Wednesday, July 30, 2008

കടപ്പുറത്തിന്റെ ചമയങ്ങള്‍

തിരയുടെ വെട്ടിത്തിളങ്ങുന്ന വടിവുകളില്‍
അഴിഞ്ഞുവീഴും നുരയില്‍പ്പുതഞ്ഞ്‌
കളംകൊള്ളും തോണികള്‍...

ഇടവിടര്‍ത്തിയ ചില്ലകള്‍ താഴ്ത്തി
കുരുവികള്‍ക്ക്‌ മറയിടും ചെറുമരങ്ങള്‍.

കുടയുടെ പാതിനിഴലില്‍
വെയിലിന്‍ വിരലിഴയും
വെണ്ണക്കല്ലുകള്‍.

ജലക്രീഡ തിമര്‍ക്കുന്ന
മണല്‍ത്തിട്ടയ്ക്കു പിന്നില്‍,
ആകാശത്തിനുനേരെ ചുണ്ടു നീട്ടുന്ന
മാളികക്കീഴില്‍,
ആര്‍ഭാടം തണുപ്പിച്ച തുട്ടുകള്‍ക്ക്‌
പഴച്ചാറു വിളമ്പുന്നവരുടെ പതിഞ്ഞ നോട്ടം...
കപ്പലണ്ടിമണികളുടെ ചൂട്‌
പൊതിഞ്ഞൊതുക്കുന്ന വേഗത...
വിട്ടെറിഞ്ഞ നാളുകളിലെ
തൊട്ടാലലിയുന്ന മധുരം
നിറമുള്ള പഞ്ഞിയില്‍
ചുറ്റിയെടുക്കുന്ന മര്‍മ്മരം...

വരണ്ട വേനല്‍ച്ചിരിയിലെ
പരിഹാസപ്പൊടി അവഗണിച്ച്‌,
നരകച്ചൂടേറ്റ്‌ പഴുത്ത ഈത്തപ്പഴം പോലെ
ജീവിതം പാകപ്പെടുകയാണ്‌.

ഒഴുക്കുകള്‍ കൈവിട്ട്‌,
മലര്‍ത്തിവച്ച ഒറ്റക്കണ്ണില്‍
സ്വപ്നത്തിന്‍ പൂഴിത്തരികള്‍ കൂട്ടിവച്ച
കക്കത്തോടുകള്‍
ഈ തീരത്തിനും സ്വന്തം.

27 comments:

ചന്ദ്രകാന്തം said...

കടല്‍ത്തീരത്തൊരു വാരാന്ത്യം...

സു | Su said...

തീരത്തെ മണലിൽ മായ്ക്കാതെ കിടക്കുന്ന പേരുകളില്ലേ? :)

കാന്താരിക്കുട്ടി said...

കടലമ്മ കള്ളി എന്നെഴുതുന്നതും തിരക്കൈകള്‍ അതു വേഗം വന്നു മായ്ക്കുന്നതും എന്തു രസമാ അല്ലേ.. ഈ പ്രായത്തിലും കടല്‍ തീരത്തു പോയാല്‍ എന്റെ പണി ഇതാണ്..കക്കകള്‍ ,ചിപ്പികള്‍ ഒക്കെ എത്ര പെറുക്കിയാലും മതി വരില്ല.. ആര്‍ത്തലച്ചു വരുന്ന തിരകളെ നോക്കി മതിയാവില്ല...

ശ്രീ said...

:)

അപ്പു said...

പതിവുപോലെ ഗഹനവും, അഗോചരവും, അവാച്യവുമായ വരികള്‍! അവയിലെ ബിംബങ്ങളൊക്കെയും മനോഹരം.

കരീം മാഷ്‌ said...

"വിട്ടെറിഞ്ഞ നാളുകളിലെ
തൊട്ടാലലിയുന്ന മധുരം
നിറമുള്ള പഞ്ഞിയില്‍
ചുറ്റിയെടുക്കുന്ന മര്‍മ്മരം..."

ഈ വരികളാണെനിക്കു മനസ്സിൽ തട്ടിയതേറെ!

ഒരു വലിയ പിടി വലിച്ചെടുത്തു വായിലേക്കടുത്തെത്തുമ്പോൾ ശ്യൂനതയായി മാറുന്ന
ദുര.
ചന്ദ്രകാന്തം ഈ ഭാവനക്കു മുന്നിലൊരാമ്പല്പൂ വെക്കട്ടെ!

