Sunday, September 23, 2007

യന്ത്രജാലകം തുറന്നിരിയ്ക്കുമ്പോള്‍..

അഞ്ചു വയസ്സുകാരന്‍
മുന്നിലിരിയ്ക്കുന്ന മോണിറ്ററില്‍
വര്‍ണ്ണ നൂലിഴ കൊണ്ട്‌
ചിത്രം നെയ്യുന്നു.


വിരലിന്‍ താളത്തിനൊത്ത്‌
കുഞ്ഞുരൂപങ്ങള്‍
ചാടി മറിയുന്നു.
സ്കോര്‍ ബോര്‍ഡില്‍
പൂജ്യങ്ങള്‍ പെരുകുന്നു.


പിന്നെയെപ്പൊഴോ... അവന്‍
തിരിയുന്ന ലോകത്തെ
കണ്ണടയുടെ ഇത്തിരി വട്ടത്തിലൂടെ
ഒളിഞ്ഞു നോക്കി.


കാലത്തെ പിന്നിലാക്കി,
കൗതുകങ്ങളുടെ ഭ്രമണപഥത്തില്‍
തുറന്നു വച്ച ചിത്ര ജാലകങ്ങളിലൂടെ
എത്രയോ ദൂരം ഒഴുകി നടന്നു.


തലയും, വിരലുകളും
മാത്രമുള്ള ജീവികള്‍
അവനിലേയ്ക്ക്‌ ഇറങ്ങി വന്നു.


വിരലിന്‍ ദ്രുത താളം
അക്ഷരങ്ങള്‍ കൂട്ടിവച്ച്‌
ഇഴയടുപ്പം നോക്കി
കെട്ടിയെടുത്ത വല
ഹൃദയത്തെ വരിഞ്ഞു മുറുക്കി.


തലച്ചോറ്‌ ചുക്കിച്ചുളിഞ്ഞു;
ഞെരിഞ്ഞമര്‍ന്നു.


വീണ്ടും...
കീബോര്‍ഡില്‍
വിരല്‍ത്താളം
അടുത്ത കാലത്തിലേയ്ക്കുയര്‍ന്നു...

19 comments:

ചന്ദ്രകാന്തം said...

യന്ത്രജാലകം തുറന്നിരിയ്ക്കുമ്പോള്‍..
പുതിയ പോസ്റ്റ്‌
- ചന്ദ്രകാന്തം

സുല്‍ |Sul said...

"തലച്ചോറ്‌ ചുക്കിച്ചുളിഞ്ഞു;
ഞെരിഞ്ഞമര്‍ന്നു."

വര്‍ത്തമാന ജീവിതം വരച്ചുകാട്ടുന്നു. നന്നായിരിക്കുന്നു. :)

-സുല്‍

കുഞ്ഞന്‍ said...

ഓള്‍ഡ് ഈസ് ഗോള്‍ഡ്...

ഇതില്‍നിന്നൊക്കെ എന്നാണൊന്നു രക്ഷപ്പെടുക? രക്ഷപ്പെടാന്‍ പറ്റൂലെ ?

നല്ല വരികള്‍..:)

താരാപഥം said...

കംപ്യൂട്ടറിന്നും വീഡിയോ ഗയ്‌മിനും അടിമകളായ ഇന്നത്തെ തലമുറയിലെ കുട്ടികളുടെ ഭാവി എവിടെ ചെന്നെത്തും എന്ന് പറയനാവില്ല. ഐ. ടി. മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്ക്‌ പലതരത്തിലുള്ള മാനസ്സിക പ്രശ്നങ്ങളും വൈകല്യങ്ങളും ഉണ്ടാകുന്നതായി പുതിയ സര്‍വെകള്‍ സൂചിപ്പിക്കുന്നു. - കാലിക പ്രസക്തി സൂചിപ്പിക്കുന്ന കവിത. ആശയം മനസ്സിലാകുന്നുണ്ട്‌. പിന്നെ മഹാകവികള്‍ക്ക്‌ ബ്ലോഗില്‍ വരേണ്ട കാര്യമില്ലല്ലോ.

വിഷ്ണു പ്രസാദ് said...

മനോഹരമായ കവിത.
തലയും, വിരലുകളും
മാത്രമുള്ള ജീവികള്‍
എന്ന പ്രയോഗം ഇതോടെ പ്രസിദ്ധമാവാന്‍ സാധ്യതയുണ്ട്...:)

Appu Adyakshari said...

