Wednesday, October 17, 2007

ഇതും ഒരു 'ചുറ്റുവേഷന്‍'

ചായപ്പീടികയില്‍ നിന്നും ഇറങ്ങി, തോര്‍ത്തുമുണ്ട്‌ ഒന്നുകൂടി കുടഞ്ഞ്‌ തോളിലിട്ട്‌, ചെവിക്കുറ്റിയില്‍ നിന്നും മുറിബീഡിയെടുത്ത്‌ തീക്കൊടുത്ത്‌ ആഞ്ഞുവലിച്ച്‌, ഓരോരോ മനോരാജ്യം കണ്ട്‌ വീട്ടിലേയ്ക്കു നടക്കുമ്പോള്‍...

രാമുണ്ണ്യേട്ടനെ ആരോ വിളിയ്ക്കുന്ന പോലെ..

കേള്‍വി ചെറിയൊരു സൗന്ദര്യപിണക്കത്തിലായതുകൊണ്ട്‌ എപ്പോഴും ഇതുപോലുള്ള സംശയമാണ്‌.

തിരിഞ്ഞു നോക്കിയപ്പോള്‍, നേരാണ്‌.

ഒരുവന്‍ തന്റെ നേരെ നില്‍ക്കാന്‍ ആംഗ്യം കാട്ടി, വേഗം നടന്നു വരുന്നു.

കക്ഷത്തിലിരിയ്ക്കുന്ന വയറുന്തിയ കറുത്ത ഡയറിയില്‍ നിന്നും എത്തിനോക്കി, പുറം കാഴ്ച്ച ആസ്വദിയ്ക്കുന്ന കടലാസുകള്‍. കയ്യിലൊരു കുടയുള്ളത്‌ നടത്തത്തിനനുസരിച്ച്‌ ചൂട്ടുപോലെ വീശുന്നുണ്ട്‌.

അടുത്തു വന്നവന്‍, വെളുക്കെ ചിരിച്ച്‌ , "ഞാന്‍ ദല്ലാള്‍ ദാമോരന്‍" എന്ന്‌ പരിചയപ്പെടുത്തി.

"ആയിക്കോട്ടെ.. മ്മടെ വീട്ടില്‍ കെട്ടിയ്ക്കാറായ കുട്ട്യോളൊന്നും ഇല്ലല്ലൊ" എന്ന്‌ രാമുണ്ണ്യേട്ടന്‍.

പിന്ന്യല്ലേ ദല്ലാള്‍ കാര്യം വിസ്തരിച്ച്‌ പറഞ്ഞത്‌.
അടുത്തൊരിടത്ത്‌ ഒരു ബന്ധുക്കാര്യത്തിനായി വന്നതാണ്‌. അപ്പോ രണ്ടുമൂന്നു കേസുകള്‍ക്കും കൂടിയുള്ള 'ഇര'യെ തപ്പീട്ടു പോകാം..ന്ന്‌ കരുതി കറങ്ങുകയാണ്‌ കക്ഷി. വാര്‍ത്താമിനിമയകേന്ദ്രമായ ചായപ്പീടികയില്‍ നിന്നും ഡയറക്റ്റ്‌ ചെയ്തതനുസരിച്ചാണ്‌ അദ്ദേഹം രാമുണ്ണ്യേട്ടന്റെ പിന്നാലെ ഓടീതത്രെ.

"ഇവിടെ അടുത്തെങ്ങാനും പ്രീഡിഗ്രിക്കു പോണ കുട്യോളുണ്ടോ?"

നടത്തത്തിനിടയില്‍, ചെവിയ്ക്കു പിന്നില്‍ കൈചേര്‍ത്ത്‌ ചോദ്യം തന്റേതായ "ചുറ്റുവേഷന്‍" അനുസരിച്ച്‌ മനസ്സിലാക്കി തലയാട്ടി, രാമുണ്ണ്യേട്ടന്‍.

