Wednesday, January 9, 2008

അപ്സരസ്സ്‌

പതിച്ചു കിട്ടിയ
ആജ്ഞ നിറവേറ്റാന്‍
ആവനാഴി നിറച്ചു.

പോകേണ്ട വഴികളും
വഴിവിട്ട പ്രയോഗങ്ങളും
തന്ത്രങ്ങള്‍ മെനഞ്ഞവര്‍
പറഞ്ഞു പഠിപ്പിച്ചു.

സ്വയം ഹോമിച്ചും
നേടേണ്ടവയാണ്‌ മുന്നില്‍..

മത്തു പിടിച്ചവരുടെ
ഭ്രാന്തന്‍ മോഹങ്ങള്‍
നെഞ്ചില്‍ തീപടര്‍ത്തുന്നു...

യന്ത്രപ്പാവയ്ക്ക്‌
പാപ പുണ്യങ്ങളുടെ കണക്കെടുപ്പില്ല.

ഒരു പ്രതിധ്വനി മതി
വീണുടയാന്‍.

തോഴിമാരുടെ കരവിരുത്‌
മേനിയഴകിനെ മിനുക്കി.
തീയമ്പുകള്‍ കച്ചയിലൊളിച്ചു.
ഉത്തരീയച്ചുറ്റില്‍ കുടമുല്ല വിരിഞ്ഞു.


മുനിയുടെ മൗനം ഒഴിയുമ്പോള്‍..
കണ്ണിലെ താപം പന്തമെറിയാം,
പാഞ്ഞെത്തും ശാപ വാക്കുകളില്‍..
ചാവേറിന്റെ ആത്മാവ്‌
പൊട്ടിത്തെറിക്കാം.

പതറുന്ന മനസ്സില്‍
കുത്തുന്ന കണ്ണീര്‍ച്ചില്ലുകള്‍

മുടക്കിയ തപസ്സുകള്‍
ഒടുക്കിയ സാമ്രാജ്യങ്ങള്‍..

പെറ്റിട്ട കുഞ്ഞിനെ വിട്ട്‌
പറക്കേണ്ടി വന്ന നിമിഷങ്ങള്‍...
ആശിയ്ക്കാനാവാത്ത സൗഭാഗ്യങ്ങളുടെ നിഴലില്‍
ശ്വാസം നിന്നു പോകുന്നു.


ഇന്നലെകള്‍ ഇരുട്ടിട്ടു മൂടി,
കല്‍പ്പിക്കുന്നവന്റെ കാല്‍ കഴുകാന്‍,
മോഹിക്കുന്നവന്ന്‌ വിരുന്നൊരുക്കാന്‍
അടിയറവച്ച, ജന്മത്തിന്‌
വികാരങ്ങളുടെ വിലാപം
വിലക്കപ്പെട്ടതാണ്‌.

ഈ കാന്തവലയത്തിനുള്ളില്‍ നിന്ന്‌
മരണമില്ലാത്ത ആവര്‍ത്തനങ്ങളില്‍ നിന്ന്‌
എന്നാണൊരു ശാപമോക്ഷം..

എനിയ്ക്കായി ജീവിച്ച്‌
ഞാന്‍ ആയി മരിയ്ക്കാന്‍
ഒരു ദിവസം.

*************************

27 comments:

ചന്ദ്രകാന്തം said...

അമരാവതിയുടെ അധികാരക്കൊതിയ്ക്കു മുന്നില്‍ ചാവേര്‍ ആക്കപ്പെടുന്നവള്‍. സ്വന്തം മനസ്സിലേയ്ക്കൊന്നു നോക്കിയാല്‍...വെറുമൊരു പെണ്ണായി ജീവിയ്ക്കാനാകും അവളും കൊതിയ്ക്കുന്നത്‌.
ഇന്നും... തുടരുന്ന കഥ.

G.manu said...

എനിയ്ക്കായി ജീവിച്ച്‌
ഞാന്‍ ആയി മരിയ്ക്കാന്‍
ഒരു ദിവസം.


ഞാനും കുറെ നാളായി ഇങ്ങനെ വിചാരിക്കാന്‍ തുടങ്ങീട്ട്‌.. നടക്കുമോന്നറിയില്ല.. കവിത സൂപ്പര്‍ മാഷെ

ശ്രീ said...

നന്നായിരിയ്ക്കുന്നു, ചേച്ചീ...

ഒരു അപ്സരസ്സിന്റെ ഭാഗത്തു നിന്നു നോക്കിയാല്‍‌ അവരും അങ്ങനെ ആഗ്രഹിയ്ക്കുന്നുണ്ടാകണം...

“പെറ്റിട്ട കുഞ്ഞിനെ വിട്ട്‌
പറക്കേണ്ടി വന്ന നിമിഷങ്ങള്‍...”
ഇതായിരിയ്ക്കും അവര്‍‌ക്ക് ഏറ്റവും വേദനാജനകം, അല്ലേ?

