Monday, June 18, 2007

മഴ..വീണ്ടും മഴ..പിന്നെയും മഴ..!!


നെറുകയില്‍ വീണ ആദ്യത്തെ മഴത്തുള്ളി, അമ്മയുടെ തലോടല്‍ പോലെ..ഉഷ്ണത്തിന്റെ തീവ്രതയില്‍ നിന്ന്, പച്ചപ്പിന്റെ ശീതളിമയിലേക്ക്‌ കാലെടുത്തു വച്ചപ്പോളുള്ള നിര്‍വൃതി.

വീട്ടിലെത്തുവോളം...

കണ്ണെത്തും ദൂരം വരെ വര്‍ഷത്തിന്റെ സമൃദ്ധി.

റോഡ്‌, പല ആകൃതിയിലും, വലിപ്പത്തിലുമുള്ള കുഴികളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഇത്തിരി താഴ്‌ന്ന ഇടങ്ങളിലെല്ലാം, എന്റെ നെഞ്ചില്‍ ചവിട്ടിയേ മുന്നോട്ടൊരടി വെയ്കാനാവൂ.. എന്ന മട്ടില്‍ വിലങ്ങടിച്ചു നില്‍ക്കുന്ന ജലപ്രവാഹം.

കാറിന്റെ ഗ്ലാസ്സില്‍ പാറിവീഴുന്ന കുഞ്ഞുതുള്ളികളോട്‌ കുശലം പറയുന്ന തിരക്കിലാണ്‌ മക്കള്‍.

പണ്ട്‌, ഉമ്മറത്തിണ്ണയിലിരുന്ന്, വിശാലമായ മുറ്റത്ത്‌, കാറ്റിന്റെ താളത്തിനൊത്ത്‌ നൃത്തം ചെയ്യുന്ന വെള്ളിനൂലുകളുടെ ലാസ്യഭംഗി ആസ്വദിച്ചിരുന്നത്‌ ഓര്‍മ വന്നു.

സന്ധ്യക്ക്‌ അനേകം മാളങ്ങളില്‍ നിന്ന് ജന്മസ്വാതന്ത്ര്യം ആഘോഷിക്കാന്‍ എത്തുന്ന ഈയാമ്പാറ്റകള്‍. ചീവീടുകളുടേയും, പോക്കാച്ചിത്തവളകളുടേയും വാദ്യമേളം.

അങ്ങിനെയങ്ങിനെ...എന്തെല്ലാം..

ഞങ്ങളെത്തിയതോടെ വീടുണര്‍ന്നു. പറയാനായി കൂട്ടി വെച്ച വിശേഷങ്ങള്‍ ഓരോന്നായി കെട്ടഴിക്കുന്ന തിരക്കായി പിന്നെ.

വീട്ടില്‍ എല്ലാവര്‍ക്കും "ഈ നശിച്ച മഴ"യെന്നേ പറയാനുള്ളൂ. വെള്ളം കെട്ടിനിന്ന് വാഴയും ചേമ്പും കേടായിപ്പോയതും, ഇടിവെട്ടുകൊണ്ട്‌ രണ്ട്‌ നല്ല തെങ്ങിന്റെ തലപോയതും, ടി.വി.യുടെ കേബിളും ടെലിഫോണ്‍ ലൈനും തകരാര്‍ ആയതും..

അങ്ങിനെ മഴയെ ശപിക്കാന്‍ കാരണങ്ങള്‍ക്ക്‌ ക്ഷാമമില്ല.

ഈ പറഞ്ഞതെല്ലാം ഇത്ര വലിയ കാര്യമാണോ എന്ന മട്ടില്‍, കുട്ടികള്‍ കഴിയുന്നത്രയൂം നേരം ഒരു കുടയുമായി മുറ്റത്തു തന്നെ. കടലാസു വഞ്ചിയും, അതിലെ യാത്രക്കാരായ ഉറുമ്പുകളും അവര്‍ക്ക്‌ നല്‍കുന്ന സന്തോഷം എത്രയോ വലുതാണ്‌.

.."മക്കളേ..കാലം നന്നല്ല. വല്ല പനിയോ മറ്റോ.."

അമ്മയെ സമാധാനിപ്പിയ്കാന്‍, ഒരു നിമിഷം വരാന്തയില്‍.. പിന്നെ പഴയപടി.

തൊടിയില്‍, മുട്ടോളം തഴച്ചു നില്‍ക്കുന്ന പുല്ലും, കുഞ്ഞിക്കൈകള്‍ എത്ര പിടിച്ചുലച്ചാലും, വെള്ളത്തുള്ളിയല്ലാതെ, ഒരൊറ്റ പൂവുപോലും താഴെ വീഴാതെ നോക്കുന്ന ചെമ്പകമരവും, നിറഞ്ഞുകവിഞ്ഞ കുളവും, രാത്രിയില്‍ താരാട്ടുപാടി ഉറക്കം കെടുത്തുന്ന കൊതുകുകള്‍ പോലും.. അവരില്‍ പുതുമ നിറഞ്ഞ അനുഭവമായിരുന്നു.

