Tuesday, August 19, 2008

ഉള്‍ക്കാഴ്ച

ഉണര്‍വ്വിനും ഉറക്കത്തിനും ഇടയ്ക്കുള്ള
നൂല്‍പ്പാലത്തിനു താഴെ...

പച്ചത്താഴ്‌വാരത്തിലൂടെ,
വസന്തത്തിന്‍ രക്തപുഷ്പങ്ങള്‍
അണിഞ്ഞ്‌ ഒഴുകിയ പുഴ.

ആഴങ്ങളിലേയ്ക്ക്‌ കുഴഞ്ഞുവീണിട്ടും
കൈവഴികളെ സാന്ത്വനിപ്പിച്ച്‌..
ഇരുളുകലക്കിപ്പെയ്യുന്ന
മാനത്തോടു കലമ്പി,
വെയിലുവീണു മുളച്ച നക്ഷത്രങ്ങള്‍
തെളിയിച്ചെടുക്കുന്ന പുഴ.

പാറക്കെട്ടില്‍ തല്ലിത്തെറിച്ച ജീവന്‍,
വെള്ളപ്പാച്ചലില്‍ അലിയാതെ...
ഉറഞ്ഞ തേന്‍നൂലുപോലെ...
നേര്‍രേഖ വരയ്ക്കുന്നു.

ഇരുപുറവുമുള്ള ചുഴികളില്‍ വീണുപോകാതെ,
നിഴലിച്ചുകാണുന്ന ഒറ്റയടിപ്പാതയിലൂടെ
വെളുത്ത മണല്‍ത്തിട്ടയില്‍
ആത്മാവെത്തും വരെ...
ബോധമനസ്സിന്റെ കണ്ണുകള്‍ കൂട്ടുവേണം...

സ്വപ്നത്തിന്റെ മഞ്ഞുമറയിലും,
ധ്യാനത്തിന്റെ ഇഴകളാല്‍
ഈ നൂല്‍പ്പാലം ബലപ്പെടുത്തേണ്ടതുണ്ട്‌.

29 comments:

ചന്ദ്രകാന്തം said...

തിരയിലേക്കും, ഇനിയുമൊരു തീരത്തേയ്ക്കും..

ശ്രീ said...

“ഇരുപുറവുമുള്ള ചുഴികളില്‍ വീണുപോകാതെ,
നിഴലിച്ചുകാണുന്ന ഒറ്റയടിപ്പാതയിലൂടെ
വെളുത്ത മണല്‍ത്തിട്ടയില്‍
ആത്മാവെത്തും വരെ...
ബോധമനസ്സിന്റെ കണ്ണുകള്‍ കൂട്ടുവേണം...”

പേടിപ്പിയ്ക്കല്ലേ ചേച്ചീ...

പാമരന്‍ said...

അലിഞ്ഞു ചേരുന്ന ചായങ്ങള്‍ പോലെ അമൂര്‍ത്തമായ ഇമേജറി.. നൂല്‍പ്പാലത്തിലൂടെ ഉറക്കത്തിന്‍റെ മണല്‍ത്തട്ടിലെത്തുന്നതു വരെ..

ഇത്തിരിവെട്ടം said...

:)

appu said...

ചേച്ചീ.........

കരീം മാഷ്‌ said...

ദേവീ !
ചന്ദ്രകാന്താനന്ദമയീ..
സ്വപ്നത്തിന്റെ മഞ്ഞുമറയിലും,
ധ്യാനത്തിന്റെ ഇഴകളാല്‍
ഈ നൂല്‍പ്പാലം ബലപ്പെടുത്തേണ്ടതുണ്ട്‌.
ശ്രമിക്ക്ണ്‌ണ്ട്. നടക്കിണില്യാ..!
അതിന്നീ ഉള്ളീലെ കാപട്യക്കോലങ്ങൾ അനുവദിക്കിണില്യല്ലോ?
:)

RaFeeQ said...

ഇരുപുറവുമുള്ള ചുഴികളില്‍ വീണുപോകാതെ,
നിഴലിച്ചുകാണുന്ന ഒറ്റയടിപ്പാതയിലൂടെ
വെളുത്ത മണല്‍ത്തിട്ടയില്‍
ആത്മാവെത്തും വരെ...
ബോധമനസ്സിന്റെ കണ്ണുകള്‍ കൂട്ടുവേണം..

ഏതു കണ്ണു വേണമിതെല്ലാം കാണാന്‍..??

പ്രയാസി said...

“ഇരുപുറവുമുള്ള ചുഴികളില്‍ വീണുപോകാതെ,
നിഴലിച്ചുകാണുന്ന ഒറ്റയടിപ്പാതയിലൂടെ
വെളുത്ത മണല്‍ത്തിട്ടയില്‍
ആത്മാവെത്തും വരെ...“

ഞാനോടീ...

മനുസ്സനെ പേടിപ്പിച്ച് കൊല്ലാനായിട്ട്..;)

Sharu.... said...

