Thursday, January 17, 2008

പെയ്തൊഴിയാതെ..

പുറത്ത്‌ മഴ
മനസ്സിലും.

പൊടിമണ്ണില്‍
ജലസൂചി ആഴ്ത്തുന്ന
ഈന്തപ്പന.

ഉള്ളു പഴുത്തു കിടക്കുമ്പോള്‍
ആദ്യത്തെ തുള്ളികളെ
ഊറ്റത്തോടെ
ആവിയാക്കാനാവും.

കനം കൂടുന്തോറും
മണ്‍തരികളെ തെറിപ്പിച്ച്‌
തൊലിയുരിഞ്ഞുപോയ എല്ലുകളില്‍
താളമിടുന്നവയെ
അടക്കാനുള്ള പാഴ്‌ശ്രമം.

നന്ത്യാര്‍വട്ടം ഉലഞ്ഞു...

നെറുക പൊളിക്കും തുള്ളിക്ക്‌
തട പിടിച്ചിരുന്ന വിരലുകള്‍
തകര്‍ന്നിട്ടുണ്ടാവും;
ഉണങ്ങുന്തോറും മലരുന്ന
മുറിവുമായി
വെണ്ണ തിരയുകയാവും.
സഹനത്തിന്റെ തീത്തുമ്പുകള്‍
വഴികാട്ടികളാവില്ലല്ലോ.

പുല്‍നാമ്പില്‍ പിടിച്ചു കയറുന്ന
പ്രതീക്ഷകളെ
എറിഞ്ഞു വീഴ്ത്തുന്ന മഴ.

വിളര്‍ത്ത ചിരി ബാക്കി നിര്‍ത്തി,
കിണറ്റുവക്കിലെ വെള്ളിലത്തില്‍
മത്താപ്പു കത്തിച്ച പൂക്കള്‍
ആഴങ്ങളിലേയ്ക്കു പോയി.
പച്ചനിറമുള്ള ഓര്‍മകള്‍..
താളിയ്ക്കായി
ഒടിച്ചെടുത്തിരുന്നു.

കണ്ണിലെ ഓവുചാല്‍
കുത്തൊഴുക്കില്ലാതെ
തുറക്കാനായെങ്കില്‍...

35 comments:

ചന്ദ്രകാന്തം said...

പെരുമഴയില്‍ നനയാതെ കാത്ത കൈകള്‍ക്ക്‌ ഊന്നുവടിയാവാന്‍... സാധിയ്ക്കാതെ പോകുന്ന ഭാഗ്യദോഷികള്‍ക്ക്‌..

G.MANU said...

ചന്ദ്രികയില്‍ അലിയുന്നു ചന്ത(ബ്യൂട്ടി, നോട്ട്‌ മാര്‍ക്കറ്റ്‌) കാവ്യം

സുല്‍ |Sul said...

മഴ ചന്ദ്രയെ പിന്നോട്ട് നടത്തിച്ചല്ലോ. പതിവു പോലെ മനോഹരം ഈ കവിതയും.
ഒരു തേങ്ങ ഇവിടെയുടക്കട്ടെ “(((ഠേ)))”

-സുല്‍

ശ്രീ said...

“കണ്ണിലെ ഓവുചാല്‍
കുത്തൊഴുക്കില്ലാതെ
തുറക്കാനായെങ്കില്‍...”

അതു പെയ്തു തോരുന്നതല്ലേ ചേച്ചീ നല്ലത്?

:)

മുസ്തഫ|musthapha said...

അതെ ശ്രീ പറഞ്ഞത് തന്നെ...

അത് പെയ്തു തീരുന്നതാണ് നല്ലത്...

അല്ല... തെന്താപ്പോ ഇത്രയ്ക്കും പെയ്യാന്‍ മാത്രം... അടുത്ത മീറ്റിംഗിന് ഞാന്‍ മൂപ്പരോട് ചോദിച്ചോളാം :)

ചന്ദ്രകാന്തം said...

ശ്രീ, അഗ്രുജീ..,
വിളര്‍ത്തുനില്‍ക്കുന്നതെല്ലാം കടപുഴകിപ്പോകില്ലേ.. കുത്തൊഴുക്കോടെ പെയ്താല്‍. അതുകൊണ്ട്‌ , അധികജലത്തിനു മാത്രമേ പെയ്തൊഴിയാനാവൂ. അവിടെയും...പരിമിതികള്‍ !

