Saturday, August 2, 2008

ജന്മാന്തരം

വേനല്‍ തിന്നൊതുക്കി
ശൂന്യമായിരുന്ന ഇടങ്ങളില്‍,
തുമ്പക്കുടങ്ങളുണരുന്നുണ്ട്‌..
ചുവന്ന പട്ടുംചുറ്റി
തുമ്പികള്‍ മൂളുന്നുണ്ട്‌..
കൂമ്പാളയിലൊതുക്കി വച്ച
പൂക്കുലമണം ഉതിരുന്നുണ്ട്‌...

വേരുണങ്ങിയ വഴികളില്‍
വീണുമാഞ്ഞ ശബ്ദങ്ങളില്‍ തങ്ങാതെ,
പകലിരവുകളുടെ കടത്തും കടന്ന്‌,
ജീവിതദൂരങ്ങള്‍ പിന്നിട്ട്‌ വന്ന്‌,
ഒരു പൂവിളിയുടെ ഈണം
എന്നില്‍ ചേര്‍ത്തുവച്ച്‌..
നെറുകയില്‍ പെയ്യും ഓണനിലാവിനെ
കൈക്കുമ്പിളില്‍ ഒതുക്കുന്നതെങ്ങനെ...?

കൈവിരല്‍ വിടുവിച്ച്‌
ഓടിപ്പോകും കുസൃതിയോ..
ഒളിച്ചിരുന്ന്‌ കൊതിപ്പിച്ച്‌
മനസ്സില്‍ നുള്ളുന്ന ചങ്ങാതിയോ..
കാണാമറയത്ത്‌ തേന്‍കൂടൊരുക്കി
കാത്തുവച്ച കളിക്കൂട്ടോ..
നെഞ്ചിന്റെ പിടച്ചില്‍
ഉള്ളംകയ്യിലൊതുക്കി
മിഴി ചിതറാതെ
യാത്രയാക്കും കൂടപ്പിറപ്പോ...

വിരല്‍തൊടാതെ,
അകക്കാമ്പിന്‍ തന്ത്രികളെ
ഉണര്‍ത്തിനിര്‍ത്തുന്ന സാന്നിദ്ധ്യത്തെ
മുഖമൊന്നില്‍ പകര്‍ത്തുന്നതെങ്ങനെ ?
ഒന്നുമാത്രമറിയാം;
എല്ലാ മുഖങ്ങളിലും...
നിന്റെ കണ്ണുകളാണ്‌.

22 comments:

ചന്ദ്രകാന്തം said...

പുനര്‍ജ്ജനി താണ്ടിവന്ന സ്നേഹസാമീപ്യത്തിന്‌....

തണല്‍ said...

ഈശ്വരാ....,
എന്തിനാവും എന്റ്റ്റെ കണ്ണുകള്‍ നിറഞ്ഞ് തൂവുന്നത്...?

Ranjith chemmad / ചെമ്മാടൻ said...

"വേരുണങ്ങിയ വഴികളില്‍
വീണുമാഞ്ഞ ശബ്ദങ്ങളില്‍ തങ്ങാതെ,
പകലിരവുകളുടെ കടത്തും കടന്ന്‌,
ജീവിതദൂരങ്ങള്‍ പിന്നിട്ട്‌ വന്ന്‌,"

ഒടുവിലെന്ത്? എന്നൊരു ചോദ്യവുമായീ
നാല്‍ക്കവലയില്‍, നിയോഗങ്ങളുണ്ടാകാം....

പാമരന്‍ said...

"എല്ലാ മുഖങ്ങളിലും...
നിന്റെ കണ്ണുകളാണ്‌.."

എല്ലാ നിറുകയിലും നറുനിലാവു പെയ്യട്ടെ..

അപ്പു ആദ്യാക്ഷരി said...

ചന്ദ്രകാന്തം ഇന്നെവിടെപ്പോയെന്റീശ്വരാ....!!
ഏതായാലും ... കടല്‍ത്തീരത്തല്ല്ല.