"അതിപ്പൊ...ഇവിടത്തെ ഒരു ചുറ്റുവേഷന്‍ വെച്ച്‌ നോക്കുമ്പോ...എളുപ്പല്ലല്ലൊ. ഇപ്പള്‍ത്തെ കുട്യോളൊക്കെ വെല്യ പടിപ്പിനല്ലേ പോണ്‌. ഈ ഭാഗത്തിപ്പൊ..മ്മടെ കൊച്ചമ്മിണീടെ മോളുണ്ട്‌. താന്‍ വാ, ഞാന്‍ വീടു കാട്ടിത്തരാം."

അതാണ്‌ 'ചുറ്റുവേഷന്‍ രാമുണ്ണ്യേട്ടന്‍'. പരോപകാരി. എന്തു പറയുമ്പോഴും നിഘണ്ടുവിനു പോലും അറിയാത്ത വാക്കുകള്‍ സമയോചിതമായി പ്രയോഗിയ്ക്കുന്ന പാവം നാട്ടിന്‍പുറത്തുകാരന്‍.

മഴപെയ്ത്‌ ചെളിനിറഞ്ഞ വെട്ടുവഴിയില്‍ നിന്നും, പാടത്തിന്റെ വല്യവരമ്പിലേയ്ക്കെത്തി.

"കുറേ ദൂരണ്ടോ?"

ദാമോരന്‌ ക്ഷമയുടെ ലെവല്‍ താഴാന്‍ തുടങ്ങി.

അവിടന്ന്‌ ചെറിയൊരു തോടും കടന്ന്‌ വീണ്ടും നടത്തം നീണ്ടപ്പോള്‍, ദല്ലാളുടെ ക്ഷമ കെട്ടു.
പരന്നു കിടക്കുന്ന പാടം നോക്കി ഒന്നൂടെ ചോദ്യമാവര്‍ത്തിച്ചു ദാമോരന്‍.

"ഇനീം പോണോ?"

"ഹേയ്‌, ദാ എത്തി".

നൂറു മീറ്റര്‍ അപ്പുറത്തു കാണുന്ന ചെറിയ വീടിനെ ചൂണ്ടിക്കാട്ടി, രാമുണ്ണ്യേട്ടന്‍.

നടത്തത്തിലുടനീളം, താന്‍ നടത്തിക്കൊടുത്തിട്ടുള്ള ബന്ധുതകളുടെ വിജയഗാഥ ദല്ലാള്‍, രാമുണ്ണ്യേട്ടനെ പാടിക്കേള്‍പ്പിയ്ക്കുകയും, പാതി കേട്ടിട്ടും കേള്‍ക്കാതെയും, തന്റെ മാസ്റ്റര്‍പീസ്‌ ഡയലോഗ്‌ ആയ " അതാണിവിടത്തെ ഒരു ചുറ്റുവേഷന്‍" എന്ന എക്സ്റ്റന്‍ഷനോടു കൂടി, രാമുണ്ണ്യേട്ടന്‍ അംഗീകരിയ്ക്കുകയും ചെയ്തു പോന്നു.

വീടെത്തി. രാമുണ്ണ്യേട്ടന്‍, കൊച്ചമ്മിണീനെ നീട്ടി വിളിച്ചു.

കയ്യും മുഖവും മുണ്ടിന്റെ കോന്തലകൊണ്ട്‌ അമര്‍ത്തിത്തുടച്ച്‌ ധൃതിയില്‍ ഉമ്മറത്തേയ്ക്ക്‌ വന്ന ഗൃഹനാഥയ്ക്ക്‌ ദല്ലാളെ പരിചയപ്പെടുത്തി.

ബയോഡാറ്റ എന്‍ക്വയറിയുടെ ആദ്യപടി ദല്ലാള്‍ തുടങ്ങി വച്ചു.

"ഇവിടത്തെ കുട്ടി പ്രീഡിഗ്രിക്കു പഠിയ്ക്ക്യാ..ല്ലെ? "

കൊച്ചമ്മിണിക്ക്‌ അമ്പരപ്പ്‌.

