Saturday, November 1, 2008

ഭാഗധേയം

വലിഞ്ഞുരയും ചങ്ങലക്കണ്ണികൾ
നെഞ്ചുനോവിച്ച മണ്ണിലേക്ക്‌;
'നമ്മൾ'എന്ന വാക്കിനെ പിളർന്ന
കുറ്റികൾ കോർത്ത കയറിലേയ്ക്ക്‌..
ആർക്കെന്ന്‌ വിധിപറയാത്ത
വിറങ്ങലിച്ച മാവിലകൾ വീണുകൂടാ..

തുലാവർഷം, കൊമ്പൊന്ന്‌ കൊണ്ടുപോയതും
പള്ളയിലൊരു പോതുണ്ടായതും
അറക്കവാളിൻ വിലപേശലിൽ
കുറ്റമായി എണ്ണാതെ വരില്ല.
ആശ്വാസവാക്കുകളൊന്നും
ആരിലുമിതുവരെ തളിർത്തില്ല.

തൊട്ടുനിൽക്കും സർവേക്കല്ലിൽ
ആയകാലം തൊട്ട്‌ ചതയ്ക്കപ്പെട്ട മാങ്ങകൾ,
ഊഞ്ഞാൽക്കയർ തൊലിയുരിച്ച കൊമ്പുകൾ,
ആണിയാഴ്ത്തിയെഴുതിയ പേരുകൾ...
മാവും പറഞ്ഞില്ല.

പടർന്ന ഇത്തിൾക്കണ്ണികൾ,
വാതിലിന്റെ, കട്ടിളയുടെ
കണക്കുകൾ കൂട്ടുന്നുണ്ട്‌.

അക്കങ്ങളുടെ ഭാരമേറ്റെടുത്ത്‌
വായ്ത്തല കൂട്ടും കൈകൾ..
ഏതാണാവോ...

വെട്ടുവീഴുന്ന വശമൊന്നറിയാൻ...
അവസാന ശയനം എവിടെയെന്നറിയാൻ..

മുറ്റത്ത്‌ കൂട്ടംകൂടുന്ന ശബ്ദങ്ങളെ,
കാറ്റ്‌ മായ്ച്ചുകളയുന്നല്ലോ....

26 comments:

പ്രയാസി said...

ഈയിടെയായി ചന്ദ്രകുട്ടിക്ക് വല്ലാണ്ട് സങ്കടമുള്ളപോലെ തോന്നിയിരുന്നു.!
ഇപ്പൊ കാര്യം മനസ്സിലായി

ആറടി മണ്ണെങ്കിലും കിട്ട്യാ..:(

[ nardnahc hsemus ] said...

ഒപ്പിട്ടുകൊടുത്ത കൈകള്‍ വിറങ്ങലിയ്ക്കും നാളിനൊപ്പമെരിയാന്‍ കഴിയും മുന്നേ?

ഉപാസന || Upasana said...

As usual, Nice AKkaa
:-)
Upasana

ജിജ സുബ്രഹ്മണ്യൻ said...

വെട്ടുവീഴുന്ന വശമൊന്നറിയാൻ...
അവസാന ശയനം എവിടെയെന്നറിയാൻ..

എന്നിട്ടാ മാവിനെ കളഞ്ഞോ ?

അല്ഫോന്‍സക്കുട്ടി said...

ഭാഗം വെപ്പ് കഴിഞ്ഞൂല്ലേ? ഡോണ്ട് വറി, ബി ഹാപ്പി.

Ranjith chemmad / ചെമ്മാടൻ said...

അളന്ന് പിളര്‍ന്നളര്‍ന്ന് പിളര്‍ന്ന്
ഒടുവിലൊരാടിക്കീറിലൊതുങ്ങുന്ന
ജന്മങ്ങള്‍ !!!
വേരോടിയ ഗര്‍ഭവും
മുളങ്കാട് പടര്‍ന്ന ഖണ്ഢവും
നെടുകേ ചേദിച്ച് സമം തീര്‍ക്കുന്നു....
ഒടുവില്‍ ?....

വളരെയിഷ്ടമായി.....
ഒരൂഞ്ഞാല്‍ക്കയറാല്‍ പോറലേറ്റപോലെ
നോവുന്നു......

പാമരന്‍ said...

ആര്‍ക്കെന്നു വിധി പറയാത്ത മാവിലകള്‍.

കരളിലുടക്കി വലിയുന്നു വരികള്‍..!

ചിരിപ്പൂക്കള്‍ said...

മനുഷ്യജീവിതത്തോടോട്ടിനില്‍ക്കുന്ന വരികള്‍,

തുലാവർഷം, കൊമ്പൊന്ന്‌ കൊണ്ടുപോയതും
പള്ളയിലൊരു പോതുണ്ടായതും
അറക്കവാളിൻ വിലപേശലിൽ
കുറ്റമായി എണ്ണാതെ വരില്ല.
ആശ്വാസവാക്കുകളൊന്നും
ആരിലുമിതുവരെ തളിർത്തില്ല.

