Saturday, July 19, 2008

ബാക്കിപത്രം

കാശിത്തുമ്പയുടെ
തെറിച്ചുവീണ വിത്തുപോലെ
ഒറ്റപ്പെട്ടുപോയവള്‍..
കീഴാര്‍നെല്ലിയുടെ മണികളില്‍
തൂങ്ങിനടന്ന്‌, തെന്നിവീഴുന്ന
ഉറുമ്പിന്ന്‌ കൂട്ടിരിയ്ക്കുന്നു...
ഓര്‍മ്മയുടെ കളിയിടങ്ങള്‍.

തേക്കുപാട്ടിന്റെ പടവില്‍
വെള്ളിക്കൊലുസ്‌ നനച്ച്‌,
വെള്ളാരങ്കല്ലിന്‍ നിറം കോര്‍ത്തെടുത്ത്‌,
ഏറ്റുപാടാന്‍ കൊതിച്ച
കുയില്‍പ്പാട്ടിന്‍ പ്രതിധ്വനി
തൊണ്ടയില്‍ക്കുരുങ്ങുമായിരുന്നു.

പേരറിയാപ്പൂക്കളുടെ സുഗന്ധം
ഉന്മത്തനാക്കിയ കാറ്റിനെത്തൊട്ട്‌,
ഇതളുലയ്ക്കാതെ പൂവിനെ ചുംബിയ്ക്കുന്ന
സൂചിമുഖിയുടെ ചടുലത കണ്ട്‌,
മഴത്തുള്ളി മിനുപ്പിച്ച ഇലപ്പച്ച പൊട്ടിച്ച്‌
ചുമരെഴുതുന്ന മര്‍മ്മരത്തിലും...
ഏകാന്തതയുടെ കല്‍ച്ചീളുകള്‍
വായ്ത്തല തേച്ചിരുന്നു.

മേശവിളക്കിനു മുന്നില്‍
മിഴിയടര്‍ത്തിവച്ച അക്ഷരങ്ങള്‍
ഒഴിഞ്ഞ ചിപ്പികളാകുമായിരുന്നു.

നിറഞ്ഞ്‌, പിന്‍വലിയുന്ന
ഓളങ്ങള്‍ക്കൊടുവില്‍
ഞരമ്പിലെ പൊള്ളുന്ന ചോരയിലും
ഉപ്പ്‌ കിളിര്‍ക്കുമായിരുന്നു.

അര്‍ത്ഥം ഒഴുകിപ്പോയ വാക്കുകളായി
പിന്‍വഴികളുടെ നരച്ച നീലയില്‍
മങ്ങിയ ചില നക്ഷത്രങ്ങള്‍
ഇന്നും ബാക്കിയാവുന്നു...

37 comments:

ചന്ദ്രകാന്തം said...

....ഇന്നലെകളെ തുറന്നപ്പോള്‍ കണ്ടുകിട്ടിയത്‌.

കാവലാന്‍ said...

"കീഴാര്‍നെല്ലിയുടെ മണികളില്‍
തൂങ്ങിനടന്ന്‌, തെന്നിവീഴുന്ന
ഉറുമ്പിന്ന്‌ കൂട്ടിരിയ്ക്കുന്നു...
ഓര്‍മ്മയുടെ കളിയിടങ്ങള്‍."

നാട്ടിലെങ്ങാന്‍ പോയിരുന്നോ? കീഴാര്‍നെല്ലിയുടെ മണികളില്‍ തൂങ്ങിനടക്കുന്ന ഉറുമ്പുകളെപ്പോലും ഇത്ര വ്യക്തമായോര്‍ക്കണമെങ്കില്‍..!

ആഗ്നേയ said...