Kaithamullu said...

ശ്രീ, അഗ്രൂ,
പെയ്ത് തോരണ്ട മഴയല്ല അത്.

- കാത്ത് കാത്തിരുന്ന്, ഇടയ്ക്കിടക്കിങ്ങ് പോരട്ടെ,വേനല്‍ മഴ പോലെ.

ഇഷ്ടായി കാന്തേ!

akberbooks said...

വല്ലപ്പോഴും സന്ദര്‍ശിക്കുക akberbooks.blogspot.com
ഒരു മലയാളി കൂട്ടം

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല മഴക്കവിത

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മഴമഴ മഴമഴ മാനത്തുണ്ടൊരു പൊന്‍ മഴ...
നന്നായിരിക്കുന്നു

ഉപാസന || Upasana said...

:)

പ്രയാസി said...

ചേച്ചിയേ...
മഴ പോകും..അതിനിങ്ങനെ ടെന്‍ഷനാകല്ല്..:)

അതെ ചേച്ചി അവര്‍ തന്നെയാ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യദോഷികള്‍..

ഏ.ആര്‍. നജീം said...

ദുബായില്‍ മഴ പെയ്തത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു....

അതുകൊണ്ടല്ലേ ഇത്ര നല്ല ഒരു കവിത വായിക്കാനായത്...:)

മയൂര said...

"പുല്‍നാമ്പില്‍ പിടിച്ചു കയറുന്ന
പ്രതീക്ഷകളെ
എറിഞ്ഞു വീഴ്ത്തുന്ന മഴ."

കവിത ഇഷ്ടായി...:)

Murali K Menon said...

ദുബായില്‍ പെരുമഴ പെയ്തത് ബ്ലോഗിനിപ്പോള്‍ അനുഗ്രഹമായി.

കവിത അസ്സലായി ചന്ദ്രകാന്തം.

കാവലാന്‍ said...

കൊള്ളാം.വരികളില്‍ ചിലത് കുറേനേരം മനസ്സില്‍ ചാറിക്കൊണ്ടേയിരിക്കും.

പരിത്രാണം said...
This comment has been removed by the author.
പരിത്രാണം said...

ദുബൈയിലെ പെരുമഴക്കാലം കഴിഞ്ഞു എന്നാലും മഴവെള്ളം എപ്പോഴും ബ്ലോഗിലെ ഈ കവിതയിലൂടെ ഒഴുകിക്കൊണ്ടിരിക്കും, ഈ പെരുമഴയില്‍ കിളിര്‍ത്ത ഈ മഴകവിതക്കു നന്ദി. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു മഴകൂടി അല്ലേ...

മുസാഫിര്‍ said...

ഷാര്‍ജയിലെ മഴ നാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി അല്ലെ.ഇഷ്ടമായി കവിത.

ഹരിശ്രീ said...

പുല്‍നാമ്പില്‍ പിടിച്ചു കയറുന്ന
പ്രതീക്ഷകളെ
എറിഞ്ഞു വീഴ്ത്തുന്ന മഴ.
“കണ്ണിലെ ഓവുചാല്‍
കുത്തൊഴുക്കില്ലാതെ
തുറക്കാനായെങ്കില്‍...”

കൊള്ളാം ചേച്ചി,

നല്ല വരികള്‍

ഉപാസന || Upasana said...

വിളര്‍ത്ത ചിരി ബാക്കി നിര്‍ത്തി,
കിണറ്റുവക്കിലെ വെള്ളിലത്തില്‍
മത്താപ്പു കത്തിച്ച പൂക്കള്‍
ആഴങ്ങളിലേയ്ക്കു പോയി.

നല്ല കവിത
:)
ഉപാസന

സാരംഗി said...

നല്ലൊരു കവിത. ഇഷ്ടമായി.

അഭിലാഷങ്ങള്‍ said...

"പുറത്ത് മഴ
മനസ്സിലും..!”

