അന്തിയ്ക്കു മുന്‍പെ
വീടണഞ്ഞതു ഭാഗ്യം;
വേഷം മാറ്റി,
ഉണങ്ങിയ നാവിലേയ്ക്ക്
കൂജയുടെ ഉമിനീരു വാര്‍ത്തു.
ഇല്ലായ്മകളെന്നും
ചവറുപോലെ മുറ്റത്തുണ്ട്.
കൊത്തിപ്പെറുക്കുന്ന
ആവലാതികളും.
പാത്രങ്ങള്‍ ഉണര്‍ന്നു കരഞ്ഞു,
കണ്ണീരില്‍, അരിമണികള്‍
മുങ്ങാം കുഴിയിട്ടു.
ഊതാതെ പെരുക്കുന്ന തിരക്കില്‍
പുകയുന്ന സങ്കടം കത്തിച്ചു.
പത്തുവട്ടം നോക്കീട്ടും
പ്രശ്നങ്ങള്‍ വേവാതെ ബാക്കി.
അതിരില്‍ നില്ക്കുന്ന
കായ്ക്കാത്ത മാവിനെ
കത്തിയ്ക്കാനെടുത്താല്‍
ഒരുപക്ഷേ..
28 comments:
ഒരു പക്ഷേ അണയാന്‍ പോകുന്ന തീയെങ്കിലും ആളിക്കത്തിയേയ്ക്കാം...
പത്തുവട്ടം നോക്കീട്ടും
പ്രശ്നങ്ങള്‍ വേവാതെ ബാക്കി....
:)
അവസാനവരികള്‍ വളരെമികച്ചതായിത്തോന്നി!
മരണം ദുര്‍ബലം...!!
കായ്ക്കാത്ത മാവ് നീറിപ്പുകയുകയേയുള്ളൂ... കത്തിപ്പിടിക്കില്ല..
നല്ല വരികള്‍.
എന്തെല്ലാം വേവാനും വേവിക്കാനും വിളമ്പാനും ഉണ്ട് അതിനു മുന്‍പ് ?
വേവുന്ന ജീവിതത്തിന്റെ ചൂട് അടിക്കുന്നു വായിക്കുമ്പോള്‍..
മുറ്റത്തെ മാവിനെ കത്തിക്കാനെടുത്താല് ഒരു പക്ഷേയല്ല, തീര്‍ച്ചയായും എല്ലാ പ്രശ്നങ്ങള്‍ക്കു പരിഹാരമാവും അല്ലേ...
ഓ.ടോ. ഓഫീസില്‍ ജോലികൂടുതലാ അല്ലേ. ചുമ്മാതല്ല ഇങ്ങനത്തെ ചിന്തകള്‍!
ചന്ദ്രേ ..അവസാനവരികള്‍ മനസ്സില്‍ തട്ടി.
പതിവുപോലെ ഹൃദ്യമായ കവിത.
കൂജയുടെഉമിനീരും,കൊത്തിപ്പെറുക്കുന്ന ആവലാതികളും ,കണ്ണീരില്‍ മുങ്ങാം കുഴിയിടുന്ന വേവാന്‍ കൂട്ടാക്കാത്ത അരിമണികളും ഒക്കെ ഒരുപാടുചിന്തകള് ബാക്കിയാക്കുന്നു.
ഓ.ടോ.ഈ അപ്പൂന്റൊരു കാര്യം!
“പത്തുവട്ടം നോക്കീട്ടും
പ്രശ്നങ്ങള്‍ വേവാതെ ബാക്കി.”
ജീവിതത്തിന്റെ പ്രശ്നങ്ങള്‍ മുഴുവനായും വേവാനിടയില്ലല്ലോ ചേച്ചീ.
:)
നന്നായിട്ടുണ്ട്.
മനസ്സില്‍ തട്ടി നില്ക്കുന്ന വരികള്‍, വളരെ നന്നായിട്ടുണ്ട്
എല്ലാ തൃസ്സന്ധ്യകളും ദു:ഖമാണ് (ഒ.വി വിജയന്)
അന്തിക്കു മുമ്പേ അണയുമ്പോഴാണ് സുഖം...
പെങ്ങള്‍സ്.. കവിതയ്ക്ക് ഒരു സ്പെഷ്യല്‍ ഗോള്‍ഗപ്പ..