ചന്ദ്രേ...കാഴ്ചകളിലെ ആ സൂക്ഷ്മത...അപ്പുവിന്റെ പോസ്റ്റില്‍ കെസരങ്ങള്‍ക്കിടയില്‍ അരയന്നത്തെ തിരയുന്നത് കണ്ടപ്പോഴേ തിരിച്ചറിഞ്ഞിരുന്നു ഞാനീ തൂവല്പക്ഷിയെ...പക്ഷേ ഈ കാഴ്ചകളെല്ലാം പകര്‍ത്തിയിടാന്‍ എനിക്ക് താളുകളൊരുപാട് ചിലവാക്കേണ്ടി വന്നു.ഇതളിനെയുലക്കാതിരിക്കാന്‍ , കണ്ണിമ ചിമ്മുമ്പോലെ ചിറകിനെ വായുവിലിട്ടടിക്കുന്ന സൂചിമുഖിയെ,മഴത്തുള്ളി കൂടുതല്‍ ഹരിതാഭമാക്കിയ ഇലച്ചാര്‍ത്തുകളെ,ഓരോ ഇതളിലും ആയിരം രൂപങ്ങളൊളിപ്പിച്ച പൂക്കളെ ഒക്കെ വീണ്ടും ഇത്തിരിവാക്കുകളിലൊളിപ്പിച്ച് തന്നതിനു നന്ദി...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കാശിത്തുമ്പയുടെ
തെറിച്ചുവീണ വിത്തുപോലെ
ഒറ്റപ്പെട്ടുപോയവള്‍..
കീഴാര്‍നെല്ലിയുടെ മണികളില്‍
തൂങ്ങിനടന്ന്‌, തെന്നിവീഴുന്ന
ഉറുമ്പിന്ന്‌ കൂട്ടിരിയ്ക്കുന്നു...
ഓര്‍മ്മയുടെ കളിയിടങ്ങള്‍.

കാച്ചി കുറിക്കിയ വരികള്‍ മാഷെ....
എന്റെ ഓര്‍മകള്‍ ഇപ്പോള്‍ ശംഖുപുഷ്പം പോലെ വിരിയാന്‍ തുടങ്ങി..

[ nardnahc hsemus ] said...

കാശിത്തുമ്പയുടെ
തെറിച്ചുവീണ വിത്തുപോലെ
ഒറ്റപ്പെട്ടുപോയവള്‍..


സമയമാകുമ്പോള്‍ പൊട്ടിത്തെറിയ്ക്കുന്ന വിത്തും അതിന്റെ ഒറ്റപ്പെടലും പുതിയ ഇടങ്ങളില്‍ വീ‍ണ്ടുമുള്ള വേരോട്ടവും ഒക്കെത്തന്നെ ജീവിതചക്രത്തിന്റെ ഭാഗമല്ലെ?
........

അര്‍ത്ഥം ഒഴുകിപ്പോയ വാക്കുകളായി
പിന്‍വഴികളുടെ നരച്ച നീലയില്‍
മങ്ങിയ ചില നക്ഷത്രങ്ങള്‍
ഇന്നും ബാക്കിയാവുന്നു...



നഗരങ്ങളിലുള്ളവര്‍ക്ക് നക്ഷത്രങ്ങള്‍ കാണാന്‍ കഴിയാറില്ല.. അല്പമെങ്കിലും കാണാനാവുന്നതോ, ഏറെ മങിയും. വിശദവും വ്യക്തവുമായ നക്ഷത്രങ്ങളെകാണാന്‍ അവയുടെ രത്നത്തിളക്കം കാണാന്‍ ഗ്രാമങ്ങളിലേയ്ക്ക്, അവയെ കൌതുകത്തോടേ നോക്കികണ്ടിരുന്ന ആ ഒരു കാലത്തേയ്ക്ക് മടങ്ങേണ്ടിയിരിയ്ക്കുന്നു, ഓര്‍മ്മകളിലൂടെയെങ്കിലും.

:)

അല്ഫോന്‍സക്കുട്ടി said...

"ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മലയാളി" കാശിത്തുമ്പ പോലുള്ള ആ മലയാളിയെ ഇവിടെ കാണാന്‍ പറ്റി.

തണല്‍ said...

"നിറഞ്ഞ്‌, പിന്‍വലിയുന്ന
ഓളങ്ങള്‍ക്കൊടുവില്‍
ഞരമ്പിലെ പൊള്ളുന്ന ചോരയിലും
ഉപ്പ്‌ കിളിര്‍ക്കുമായിരുന്നു."
ആര് ഒറ്റപ്പെട്ടുപോയെന്നാ ഇയാള് പറയുന്നത്?
ഈ അക്ഷരങ്ങളും ഞങ്ങളും ഇവിടെ ഉറങ്ങാതിരിക്കുമ്പോള്‍...:)
-കലക്കി പുരുഷൂ..!

Ranjith chemmad / ചെമ്മാടൻ said...