ഇത്തിരിവെട്ടം said...

നരകച്ചൂടേറ്റ്‌ പഴുത്ത ഈത്തപ്പഴം പോലെ
ജീവിതം പാകപ്പെടുകയാണ്‌.

:)

ബൈജു സുല്‍ത്താന്‍ said...

ഏതാണീ കടപ്പുറം? നാട്ടികയോ, വാടാനപ്പിള്ളിയോ...? !!

കിലുക്കാംപെട്ടി said...

'വരണ്ട വേനല്‍ച്ചിരിയിലെ
പരിഹാസപ്പൊടി അവഗണിച്ച്‌,
നരകച്ചൂടേറ്റ്‌ പഴുത്ത ഈത്തപ്പഴം പോലെ
ജീവിതം പാകപ്പെടുകയാണ്‌.'
പതിവുപോലെ തന്നെ മനോഹരം ഗംഭീരം..നരകച്ചൂടേറ്റ്‌ പഴുത്ത ഈത്തപ്പഴം പോലെ
ജീവിതം പാകപ്പെട്ടു കഴിഞ്ഞാല്‍ നല്ല മധുരം ആയിരിക്കും അല്ലെ?

തണല്‍ said...

എന്തൊരു കാഴ്ചകളാണിത്..?
അതേയ്,നാരങ്ങാമുട്ടായീ മധുരിക്കുന്ന വരികളെഴുതി വെറുതേ കൊതിപ്പിക്കല്ലേ എന്റെ പൊന്നു ചേച്ചീ..!
താങ്ങാന്‍ വയ്യ അതോണ്ടാ.
കരീം മാഷേ..,കൊടുകൈ..അതന്നെയാണ് കുത്തിക്കേറുന്നത്.
(ഹല്ല,എന്നാലും ഇത് ഏത് കടാപ്പുറമാണെന്റ്റപ്പാ...:))

kaithamullu : കൈതമുള്ള് said...

കഴിഞ്ഞാഴ്ച അജ്മാന്‍ കടാപ്പുറത്തൂടെ പൊരിവെയിലില്‍ പാടിപ്പാടി നടന്നതീ പാട്ടായിരുന്നു, അല്ലേ?
(നരകത്തീ എന്ന് എഴുതിയപ്പോ പെട്ടെന്ന് തന്നെ പിടി കിട്ടീ)

;-))

രണ്‍ജിത് ചെമ്മാട്. said...

കവിതയുടെ പൂഴിത്തരികള്‍ കൂട്ടിവച്ച്
ഇങ്ങനെ കണ്ണുകളില്‍
മുറിവേല്പ്പിക്കുന്ന പൊടിക്കാറ്റായ്
അടിച്ചു കയറാന്‍ എങ്ങനെ
കഴിയുന്നു........

വരികളോരോന്നും മുറിവേല്പ്പിക്കുന്നു.

അല്ഫോന്‍സക്കുട്ടി said...

കപ്പലണ്ടിമണികളുടെ ചൂട്‌, കടപ്പുറം ഒക്കെ ഓര്‍മ്മകളില്‍ തെളിഞ്ഞു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വരണ്ട വേനലിലും അടുത്ത മഴക്കാലത്തെ കാത്തിരിക്കുന്നത് പോലെ
ജീവിതത്തോട് ഇഴുകിചേര്‍ന്ന് കിടക്കുന്ന വരികളാണ് ചന്ദ്രകാന്തത്തിന്റെ..

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Rare Rose said...

ചന്ദ്രകാന്തം ചേച്ചീ..,..ഞാനെന്താ പറയുക....ഒരു വല്യ കടല്‍ മുഴുവന്‍ ഇങ്ങനെ ഒരിത്തിരി പൂഴിമണ്ണിന്റെ ചൂടിനോടൊപ്പം ആവാഹിച്ചു തരുമ്പോള്‍ പറയാനൊന്നും കിട്ടണില്ല....ഓരോ കാഴ്ചയുടെ ഉള്ളിലിരിപ്പുണ്ടു ചിരിക്കുകയും കരയുകയും ചെയ്യുന്ന കടലോളം വല്യ ജീവിതം.....നന്നായീ ട്ടാ...:)

മുസാഫിര്‍ said...