സുല്‍ |Sul said...

എന്നും ഇതെന്നെ പണിയായാ പിന്നെ ബോറഡിക്കില്ലേ അപ്സരസ്സിനായാലും.
അപ്സരസ്സും മനുഷ്യനാവാന്‍ കൊതിക്കുമൊ?
അറിയില്ല.

“തേടുവതേതൊരു ദേവ പഥം നീ
തേടുവതേതൊരു ബ്രഹ്മപഥം...“
ഇതിന്റെ ആവര്‍ത്തനങ്ങളല്ലേ നിന്‍ ചൊല്ലിലെല്ലാം.

നന്നായിരിക്കുന്നു.
-സുല്‍

kaithamullu : കൈതമുള്ള് said...

സ്വയം ഹോമിച്ചും
നേടേണ്ടവയാണ്‌ മുന്നില്‍
-----
യന്ത്രപ്പാവയ്ക്ക്‌
പാപ പുണ്യങ്ങളുടെ കണക്കെടുപ്പില്ല
---
മരണമില്ലാത്ത ആവര്‍ത്തനങ്ങളില്‍ നിന്ന്‌
എന്നാണൊരു ശാപമോക്ഷം
---
പെറ്റിട്ട കുഞ്ഞിനെ വിട്ട്‌
പറക്കേണ്ടി വന്ന നിമിഷങ്ങള്‍
---
എനിയ്ക്കായി ജീവിച്ച്‌
ഞാന്‍ ആയി മരിയ്ക്കാന്‍
ഒരു ദിവസം.
--
- എന്നെ കാന്തവലയത്തിലാക്കി കാന്തയുടെ വരികള്‍.
ഒരു(-:സ്മൈലി:-) മാത്രമെറിഞ്ഞ് പോട്ടേ, ഞാന്‍!

അഭിലാഷങ്ങള്‍ said...

നല്ല കവിത...

അപ്സരസ്സ്.....

അമരാവതിയുടെ അധികാരക്കൊതിയ്ക്കു മുന്നില്‍ ചാവേര്‍ ആക്കപ്പെടുന്നവള്‍... പാപ പുണ്യങ്ങളുടെ കണക്കെടുപ്പില്ലാതെ , ആജ്ഞ നിറവേറ്റാനായി വഴിവിട്ട തന്ത്രങ്ങളിലൂടെ സ്വയം ഹോമിച്ച് ചാവേറാകാന്‍ വിധിക്കപ്പെട്ടവള്‍..

ഇത് ഇന്നും തുടരുന്ന കഥ തന്നെ. തികച്ചും കാലിക പ്രസക്തം.

തന്റെ തലവന്റെ ആജ്ഞാനുവര്‍ത്തിയായി, ബ്രയിന്‍ വാഷ് ചെയ്യപ്പെട്ട്, അവര്‍ പകര്‍ന്നുകൊടുത്ത വഴിവിട്ട തന്ത്രങ്ങള്‍ പ്രയോഗിച്ച് അവരുടെ ലക്ഷ്യങ്ങള്‍ തകര്‍ക്കുമ്പോള്‍ സ്വയം ജീവിതം ഹോമിക്കപ്പെടുന്ന ചാവേര്‍ ജന്മങ്ങള്‍...

“ഈ കാന്തവലയത്തിനുള്ളില്‍ നിന്ന്‌
മരണമില്ലാത്ത ആവര്‍ത്തനങ്ങളില്‍ നിന്ന്‌
എന്നാണൊരു ശാപമോക്ഷം..?“

ഉത്തരമില്ലാത്ത ചോദ്യം ...

എനിക്കീ കവിത ഒരുപാടൊരുപാട് ഇഷ്ടമായി ചന്ദ്രകാന്തം..

താരാപഥം said...

വായിച്ചപ്പോള്‍ ഒരു ശരം തലയിലൂടെ പാഞ്ഞുപോയി. കാലികപ്രസക്തി "അഭിലാഷങ്ങള്‍" പറഞ്ഞുകഴിഞ്ഞു. എന്തുപറയാന്‍ "സൂപ്പര്‍" എന്നല്ലാതെ.
അമരാവതിയില്‍ നിന്നും "അവള്‍" ഇവിടെ
പുനര്‍ജ്ജനിച്ച്‌, ഇന്ന് രൗദ്രഭാവം പൂണ്ട്‌ വിലസുന്നു. ആ ഒരു വ്യത്യാസം ഉണ്ട്‌ കാല്‌പനികതയില്‍ നിന്നും കാലികത്തിലേക്ക്‌.

ഹരിശ്രീ said...