"തേക്കുപാട്ടിന്റെ പടവില്‍
വെള്ളിക്കൊലുസ്‌ നനച്ച്‌,"

കാല്‍ വിരലില്‍‍ നിന്നൊരു
തരിപ്പ് തലയിലേക്ക് പെരുത്തപോലെ,
എന്റേം അനിയത്തിമാരുടെയും
പ്രധാന വിനോദമായിരുന്നു
തേക്കുകൊട്ട ചിതറിത്തരുന്ന
വെണ്മുത്തുകള്‍ കാല്‍‌വിരലുകളിലേക്ക്
ചിതറിക്കാന്‍....

-കലക്കി പുരുഷൂ..! (തണലണ്ണാ ഞാനും)

ജിജ സുബ്രഹ്മണ്യൻ said...

കാശിത്തുമ്പയുടെ
തെറിച്ചുവീണ വിത്തുപോലെ
ഒറ്റപ്പെട്ടുപോയവള്‍..
കീഴാര്‍നെല്ലിയുടെ മണികളില്‍
തൂങ്ങിനടന്ന്‌, തെന്നിവീഴുന്ന
ഉറുമ്പിന്ന്‌ കൂട്ടിരിയ്ക്കുന്നു...
ഓര്‍മ്മയുടെ കളിയിടങ്ങള്‍.


nalla varikal !

Unknown said...

അര്‍ത്ഥം ഒഴുകിപ്പോയ വാക്കുകളായി
പിന്‍വഴികളുടെ നരച്ച നീലയില്‍
മങ്ങിയ ചില നക്ഷത്രങ്ങള്‍
ഇന്നും ബാക്കിയാവുന്നു...
ആ നക്ഷത്രങ്ങളില്‍ ഇന്നലെ അടര്‍ന്നു പോയ
സൌഹൃദങ്ങളുടെ മായാത്ത ഓര്‍മ്മകള്‍
ബാക്കിയാകുന്നു.
ഒരോ വരീയിലും തുടിക്കുന്ന പദങ്ങളുടെ ഒഴുക്ക്.
ചന്ദ്രകാന്തം കവിത അസ്വാദനത്തില്‍ വീണ്ടും അനുഭൂതികള്‍ സൃഷ്ടിക്കുന്നു.
സസനേഹം
പിള്ളേച്ഛന്‍

അജയ്‌ ശ്രീശാന്ത്‌.. said...

"ആത്മാവ്‌ നഷ്ടപ്പെട്ട
വാക്കുകള്‍ പോലെ
നരച്ച നീലിമയില്‍
നിറം മങ്ങിയ
ആ നക്ഷത്രങ്ങള്‍
എടുത്തുവയ്ക്കുന്നു..
ഓര്‍മ്മകളുടെ
കളിച്ചെപ്പില്‍
ഒളിപ്പിച്ച്‌ വച്ച്‌
താലോലിക്കാന്‍...
ഏകാന്തതയുടെ
ഇരുണ്ട ഭൂമികയില്‍
നിന്ന്‌ സ്വതന്ത്രമാവാന്‍.."

പാമരന്‍ said...

"മേശവിളക്കിനു മുന്നില്‍
മിഴിയടര്‍ത്തിവച്ച അക്ഷരങ്ങള്‍
ഒഴിഞ്ഞ ചിപ്പികളാകുമായിരുന്നു."

അല്ല.. ഓരോന്നിലും ഓരോ കടല്‍ തന്നെയുണ്ട്‌..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'കാശിത്തുമ്പയുടെ
തെറിച്ചുവീണ വിത്തുപോലെ
ഒറ്റപ്പെട്ടുപോയവള്‍..
കീഴാര്‍നെല്ലിയുടെ മണികളില്‍
തൂങ്ങിനടന്ന്‌, തെന്നിവീഴുന്ന
ഉറുമ്പിന്ന്‌ കൂട്ടിരിയ്ക്കുന്നു...
ഓര്‍മ്മയുടെ കളിയിടങ്ങള്‍.'


..വാഹ്...!!
എത്ര മനോഹരമായ ക്ലോസ്സപ്പ് !

yousufpa said...

ആദ്യത്തേയും രണ്ടാമത്തേയും ഖണ്ടിക നന്നായി ബോധിച്ചു.

siva // ശിവ said...

ഈ വരികള്‍ എനിക്ക് എഴുതാന്‍ കഴിയാത്തതില്‍ അസൂയ തോന്നുന്നു....അത്രയ്ക്ക് ഇഷ്ടമായി....