“കാണാമറയത്ത്‌ തേന്‍കൂടൊരുക്കി
കാത്തുവച്ച കളിക്കൂട്ടോ..
നെഞ്ചിന്റെ പിടച്ചില്‍
ഉള്ളംകയ്യിലൊതുക്കി
മിഴി ചിതറാതെ
യാത്രയാക്കും കൂടപ്പിറപ്പോ...

വിരല്‍തൊടാതെ,
അകക്കാമ്പിന്‍ തന്ത്രികളെ
ഉണര്‍ത്തിനിര്‍ത്തുന്ന സാന്നിദ്ധ്യത്തെ
മുഖമൊന്നില്‍ പകര്‍ത്തുന്നതെങ്ങനെ ?


സംഗതികൊള്ളാം കേട്ടോ.
വേനല്‍ തിന്നൊതുക്കിയ ഒരു മനസ്സില്‍ ഇത്തിരി സ്നേഹവുമായി കടന്നുവന്ന ആരെയോ പറ്റിയാണീ കവിത എന്നു മനസ്സിലായി. (ഇത്രയും മനസ്സിലായല്ലോ!! ഇം‌പ്രൂവ്മെന്റ് ഉണ്ടേ)

കരീം മാഷ്‌ said...

കൈവിരല്‍ വിടുവിച്ച്‌
ഓടിപ്പോകും കുസൃതിയോ..
മിഴി ചിതറാതെ
യാത്രയാക്കും കൂടപ്പിറപ്പോ...

അല്ഫോന്‍സക്കുട്ടി said...

“നെഞ്ചിന്റെ പിടച്ചില്‍ ഉള്ളംകയ്യിലൊതുക്കി
മിഴി ചിതറാതെ
യാത്രയാക്കും കൂടപ്പിറപ്പോ“

“ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്, അതില്‍ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍” കവിത വായിച്ചപ്പോ ഈ പാട്ടാണ് ഓര്‍മ്മ വന്നത്.

ശ്രീ said...

"എല്ലാ മുഖങ്ങളിലും...
നിന്റെ കണ്ണുകളാണ്‌..."

നന്നായിരിയ്ക്കുന്നു ചേച്ചീ.
:)

മനോജ് കാട്ടാമ്പള്ളി said...

വേരുണങ്ങിയ വഴികളില്‍
വീണുമാഞ്ഞ ശബ്ദങ്ങളില്‍ നിശ്ചലം നിന്നുപോയി ഓര്‍മ...

Mahi said...

വിരല്‍തൊടാതെ,
അകക്കാമ്പിന്‍ തന്ത്രികളെ
ഉണര്‍ത്തിനിര്‍ത്തുന്ന സാന്നിദ്ധ്യത്തെ
മുഖമൊന്നില്‍ പകര്‍ത്തുന്നതെങ്ങനെ ?
ഒന്നുമാത്രമറിയാം;
എല്ലാ മുഖങ്ങളിലും...
നിന്റെ കണ്ണുകളാണ്‌.
മനോഹരമായിട്ടുണ്ട്‌.ഒരു ഗൃഹാതുരത്വം അതില്‍ നിറഞ്ഞു നില്ക്കുന്നു.വെറുതെയല്ല തണലേ തന്റെ കണ്ണു നിറഞ്ഞത്‌

Rare Rose said...

വരികളിലുണരുന്നു സ്നേഹത്തിനു മുന്നില്‍ തല കുനിച്ചു നില്‍ക്കുന്നു......ഒരുപാട് ഇഷ്ടായീ ട്ടോ...

മഴത്തുള്ളി said...

ചന്ദ്രകാന്തം, നന്നായിരിക്കുന്നു. ഒന്നുരണ്ട് പ്രാവശ്യം വായിച്ചിട്ടും ചിലതൊന്നും തലയില്‍ കയറുന്നില്ല :)

മുസാഫിര്‍ said...

