Thursday, February 21, 2008

നാലുമണിപ്പൂവ്‌

പൊലിയുന്ന പകലിന്റെ പൊലിമയ്ക്കു തിലകമായ്‌
വിടരുന്നു നിത്യമീപ്പൂക്കള്‍..
അടയുന്ന സൂര്യന്റെ മിഴികളില്‍ ജീവസാ-
ന്നിധ്യം പടര്‍ത്തുന്നു നിങ്ങള്‍..

നീഹാരമണിയുന്ന പുലരിയ്ക്കു പുണ്യമായ്‌,
നീരജാനാഥനായെന്നും
മദ്ധ്യാഹ്ന സന്ധ്യയിലുഗ്രപ്രതാപിയായ്‌
രഥമേറുമാദിത്യ ദേവന്‍..

ഇപ്പൊഴീ വാസന്ത സായാഹ്ന സീമയില്‍
വിടചൊല്ലിയകലുന്ന നേരം
നാളത്തെ ചമയത്തിനൊരു നുള്ളു കുങ്കുമം
ഏല്‍പ്പിച്ചു വെച്ചുവോ നിന്നില്‍..

ഇപ്പകല്‍ ചാര്‍ത്തിന്റെ നിറവെഴും പച്ചപ്പി-
ലുള്‍ക്കുളിര്‍ തൂകുമീ വര്‍ണ്ണം
രാഗപരാഗം പരത്തുന്നു ചുറ്റിലും
ഇത്തിരിപ്പൂവിന്‍ വസന്തം...
******************************

23 comments:

ചന്ദ്രകാന്തം said...

മകളുടെ പുസ്തകത്തിലെ ഒരു കൊച്ചുപുഷ്പം,
നലുമണിപ്പൂവിനെ ഓര്‍മ്മിപ്പിച്ചു...
പണ്ട്‌, സ്കൂള്‍ വിട്ടു വരുമ്പോള്‍, പടിയ്ക്കല്‍ പുഞ്ചിരിച്ചു നിന്നിരുന്ന വസന്തം.

G.MANU said...

ഇപ്പൊഴീ വാസന്ത സായാഹ്ന സീമയില്‍
വിടചൊല്ലിയകലുന്ന നേരം
നാളത്തെ ചമയത്തിനൊരു നുള്ളു കുങ്കുമം
ഏല്‍പ്പിച്ചു വെച്ചുവോ നിന്നില്‍..

kallakki

നാണിച്ചു നാണിച്ചു മുറ്റത്തൊരു കോണില്‍
നാലുമണിപ്പൂ വിരിഞ്ഞ കണ്ടോ..
മറ്റെല്ലാപ്പൂക്കളും വാടുമ്പോള്‍ പുഞ്ചിരി
മുത്തുപൊഴിച്ചു വിരിഞ്ഞകണ്ടോ...

Sharu (Ansha Muneer) said...

നല്ല വരികള്‍..... :)

സുല്‍ |Sul said...

“ഇപ്പൊഴീ വാസന്ത സായാഹ്ന സീമയില്‍
വിടചൊല്ലിയകലുന്ന നേരം
നാളത്തെ ചമയത്തിനൊരു നുള്ളു കുങ്കുമം
ഏല്‍പ്പിച്ചു വെച്ചുവോ നിന്നില്‍..“

സൂപര്‍ വരികള്‍.. സൂപര്‍ കവിത.
-സുല്‍

Appu Adyakshari said...

നല്ല വരികള്‍ തന്നെ, ഒരു സംശയവുമില്ല. പതിവുപോലെ സുന്ദരം.

ഈ “മദ്ധ്യാന്ന സന്ധ്യ” എന്താണെന്നു വിശദമാക്കാമോ?

മഴത്തുള്ളി said...

ഇപ്പൊഴീ വാസന്ത സായാഹ്ന സീമയില്‍
വിടചൊല്ലിയകലുന്ന നേരം
നാളത്തെ ചമയത്തിനൊരു നുള്ളു കുങ്കുമം
ഏല്‍പ്പിച്ചു വെച്ചുവോ നിന്നില്‍..

നല്ല രസകരമായ വരികള്‍. ഇതു ക്വോട്ട് ചെയ്തിട്ടു നോക്കുമ്പോള്‍ എല്ലാരും അതു തന്നെ ചെയ്തിരിക്കുന്നു. പോട്ടെ. ക്വോട്ടിപ്പോയില്ലേ ;)

വളരെ നന്നായിരിക്കുന്നു.

Unknown said...

ഇപ്പൊഴീ വാസന്ത സായാഹ്ന സീമയില്‍
വിടചൊല്ലിയകലുന്ന നേരം
നാളത്തെ ചമയത്തിനൊരു നുള്ളു കുങ്കുമം
ഏല്‍പ്പിച്ചു വെച്ചുവോ നിന്നില്‍
ഈ വരികള്‍ കൂടുതല്‍ ഇഷ്ടമായി :)
നാലുമണിപ്പൂവിനു വിടരുന്ന നേരത്തു ചെറിയൊരു സുഗന്ധവുമുണ്ട്...
നാലുമാണിക്കുള്ള നിസ്ക്കാരമായ “അസര്‍” സമയത്തു വിടരുന്ന ഇത് അസര്‍മുല്ല എന്നും പറയാറുണ്ട്...:)

തറവാടി said...

പാടാന്‍ ഇമ്പമുള്ള കവിത , അപൂര്‍‌മായി ലഭിക്കുന്ന സാധനം , പ്രത്യേകിച്ചും ബൂലോകത്ത്.

ശ്രീലാല്‍ said...

