"കന്യാകുമാരിയില്‍, ഒരു കുന്നിന്‍പുറത്തുകൂടെ നടന്നു പോയ ഒരാളുടെ കാലില്‍, എന്തോ കുത്തിയത്രെ. വെറുമൊരു മുള്ളല്ലെന്നു തോന്നി, മണ്ണുമാറ്റി നോക്കിയപ്പോള്‍, പുരാതനമായ ഒരു ക്ഷേത്രത്തിന്റെ താഴികക്കുടം കണ്ടെത്താനായി. പിന്നീട് ക്ഷേത്രം പൂര്‍ണ്ണമായി പുറത്തെടുത്തു."
ഭാഷാ പണ്ഡിതനായ ശ്രീ. ഡോ. ഏഴുമറ്റൂര്‍ രാജ രാജ വര്‍മ്മ ഒരു പ്രസംഗത്തിനിടയില്‍ പങ്കുവച്ച ഈ അനുഭവങ്ങള്‍, പകര്‍ത്താനുള്ള എന്റെ ശ്രമം...
അദ്ദേഹത്തിനായി ആദരവോടെ സമര്‍പ്പിയ്ക്കുന്നു.
****************************************
കുന്നു കയറി വന്ന കാലുകളില്‍
മുള്ളുപോല്‍ കോറിയത്;
കാലം ചെയ്ത, വട്ടക്കണ്ണടയുടെ കാലോ...
കൈമോശം വന്ന, എഴുത്താണിക്കോലോ...
അധിനിവേശ മുദ്ര കൊണ്ട്
മുഖം മിനുക്കിയ പാദുകം,
ഇണങ്ങാതായോ!
തലമുറകളുടെ നന്മ,
തൊട്ടുവിളിച്ച്,
പുത്തന്‍ പച്ചപ്പിലെ ചതി
ഓര്‍മിപ്പിച്ചതാവുമോ !
അവജ്ഞ തഴച്ചു നില്ക്കും,
മറവിയുടെ മണ്ണില്‍ തിരഞ്ഞു.
വിരലുകള്‍ കണ്ടെടുത്ത
സ്പന്ദിയ്ക്കും താഴികക്കുടം,
തേജസ്സിന് അക്ഷയപാത്രമാണെന്ന്
മനസ്സില്‍ കൊണ്ട മുള്ള് വെളിവാക്കിത്തന്നു.
ചിന്തകളില്‍ ചോരപൊടിയുന്നു..
പാപനാശിനിയില്‍ മുങ്ങണം.
പാച്ചോറ്റി പൂത്ത മല കടന്ന്,
പാരിജാത ഗന്ധം ശ്വസിച്ച്,
നന്നങ്ങാടിയില്‍ തേങ്ങുന്ന,
താളിയോലകളിലേയ്ക്ക്..
ഒരു തീര്‍ത്ഥയാത്ര പോകണം.
ആയുസ്സില്ലാത്ത നേട്ടം ചാര്‍ത്തി വാങ്ങിയ
മുറിച്ചുരിക കടലിലെറിയണം..
തേച്ചുമിനുക്കിയ ഓട്ടുപാത്രത്തില്‍ നിന്ന്,
ഈര്‍ക്കില്‍ കുത്തി വളച്ച പ്ലാവിലകൊണ്ട്
ഒരു കവിള് കഞ്ഞി കുടിയ്ക്കണം..
എപ്പോളാണ്...
ഉറങ്ങാന്‍ വിളിയ്ക്കുക എന്നറിയില്ലല്ലൊ...!
**********************************
തീരാത്ത കടപ്പാട് :
ശ്രീ. വര്‍മ്മാജിയുടെ വാക്കുകളിലെ തിളക്കം എനിയ്ക്കു പകര്‍ന്നു തന്ന, പ്രിയപ്പെട്ട സഹോദരനോട് ...
എല്ലാവര്ക്കും സന്തോഷവും സമാധനവും നിറഞ്ഞ പുതുവര്‍ഷം ആശംസിയ്ക്കുന്നു.
27 comments:
നന്നായി. ഈര്‍ക്കിള്‍ കുത്തി വളച്ച പ്ലാവിലകൊണ്ട്
ഒരു കവിള് കഞ്ഞി കുടിച്ച സുഖം..
നല്ല കവിത
നല്ല കവിതകളുടെ നവവത്സരം ആശംസിക്കുന്നു.
വളരെ നന്നായി, ചേച്ചീ...
“
തേച്ചുമിനുക്കിയ ഓട്ടുപാത്രത്തില്‍ നിന്ന്,
ഈര്‍ക്കില്‍ കുത്തി വളച്ച പ്ലാവിലകൊണ്ട്
ഒരു കവിള് കഞ്ഞി കുടിയ്ക്കണം...”