ഇരുപുറവുമുള്ള ചുഴികളില്‍ വീണുപോകാതെ,
നിഴലിച്ചുകാണുന്ന ഒറ്റയടിപ്പാതയിലൂടെ
വെളുത്ത മണല്‍ത്തിട്ടയില്‍
ആത്മാവെത്തും വരെ...
ബോധമനസ്സിന്റെ കണ്ണുകള്‍ കൂട്ടുവേണം...
:)

കാന്താരിക്കുട്ടി said...

എന്തു പറ്റി ചേച്ചീ.. ഉള്‍ക്കാഴ്ച്ച കണ്ട് പേടിയാവുന്നല്ലോ

അല്ഫോന്‍സക്കുട്ടി said...

എന്തൊരു ഉള്‍ക്കാഴ്ചയാണിത്, ഞാനും പേടിച്ചു. കുട്ടികളെ ഇങ്ങനെ പേടിപ്പിക്കരുത് കേട്ടോ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബോധമനസ്സിന്റെ കണ്ണുകള്‍... നല്ല പ്രയോഗം

മുസാഫിര്‍ said...
This comment has been removed by the author.
മുസാഫിര്‍ said...

ഓം ശാന്തി,ശാന്തി,ശാന്തി:

ധ്യാനത്തിലൂടെ ജീവിത വിഹ്വലതകളില്‍ നിന്നും മോചനം ലഭിക്കട്ടെ !

Rare Rose said...

ഉണര്‍വ്വിനും ഉറക്കത്തിനുമിടയിലൂടെയുള്ള നൂല്പാലത്തിലൂടെ കടന്നു പോകുമ്പോള്‍ കണ്ടെടുത്ത ഈ കാഴ്ചകള്‍ വല്ലാതെ വിസ്മയിപ്പിച്ചു കളഞ്ഞു ട്ടോ ... :)

രണ്‍ജിത് ചെമ്മാട്. said...

"ഇരുളുകലക്കിപ്പെയ്യുന്ന
മാനത്തോടു കലമ്പി,
വെയിലുവീണു മുളച്ച നക്ഷത്രങ്ങള്‍
തെളിയിച്ചെടുക്കുന്ന പുഴ."

അപൂര്‍‌വ്വ സൗന്ദര്യമുള്ള
ബിംബ സമന്വയം!
അസൂയ തോന്നുന്നു ഈ വരികളില്‍

രണ്‍ജിത് ചെമ്മാട്. said...

ഓ.ടോ.
ഞാനേ തിരക്കിലാണ്‌,
തണലണ്ണന്‍ എന്നെക്കാളും തിരക്കിലാണെന്നു
തോന്നുന്നു.....

കുറുമാന്‍ said...

ഇരുപുറവുമുള്ള ചുഴികളില്‍ വീണുപോകാതെ,
നിഴലിച്ചുകാണുന്ന ഒറ്റയടിപ്പാതയിലൂടെ
വെളുത്ത മണല്‍ത്തിട്ടയില്‍
ആത്മാവെത്തും വരെ...
ബോധമനസ്സിന്റെ കണ്ണുകള്‍ കൂട്ടുവേണം...

ഈ വരികള്‍ മനസ്സില്‍ പതിഞ്ഞു ചന്ദ്രകാന്തം. ബോധമനസ്സിന്റെ കൂട്ടില്ലാതെ വരുമ്പോള്‍ അടികള്‍ തെറ്റുന്നു.

ഇനി ഞാന്‍ നടക്കട്ടെ, ആ ഒറ്റയടിപാതയിലൂടെ, വെളുത്തതല്ലെങ്കിലും, കൂരിരുട്ടായ, സര്‍പ്പങ്ങള്‍ നിറഞ്ഞ ആ ഒറ്റയടിപാതയിലൂടെ. അപ്പോഴും ബോധമനസ്സെന്നോടൊപ്പം.

നന്ദി ഈ വരികള്‍ക്ക്.

nardnahc hsemus said...

തുളസിയും ചെമ്പരത്തിയും കസ്തൂരിമഞ്ഞളും ഒക്കെ ചേര്‍ത്ത് അമ്മ ഉണ്ടാക്കുന്ന കാച്ചിയ ഒരു തരം എണ്ണയുണ്ട്.. അതു തലയില്‍തേച്ചുകുളിച്ചപോലൊരു സുഖമാണ് ഇവിടെ വന്നോരോന്നും വായിയ്ക്കുമ്പോള്‍.. വായിച്ച് കണ്ണടച്ചാല്‍ സുഗന്ധം മണക്കും, ചുറ്റിലും...

ഞാന്‍ ഇരിങ്ങല്‍ said...

ആകെ ഒരു കണ്‍ഫ്യൂഷനായി. എങ്കിലും ചില വരികള്‍ ഇഷ്ടപ്പെട്ടു.