ഈയാഴ്‌ച ഷാര്‍ജ്ജയില്‍ ജനജീവിതത്തെ അലങ്കോലമാക്കി നഗരത്തെ ജലധിയാക്കി തകര്‍ത്തുപെയ്തൊഴിഞ്ഞ മഴക്ക്, ‘ചന്ദ്രകാന്ത’ത്തിലെ പെയ്തൊഴിയാത്ത കാല്പനികതയുടെ ശക്തി വര്‍ദ്ധിപ്പിക്കാനായി എന്നതില്‍ ഞാന്‍ മഴദൈവങ്ങളോട് നന്ദി പറയുന്നു. :-)

ചേച്ചീ, ഈ കവിതയും ഇഷ്ടമായി.

ചന്ദ്രകാന്തത്തിന്റെ കവിതകളുടെ റേഞ്ച് ഒന്ന് വേറെ തന്നെയാണ്. വരികള്‍ക്കിടയില്‍ ഒളിഞ്ഞ് കിടക്കുന്ന അതിശക്തമായ പ്രമേയം വായനക്കാരന്റെ വ്യാഖ്യാനശൈലിക്കനുസരിച്ച് ഒരു നൂറ് രീതിയില്‍ വ്യാഖ്യാനിക്കാവുന്നതുമാണ്.

ഇവിടെ “മഴ” എന്ന പ്രതീകത്തിലൂടെ മനുഷ്യമനസ്സിലൂടെ ആഴ്‌ന്നിറങ്ങുന്ന “ദുരിതങ്ങളും സങ്കടങ്ങളും വേദനകളും“ അനാവരണം ചെയ്തിരിക്കുന്നത് എത്ര മനോഹരമായാണ്.

മണലാരണ്യത്തിലെ ഉള്ളുപഴുത്ത് കിടക്കുന്ന പൊടിമണ്ണിലേക്ക് ഈന്തപ്പനയില്‍ നിന്ന് ജലസൂചിയായി ആഴ്ന്നിറങ്ങുന്ന ആദ്യത്തെ തുള്ളികളെ മണ്ണിന് ഊറ്റത്തോടെ ആവിയാക്കാനാവും! പക്ഷെ, അതിന്റെ കനം കൂടിയാല്‍..!! ശരിയാണ് ചന്ദ്രകാന്തം, നമ്മുടെ മനസ്സില്‍ അല്പാല്പമായി പെയ്യുന്ന വേദനകള്‍ ആദ്യമാദ്യം നമുക്ക് മൃദുവായി ബാഷ്പീകരിക്കാം, എന്നാല്‍ അതിന്റെ കനം കൂടിയാല്‍ തീര്‍ച്ചയായും നാമുലഞ്ഞുപോകും.

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ നമുക്ക് താങ്ങും തണലുമായി വഴികാട്ടികളായിരുന്ന വേണ്ടപ്പെട്ടവരും ചിലപ്പോള്‍ തകര്‍ന്നിട്ടുണ്ടാവാം. അവര്‍ക്ക് ഇനി ചിലപ്പോള്‍ നമുക്ക് വഴികാട്ടികളാവാന്‍ കഴിയാതെ വന്നേക്കാം. ജീവിതത്തില്‍ മുന്നോട്ട് കുതിക്കാന്‍ വെമ്പുന്ന പ്രതീക്ഷകളെ അമിതമായി പെയ്ത് “മഴ” ചിലപ്പോള്‍ തകര്‍ത്തേക്കാം.

“മഴ” മൂലം കിണറ്റ് വക്കിലെ വെള്ളിലത്തില്‍ ഇത്രയും കാലം രാജകീയമായി വിരജിച്ച പൂക്കള്‍ കിണറിന്റെ ആഴങ്ങളിലേക്ക് പോയത് പോലെ, ‘വേദനകളും നൊമ്പരങ്ങളുമാകുന്ന മഴ‘ പെയ്തിറങ്ങിയ മനസ്സോടുകൂടിയ നാമും, മുഖത്ത് വിളര്‍ത്ത ചിരിമാത്രം ബാക്കിനിര്‍ത്തി ദുഃഖത്തിന്റെ ആഴങ്ങളിലേക്ക് വഴുതിവീണേക്കാം. എങ്കിലും...