ഈ കാന്തവലയത്തിനുള്ളില്‍ നിന്ന്‌
മരണമില്ലാത്ത ആവര്‍ത്തനങ്ങളില്‍ നിന്ന്‌
എന്നാണൊരു ശാപമോക്ഷം..

എനിയ്ക്കായി ജീവിച്ച്‌
ഞാന്‍ ആയി മരിയ്ക്കാന്‍
ഒരു ദിവസം.........


കൊള്ളാം ചേച്ചി,

അര്‍ത്ഥവത്തായ വരികള്‍... നല്ല കവിത...

ഹരിശ്രീ

കാവലാന്‍ said...

"യന്ത്രപ്പാവയ്ക്ക്‌
പാപ പുണ്യങ്ങളുടെ കണക്കെടുപ്പില്ല."

കൊള്ളാം....

വിഷ്ണു പ്രസാദ് said...

യാന്ത്രിക ജീവിതത്തിന്റെ സ്വത്വ പ്രതിസന്ധികളിലേക്ക്
വീണ്ടും ഒരു കവിത.മോഹനമായവ പുതച്ചു നില്‍ക്കുന്ന വൈരസ്യങ്ങള്‍/അസംതൃപ്തരായ എത്ര അപ്സരസ്സുകള്‍ അധികാരത്തിന്റെ ചെറുതും വലുതുമായ ഘടനകളെ നിലനിര്‍ത്തുന്ന ഉപകരണങ്ങളാണ്...

അഗ്രജന്‍ said...

നന്നായിട്ടുണ്ട് നാട്ടുകാരിയേ...
നല്ല അര്‍ത്ഥമുള്ള വരികള്‍...


ഇനിയൊക്കെ ഓ.ടോ:

നല്ല ആഴമുള്ള കവിത... നല്ല നീളമുള്ള കിണര്‍ എന്നോക്കെ പറയണ പോലെ :)

“...എനിയ്ക്കായി ജീവിച്ച്‌
ഞാന്‍ ആയി മരിയ്ക്കാന്‍
ഒരു ദിവസം...“

ചോദിച്ചതല്ലേ... പറഞ്ഞില്ലാന്ന് വേണ്ട... ഫെബ്രുവരി 30 ശുഭദിവസമാണ്...

അനിലന്‍ said...

ഈ പെണ്ണുങ്ങളെപ്പോഴും ഇങ്ങന്യാ... ആണുങ്ങളെ എപ്പോഴും കുറ്റം പറഞ്ഞോണ്ടിരിക്കും!

എന്നാലും

‘മേനിയഴകിനെ മിനുക്കി.
തീയമ്പുകള്‍ കച്ചയിലൊളിച്ചു.
ഉത്തരീയച്ചുറ്റില്‍ കുടമുല്ല വിരിഞ്ഞു...

എന്നൊക്കെ എഴുതുന്നതല്ലേ അവിടെക്കെടക്കട്ടെ ഒരു :)

കാട്ടുപൂച്ച said...

കലിയുക അപ്സരസുകളുടെ ജീവിതധർമ്മം വാല്മീകി വിഭാവനം ചെയ്തതിൽനിന്നും എത്രയോ വിഭിന്നം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എനിയ്ക്കായി ജീവിച്ച്‌
ഞാന്‍ ആയി മരിയ്ക്കാന്‍
ഒരു ദിവസം.

മനോഹരമായ വരികള്‍

വാല്‍മീകി said...

മനോഹരമായ വരികള്‍

Sreenath's said...

നാട്‌ ത്രിശുരാ ലേ..

nice to meet u...

Friendz4ever // സജി.!! said...

എനിയ്ക്കായി ജീവിച്ച്‌
ഞാന്‍ ആയി മരിയ്ക്കാന്‍
ഒരു ദിവസം.
നന്നായിരിക്കുന്നൂ.
ഈ വരികള്‍ കൂടുതല്‍ ഇഷ്ടമായി.!!

രാമചന്ദ്രന്‍ വെള്ളിനേഴി said...

"ഇന്നലെകള്‍ ഇരുട്ടിട്ടു മൂടി,
കല്‍പ്പിക്കുന്നവന്റെ കാല്‍ കഴുകാന്‍,
മോഹിക്കുന്നവന്ന്‌ വിരുന്നൊരുക്കാന്‍
അടിയറവച്ച, ജന്മത്തിന്‌
വികാരങ്ങളുടെ വിലാപം
വിലക്കപ്പെട്ടതാണ്‌"

ചരിത്രങ്ങളുടെ ചുവടുകള്‍ പിന്‍തുടരുമ്പോള്‍ നമുക്ക് കാണാന്‍ കഴിയും ഈ വിരുന്നൊരുക്കലും അടിയറവയ്ക്കലും ,പിന്തലമുറകള്‍ മേല്‍ക്കോയ്മയെ ഭയന്ന് കണ്ണീരുകെണ്ട് കാല്‍കഴുകിയും വികാരക്രീഡ്കള്‍ക്ക് പാത്രമാവുകയും ചെയ്തിരുന്നു,

