Sunday, December 23, 2007

ജ്ഞാനദീപം

ഇലകളി,ലലകളിളക്കു,മിളം കാ-
റ്റലിയും മഞ്ഞിന്‍ കുളിരോളം...
വെള്ളിയുടുപ്പുകളണിയും സൂചി-
മരങ്ങളിലഴകിന്‍ തിരനോട്ടം......

അനുപമ മധുരം സ്വര്‍ഗീയാമൃത-
മൊഴുകുമനര്‍ഗ്ഗള സംഗീതം...
തിരു ജനനത്തിന്‍ സുകൃതം പകരും
മാലാഖകളുടെ ശുഭഗീതം...

നീല നഭസ്സിലുണര്‍ന്നു വിടര്‍ന്നതി-
മോഹന,മുജ്വല നവതാരം...
നാഥന്‍ പിറവിയെടുത്തൊരു പുല്‍ക്കൂ-
ടണിയും നല്ല പ്രഭാപൂരം...

ഉയിരില്‍ പുരളു,മൊരിരുളിനെയാറ്റും
ജ്ഞാനപ്പൊരുളിന്നവതാരം...
അഴലിന്‍ വഴികളി,ലലിവി,ന്നുറവാ-
യറിവായ്‌പ്പുലരണമെന്നാളും... .

***********************

എല്ലാവര്‍‌ക്കും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിസ്തുമസ്‌ ആശംസിയ്ക്കുന്നു...

29 comments:

മുസ്തഫ|musthapha said...

വളരെ നന്നായിട്ടുണ്ട് ഈ കവിത...

വാക്കുകളിട്ടമ്മാനമാടിയിരിക്കുകയാണല്ലോ...!

മുസ്തഫ|musthapha said...

പറയാന്‍ വിട്ടുപോയി...

എല്ലാവര്‍ക്കും സ്നേഹത്തോടെ ക്രിസ്തുമസ്സ് ആശംസകള്‍ നേരുന്നു!

Peelikkutty!!!!! said...

കവിത ഇഷ്ടായി..വായിച്ചു കുഴഞ്ഞു ;)..
കളകളമിളകുമൊരരുവിയിലലകളിലൊരുപുളകം‌ മൂളാന്‍‌ തോന്നി :)

പ്രയാസി said...

“അനുപമ മധുരം സ്വര്‍ഗീയാമൃത-
മൊഴുകുമനര്‍ഗ്ഗള സംഗീതം...
തിരു ജനനത്തിന്‍ സുകൃതം പകരും
മാലാഖകളുടെ ശുഭഗീതം...“

ഹൌ..! അലവ്സ് കോച്ചി..ഇതെങ്ങനെയാ ചേച്ചീ ഇതു പോലെഴുതുന്നത്..:)

ക്രിസ്തുമസ് നവവത്സരാശംസകള്‍.

രാജന്‍ വെങ്ങര said...

ആശംസകള്‍. കവിത അസ്സലായിട്ടുണ്ടു.

ശ്രീലാല്‍ said...

തീര്‍ച്ചയായും.
കവിത വളരെ നന്നായി.

ഈ പുതുവര്‍ഷപ്പുലരിയില്‍

അറിവായ് പുലരാം
അലിവാലുയരാം
അഴലില്‍ നിഴലിലൊ
രാശ്രയമാവാം.


ആശംസകളോടെ,
ശ്രീലാല്‍

ഏ.ആര്‍. നജീം said...

എല്ലാവര്‍‌ക്കും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിസ്തുമസ്‌ ആശംസിയ്ക്കുന്നു...

അഗ്രജന്‍ പറഞ്ഞത് പോലെ വാക്കുകള്‍ മിക്സിയില്‍ ഇട്ട് അടിച്ചെടുത്ത് ചേര്‍ത്തിരിക്കുന്നു..

നന്നായിട്ടോ... :)

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.
ക്രിസ്തുമസ് ആശംസകള്‍.

അപ്പു ആദ്യാക്ഷരി said...

ചന്ദ്രേച്ചീ...നമിച്ചു. അപാരകഴിവുതന്നെ ഈ വാക്കുകളെ ഇങ്ങനെ അമ്മാനമാടാന്‍!

നല്ല കവിത.
എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായിരിക്കുന്നു...നല്ല ആശയം
വാക്കുകളുടെ അതിപ്രസരം അതിരു കവിഞ്ഞില്ലേ എന്നൊരു സംശയം !

ഭാവുകങ്ങള്‍.

കാവലാന്‍ said...

"ഇലകളി,ലലകളിളക്കു,മിളം കാ-
റ്റലിയും മഞ്ഞിന്‍ കുളിരോളം..."

കവിതയി,തങ്ങനെയൊഴുകി,വരുന്നൊരു
തെളിനീര്‍ചിന്തു,മൊരരുവിയെപോലെ.

എല്ലാവര്‍ക്കും ക്രിസ്തുമസ് നവവത്സരാശംസകള്‍.

പരിത്രാണം said...

എന്തെഴുതണം എന്നറിയില്ല പറയാന്‍ വിചാരിച്ചതെല്ലാം നാട്ടുകാരും കൂട്ടുകാരും പറഞ്ഞു കഴിഞ്ഞു ഇതിലും കൂടുതല്‍ എന്തു പറയാനാ.... പക്ഷേ കവിത ഞാന്‍ വായിച്ചിട്ടില്ല വായിക്കാതെ തന്നെ അറിയാം അതൊരു സംഭവം ആയിരിക്കും എന്നു ചേച്ചി അല്ലേ എഴുതിയിരിക്കുന്നത് മോശമാവാന്‍ വഴിയില്ല... എന്നു ചേച്ചി മറന്നു കൊണ്ടിരിക്കുന്ന ഒരു പഴയ ഓണ്‍ലൈന്‍ സുഹൃത്ത് ഷാര്‍ജയില്‍ നിന്നും

G.MANU said...