വെട്ടുവീഴുന്ന വശമൊന്നറിയാൻ...
അവസാന ശയനം എവിടെയെന്നറിയാൻ..
മനസിന്റെയുള്ളില്‍ പോറലേല്‍പ്പിച്ച വരികള്‍, ഏറെ ചിന്തിപ്പിക്കുന്നു.

ആശംസകളോടെ.

Appu Adyakshari said...

കുറേനാളായി ഇങ്ങനെ കനലെരിയുന്ന കവിതകളാണല്ലോ കവയത്രിയുടെ മനസ്സില്‍ നിന്നും വരുന്നത്. നേരില്‍ കണ്ടാല്‍ തമാശയും ചിരിയും :-)
ഒന്നും മനസ്സിലാവണില്ലേ...

ഇനി ഓണ്‍ ടോപിക്: കവിത നന്നായി എന്നു പറയേണ്ടതില്ലല്ലോ. വീഴ്ത്താന്‍ പോവുന്ന മാവിന്റെ ആത്മഗതങ്ങള്‍ ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു. വസ്തുഭാഗം വപ്പിനിടെ പെട്ട് നട്ടം തിരിയുന്ന വൃദ്ധമാതാപിതാക്കളെ ഓര്‍മ്മിപ്പിച്ചു ഈ കവിത.

അപ്പു ആദ്യാക്ഷരി said...

മക്കള്‍ മാതാപിതാക്കളേയും ഭാഗം വച്ച് കൊണ്ടുപോകുന്ന കാലമാണല്ലോ ഇത്. അച്ഛന്‍ ഒരാളുടെ കൂടെ, അമ്മ മറ്റൊരാളുടെ കൂടെ. ഒറ്റയ്ക്കായെങ്കില്‍ പറയുകയും വേണ്ട!
അവിടെയാണ്
“വെട്ടുവീഴുന്ന വശമൊന്നറിയാന്‍...
അവസാന ശയനം എവിടെയെന്നറിയാന്‍..
മുറ്റത്ത്‌ കൂട്ടംകൂടുന്ന ശബ്ദങ്ങളെ,
കാറ്റ്‌ മായ്ച്ചുകളയുന്നല്ലോ....“

എന്ന വരികളുടെ നൊമ്പരം ശരിക്കും മനസ്സില്‍ കൊള്ളുന്നത്.

മുസാഫിര്‍ said...

പണ്ടൊക്കെ മുത്തശ്ശി മാവുകള്‍ക്ക് ഒരു നിയോഗം ഉണ്ടായിരുന്നു.വീട്ട് കാരണവരുടെ കൂടെയോ കാരണവത്തിയുടെ കൂടെയോ അവരുടെ ചിതയില്‍ എരിഞ്ഞടങ്ങുക എന്ന്.കാലം മാറി ,സ്ഥലപരിമിതി കൊണ്ടും സൌകര്യം കണക്കാക്കിയും ഇപ്പോള്‍ ചിരട്ടയും ചാണക വറളിയുമിട്ട് മൃതശരീരത്തെ സ്ഫുടം ചെയ്യുമ്പോള്‍ അതിന് സാക്ഷിയാ‍വാന്‍ മാത്രമായി അതിന്റ്റെ യോഗം.കവിത അതെല്ലാം ഓര്‍മ്മിപ്പിച്ചു.

ആഗ്നേയ said...

വല്ലാതെ നോവിച്ച വരികള്‍!
സാരമില്ല..ചിലതെല്ലാം തക്ക സമയത്ത് വേറിട്ടിലെങ്കില്‍ അതിലും വലിയ നോവായിത്തീര്‍ന്നേക്കാം..ല്ലേ?

സുല്‍ |Sul said...

“ആശ്വാസവാക്കുകളൊന്നും
ആരിലുമിതുവരെ തളിർത്തില്ല.“

ഇവിടെ തളിര്‍ത്ത വരികള്‍ ഇഷ്ടമായി, വേദനയും

-സുല്‍

Kaithamullu said...

അക്കങ്ങളുടെ ഭാരമേറ്റെടുത്ത്‌
വായ്ത്തല കൂട്ടും കൈകൾ..
ഏതാണാവോ...

വെട്ടുവീഴുന്ന വശമൊന്നറിയാൻ...
അവസാന ശയനം എവിടെയെന്നറിയാൻ..
---
വായിച്ചപ്പോല്‍ മനസ്സില്‍ സങ്കടം കനത്ത് വന്നു. എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ലല്ലൊ എന്ന പരിതാപം...‍.

പിന്നെയാണ് കമെന്റ്റുകള്‍ കണ്ടത്: ഞാന്‍ പറയാനാശിച്ച ചില വാക്കുകള്‍ അവിടെ:

“കുറേനാളായി ഇങ്ങനെ കനലെരിയുന്ന കവിതകളാണല്ലോ കവയത്രിയുടെ മനസ്സില്‍ നിന്നും വരുന്നത്. നേരില്‍ കണ്ടാല്‍ തമാശയും ചിരിയും :-)
ഒന്നും മനസ്സിലാവണില്ലേ...“

അല്ലേലും ഈ അപ്പു ഇങ്ങനേയാ...വായില്‍ നിന്നും അറിയാതെ, വാക്കുകള്‍ കട്ടെടുക്കും!
--
കഥാപ്രസംഗക്കാരന്‍ പറഞ്ഞ പോലെ:
ചന്ദ്രേ, അതാ അങ്ങോട്ട് നോക്കൂ: കിഴക്ക് സൂര്യന്‍ ചെന്താമര വിരിയിക്കാന്‍ തുടങ്ങുന്നതെയുള്ളു....

