Saturday, June 2, 2007

പാവം പാവം ചെമ്പരത്തി

അങ്കച്ചമയത്തിന്‌ അമ്പലപ്പറമ്പിലെ ചെമ്പരത്തിപ്പൂവിനോട്‌ സിന്തൂരം ചോദിച്ചിരുന്ന കാലം....
പ്രിയദേവനെക്കണ്ടോന്ന് ചോദിച്ചുകൊണ്ട്‌ കവിളിലൊന്നു തലോടി പെണ്മണികള്‍ പുഞ്ചിരി സമ്മാനിച്ചിരുന്ന കാലം....

ഇന്നിപ്പോള്‍...

ഓര്‍ക്കിഡ്‌ പിള്ളാര്‍ക്കും, ആന്തൂറിയം കൊച്ചുങ്ങള്‍ക്കും, ചുണ്ടിലൊരു പരിഹാസം! കണ്‍കോണിലൊരു പുച്ഛരസം! "ലവനേതെന്ന" ഭാവം!!
പണ്ട്‌ അതിര്‍ത്തിയില്‍ പതിച്ചിരുന്ന ഉരുളന്‍കല്ലൊക്കെ മുറ്റത്ത്‌ അടുക്കിപ്പെറുക്കി, പറിച്ചു കളഞ്ഞിരുന്ന പുല്ലൊക്കെ തിരിച്ചെടുത്ത്‌ നട്ടുവളര്‍ത്തി, "ലാന്‍ഡ്‌സ്കേപ്പ്‌" എന്നൊരു മഹാസംഭവം ഉണ്ടാക്കിയെടുത്ത "മോഡേണ്‍ ഗാര്‍ഡന്റെ" പശ്ചാത്തലത്തില്‍ അവരങ്ങിനെ വിലസുകയല്ലേ..
അല്ലെങ്കില്‍ത്തന്നെ അവരെയെന്തിന്‌ പറയുന്നു? ദോഷൈകദൃക്കുകള്‍, ചിലനേരങ്ങളില്‍ ചിലരുടെ ചെവിക്കുറ്റി അലങ്കരിക്കാന്‍ മാത്രമാണ്‌ ചെമ്പരത്തി എന്ന രീതിയിലല്ലേ ഓരോന്ന് ചിത്രീകരിച്ചു വെച്ചിരിക്കുന്നത്‌?
എന്നും സര്‍വ്വേശ്വരന്‍ തന്നെ തുണ.
പൂന്തോട്ടത്തിലെ "ആസ്ഥാനപുഷ്പം" എന്ന പദവിയില്‍ നിന്ന് നിഷ്ക്കാസിതനായിട്ടാണ്‌..ഇന്നീ പുറം വേലിയില്‍..
...ഹും...ഇനി ആരെങ്കിലുമൊക്കെ ഈ പാവത്തിനെ ഒന്നു പരിഗണിക്കണമെങ്കില്‍ അമേരിക്കക്കാരന്‍ ഒരു "പേറ്റന്റ്‌" അവകാശത്തിന്റെ അട്ടഹാസം മുഴക്കേണ്ടി വരുമോ..!!!
സ്വന്തമായുള്ളതിന്റെ വിലയറിയാതെ, അല്ലെങ്കില്‍ അറിയാന്‍ മെനക്കെടാതെയുള്ള ഉദാസീനതയുടേയും അവഗണനയുടേയും ലോകം ഒരു വശത്ത്‌; കണ്ടതും കേട്ടതും വെട്ടിപ്പിടിച്ചു സ്വന്തമാകാനുള്ള ആര്‍ത്തി നിറഞ്ഞ ലോകം മറുവശത്ത്‌.
വിചിത്രമായ ചുറ്റുപാടുകളില്‍ ഒട്ടൊരു വ്യാകുലതയോടെ, ഒരു പൂവ്‌, ചങ്കില്‍ നിന്നും പറിച്ചെടുത്ത്‌ തന്നെച്ചൂഴുന്ന അലസസമൂഹത്തിനു നേരെ നീട്ടി..
..പാവം പാവം ചെമ്പരത്തി.

9 comments:

ചന്ദ്രകാന്തം said...

സ്വന്തമായുള്ളതിന്റെ വിലയറിയാതെ, അല്ലെങ്കില്‍ അറിയാന്‍ മെനക്കെടാതെയുള്ള ഉദാസീനതയുടേയും അവഗണനയുടേയും ലോകം ഒരു വശത്ത്‌; കണ്ടതും കേട്ടതും വെട്ടിപ്പിടിച്ചു സ്വന്തമാകാനുള്ള ആര്‍ത്തി നിറഞ്ഞ ലോകം മറുവശത്ത്‌.
"നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ"

വല്യമ്മായി said...