നീല നഭസ്സിലുണര്‍ന്നു വിടര്‍ന്നതി-
മോഹന,മുജ്വല നവതാരം...
നാഥന്‍ പിറവിയെടുത്തൊരു പുല്‍ക്കൂ-
ടണിയും നല്ല പ്രഭാപൂരം
super ji super

wish ur a njerippan christmas

ശ്രീ said...

ഹായ്... ചേച്ചീ... മനോഹരം.

വായിച്ചു തുടങ്ങാനിത്തിരി ബുദ്ധിമുട്ടി. എന്നാലും കിടിലന്‍‌!

ക്രിസ്തുമസ്സ് ആശംസകള്‍‌!
:)

[ nardnahc hsemus ] said...

അതിമനോഹരം :)

സുല്‍ |Sul said...

super kavitha chandre :)
kooduthalezhuthentathellam en-
munnil vannavarezhuthipoyi ini-
njaanuzhuvathellaam verum
vaakkukalaayi poypokum.

ellarkkum krismas navavalsaraashamsakal.

ഉപാസന || Upasana said...

നീല നഭസ്സിലുണര്‍ന്നു വിടര്‍ന്നതി-
മോഹന,മുജ്വല നവതാരം...

നന്നായി അക്ക
ക്രിസ്മസ് ആശംസകള്‍
:)
ഉപാസന

താരാപഥം said...

കവിത നന്നായിരിക്കുന്നു.
"എല്ലാവര്‍ക്കും ക്രിസ്തുമസ്‌ ആശംസകള്‍" ജ്ഞാനപ്പൊരുളാണ്‌ ജന്മം കൊണ്ടത്‌, രാജാവല്ലായിരുന്നു എന്ന് യോഹന്നാന്‍പോലും പറയാതിരുന്നതെന്തേ.

ചീര I Cheera said...

ചന്ന്ദ്രകാന്തമേE..
പതിവു പോലെ മനോഹരം!
ക്രിസ്ത്മസ്, പുതൂവത്സര ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വരികള്‍.

ക്രിസ്തുമസ് ആശംസകള്‍

Unknown said...

സമ്മതിച്ചു തന്നിരിക്കുന്നു...വാക്കുകളെ എത്ര ഭംഗിയായി കൊരുത്തെടുത്തിരിക്കുന്നു.
ക്രിസ്മസ് ആശംസകള്‍ :-)

വേണു venu said...

അഴലിന്‍ വഴികളി,ലലിവി,ന്നുറവാ-
യറിവായ്‌പ്പുലരണമെന്നാളും... .

കവിതയെ മനോഹരീ എന്ന് ഏതോ കവി തന്നെ സംബോധന ചെയ്തത് വെറുതേ അല്ല. ഹൃദ്യം.
ആശംസകള്‍‍.:)

Mahesh Cheruthana/മഹി said...

ക്രിസ്തുമസ്‌ കവിത ഇഷ്ടായി!
സൂപ്പര്‍!
"ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍"

ചന്ദ്രകാന്തം said...

ജ്ഞാനദീപം പകര്‍ന്നെടുത്ത്‌ , ഇവിടം പ്രകാശമാനമാക്കിയ എല്ലാവര്‍ക്കും നന്ദി.., സന്തോഷം.

ഹരിശ്രീ said...

മനോഹരമായ വരികള്‍....

എല്ലാ സുഹൃത്തുക്കള്‍ക്കും

പുതുവത്സരാശംസകള്‍...

ഹരിശ്രീ.

കുറുമാന്‍ said...

നല്ല ഇമ്പമുള്ള, താളത്തില്‍ പാടാന്‍ പറ്റിയ കവിത...

അഭിലാഷങ്ങള്‍ said...

കവിത നന്നായി ചേച്ചീ..

കൃസ്‌തുമസ്സ് കഴിഞ്ഞതിന് ശേഷമാണ് ഈ കവിത വായിക്കാന്‍ കഴിഞ്ഞത്.

ഈ ബ്ലോഗില്‍ ഒരുപാട് മികച്ച കവിതകള്‍ ഉണ്ട്. എല്ലാ പോസ്റ്റുകളും വായിച്ചു. ഈ വരുന്ന പുതുവര്‍ഷം ‘ചന്ദ്രകാന്തം’ മുഴുവന്‍ ഇനിയും മനോഹരമായ കവിതകളാല്‍ നിറയട്ടെ എന്ന് ആശംസിക്കുന്നു.

മയില്‍പ്പീലി said...

കൊള്ളാം.

പുതുവത്സരാശംസകള്‍

രാമചന്ദ്രന്‍ വെള്ളിനേഴി said...

നീല നഭസ്സിലുണര്‍ന്നു വിടര്‍ന്നതി-
മോഹന,മുജ്വല നവതാരം...
നാഥന്‍ പിറവിയെടുത്തൊരു പുല്‍ക്കൂ-
ടണിയും നല്ല പ്രഭാപൂരം...


വര്‍ണ്ണന ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ ചേച്ചീ!!

നവവത്സരാശംസകള്‍