“പച്ചനിറമുള്ള ഓര്‍മകള്‍..
താളിയ്ക്കായി
ഒടിച്ചെടുത്തിരുന്നു.“

ആ പച്ചനിറമുള്ള ഓര്‍മ്മകള്‍ക്ക് സന്തോഷത്തിന്റെ കുളിരും, ആശ്വാസത്തിന്റെ സുഗന്ധവും ഉണ്ടാവാം. ഹരിതാഭമായ നല്ല കാലത്തെപറ്റിയുള്ള ഒരുപിടി ഓര്‍മ്മകളുടെ ‘തണുപ്പ്’ താളിയായി തലയില്‍ വയ്‌ക്കുന്നതിലൂടെയെങ്കിലും മനസ്സില്‍ പെയ്തുകൊണ്ടിരിക്കുന്ന മഴയ്ക്ക് ഒരു താല്‍ക്കാലികശമനം ഉണ്ടായാല്‍ എത്ര നന്നായിരുന്നു, അല്ലേ ചന്ദ്രകാന്തം?

ചേച്ചീ, കവിതയെപറ്റി ഇനി ഒരേ ഒരു വാക്കില്‍ അഭിപ്രായം പറയാം:

“ക്ലാസിക്ക്!!”

നന്മകള്‍ നേര്‍ന്നുകൊണ്ട്,

അഭിലാഷ്

സുല്‍ |Sul said...

അഭിലാഷ്
നിന്റെ കവിതാസ്വാദനം വളരെ ഇഷ്ടമായി. ഇതൊരു പോസ്റ്റ് ആക്കാമായിരുന്നു. എങ്കില്‍ ഇനിയും ഇതുപോലെ പ്രതീക്ഷിക്കാമല്ലൊ :)

-സുല്‍

ശ്രീ said...

അഭിലാഷ് ഭായ്‌യുടെ കമന്റ് വളരെ നന്നായി.
കവിത ആസ്വദിച്ചാല്‍‌ മാത്രം പോരാ, അത് ഇങ്ങനെ വിശകലനം ചെയ്ത് എഴുതാനും കഴിവു വേണം...

സൂപ്പര്‍!!!
:)

Mahesh Cheruthana/മഹി said...

ചന്ദ്രകാന്തം,
മഴക്കവിത മനോഹരം!

ഗീത said...

പിന്നേയുമൊരു മഴക്കവിത...
ഇതില്‍ മഴയുടെ ഭാവം മറ്റൊന്ന്...
എല്ലാം കടപുഴക്കിക്കൊണ്ടു പോകാനുള്ള വെമ്പല്‍....
പ്രകൃതിയിലെ മഴക്ക് ഈ ഭാവമെടുക്കാം. പക്ഷെ മനസ്സിലെ മഴക്കു് ഈ ഭാവമാര്‍ജ്ജിക്കാന്‍ പാടില്ല അല്ലേ ചന്ദ്രേ?

ഗീത said...

ശ്രീ പറഞ്ഞതും നേര്, കൈതമുള്ളൂ് പറഞ്ഞതിലുംകാര്യമുണ്ട്‌.
(കൈതമുള്ളിന്റെ സംബോധന കണ്ടുള്ള ഒരു സംശയം. കൈതമുള്ളാണോ കാന്തന്‍?
അയ്യോ അല്ലെങ്കില്‍ ക്ഷമിച്ചേക്കണേ രണ്ടുപേരും).

അഭിലാഷിന്റെ കവിതാ നിരൂപണം ഏറെ ഇഷ്ടമായി. ഒരുപക്ഷേ കവിതയെക്കാളേറെ...
(ചന്ദ്രെ, വീണ്ടും ഒരിക്കല്‍ കൂടി മാപ്പ്...
ആ നിരൂപണം അത്രയ്ക്ക് ഇഷ്ടമായിപ്പോയതുകൊണ്ടു പറഞ്ഞുപോയതാ...)

ചന്ദ്രകാന്തം said...

ഈ മഴയുടെ ഓരോ തുള്ളിയും മനസ്സിലേറ്റു വാങ്ങിയ സുഹൃത്തുക്കള്‍ക്ക്‌ നന്ദി.
അഭിലാഷിന്റെ നിരൂപണം വരികളുടെ ഉള്ളിലേയ്ക്കിറങ്ങിച്ചെല്ലുന്നു... വളരെ സന്തോഷം.