ഹൊ! നൊസ്റ്റാള്‍ജിയ വരുന്നൂ...
സ്നേഹപൂര്‍വ്വം പുതുവത്സരാശംസകള്‍!
:)
എനിക്കും ഇഷ്ടമായി എന്ന് അറിയിക്കട്ടെ.
ഈ പുതുവര്‍ഷം ചേച്ചിയുടെ മനസ്സ് നിറയെ കാവ്യഭാവനയുടെ ഒരായിരം പൂര്ണ്ണചന്ദ്രന്മാര് ഒരുമിച്ച് തിളങ്ങട്ടെ! ‘ചന്ദ്രകാന്തം’ പ്രകാശപൂരിതമാകട്ടെ!! വായനക്കാരുടെ മനസ്സുകള്‍ സന്തോഷപൂരിതമാക്കട്ടെ!!
ആശംസകള്‍..
ഒരു പുതിയ വര്‍ഷത്തിലേക്കു കയറുമ്പോള്‍ നമ്മില്‍ നിന്നകലുന്ന, തിളങ്ങുന്ന മലയാളതനിമയും പട്ടിണിയിലും നമ്മെ ഇന്നത്തെ നാമാക്കിയ പഴയ തലമുറയെ യും അവരെ ഓര്‍മ്മിക്കാന്‍ കൂടി
സമയം കണ്ടെത്താത്ത പുതിയ തലമുറക്കുള്ള ഒരു ഓര്‍മ്മകുറിപ്പും കൂടിയാണ് ഈ കവിത,
"ചിന്തകളില്‍ ചോരപൊടിയുന്നു..
പാപനാശിനിയില്‍ മുങ്ങണം".
നമുക്ക് സമയം ഇനിയും വൈകിയിട്ടില്ലാ !!!പുതിയവര്ഷത്തിലെങ്കിലും ചിന്തകളിലും പ്രവര്‍ത്തികളിലും ചോരപൊടിയാത്ത ......... ഹാ അങിനെ ആശിക്കാം!!
എപ്പോളാണ് ഉറങ്ങാന്‍ വിളിക്കുകയെന്നാര്ക്കും അറിയില്ല.
നല്ല കവിത ചന്ദ്രേ...
പുതുവത്സരാശംസകളോടെ...
-സുല്‍
നല്ല കവിത
പുതുവത്സരാശംസകള്‍
ആദ്യാവസാനം പലതവണ വായിച്ചു...സുന്ദരവും ആകര്‍ഷകവുമായ വരികള്‍..അപ്രതീക്ഷിതമായി എങ്ങുനിന്നോ വരുന്ന ഒരു തീപ്പൊരി മനസ്സിനെ എവിടെയെല്ലാമാണെത്തിക്കുന്നതെന്നു പലപ്പോഴും ഞാനും അമ്പരക്കാറുണ്ട്.
ഉറങ്ങും മുന്‍പേ എല്ലാം ചെയ്തു തീര്ക്കാനായെങ്കില് അല്ലേ?
അല്ലെങ്കില്‍ ചെയ്തതെല്ലാം വേണ്ടായിരുന്നു എന്നുറങ്ങും മുന്‍പേ തിരിച്ചറിയാനായെങ്കില്‍!!
നന്മ നിറഞ്ഞ ഒരു നവവത്സരം ആശംസിക്കുന്നു..
ഒപ്പം ഒരുപാടു കവിതകള്‍ പ്രതീക്ഷിക്കുന്നു..
നല്ല കവിത..
പുതുവത്സരാശംസകള്‍!
യാഥാര്ത്ഥ്യങ്ങള്ക്കുമേലെ തളിര്‍ത്തു കിടക്കുന്ന കവിത.
ഒന്നില്‍ കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്ന കഴിവിനഭിനന്ദനങ്ങള്.
പുതുവത്സരാശംസകള്‍.
പക്ഷേ ഉറങ്ങുന്നതിനും മുമ്പ്
"miles to go before I sleep and
miles to go before I sleep"
എന്ന വരികള്‍ ഓര്‍മ്മവരുന്നു.
പുതുവത്സരാശംസകള്‍!
കവിത നന്നായി.
ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ ആശംസിക്കുന്നു.
:)
ഒന്നില്‍ കൂടുതല്‍ തവണ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ കഴിവിനഭിനന്ദനങ്ങള് :)
ചന്ദ്രകാന്തത്തിനും കുടുംബത്തിനും നന്മ നിറഞ്ഞൊരു പുതുവര്‍ഷം ആശംസിക്കുന്നു...
പുതുവത്സരാശംസകള്‍!!!
അധിനിവേശ മുദ്ര കൊണ്ട്
മുഖം മിനുക്കിയ പാദുകം,
ഇണങ്ങാതായോ!
----
ഏറെ ആകര്‍ഷിച്ചു ഈ വരികള്‍.