ഇന്ന് കൈക്കരുത്ത് ഉണ്ടെങ്കില്‍ ഇരുട്ടിന്റെ മറയും മേല്‍കോയ്മയും വേണമെന്നില്ല!!!ആ സ്ഥിതിയില്‍ ആയിരിക്കുന്നു.അവിടെ വിലാപം പോലും വിലക്കപ്പെട്ടിരിക്കുന്നു.പാല്‍മണത്തിനു പ്രസക്തിയില്ലതായിരിക്കുന്നു!!!! ഇനിയവക്കൊന്നും പുനര്‍ജ്ജന്മ........?

ആഗ്നേയ said...

എനിയ്ക്കായി ജീവിച്ച്‌
ഞാന്‍ ആയി മരിയ്ക്കാന്‍
ഒരു ദിവസം.
ഇതു പേസ്റ്റിക്കഴിഞ്ഞപ്പോളാണ് എല്ലാവരും ഇതുതന്നെ കമന്റായി ഇട്ടിരിക്കുന്നത് കണ്ടത്...
ആഗ്രഹങ്ങളൊക്കെ അങ്ങനെത്തന്നെ ഇരിക്കട്ടെ അല്ലേ?
എല്ലാം നേടിയാല്‍ പിന്നെന്തു ജീവിതം?

മന്‍സുര്‍ said...

ചന്ത്രകാന്തം...

നല്ല കവിത

ഇഷടമായ വരികള്‍ ഇങ്ങിനെ...

പെറ്റിട്ട കുഞ്ഞിനെ വിട്ട്‌
പറക്കേണ്ടി വന്ന നിമിഷങ്ങള്‍...
ആശിയ്ക്കാനാവാത്ത സൗഭാഗ്യങ്ങളുടെ നിഴലില്‍
ശ്വാസം നിന്നു പോകുന്നു.

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

"പെറ്റിട്ട കുഞ്ഞിനെ വിട്ട്‌
പറക്കേണ്ടി വന്ന നിമിഷങ്ങള്‍...
ആശിയ്ക്കാനാവാത്ത സൗഭാഗ്യങ്ങളുടെ നിഴലില്‍
ശ്വാസം നിന്നു പോകുന്നു.

ഇന്നലെകള്‍ ഇരുട്ടിട്ടു മൂടി,
കല്‍പ്പിക്കുന്നവന്റെ കാല്‍ കഴുകാന്‍,
മോഹിക്കുന്നവന്ന്‌ വിരുന്നൊരുക്കാന്‍
അടിയറവച്ച, ജന്മത്തിന്‌
വികാരങ്ങളുടെ വിലാപം
വിലക്കപ്പെട്ടതാണ്‌".

വല്ലാത്തൊരു തീവ്രത, കൂര്‍ത്ത വാക്ക്ശരങ്ങളുടെ ശക്തി, ഈ വരികളില്‍ അനുഭവപ്പെടുന്നു.. അവിടെ ഈ കവിതയും കവിയത്രിയും വിജയിച്ചു... അഭിനന്ദനങ്ങള്‍..

പ്രയാസി said...

ചേച്ചിയേ...
നല്ല കവിത..

ഓ:ടോ:അല്ല എന്താണീ അപ്സരസ്സ്..;)

ഉപാസന | Upasana said...

“മുനിയുടെ മൗനം ഒഴിയുമ്പോള്‍..
കണ്ണിലെ താപം പന്തമെറിയാം,
പാഞ്ഞെത്തും ശാപ വാക്കുകളില്‍..
ചാവേറിന്റെ ആത്മാവ്‌
പൊട്ടിത്തെറിക്കാം.“

ചേച്ചിയുടെ ചിന്തകള്‍ അപാരം.
അവ പോകുന്ന വഴിയിലുള്ളവയെ മുഴുവന്‍ തച്ചു തകര്‍ക്കുന്നു ട്ടോ.
:)
എന്നും സ്നേഹത്തോടെ
ഉപാസന

maheshcheruthana/മഹേഷ്‌ ചെറുതന said...

ചന്ദ്രകാന്തം,
കവിത ഇഷ്ടമായി !
ഇന്നും തുടരുന്ന ഈ കഥക്കു അവസാനമുണ്ടാകുമോ?

ഗീതാഗീതികള്‍ said...

എനിയ്ക്കായി ജീവിക്കാന്‍ ഒരു ദിവസം...

എന്റേയും ഒരാഗ്രഹം....

കവിത നന്നായി.

ചന്ദ്രകാന്തം said...

വരികളലൂടെ നടന്ന മനസ്സുകള്‍ക്കെല്ലാം.... നന്ദി.

പരിത്രാണം said...

:)