ഗുണങ്ങളൊന്നും തിരിച്ചറിയാതെ നാം പിന്തള്ളവയില്‍ ചെമ്പരത്തി ഒറ്റയ്ക്കല്ല.

എന്റെ ഓഫീസിന്റെ പൂമുറ്റത്ത് വിരിഞ്ഞു നില്‍ക്കുന്നത് ചെമ്പരത്തിയും ചെത്തിയും(തെച്ചി),നാം വേലിക്കലേക്ക് വലിച്ചെറിഞ്ഞതിനെ അമേരിക്കകാര്‍ കണ്ടെടുത്ത് തുടങ്ങിയെന്നര്‍ത്ഥം.

കുറുമാന്‍ said...

അതെ പാവം ചെമ്പരുത്തി. എത്രയെത്ര നിറങ്ങളില്‍.......

ഇന്നലെ ചെമ്പരത്തിപൂവിന്റെ ഇതള്‍ തൊണ്ടയില്‍ കുടുങ്ങി നാട്ടില്‍ ഒരു പിഞ്ചു കുഞ്ഞു മരിച്ചു എന്ന് ഇന്നത്തെ വാര്‍ത്തയില്‍ കേട്ടു.

sandoz said...

നാല്‍പ്പതോളം തരത്തിലുള്ള ചെമ്പരത്തിയുണ്ടെന്ന് കേട്ടിട്ടുണ്ട്‌..കണ്ടിട്ടില്ലാ....ശരിയാണോ.....
ഭാരതത്തിന്റെ ആസ്ഥാന അഭ്യാസമായ യോഗക്ക്‌ അമേരിക്ക പേറ്റന്റിന്‌ ശ്രമിക്കുന്നത്രേ....
നമുക്ക്‌ ഇതിനൊന്നും യോഗമില്ലാ എന്ന് പറഞ്ഞാല്‍ മതിയല്ലോ.....
ഒരു ചെമ്പരത്തി പൂവ്‌ കിട്ടുമോ..ചുമ്മാ ചെവീല്‍ വയ്ക്കാനാണ്‌....

yoxnorp-ഈ വേഡ്‌ വെരി മാറ്റീല്ലെങ്കില്‍ ഒരെണ്ണത്തിന്‌ പകരം ഒരു ലോഡ്‌ ശവം..
സോറി.....
ചെമ്പരത്തി വേണ്ടിവരും....

അജി said...

ചെമ്പരത്തി അത്ര പാവമൊന്നുമല്ല, ഇന്നലെ ഒരു കുഞ്ഞിന്റെ തൊണ്ടയില്‍ ചെമ്പരത്തിയുടെ, ഒരു ദളം കുടുങ്ങി മരിച്ചു.

G.manu said...

:)

icecream said...

chemparathiyum oru naal soundaryam veendedukkum :)

ചന്ദ്രകാന്തം said...

വല്യമ്മായി, കുറുമാന്‍‌ജീ, സന്‍ഡോസ്, അജി, മനു ഐസ്ക്രീം..നന്ദി. വായിച്ചതിനും അഭിപ്രായങള്‍ പങ്കുവെച്ചതിനും എല്ലാവര്‍ക്കും ഒരുപാട് നന്ദി.
അതിലാഭത്തിലേക്ക് മാത്രം ഉന്നം വെയ്ക്കുന്ന കഴുകന്‍ കണ്ണുകള്‍ നമുക്ക്‌ ചുറ്റിലുമുണ്ട്. ഇന്ത്യന്‍ ബസുമതി അരിയും മഞ്ഞളും ഇപ്പോള്‍ യോഗയും...ഇനിയുമെന്തൊക്കെയോ... പിടിച്ചുപറിയുടെ പുതിയമുഖം.

വളരെ സങ്കടപ്പെടുത്തുന്ന ആ കുഞ്ഞുമരണം ഞാനുമറിഞ്ഞു. പക്ഷേ, അതു ചെമ്പരത്തിയുടെ ക്രൂരതയായി കാണണോ ..അജീ..
എന്തോ.. എനിയ്ക്കറിയില്ല.

സ്നേഹത്തോടെ...
ചന്ദ്രകാന്തം.

mallika said...

chethy mandaram thulasi..........ennal bagavanum archanakku chembarathy vilakkiyirikkunnu ippol!!!!!!kalikalavybavam!!!!!theerchayayum "pavam pavam chembarathy!!"