പാറക്കെട്ടില്‍ തല്ലിത്തെറിച്ച ജീവന്‍,
വെള്ളപ്പാച്ചലില്‍ അലിയാതെ...
ഉറഞ്ഞ തേന്‍നൂലുപോലെ...
നേര്‍രേഖ വരയ്ക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

കാവലാന്‍ said...

കളിപറഞ്ഞ് കുതിച്ചൊഴുകി കഥകളുടെ കലക്കങ്ങള്‍ ഒഴുക്കില്‍ തെളിഞ്ഞ് അലയൊതുങ്ങുന്ന കാലത്തിനു കുറുകെ ജീവിത്തിന്റെ ഒരു നൂല്പ്പാലം കവിതയില്‍ കാണാനാവുന്നു.

ശരിതന്നെ,

"സ്വപ്നത്തിന്റെ മഞ്ഞുമറയിലും,
ധ്യാനത്തിന്റെ ഇഴകളാല്‍
ഈ നൂല്‍പ്പാലം ബലപ്പെടുത്തേണ്ടതുണ്ട്‌."

ചിലയിടങ്ങളില്‍ കാന്താരി&അല്‍ഫോന്‍സക്കുട്ടികള്‍ പറഞ്ഞൊരു ഫീല്‍ പകരുന്നു പേടിപ്പിക്കല്ലേ പേടിപ്പിക്കല്ലേ.
കവിതയുടെ കൂടെയൊഴുകുന്ന ബിംബങ്ങള്‍ക്കും അപൂര്‍വ്വ ചാരുത.
തുടരുക.....

മിന്നാമിനുങ്ങ്‌ said...

സ്വപ്നത്തിന്റെ മഞ്ഞുമറയിലും,
ധ്യാനത്തിന്റെ ഇഴകളാല്‍
ഈ നൂല്‍പ്പാലം ബലപ്പെടുത്തേണ്ടതുണ്ട്‌


വരികള്‍,മനസ്സിനെ തൊട്ടുതലോടിപ്പോവുകയല്ലാ,
ആഴത്തില്‍ സ്പര്‍ശിക്കുക തന്നെയാണ്

--മിന്നാമിനുങ്ങ്

രാമചന്ദ്രന്‍ വെള്ളിനേഴി said...

സ്വപ്നത്തിന്റെ മഞ്ഞുമറയിലും,
ധ്യാനത്തിന്റെ ഇഴകളാല്‍
ഈ നൂല്‍പ്പാലം ബലപ്പെടുത്തേണ്ടതുണ്ട്‌

ധ്യാനത്തിന്റെ ഇഴകള്‍ തീര്‍ക്കുമ്പോള്‍ സ്വപ്നമാകുന്ന മഞ്ഞ് ഉരുകുന്നു, സ്വപ്നങ്ങള്‍ പോലുമില്ലെങ്കില്‍ പിന്നെന്തു ജീവിതം...


നല്ല ആശയം, നല്ല കവിത

ഇത്തിരി കൂടി ലളിതമാക്കാമായിരുന്നു

അനൂപ്‌ കോതനല്ലൂര്‍ said...

nannaayittunt njaan ellaam pinnit nokkunnunt checchi

..::വഴിപോക്കന്‍[Vazhipokkan] said...

കവിതയിലുള്ള ഈ മഞ്ഞുമറ വെല്ലാത്ത സുഖം തരുന്നു

മുരളിക... said...

ധ്യാനത്തിന്റെ ഇഴകളാല്‍
ഈ നൂല്‍പ്പാലം ബലപ്പെടുത്തേണ്ടതുണ്ട്‌.


ഉണ്ട്,

ഹന്‍ല്ലലത്ത് ‍ said...

മനോഹരം... സാന്ദ്രം...


ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു

പൊതുവാള് said...

ഇരുളിനും വെളിച്ചത്തിനുമിടയിലെ വെള്ളിരേഖയും നിഴലും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ നൂല്‍പ്പാലത്തിലൂടെ യാത്ര ചെയ്യുമ്പോഴും കണ്ണടച്ചിരുട്ടാക്കി രാജപാതയെന്നു സ്വയം തെറ്റിദ്ധരിപ്പിച്ച് വിഡ്ഡിസ്വര്‍ഗ്ഗത്തില്‍ വാഴാന്‍ ഇനിയുമെത്ര കാലം..?

ഉള്‍ക്കാഴ്ചയുള്ള കവിതക്കും കവിയത്രിക്കും ആശംസകള്‍..

ഗീതാഗീതികള്‍ said...

ഉറഞ്ഞ തേന്‍ നൂലുപോലെ വെള്ളത്തില്‍ ഒട്ടും അലിയാതെ വെളുത്ത മണല്‍ത്തിട്ടയില്‍ എത്തിചേരട്ടെ, പാറക്കെട്ടില്‍ തട്ടിത്തെറിച്ച ജീവന്‍.....

ചന്ദ്രേ,ഈ കവിത വല്ലാത്തൊരു ഫീലിങ് ഉണ്ടാക്കുന്നു...