അജ്മാനിലല്ലാ‍ന്നു തോന്നുന്നു .
അജ്മാനിലായിരുന്നെങ്കില്‍ രാവണനെപ്പോലെ പല തലകളുമായി നില്‍ക്കുന്ന തെങ്ങുകളും പ്രവാസിയുടെ മോഹങ്ങള്‍ പോലെ തിരയില്‍ പൊങ്ങിത്താണ് വീണ്ടും കരയില്‍ തന്നെ വന്നടിയുന്ന ഒഴിഞ്ഞ ബിയര്‍ ടിന്നുകളും കണ്ടേനെ കവിതയെഴുത്താള്‍.

ശിവ said...

കടപ്പുറത്തിന്റെ ചമയങ്ങള്‍ എത്ര സുന്ദരമായി വരികള്‍ ആക്കിയിരിക്കുന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Nice lines...

പാമരന്‍ said...

"കുടയുടെ പാതിനിഴലില്‍
വെയിലിന്‍ വിരലിഴയും
വെണ്ണക്കല്ലുകള്‍."

ഹെന്തൊരു കണ്ണാണിത്‌! മനോഹരം..!

കുറുമാന്‍ said...

തിടുക്കത്തില്‍ എഴുതിയത് പോലൊരു തോന്നല്‍...എന്തോ ചന്ദ്രകാന്തത്തിന്റെ മറ്റു കവിതകളുമായി തുലനം ചെയ്തു നോക്കാനൊരുമ്പെട്ടാല്‍ ഞാന്‍ ഇതിനു മാര്‍ക്ക് കുറവേ കൊടുക്കൂ.

പാമരന്‍ said...

കുറുമാന്‍ജി, ഈ വരികള്‍ ഒന്നു വിഷ്വലൈസ്‌ ചെയ്തു നോക്കൂ..

"കുടയുടെ പാതിനിഴലില്‍
വെയിലിന്‍ വിരലിഴയും
വെണ്ണക്കല്ലുകള്‍."

വെണ്ണക്കല്ലുകളില്‍ കുടയുടെ നിഴല്‍ നീങ്ങുന്നത്‌ വെയില്‍ വിരലോടിക്കുന്ന പോലെയെന്ന്‌.. ആസ്വദിച്ചുതീരുന്നില്ലത്‌.. എന്തൊരു ഭംഗി..!!!

നിലാവര്‍ നിസ said...

വരണ്ട വേനല്‍ച്ചിരിയിലെ
പരിഹാസപ്പൊടി അവഗണിച്ച്‌,
നരകച്ചൂടേറ്റ്‌ പഴുത്ത ഈത്തപ്പഴം പോലെ
ജീവിതം പാകപ്പെടുകയാണ്‌.


.......... ഇഷ്ടപ്പെട്ടു ഈ വരികള്‍..

ശ്രീലാല്‍ said...

നമ്മുടെ ചുറ്റുപാടുകളിലേക്കും ജീവിതങ്ങളിലേക്കും ഓര്‍മ്മകളിലേക്കും ഒക്കെ കൈപിടിച്ച് കൊണ്ട്പോയി കാഴ്‌ചകള്‍ കാട്ടിത്തരുന്നതാണ് ചന്ദ്രകാന്തത്തിന്റെ കവിതകള്‍ മിക്കതും. - ലളിതവും സാധാരണവും എങ്കിലും നമ്മള്‍ കാണാന്‍ മടിക്കുന്നതോ, കാണാതെപോവുന്നതോ ആയ കാഴ്‌ചകളുടെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്ന കവിതകള്‍.

Mahi said...

നന്നായിട്ടുണ്ട്‌

'മുല്ലപ്പൂവ് said...

നന്‍മകള്‍ നേരുന്നു..
സസ്നേഹം,
മുല്ലപ്പുവ്..!!

പ്രയാസി said...

ചന്ദ്രേച്ചീ..
കടലെനിക്കൊരു വീക്ക്നെസ്സാ..
കടല്‍ക്കാറ്റേറ്റു കപ്പലണ്ടി കൊറിക്കുന്നത് അതിനെക്കാള്‍ വല്യ വീക്ക്നെസ്സ്..
തിരയില്‍ കാല്‍നനക്കാന്‍ വരുന്ന തരുണീമണികളെ വാ നോക്കുന്നത് ഏറ്റവും വലിയ വീക്ക്നെസ്സ്..;)
അവധിക്കു നാട്ടില്‍ പൊയപ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ചിലവഴിച്ചത് കടല്‍ക്കരയിലാ..