സമാധാനപൂര്‍ണ്ണമായ ഒരു പുതുവത്സരമുണ്ടാകട്ടെയെന്നാശംസിക്കുന്നു!
കൊള്ളാം, ആശയം അതിശയിപ്പിക്കുന്നു.
"ആയുസ്സില്ലാത്ത നേട്ടം ചാര്‍ത്തി വാങ്ങിയ
മുറിച്ചുരിക കടലിലെറിയണം."
ചേരാത്തത് വലിച്ചെറിയാനുള്ള ആഹ്വാനം ഓരോരുത്തരുടെയും മനസ്സില്‍ നിന്നുമുണ്ടാവണം. അതുപോലെ പഴമയിലെ നന്മയെ ചികഞ്ഞെടുക്കാനും.
"പാച്ചോറ്റി പൂത്ത മല കടന്ന്,
പാരിജാത ഗന്ധം ശ്വസിച്ച്,
നന്നങ്ങാടിയില്‍ തേങ്ങുന്ന,
താളിയോലകളിലേയ്ക്ക്..
ഒരു തീര്‍ത്ഥയാത്ര പോകണം."
ഓര്‍മകളുടെ, തലമുറകളുടെ, പാരമ്പര്യങ്ങളുടെ സുഗന്ധം പേറുന്ന ഒരു സുന്ദരകവിത.
അഭിനന്ദനങ്ങള്‍ അക്കാ.
:)
എന്നും സ്നേഹത്തോടെ
ഉപാസന
“തേച്ചുമിനുക്കിയ ഓട്ടുപാത്രത്തില്‍ നിന്ന്,
ഈര്‍ക്കില്‍ കുത്തി വളച്ച പ്ലാവിലകൊണ്ട്
ഒരു കവിള് കഞ്ഞി കുടിയ്ക്കണം..“
ചേച്ചിയേയ്..കൊതിപ്പിച്ചു
ഈ വര്‍ഷത്തെ അവസാനത്തെ കവിത..
അപ്പോള്‍ എല്ലാം പറഞ്ഞ പോലെ..ങെ! പറഞ്ഞില്ലെ..
ഇന്നാ പിടിച്ചൊ..ബ്ലോപ്പീ ന്യൂ ഇയര്‍..!
നല്ല കവിത
പുതുവത്സരാശംസകള്‍
കവിത വളരെ ഇഷ്ടമായി !
നല്ല കവിത നിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ ഒരു നവവത്സരം ആശംസിക്കുന്നു!!!!!!!!!
ഒരു സംഭവം, അല്ലെങ്കില്‍ ആശയം കവിതകളായി എഴുതണമെന്ന് ആഗ്രഹിച്ചാലും അതിനു ചേരുന്ന, ഇണങ്ങുന്ന വാക്കുകള്‍ കണ്ടെത്തുക, അവയെ മനോഹരമായി കോര്‍ത്തിണക്കി കവിതയാക്കുക അതാണ് കവിത്വം. അല്ലെങ്കില്‍ പുണ്യം.. അത് ചന്ദ്രകാന്തത്തിന് ആവോളമുണ്ടെന്ന് ഇതിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍...
ഒരു ആകര്ശണാശൈലി..
തുടക്കം മുതല്‍ ഒടുക്കം വരെ തന്മയത്ത്വം വിട്ടുമാറാതെ നില്ക്കുന്നൂ,
നല്ല രചനാ പാരമ്പര്യത്തിന്റെ പുനര്‍ജനിപോലെ നയിസ്..
കൊള്ളാം ചേച്ചി,
വിവരണവും, കവിതയും നന്നായി,
പുതുവത്സരാശംസകളോടെ...
ഹരിശ്രീ
നല്ല കവിത ..
പുതുവത്സരാശംസകള്‍
വര്‍മ്മാജിയുടെ അനുഭവം പുതിയൊരു അറിവായി.
ചന്ദ്രയുടെ കവിത എന്നെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടൂ പോയി.......
ഇപ്പോഴുമിങ്ങനെ കഞ്ഞികുടിക്കാന്‍ പറ്റുന്നുണ്ടോ ചന്ദ്രേ? അതൊക്കെ എന്തൊരു നല്ലകാലമായിരുന്നു...
(കുഞ്ഞിലെ എനിക്ക് കഞ്ഞി തീരെ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് കോട്ടിയ പ്ലാവിലയില് കടിച്ച് ഓട്ടയിടും, അപ്പോള്‍ കഞ്ഞികോരുമ്പോള് വെള്ളമെല്ലാം വാര്ന്നുപൊയ്ക്കൊള്ളും.ചോറു് മാത്രം കഴിക്കും)
നല്ല കവിത... വളരെ ഇഷ്ടമായി.
പുതുവത്സരാശംസകള്‍
Post a Comment