ദിവസങ്ങളോളം ആര്‍ത്തലച്ചു പെയ്യുന്ന മഴക്കു കൂട്ടായി, പുറത്തിറങ്ങാതെ. 'തുള്ളിക്കൊരു കുടം' എന്നതെല്ലാം 'ഔട്ട്‌ ഓഫ്‌ ഫാഷന്‍' ആയി; മൂന്നു നാലു കുടം എന്നായിരിക്കുന്നു. അഞ്ച്‌ നിമിഷത്തിനുള്ളില്‍ മുറ്റത്ത്‌ വെള്ളമുയരും. ഒഴുകിപ്പോകാനുള്ള പാടവും തോടും മിക്കയിടത്തും നമ്മള്‍ അതിവിദഗ്ധമായി മണ്ണിട്ട്‌ നികത്തിയിരിക്കുകയല്ലേ..

ദൂരെയുള്ള ബന്ധുക്കളേയും, സുഹൃത്തുക്കളേയും ഫോണ്‍വിളികളിലൊതുക്കി.

അതിനിടെ, വീട്ടിലെല്ലാരും ആഘോഷിച്ച, "ഗുനിയ" പോലെ ബ്രാന്‍ഡഡ്‌ ഒന്നുമല്ലാത്ത, ചെറുവക അസുഖങ്ങളില്‍ ഞങ്ങളും ആവും വിധം പങ്കു ചേര്‍ന്നു.

തിരിച്ചുപോരാനുള്ള ദിവസത്തിന്‌ മുന്‍പ്‌ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റ്‌ പെരുമ്പാമ്പു പോലെ.. നീണ്ടു കിടന്നു.

ഒടുവില്‍, കുറേ ഹ്രസ്വസന്ദര്‍ശനങ്ങളുടെ സുഖവും, പങ്കുവെച്ച സൗഹൃദങ്ങളുടെ മധുരവും, മനസ്സിലേറ്റി,... മടക്കയാത്ര.

എയര്‍പ്പോര്‍ട്ടെത്തുന്നതു വരെ, മഴ പരിഭവിച്ചു നിന്നു. കാറില്‍ നിന്നും പുറത്തിറങ്ങിയതും, ഞങ്ങളെ യാത്രയാക്കാനെന്നോണം.. ഓടിയെത്തി....

നെറുകയില്‍ തഴുകി, മൂര്‍ദ്ധാവില്‍ ചുംബിച്ചു...

പിന്നെ....വാല്‍സല്യം കണ്ണുനീരായി പെയ്തിറങ്ങി.

വീണ്ടുമുള്ള കാത്തിരിപ്പിന്റെ ദിനങ്ങളിലേക്ക്‌ പറന്നു നീങ്ങവേ.. ആ നീര്‍ത്തുള്ളികള്‍ എന്റെ കണ്ണിലും പടര്‍ന്നിരുന്നു...


6 comments:

ചന്ദ്രകാന്തം said...

"മാനത്തെ കറുമ്പികള്‍.. ആകാശഗംഗയിലെ.. തീര്‍‌ത്ഥം കോരി താഴെ തൂവും.. പൂമഴ, പുതുമഴ.."

മഴത്തുള്ളി said...

എന്നെ വിളിച്ചോ? ഹേയ് തോന്നിയതായിരിക്കും ;)

കൊള്ളാം ഭംഗിയായിരിക്കുന്നു മഴയേപ്പറ്റിയുള്ള വര്‍ണ്ണനകള്‍.

അനാഗതശ്മശ്രു said...

മഴ ചൂടിയ തനുവോടെ
മഴ മൂടിയ കനിവോടെ
മഴമേഘരഥങളിലേറിയ.........

നല്ല വര്‍ ണ്ണന

ശ്രീ said...

നന്നായി എഴുതിയിരിക്കുന്നു.
:)

ചന്ദ്രകാന്തം said...

ഈ മഴയുടെ കുളിര്‍മയേറ്റു വാങ്ങിയ എല്ലാ നല്ല മനസ്സുകള്‍ക്കും..നന്ദി.

പരിത്രാണം said...

എന്റെ ആസ്വാദനത്തിനുമപ്പുറത്താണു മഴയെ കുറിച്ചുള്ള മഹത്തായ വര്‍ണ്ണന. എന്തൊക്കെയോ പറയണം എന്നുണ്ടെങ്കിലും. ഞാന്‍ ഇപ്പോള്‍ എന്തു പറഞ്ഞാലും അതിവിടെ മതിയാവണ്ണം ആവില്ല. അതുകൊണ്ട് നിറുത്തുന്നു. ചേച്ചിയുടെ ഈ മഴ "സൂപ്പര്‍ബ്"