നല്ല വരികള്‍... ഹൃദയത്തില്‍ തട്ടുന്നത്..:)
ആറ് മാസം കൂടുമ്പോള്‍ മാത്രം വല്ലതും (ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ മാത്രം..) എഴുതുന്ന ആളില്ലേ, മുകളില്‍ കമന്റിട്ട ആഗ്നേയ, അയാള്‍ പറഞ്ഞതിന്റെ അടിയില്‍ ഞാന്‍ എന്റെ അഞ്ച് ഒപ്പ് ഇടുകയാണ്. കാരണം അത് തന്നെയാണ് എനിക്കും പറയാനുള്ളത്.
ഓഫ് ടോപ്പിക്കേ:
അഞ്ച് ഒപ്പും അഞ്ച് വിധത്തില്‍ ആയത് കണ്ട് വണ്ടറടിക്കേണ്ട. K-ട്ടോ. എന്നോട് 100 ഒപ്പിടാന്‍ പറഞ്ഞാല്‍ ഇടുന്നത് ഒരേ ഒപ്പാണേലും നൂറും നൂറുതരമായിപ്പോകും.. എന്താന്നറിയില്ല...
:-)
ചന്ദ്രേ നല്ല കവിത.
ഓരൊ വരിയും ഇഷ്ടമായി.
അവസാനത്തെ വരികളില്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാതെ ജീവിച്ച്, മരിക്കുമ്പോഴും മാന്യമായി മരിക്കാനുള്ള മനസ്സിന്റെ കരുതല്‍ നന്നായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
-സുല്‍
“അതിരില്‍ നില്ക്കുന്ന
കായ്ക്കാത്ത മാവിനെ
കത്തിയ്ക്കാനെടുത്താല്‍
ഒരുപക്ഷേ..“ :|
എത്രയോ പ്രശ്നങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. എന്നുവച്ച് ച്ഛേയ് ......... :(
നന്നായിരിക്കുന്നു മാഷേ വരികള്‍. :)
പച്ചവിറക് വെച്ച് കത്തിച്ച ചിതയില്‍ നിന്നും പുനര്‍ജ്ജനി ഇല്ലാത്ത,കരിഞ്ഞ ഒരു ആത്മാവ് മാത്രം കിട്ടി.ദുര്‍മ്മരണം ആയതുകൊണ്ട് ഗംഗയില്‍ ഒഴുക്കീയാലും മോക്ഷം ഇല്ല.
- കവിത ഇഷ്ടമായി,ചന്ദ്രകാന്തം.
"ഇല്ലായ്മകളെന്നും
ചവറുപോലെ മുറ്റത്തുണ്ട്."
അടിച്ചുവാരിക്കളയാന്‍ നിശ്ചയദാര്‍ഢ്യത്തിന്റെ
ഒരു കുറ്റിച്ചൂലും,
തളിച്ചുശുദ്ധി വരുത്താന്‍ പവിത്രസ്നേഹത്തിന്റെ അല്പം പുണ്യാഹവും,കരുതുക.
കായ്ക്കാത്ത മാവവിടെ നിന്നോട്ടെ,ഇടയ്ക്കൊക്കെ ഓര്‍മ്മകളോടൊപ്പം ആ തണലത്തൊന്നു ചെന്നിരിക്കാമല്ലോ.
പത്തുവട്ടം നോക്കീട്ടും
പ്രശ്നങ്ങള്‍ വേവാതെ ബാക്കി....
നല്ല വരികള്‍...
:)
ഉം .. !
അതിരില്‍ നില്ക്കുന്ന
കായ്ക്കാത്ത മാവിനെ
കത്തിയ്ക്കാനെടുത്താല്‍
ഒരുപക്ഷേ......
-നാട്ടിലിപ്പോ പതിവ് സ്ഫുടം ചെയ്യുക എന്ന ഏര്‍പ്പാടാണ്. എന്തിനാ ആ പാവം മാവിനെ...?
ആ മാവും കായ്ക്കും ഒരിക്കല്‍ എന്ന പ്രതീക്ഷയെന്തേ കൈവെടിയുന്നൂ?
മരണമാണല്ലോ തന്റെ മിക്ക കവിതകളിലേയും വിഷയം!
കണവനെ ഞാനൊന്നു കാണട്ടെ ട്ടാ... :)
നന്നായിട്ടുണ്ട് കെട്ടോ...
അതേ നന്നായിട്ടുണ്ട്ട്ടോ...