നന്നായിട്ടുണ്ട്.

പരിത്രാണം said...

ആര്‍ക്കു വേണ്ടി ? എന്തിനു വേണ്ടി?
ബ്ലോഗ് സമ്രാജ്യത്തെ ശരിക്കും ഉള്‍ക്കൊള്ളിച്ചു എഴുതിയ കവിത
വളരെ നന്നായിട്ടുണ്ട്.

ശ്രീ said...

ചേച്ചീ...

ഉം..ഉം... ശരി ശരി. :)

എത്ര നേരം ജോലി ചെയ്താലും അത് ആസ്വദിച്ച് ചെയ്താല്‍‌ പോരേ...?

(ഇനി അടുത്തത് എന്താണാവോ?)
;)

ചീര I Cheera said...

ചന്ദ്രകാന്തമേ...
ഇഷ്ടമായി ട്ടൊ..

സു | Su said...

:)

Sethunath UN said...

ചന്ദ്രകാന്തമേ
ന‌ന്നായി.

വേണു venu said...

കിളികൂജനം നീ കേള്‍പ്പതെങ്ങിനേ?
പുലരിതന്‍ ചന്തം അറിവതെങ്ങിനേ?
പൂത്തകൊന്നകള്‍ കാണ്‍വതെങ്ങിനേ?
ഡിജിറ്റല്‍ ചിത്രങ്ങള്‍, ഇവയക്ക് മണമില്ല,
തണുപ്പില്ല, പുളകവുമില്ല...
ഇന്നലെ ബ്ലൊഗില്‍‍ വായിച്ചൊരു കവിതയും ചേര്‍ത്തു വായിക്കുമ്പോള്‍‍‍ , തലയും വിരലുകളുമുള്ള ജീവികളെന്നു കേള്‍ക്കുമ്പോള്‍‍ , വരികളിലെ സത്യം അമ്പരപ്പിക്കുന്നു.
ചന്ദ്രകാന്തമേ ഇതും ഇഷ്ടമായി.:)

സഹയാത്രികന്‍ said...

നന്നായിരിക്കുന്നു....നല്ല ആശയം...

പി.സി. പ്രദീപ്‌ said...
This comment has been removed by the author.
പി.സി. പ്രദീപ്‌ said...

ചന്ദ്രകാന്തം,
വേറിട്ട ഒരു വീക്ഷണം. നന്നായിട്ടുണ്ട്.
അഭിനന്ദങ്ങള്‍.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കണ്ണടയുടെ ഇത്തിരി വട്ടത്തിലൂടെ നമ്മുടെ കുട്ടികള്‍ ക്ക് എന്തോക്കെ കാണാന്‍ പറ്റുമോ ആവോ?വിരലും തലയും മാത്രമുള്ള ആളുകളേ കൊണ്ട് ഈ ഭൂമി നിറയുന്ന കാലം .............. കവിത നന്നായിരിക്കുന്നു. നിന്റെ കവിതകള്‍ എല്ലാം എന്നില്‍ ഭയം നിറക്കുന്നു കുട്ടി.

Murali K Menon said...

അസ്സലായി.ഈ കാലത്തിന്റെ മാത്രമല്ല, വരാനിക്കുന്ന കാലത്തിനുനേര്‍ക്കും ചന്ദ്രകാന്തം കണ്ണാടി തിരിച്ചു വെച്ചിരിക്കുന്നു.

കവിത ഭയപ്പെടുത്തിയ കുട്ടിക്ക്:
സത്യത്തിന്റെ മുഖം ചിലപ്പോള്‍ വികൃതമാണ്. വികൃതമായതുകൊണ്ട് അത് സത്യമല്ലാതിരിക്കുന്നില്ലല്ലോ. കവികള്‍ അതു മുന്‍‌കൂട്ടി കണ്ടു പറയുമ്പോള്‍ ഭയക്കാതെ സാഹചര്യങ്ങളെ നേരിടാന്‍ ശക്തി കിട്ടുകയാണു ചെയ്യുക.

ചന്ദ്രകാന്തം said...

ഈ വരികളെ തൊട്ടും തലോടിയും താലോലിച്ചും നുള്ളിയും സ്നേഹമറിയിച്ച എല്ലാ വിരലുകള്‍ക്കും... എന്റെ വിരലുകള്‍ സന്തോഷത്തോടെ നന്ദി കുറിയ്ക്കുന്നു.

മയൂര said...

വളരെ നല്ല ആശയവും വരികളും..:)