ഉത്തിഷ്ഠൊറോത്തിഷ്ഠ....

കുറുമാന്‍ said...

വെട്ടുവീഴുന്ന വശമൊന്നറിയാൻ...
അവസാന ശയനം എവിടെയെന്നറിയാൻ..

വീണ്ടും നൊമ്പരവുമായി വന്നുവല്ലൊ.

അതൊക്കെ പോട്ടെ ഈ മാ‍വ് തെക്ക് വശത്തല്ലായിരിക്കട്ടെ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'തൊട്ടുനിൽക്കും സർവേക്കല്ലിൽ
ആയകാലം തൊട്ട്‌ ചതയ്ക്കപ്പെട്ട മാങ്ങകൾ'..

..മൂവാണ്ടന്‍ ചുവട്ടിലെത്തിച്ചു കളഞ്ഞല്ലോ..!!


പൊള്ളുന്ന നേരുകള്‍, വെടിച്ചില്ലുമാതിരി..നന്നായി.

ഗീത said...

മാവൊന്നും പറഞ്ഞില്ലെങ്കിലും എല്ലാം ആ മനസ്സിലുണ്ട്, ഒളിമങ്ങാതെ തന്നെ...

വെട്ടിവീഴുന്ന വശം ഏതെന്നറിഞ്ഞില്ലെങ്കിലും, അവസാന ശയനം എവിടെയെന്നറിഞ്ഞില്ലെങ്കിലും, ആശ്വസിക്കും അവസാനമായല്ലോ എന്ന്..

ചന്ദ്രേ....

Jayasree Lakshmy Kumar said...

മനസ്സു പിളർത്തി മണ്ണ് പങ്കിട്ടു കിട്ടുന്ന വേദനകളുടെ ഭാഗധേയം

വളരേ നല്ല വരികൾ

Unknown said...

മുറ്റത്ത്‌ കൂട്ടംകൂടുന്ന ശബ്ദങ്ങളെ,
കാറ്റ്‌ മായ്ച്ചുകളയുന്നല്ലോ....
നന്നായിരിക്കുന്നു

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇപ്പോള്‍ വയിക്കുന്നതെല്ലാം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.
“ആശ്വാസവാക്കുകളൊന്നും
ആരിലുമിതുവരെ തളിർത്തില്ല“കവിത വളരെ ഗംഭീരം പതിവുപോലെ തന്നെ.
വല്ലാ‍ത്ത ഒരു വേദന വായിച്ചു കഴിഞ്ഞപ്പോള്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said...
This comment has been removed by the author.
കാപ്പിലാന്‍ said...

വെട്ടുവീഴുന്ന വശമൊന്നറിയാൻ...
അവസാന ശയനം എവിടെയെന്നറിയാൻ..


Kollaam :)

മാണിക്യം said...

എന്തിനാ വെറുതേ ബലം പിടിക്കുന്നത്?
ഇതൊന്നും ആര്‍ക്കും കൊണ്ടോവാന്‍ പറ്റില്ല.
വന്നപ്പോള്‍ കൊണ്ടു വന്ന ആ നിഷ്കളങ്കത പോലും കൈമോശം വരുന്നു പോകുമ്പോള്‍ പിന്നല്ലേ മണ്ണ്?
ഒരു വിഭാഗം കന്യാസ്ത്രീകള് അവരുടെ മഠത്തില്‍ അവരുടെ ബുക്കില്‍ കിടക്കയില്‍ ഭക്ഷണം കഴിക്കുന്ന പാത്രത്തില്‍ കിടക്കുന്ന മുറിയില്‍ ഒക്കെ താഴെ കാണിക്കും പോലെ
"for the use of Sr.[Name]" എഴുതാന്‍ പാടുള്ളു, അപ്പോള്‍ ഒന്നും നമുക്ക് സ്വന്തമല്ല.
കുറച്ചു നാളത്തെ ഉപയോഗം. നല്ല്ല ചിന്ത അല്ലേ?
കുറച്ചു നാളത്തെ കൈവശവകാശം അത്രേ ഉള്ളു എല്ലാം ! മക്കള്‍ പോലും .....

Mahi said...

നോവുന്നു.നോവുന്നു.നോവുന്നു.വേദനയുടെ ഒരു മരം വളര്‍ന്ന്‌ തിടം വെക്കുന്നു..............

Sureshkumar Punjhayil said...

Lokathinte Ee avashthayil, Njanum Parathapikkunnu... Bhavikangal...!!!

ചീര I Cheera said...

ഇഷ്ടമായി.