"അയ്യൊ.. അവള്‍.."

"അല്ല; പരീക്ഷ എഴുതി ജയിച്ചാലും തോറ്റാലും മ്മക്ക്‌ വിരോധല്യ. കുട്ടി പ്രീഡിഗ്രിക്കാരിയാവണം. അത്രേള്ളു."

ദാമോരന്റെ വിശദീകരണം കേട്ട്‌ കൂടുതല്‍ അങ്കലാപ്പായി കൊച്ചമ്മിണിയ്ക്ക്‌.

"അയ്യൊ അവള്‌ പ്രീഡിഗ്രിക്കു പോവല്ല, ബീഡിതെരുവിനു പോവ്വാ".

അവര്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.

"ഒമ്പതില്‌ തൊറ്റപ്പൊ മൊതല്‌, ബീഡി തെറുക്കാന്‍ പോയിത്തുടങ്ങീതാ.. ചെറിയൊരു വരുമാനോം ആവൂലോ.."

എവിടന്നോ സംഘടിപ്പിച്ച ഒരു കോഴിത്തൂവലിന്റെ അറ്റം ചെവിയിലിട്ട്‌ തിരിപ്പിച്ച്‌, വിശാലമായ പാടത്തിന്റെ 'ചുറ്റുവേഷന്‍' ആസ്വദിച്ചു നില്‍ക്കുന്ന രാമുണ്ണ്യേട്ടനെ, ദഹിപ്പിക്കുന്ന പരുവത്തിലൊന്ന്‌ തിരിഞ്ഞു നോക്കി ദാമോരന്‍.

"..ന്നാല്‍ ഞാന്‍ വരട്ടെ പെങ്ങളേ"

മറുപടിക്കു കാത്തുനില്‍ക്കാതെ മുണ്ടും മടക്കിക്കുത്തി, ദാമോരന്‍ തിരിഞ്ഞു നടന്നു.
രാമുണ്ണ്യേട്ടന്റെ വിളിയൊന്നും വകവയ്ക്കാതെ...

ആ നടത്തത്തിന്റെ കാരണം കൊച്ചമ്മിണിയോട്‌ ചോദിച്ചറിഞ്ഞപ്പോഴും രാമുണ്ണ്യേട്ടന്‌ ഒന്നേ പറയാനുണ്ടായിരുന്നുള്ളു.

"..ന്നാല്‍ അവനത്‌ ആദ്യേ പറഞ്ഞൂടായിരുന്നൊ. ബീഡിതെരുവിന്‌ പോണ കുട്ട്യല്ല വേണ്ടത്‌ന്ന്‌. വെറുതെ ഇന്റെ നേരോം മെനക്കെടുത്തി. ഉപകാരം ചെയ്യാമ്പോയാലും, ഇതെന്യാ ഈ കാലത്തെ ഒരു ചുറ്റുവേഷന്‍."

*******************************

17 comments:

ചന്ദ്രകാന്തം said...

ഇതും ഒരു 'ചുറ്റുവേഷന്‍'.
ഒരു നുറുങ്ങു കഥ.

G.manu said...

എവിടന്നോ സംഘടിപ്പിച്ച ഒരു കോഴിത്തൂവലിന്റെ അറ്റം ചെവിയിലിട്ട്‌ തിരിപ്പിച്ച്‌, വിശാലമായ പാടത്തിന്റെ 'ചുറ്റുവേഷന്‍' ആസ്വദിച്ചു നില്‍ക്കുന്ന രാമുണ്ണ്യേട്ടനെ, ദഹിപ്പിക്കുന്ന പരുവത്തിലൊന്ന്‌ തിരിഞ്ഞു നോക്കി ദാമോരന്‍.

special thenga for this sentence......super

സഹയാത്രികന്‍ said...

ഹ ഹ ഹ ചേച്ച്യേ... നന്നായിണ്ട്ട്ടോ...