വിഷമിക്കണ്ട കേട്ടോ എല്ലാം ശരിയാവും
വരാനുള്ളതു വഴിയില്‍ തങ്ങില്ല പിന്നെ എന്തിനാ അതു തന്നെ ആലോചിച്ച് സമയം കളയുന്നതു ഉള്ളകാലം സന്തോഷമായിരിക്കാന്‍ ശ്രമിക്കുക കൂടെ ഉള്ളവര്‍ക്കും ആ സന്തോഷം പങ്കുവെക്കുക അത്രന്നെ അല്ല പിന്നെ.
പിന്നെ ഒരു സത്യം പറയാന്‍ ആഗ്രഹിക്കുന്നു ഞാന്‍ ഈയിടെ കമന്റെ വായിക്കുമ്പോള്‍ ആദ്യം നോക്കുക അഭിലാഷിന്റെ കമന്റു വല്ലതും ഉണ്ടോ എന്നാണ്. അത് വായിക്കുമ്പോള്‍ ഒരു സന്തോഷം തോന്നാറുണ്ട് കാരണം എന്താണെന്നെനിക്കറിയില്ല. ഹാസ്യത്തിലൂടെയും വളരെ ലളിതമായ ഭാഷയിലൂടെയും ഒരു പാടു ആശയങ്ങളും വലിയ വിഷയങ്ങളും, അഭിലാഷങ്ങളും പങ്കു വെക്കാനുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ കഴിവ് ആയിരിക്കാം.
ചന്ദ്രേ...
ഈ വരികളിലൂടെ വീണ്ടും വീണ്ടും കണ്ണുപായിക്കുമ്പോള്‍
ഒരിക്കല്‍ കൂടി അത്ഭുതപ്പെട്ടുപോവുന്നു ദ്രൗപദി...
ഇതിനപ്പുറം
വിഹ്വലതകളെ എങ്ങനെ വരച്ചുകാട്ടാനാവും...
ലളിത കവിതകളുടെ പട്ടികയില്‍
വിഷയത്തിന്റെ തീവ്രത ഇത്രയേറെ കണ്ടൊരു കവിത ഇതിന് മുമ്പ് വായിച്ചിട്ടില്ല...
അഭിനന്ദനങ്ങള്‍...
മനസിന്റെ അഗാധതയില്‍ നിന്ന്
ഇനിയും
ഒരുപാട് നല്ല കവിതകള്‍ കണ്ടെത്താനാവട്ടെ...
ആശംസകള്‍...
പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?താങ്കളുടെ വിലപ്പെട്ട അഭിപ്രായം പ്രതീക്ഷിക്കുന്നു.
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html
ആ പ്രശ്നങ്ങള്‍ വേവാന്‍ കുറച്ചുകൂടി സമയം കൊടുക്കൂ ചന്ദ്രേ...
അപ്പോഴേക്കും ആ മാവും കായ്ച്ചിരിക്കും....
കൂജയുടെഉമിനീരും,കൊത്തിപ്പെറുക്കുന്ന ആവലാതികളും ,കണ്ണീരില്‍ മുങ്ങാം കുഴിയിടുന്ന വേവാന്‍ കൂട്ടാക്കാത്ത അരിമണികളും......മനോഹരമായ പ്രതീകങ്ങള്‍.....അവസാനത്തെ വരി ഹൃദയത്തെ വല്ലാതെ ഉലച്ചു കളഞ്ഞു.....എങ്കിലും കായ്ക്കാത്ത മാവും ഒരിക്കള്‍ കായ്ക്കുമെന്നേ...ഒരുപാടു കാലം കായ്ചും,പൂത്തും കഴിഞ്ഞു സമയാവുമ്പോള്‍ ചിന്തിക്കാം കത്തിക്കാന്‍ എടുക്കണോ എന്നു..... അപ്പോഴേക്കും വേവലും പാകമാവും... ...:-)
മേലാല്‍ നിങ്ങള്‍ എഴുതരുത്. ഞാന്‍ തുടങ്ങി.
മാവില്‍ എരിഞ്ഞു തീരാന്‍ വീണ്ടും സമയമെടുക്കും
അതുവരെ കാക്കാന്‍ ഇന്നു നേരമെവിടെ!
ഇലക്ടിക് ചിതയാണു തെരക്കുള്ളവര്ക്കു നല്ലത്.
നല്ല കവിത.
വേദനയെങ്കിലും
ഭാവന നല്ലത്..
Post a Comment