്പുന്ന ശൈശവത്തിലേക്കും.. പതിയെപ്പതിയെ അമ്മയിലേക്കും തിരിച്ചു നടന്ന്‌.. ജീവന്റെ കണികയായി..

..അതിനുമപ്പുറം സമയതീരങ്ങളില്‍ നിന്നകന്ന്‌ പ്രപഞ്ചചൈതന്യത്തില്‍ ഒരു പ്രകാശബിന്ദുവായി ലയിച്ച്‌..

"സാര്‍"

ങ്ങ്‌ഹേ..

"വൊ ആപ്‌കൊ ബുലാരെ.."


ഹോ..

ജലപ്പരപ്പിനു മുകളിലെ യാഥാര്‍ത്ഥ്യത്തിലേക്ക്‌ വീണ്ടും..






2 comments:

ചന്ദ്രകാന്തം said...

...എന്തിനെന്നെ വിളിച്ചു നീ വീണ്ടും..

Unknown said...

manalaranyathile mayikathayilninnum,sushkkicha pakalukalil ninnum , thirichu thande pazhaya malathilekku chekkaran manassu kothikkunnuvo?pinviliyennu thonniyathu swantham ulviliyalle!!!!!