നാലുമണിപ്പൂവ് ഓര്‍മ്മകള്‍ ഉണര്‍ത്തി.

“ചേര്‍ത്തുവെക്കുന്നിതായിത്തിരിപ്പൂവിനെ
ഹൃത്തിന്റെയുള്ളിന്റെയുള്ളില്‍....”

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നാലുമണിപ്പൂവിനെ താലോലിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു...

നന്നായിരിക്കുന്നു കവിത

കാപ്പിലാന്‍ said...

nalla kavitha

ശ്രീ said...

ഈ നാലുമണിപ്പൂവിനെയും ഇഷ്ടത്തോടെ ചേര്‍ത്തു വയ്ക്കുന്നു, ചേച്ചീ...

നന്നായിട്ടുണ്ട്.
:)

ഉപാസന || Upasana said...

ഇപ്പൊഴീ വാസന്ത സായാഹ്ന സീമയില്‍
വിടചൊല്ലിയകലുന്ന നേരം
നാളത്തെ ചമയത്തിനൊരു നുള്ളു കുങ്കുമം
ഏല്‍പ്പിച്ചു വെച്ചുവോ നിന്നില്‍..

എല്ലാ വരികളും ഇഷ്ടമായ്
:-)
ഉപാസന

siva // ശിവ said...

എത്ര സുന്ദരം ഈ കവിത....

ധ്വനി | Dhwani said...

നാളത്തെ ചമയത്തിനൊരു നുള്ളു കുങ്കുമം

:) nannayiriykkunnu!

ഏ.ആര്‍. നജീം said...

വെറുതെ വിരിഞ്ഞു കൊഴിയുന്ന നാലുമണിപ്പൂക്കള്‍ക്ക് ഒരര്‍ത്ഥം വരുത്തുന്ന വരികള്‍...

നന്നായി

കാവലാന്‍ said...

അലച്ചിലിന്‍ മുഷിപ്പാറ്റും തെളിനീര്‍ നൈര്‍മ്മല്യമുള്ള വരികള്‍.
നന്നായിരിക്കുന്നു,ഭാവുകങ്ങള്‍.

Kaithamullu said...

പൊലിയുന്ന പകലിന്റെ പൊലിമയ്ക്കു തിലകമായ്‌
വിടരുന്ന,അടയുന്ന സൂര്യന്റെ മിഴികളില്‍ ജീവസാ-
ന്നിധ്യം പടര്‍ത്തുന്ന, രാഗപരാഗം ചുറ്റിലും പരത്തുന്ന, ഈ ഇത്തിരിപ്പൂവിന്റെ കവിളിലെ ഒരു നുള്ളു കുങ്കുമം.....

-ങാ, അത് ഞാനെടുത്തോളാം നാളെ ചമയാന്‍!

:-)

ഹരിശ്രീ said...

ചേച്ചി,

നാണിച്ചു നാണിച്ചു മുറ്റത്തൊരു കോണില്‍
നാലുമണിപ്പൂ വിരിഞ്ഞ കണ്ടോ..
മറ്റെല്ലാപ്പൂക്കളും വാടുമ്പോള്‍ പുഞ്ചിരി
മുത്തുപൊഴിച്ചു വിരിഞ്ഞകണ്ടോ...


നല്ല വരികള്‍...ആശംസകള്‍

നാലുമണിപ്പൂവ് കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് മനസ്സിനെ ഓടിച്ചു. കുട്ടിക്കാലത്ത് സ്ക്കൂള്‍ വിട്ടുവന്നാല്‍ ആദ്യം ഓടി ചെന്ന് നാലുമണിപ്പൂക്കള്‍ വിരിഞ്ഞോ എന്ന് നോക്കുകയാണ്. അതുപോലെ പത്തുമണിപ്പൂകളും...

വേണു venu said...

ഇപ്പൊഴീ വാസന്ത സായാഹ്ന സീമയില്‍
വിടചൊല്ലിയകലുന്ന നേരം
നാളത്തെ ചമയത്തിനൊരു നുള്ളു കുങ്കുമം
ഏല്‍പ്പിച്ചു വെച്ചുവോ നിന്നില്‍..
സുമുഖി, സുന്ദരി, നാലുമണിപ്പൂവു്.:)

ചീര I Cheera said...

നീരജാനാഥന്‍.
പ്രയോഗം അങ്ങിഷ്ടപ്പെട്ടു, ഒരുപാട്.

[ nardnahc hsemus ] said...

അതി അതി അതി മനോഹരം!

(ചന്രകാന്തം, നിങ്ങള്‍ക്കേറെ വഴങ്ങുന്നത് വൃത്തകവിതയാണെന്നേ ഞാന്‍ പറയൂ... തിളങ്ങുന്ന പ്രൊഫഷണലിസം) :)

മുസാഫിര്‍ said...

നല്ല ചിന്തകള്‍ ,തുടക്കത്തിലേയും അവസാനത്തെയും വരികള്‍ ഇഷ്ടമായി.
നീഹാരമണിയുന്ന പുലരിയ്ക്കു പുണ്യമായ്‌,
നീരജാനാഥനായെന്നും
മദ്ധ്യാഹ്ന സന്ധ്യയിലുഗ്രപ്രതാപിയായ്‌
രഥമേറുമാദിത്യ ദേവന്‍..

ഇതു ഒന്നു കൂടി നന്നാക്കാമായിരുന്നുവെന്നും തോന്നി.തോന്നിയത് പറഞ്ഞെന്നെയുള്ളു.കവി സ്വാതന്ത്രത്തില്‍ കൈവെച്ചു എന്നൊന്നും വിചാരിക്കല്ലെ .