മനുവേട്ടന്‍ പറഞ്ഞത് ഞാന്‍ വീണ്ടും ക്വാട്ടി...
അതാ ഇപ്പൊഴത്തെ ഒരു ‘ചുറ്റുവേഷന്‍‘....!

:)

Sul | സുല്‍ said...

ഹഹഹ

തകര്‍ത്തല്ലൊ ചന്ദ്രേ...
ചുറ്റുവേഷന്‍ അടിപൊളി.
എന്നാലും രാമുണ്ണ്യേട്ടന്‍ പരോപകാരി തന്നെ. അല്ലെങ്കി ഇത്രേം കഷ്ടപ്പെട്ട് ഈ പെണ്ണിനെ കണ്ടുപിടിക്കുമോ?

-സുല്‍

ശ്രീ said...

“ഉപകാരം ചെയ്യാമ്പോയാലും, ഇതെന്യാ ഈ കാലത്തെ ഒരു ചുറ്റുവേഷന്‍."

അതേന്ന്....ഹ ഹ.

ഞാന്‍‌ വെറുതേ, ഇവിടത്തെ ചുറ്റുവേഷനെന്തായീന്നറിയാനായിട്ടു വന്നതാ...
;)

എന്റെ ഉപാസന said...

നല്ല ചുറ്റുവേഷന്‍ കഥയാണ് ചന്ദ്രകാന്തം.
:)
ഉപാസന

ക്രിസ്‌വിന്‍ said...

കക്ഷത്തിലിരിയ്ക്കുന്ന വയറുന്തിയ കറുത്ത ഡയറിയില്‍ നിന്നും എത്തിനോക്കി, പുറം കാഴ്ച്ച ആസ്വദിയ്ക്കുന്ന കടലാസുകള്‍. കയ്യിലൊരു കുടയുള്ളത്‌ നടത്തത്തിനനുസരിച്ച്‌ ചൂട്ടുപോലെ വീശുന്നുണ്ട്‌.

കലക്കി!!

വാത്മീകി said...

സിറ്റുവേഷന് ചുറ്റുവേഷന്‍ എന്നു പറയുന്ന ഒരാളെ എനിക്കറിയാം. കഥ നന്നായിട്ടുണ്ട്.

P.R said...

ചന്ദ്രകാന്തമേ..
പോരട്ടെ ഇനിയും ഇതുപോലെയുള്ള കഥാപാത്രങ്ങള്‍..

മുരളി മേനോന്‍ (Murali Menon) said...

ഹ ഹ - ചുറ്റുവേഷന് യോജിക്കും ഈ കഥ

പ്രിയംവദ-priyamvada said...

അല്ല 'ചുറ്റു'വേഷന്‍ അല്ലെ കൂതല്‍ ശരി?

സു | Su said...

:) ഇതൊരു ചുറ്റുവേഷന്‍ തന്നെ.

ഏ.ആര്‍. നജീം said...

ശെഢാ..ഈ കാലത്ത് ഒരു ഉപകാരവും ചെയ്യാമ്പാടില്ലെന്നുവച്ചാ കഷ്ടാണേ...

നിഷ്ക്കളങ്കന്‍ said...

ചുറ്റുവേഷന്‍ കല‌ക്കി കടുവ‌റത്തു. :)

കുഞ്ഞന്‍ said...

രാവുണ്ണിയേട്ടന്റെ ചുറ്റുവേഷനോടുകൂടിയുള്ള ഡയലോഗ് ഇഷ്ടായി... :)

ഇത്തരം ആളുകളെ നമുക്കു ചുറ്റും ധാരാളം..!

പൈങ്ങോടന്‍ said...

ഹി ഹി ഹി
ഈ ചുറ്റുവേഷന്‍ ഒത്തിരി ഇഷ്ടപ്പെട്ടു.

സൂത്രന്‍..!! said...

കൊള്ളാട്ടൊ..