പിന്നെ.. ഗീതാജി, കൈതമാഷ്‌.. എന്റെ പേരിലെ അവസാനപകുതി ഇത്തിരി നീട്ടി വിളിച്ചൂന്നേയുള്ളു. ഗീതാജി 'ചന്ദ്രേ' എന്നു വിളിയ്ക്കും പോലെ.
ഇങ്ങനെയൊന്നും സംശയിക്കണ്ടാ..ട്ടൊ.
:)

ഹരിയണ്ണന്‍@Hariyannan said...

ഒരുവാഴയിലക്കീറിനെന്തുപ്രസക്തി?!
അതിന്റെ വിള്ളലുകളിലൂടെ
അരിച്ചിറങ്ങിക്കുളിര്‍പ്പിച്ചുപോകുന്ന
മഴയുടെ തണുപ്പിനെന്തുപ്രസക്തി?!
ഇടിമിന്നലുകളെഭയന്നുഞെട്ടുമ്പോള്‍
നനഞ്ഞൊട്ടുന്ന അച്ഛന്റെ നെഞ്ചിനാണ്,
മറയായ്മാറിയവാഴയിലക്കയ്യില്‍പിടിച്ച
മെലിഞ്ഞവിരലുകള്‍ക്കാണു പ്രസക്തി!!
അതിലൂടിറ്റുവീഴുന്നസ്നേഹത്തിന്റെ
തോരാമഴക്കാണുപ്രസക്തി!!

Unknown said...

ചന്ദ്രാ...ഇന്നാണീ വഴി വന്നത്...എന്താ പറയാ?(പറയാനുള്ളു മുഴുവന്‍ ആ അഭിലാഷ് എന്ന ദുഷ്ടന്‍ പറഞ്ഞു തീര്‍ത്തു..)ആ പ്രതിഭക്കു മുന്നിലൊന്നു തൊഴുന്നു...

ഗിരീഷ്‌ എ എസ്‌ said...

ചന്ദ്രേ...
ചിലപ്പോഴെല്ലാം അങ്ങനെയാണ്‌..സഹായിച്ചവരെ കാത്തുവെക്കാനാവാതെ സഹതപിക്കേണ്ടി വരുന്നു മനുഷ്യജന്മങ്ങള്‍ക്ക്‌....
ശാപം കിട്ടിയവരെന്ന്‌
നാലോ അഞ്ചോ ചുണ്ടുകളിലൂടെ വെറും മന്ത്രണങ്ങളായി അലിഞ്ഞില്ലാതാവും നാമപ്പോള്‍...

ആത്മാവില്‍ നിന്ന്‌
മഴ പുറത്തേക്ക്‌ വമിക്കുന്നു...
അതിന്റെ ഒഴുക്കും സ്നിഗ്ധതതയും തിരിച്ചറിഞ്ഞാവും..
കണ്ണുനീരെന്ന്‌ പേരിട്ട്‌ കാലം ചിരിച്ചത്‌...

വെറുമൊരു മഴക്കവിത എന്നതിനപ്പുറം ആഴത്തില്‍ സ്പര്‍ശിച്ചു ഇതിടെ പ്രതിപാദ്യവിഷയം...

ജ്വലിക്കുന്ന വാക്കുകളും എഴുത്തിലെ വ്യത്യസ്തതയുമായി ഇനിയും എഴുതുക...

എന്നും നന്മകള്‍ നേര്‍ന്നുകൊണ്ട്‌....

Kaithamullu said...

എന്റെ കാന്തേ വിളിക്ക് ഇത്ര ആഴമുണ്ടെന്നാര് കരുതി? (ഇനി ചന്ദ്രേന്ന് വിളിക്കാം, ല്ലേ?)

ഗീതാഗീതികള്‍ ഒരു വിലാപകാവ്യമാക്കല്ലേ, ട്ടോ ഗീതീ!

sUnIL said...

കവിത നന്നായി, ഒരു അടിക്കുറിപ്പു പോലെ ഒരു ചിത്രം ഇവിടെ ഉണ്ട്‌. (http://fonfotos.blogspot.com/2008/05/blog-post_22.html)വരികള്‍ ഉപയോഗിക്കാന്‍ സദയം അനുവദിക്കുമല്ലോ..