(മേശവിളക്കിനു മുന്നില്‍
മിഴിയടര്‍ത്തിവച്ച അക്ഷരങ്ങള്‍
ഒഴിഞ്ഞ ചിപ്പികളാകുമായിരുന്നു.) ഈ വരികള്‍ എന്നെ മാത്രം ഉദ്ദേശിച്ചാണ്... ഹ ഹ...

സസ്നേഹം,

ശിവ.

കുറുമാന്‍ said...

മേശവിളക്കിനു മുന്നില്‍
മിഴിയടര്‍ത്തിവച്ച അക്ഷരങ്ങള്‍
ഒഴിഞ്ഞ ചിപ്പികളാകുമായിരുന്നു.

ചന്ദ്രയുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ മനസ്സ് നാട്ടിലേക്ക് പറന്ന് പോകുന്നു.. തൊട്ടാര്‍വാടിയും, തുളസിതറയും, മഞ്ചാടിക്കുരുവും, മുക്കുറ്റിയും, തുമ്പയും, ചെത്തിയും (തെച്ചി) എല്ലാം മനോമുകുരത്തില്‍ തെളിയുന്നു. ഓടിനടന്ന ഇടവഴികളും, ആല്‍ത്തറയും, അമ്പലകുളവും, കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന പാടശേഖരങ്ങളും എല്ലാം എല്ലാം മനസ്സില്‍ തെളിയുന്നു.

പ്രണാമം.....ഇനിയും ഒരായിരം കവിതകള്‍ വിരിയട്ടേ ഏന്നാശംസിക്കുന്നു.

അരൂപിക്കുട്ടന്‍/aroopikkuttan said...

മനോഹരമായ വരികള്‍!
നല്ല വായനക്ക് വഴിതെളിക്കുന്നതിനു നന്ദി!!

അശരീരികള്‍: ഒരു സിനിമാഡ‌യേറിയ!!

ഗിരീഷ്‌ എ എസ്‌ said...

അര്‍ത്ഥം ഒഴുകിപ്പോയ വാക്കുകളായി
പിന്‍വഴികളുടെ നരച്ച നീലയില്‍
മങ്ങിയ ചില നക്ഷത്രങ്ങള്‍
ഇന്നും ബാക്കിയാവുന്നു...


ചന്ദ്രയുടെ വില്‍തുമ്പില്‍ നിന്നും
മനോഹരമായ മറ്റൊരു കവിത കൂടി....

ആശംസകള്‍...

Appu Adyakshari said...

നിരീക്ഷണപാടവം അപാരം!!

കരീം മാഷ്‌ said...

അന്നു
മേശവിളക്കിനു മുന്നില്‍
മിഴിയടര്‍ത്തിവച്ച അക്ഷരങ്ങള്‍
ഇന്നു

എന്റെ സ്ക്രീനില്‍ വെളിച്ചവും തിളക്കവുമാവുമ്പോള്‍
ഓര്‍ക്കാന്‍ ഈ വീണുകിട്ടിയ ഇതുപോലെ ഒരു പാടു സൗഹൃദങ്ങള്‍ തന്ന

ഈ ഇന്റെര്‍നെറ്റു വള്ളിയെ ഇട്ടോണ്ടു പോകാന്‍ തോന്നിണില്ല്യാ..

ശ്രീലാല്‍ said...

പക്ഷേ ഓര്‍മ്മകള്‍ ഒഴുകിപ്പോകുന്നില്ല,
അവ തിളക്കമുള്ള വാക്കുകളായി, വരികളായി
പുനര്‍ജ്ജനിക്കുന്നു.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

"അര്‍ത്ഥം ഒഴുകിപ്പോയ വാക്കുകളായി
പിന്‍വഴികളുടെ നരച്ച നീലയില്‍
മങ്ങിയ ചില നക്ഷത്രങ്ങള്‍
ഇന്നും ബാക്കിയാവുന്നു... "
ഓര്‍മ്മകളേ വലിക്കാവുന്നത്ര പുറകോട്ടു വലിച്ചല്ലോ..ഒരു നിമിഷം കൊണ്ട് ഓര്‍മ്മ അങ്ങേ അറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഒന്നു കറങ്ങിത്തിരിഞ്ഞു.നേട്ടങ്ങളാണോ അതോ നഷ്ടങ്ങളാണൊ കൂടുതല്‍ ??ചികഞ്ഞു എടുക്കാന്‍ പറ്റുന്നില്ല.
വരികള്‍ ഗംഭീരം.ഒരുപാടൊരുപാട് എഴുതുക. എല്ലാ നന്മകളും.........