ഗതകാല സ്മരണകളുടെ മൊണ്ടാഷില്‍ ചുറ്റിത്തിരിയുന്ന ഒരു ആത്മാവിനെ ഇതില്‍ കാണുന്നു.കവിക്ക് ചിത്രരചനയിലേക്ക് കടക്കാന്‍ സമയമായീന്ന് തോന്നുന്നു.

ലേഖാവിജയ് said...

വിരല്‍തൊടാതെ,
അകക്കാമ്പിന്‍ തന്ത്രികളെ
ഉണര്‍ത്തിനിര്‍ത്തുന്ന സാന്നിദ്ധ്യത്തെ
മുഖമൊന്നില്‍ പകര്‍ത്തുന്നതെങ്ങനെ ?
ഒന്നുമാത്രമറിയാം;
എല്ലാ മുഖങ്ങളിലും...
നിന്റെ കണ്ണുകളാണ്‌....ഇഷ്ടമായി,കവിത.

[ nardnahc hsemus ] said...

നമുക്കൊരു പുല്‍ച്ചാടിയേയും അതിന്റെ ജീവിതവും എങ്ങനെ തോന്നുന്നുവോ അതു പോലായിരിയ്ക്കും ദൈവത്തിന് നമ്മുടെ ജീവിതത്തെ കാണുന്നത് അല്ലെ?
:)
...................

ചന്ദ്രകാന്തം കുറേ നാളായി കൂട്ടരെയൊക്കെ ഇമ്മാതിരി കൊച്ചു കൊച്ചു തുളസിയും തുമ്പയും കീഴാര്‍നെല്ലിയിലും ഒക്കെ ഇട്ട് ചാടിപ്പിയ്ക്കുന്നു

:)
...................

അല്ല ആ കണ്ണേതാ?? തവളക്കണ്ണനാണോ?

G.MANU said...

വേരുണങ്ങിയ വഴികളില്‍

mark for this line

as usual chandrakantham effect!!!

thoufi | തൗഫി said...

കൈവിരല്‍ വിടുവിച്ച്‌
ഓടിപ്പോകും കുസൃതിയോ..
ഒളിച്ചിരുന്ന്‌ കൊതിപ്പിച്ച്‌
മനസ്സില്‍ നുള്ളുന്ന ചങ്ങാതിയോ..
കാണാമറയത്ത്‌ തേന്‍കൂടൊരുക്കി
കാത്തുവച്ച കളിക്കൂട്ടോ..
നെഞ്ചിന്റെ പിടച്ചില്‍
ഉള്ളംകയ്യിലൊതുക്കി
മിഴി ചിതറാതെ
യാത്രയാക്കും കൂടപ്പിറപ്പോ...


- ഈ വരികള്‍ മനസ്സില്‍ തറഞ്ഞുനില്‍ക്കുന്നു.
ആശയം പൂര്‍ണ്ണമായും മനസ്സിലായില്ലെങ്കിലും
വരികള്‍ കൊണ്ടൊതുക്കിയ മനോഹാരിത ആസ്വദിച്ചു.

--മിന്നാമിനുങ്ങ്

പ്രയാസി said...

ചന്ദ്രേച്ചീ.. ഇച്ചിരി മനസ്സിലാവുന്ന ഭാഷയിലെഴുതൂ...

“പ്രാവെ പ്രാവെ പൊകരുതെ..”

ഈ സ്റ്റൈലെ നമുക്കു പറ്റൂ..:(

Unknown said...

hahaha

joice samuel said...

നന്നായിട്ടുണ്ട്.....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

ഹരിശ്രീ said...

കൊള്ളാം ചേച്ചീ,

ആശംസകള്‍!!!

ഒപ്പം,

സ്വാതന്ത്ര്യദിനാശംസകള്‍!!!

ഹരിശ്രീ said...

കൊള്ളാം ചേച്ചീ,

ആശംസകള്‍!!!

ഒപ്പം,

സ്വാതന്ത്ര്യദിനാശംസകള്‍!!!