ശ്രീ said...

ആ ഓര്‍മ്മകള്‍ക്കു തന്നെ എന്തു സുഖമാണ്... അല്ലേ ചേച്ചീ...
കാശിത്തുമ്പയുടെ വിത്ത്, കീഴാര്‍നെല്ലി മണികലിലെ ഉറുമ്പ്... സൂക്ഷ്മ നിരീക്ഷണം സമ്മതിച്ചിരിയ്ക്കുന്നു... :)

Kaithamullu said...

നിറഞ്ഞ്‌, പിന്‍വലിയുന്ന
ഓളങ്ങള്‍ക്കൊടുവില്‍
ഞരമ്പിലെ പൊള്ളുന്ന ചോരയിലും
ഉപ്പ്‌ കിളിര്‍ക്കുമായിരുന്നു.
---
പറയാതെ പറഞ്ഞിരിക്കുന്ന ഒരുപാടൊരു കാര്യങ്ങള്‍... ഈ വരികളിതൊതുങ്ങുന്നില്ല, അതെല്ലാം!

നല്ല ഒരു കവിത വായിച്ച സംതൃപ്തി, ഏറെ നാളുകള്‍ക്ക് ശേഷം.
ചന്ദ്രേ, നന്ദി!

മുസാഫിര്‍ said...

വയല്‍ വരമ്പിലൂടെ നടക്കുമ്പോള്‍ കാലിനെ തൊടുന്ന പുല്‍നാമ്പിന്റെ തണുപ്പ് പോലെ മനസ്സിനെ തൊട്ട ഒരു കവിത.

ഹരിശ്രീ said...

കാശിത്തുമ്പയുടെ
തെറിച്ചുവീണ വിത്തുപോലെ
ഒറ്റപ്പെട്ടുപോയവള്‍..
കീഴാര്‍നെല്ലിയുടെ മണികളില്‍
തൂങ്ങിനടന്ന്‌, തെന്നിവീഴുന്ന
ഉറുമ്പിന്ന്‌ കൂട്ടിരിയ്ക്കുന്നു...
ഓര്‍മ്മയുടെ കളിയിടങ്ങള്‍...

ചേച്ചി,

മനോഹരമായ വരികള്‍...

:)

നിരക്ഷരൻ said...

അയ്യോ...... ഇത്രേം ബല്യ സംഭവത്തിനെപ്പറ്റിയൊക്കെ നിരക്ഷരനായ ഞാനെന്ത് കമന്റടിക്കാന്‍ ? :) :)

അരൂപിക്കുട്ടന്‍/aroopikkuttan said...

ഉഡായിപ്പല്ലാത്ത ഒരു ബ്ലോഗുനോക്കിയിറങ്ങിയതാ...

രക്ഷപ്പെട്ടു!!
:)

smitha adharsh said...

നല്ല വരികള്‍..
എല്ലാം ഒരിക്കല്‍ കൂടി മുന്നില്‍ കണ്ടത് പോലെ തോന്നി..

Bindhu Unny said...

കവിത മനോഹരം :-)

പ്രണയകാലം said...

ചന്ദ്രകാന്തം..ഇഷ്ടായി ഈ കവിത..പിന്നെ ഒരു കുന്നോളം അസൂയ:( എനിക്കും ഇങ്ങനെ എഴുതണം...

Rasheed Chalil said...

മനോഹരം.. :)

joice samuel said...

നന്നായിട്ടുണ്ട്.......
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്....

ചന്ദ്രകാന്തം said...

എന്റെ കൂടെ പാടത്തും പറമ്പിലും ചുറ്റിനടന്നവര്‍ക്കും..., ഒറ്റപ്പെടലിന്റെ അഗാധതയിലേയ്ക്ക്‌ തെന്നിവീഴുംനേരം എനിയ്ക്കൊപ്പം കൂട്ടിരുന്നവര്‍ക്കും..... സന്തോഷത്തിന്റെ മധുരം പങ്കുവയ്ക്കുന്നു.

അരുണ്‍ രാജ R. D said...
This comment has been removed by the author.
അരുണ്‍ രാജ R. D said...

ഓര്‍മ്മയുടെ തിളങ്ങുന്ന കളിയിടങ്ങളെ ഓര്‍മ്മിപ്പിച്ചതിന് നന്ദി..

ജെ പി വെട്ടിയാട്ടില്‍ said...

vaayikkanthoru sukham