Tuesday, January 6, 2009

മണൽക്കാറ്റടിയ്ക്കുവോളം..

ചുഴിയിലേയ്ക്കെന്നറിയാതെ
നീന്തിപ്പോന്നവരില്‍ നിന്നും,
വിളക്കണയാത്ത വഴികളിലെ
ചിറകുപോയ ഈയാമ്പാറ്റകളില്‍ നിന്നും,
കണ്ണുവെന്ത കാത്തിരിപ്പിലേയ്ക്കായിരുന്നു യാത്ര.

സ്വർണ്ണനാളം കോർത്ത കൽ‌വിളക്കിൽ,
വെണ്ണയലിയും പുഞ്ചിരിയില്‍,
അയഞ്ഞുപോകും ഉൾത്താളങ്ങളൊതുക്കാൻ..

ഞാറ്റുപച്ചയില്‍ വെയില്‍ കായും കാറ്റ്‌
ചെമ്പകത്തളിരുലച്ച്‌
നീ വന്നോ എന്ന്‌ തലോടുമ്പോള്‍...
പുലര്‍മഞ്ഞു കുളിര്‍പ്പിച്ച മണ്ണില്‍ കാലമര്‍ത്തി,
ചുട്ടെടുത്ത ദിനങ്ങളിലെ താപമാറ്റാന്‍...

.............................

ചെത്തിമിനുക്കാത്ത ചുമരിന്‍
ഒഴിവിടങ്ങള്‍ സൂക്ഷിച്ച
കുന്നിമണികളില്‍ കണ്ണുകലങ്ങി.

കേള്‍വിയെ ഊറ്റിയെടുക്കും
കറുത്ത വാക്കുകള്‍
ചെവിയില്‍ മുട്ടയിട്ടു പെരുകാതിരിയ്ക്കാന്‍..
വാടിയ പൂവിതള്‍ തന്ന
കളഭക്കൂട്ടില്‍ മനസ്സ്‌ ചാലിച്ചു.

തിരിഞ്ഞുനോട്ടമരുതാത്ത മടക്കത്തില്‍,
മിന്നാമിന്നിയുടെ ഉള്ളുരുകി വീഴും തുള്ളികള്‍..
വഴിവെട്ടമായി.

പരിമിതിയുടെ മുള്‍പ്പടര്‍പ്പില്‍,
നനഞ്ഞമര്‍ന്ന അപ്പൂപ്പന്‍താടികള്‍....
ബാക്കിയാണിപ്പോഴും.

20 comments:

പാമരന്‍ said...

പോന്നിട്ടും മനസ്സു തൊട്ടാവാടിമുള്ളിലുടക്കി നില്‍ക്കുകയാണല്ലേ? നല്ല നൊസ്റ്റാള്‍ജിക്കഷായം!

Appu Adyakshari said...

"കേള്‍വിയെ ഊറ്റിയെടുക്കും
കറുത്ത വാക്കുകള്‍
ചെവിയില്‍ മുട്ടയിട്ടു പെരുകാതിരിയ്ക്കാന്‍..
വാടിയ പൂവിതള്‍ തന്ന
കളഭക്കൂട്ടില്‍ മനസ്സ്‌ ചാലിച്ചു.."

അവധിക്കു നാട്ടില്‍ പോകുന്ന ഓരോപ്രവാസ്സിയും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍തന്നെ. ഗുഡ്!!

[ nardnahc hsemus ] said...

ശ്വാസംമുട്ടി പിടയുന്ന ചുഴികളില്‍ നിന്നും “ഹാവ് എ ബ്രേക്, ഹാവ് എ കിറ്റ്കാറ്റ് ”എന്നും പറഞ്ഞ് പോകാനുള്ളൊരവസരം കിട്ടുന്നതുതന്നെ മഹാഭാഗ്യം! ഇതിനൊന്നും കഴിയാതെ, അപ്പൂപ്പന്‍ താടിപോയിട്ട് , അതു കുരുങ്ങിക്കിടന്ന, കുന്നിക്കുരുമണികള്‍ പടര്‍ന്ന വേലികെട്ടിയ ഇടവഴികള്‍ അവസാനിയ്ക്കുന്ന സ്വന്തം വീടുപോലും ഓര്‍മ്മയില്‍ ബാക്കിയില്ലാത്ത എത്രയോ പേരേക്കാള്‍ ഭേദം...

:)

തണല്‍ said...

കളഭക്കൂട്ടില്‍ മനസ്സെത്ര തണുപ്പിച്ചാലും
കറുത്ത വാക്കുകള്‍ മുട്ടയിട്ട് പെരുകിക്കൊണ്ടേയിരിക്കും..അതും ഒരു സുഖമെന്നു കരുതുക..
-കവിതയില്‍ നാടുണരുന്നു..മുരളീരവമൊഴുകുന്നു..!

ശ്രീ said...

നാട്ടില്‍ പോയി വന്നാലും മനസ്സിലെന്നും അവിടുത്തെ ഓര്‍മ്മകള്‍ തന്നെ അല്ലേ...

പ്രയാസി said...

ഇക്കിപ്പം നാട്ടീ പോണം..:(

കരീം മാഷ്‌ said...

"നനഞ്ഞമര്‍ന്ന അപ്പൂപ്പന്‍ താടികള്‍"
ഈ നൊമ്പരത്തിലൊന്നു
ഞാനെടുക്കുന്നു.

ശിശു said...

ഗൃഹാതുരത്വമുണര്‍ത്തുന്ന വരികളും പ്രയോഗങ്ങളും.
നന്നായി..

Ranjith chemmad / ചെമ്മാടൻ said...

പച്ചപ്പിലേക്ക്, അനന്തമായ പച്ചപ്പിലേക്ക്,
വിരല്‍തൊട്ടാല്‍ കരുവൊലിക്കുന്ന നാട്ടുനനവിലേക്ക്,
ഒരു തിരിച്ചുപോക്കിനെക്കുറിച്ചാണ്.......ഞാനുമിപ്പോള്‍
ആലോചിക്കുന്നത്....
ഒന്നു പോയിതിരിച്ചു വന്ന വ്യഥ ആവാഹിക്കുന്നുണ്ട് വരികളില്‍...

സുല്‍ |Sul said...

“ചെത്തിമിനുക്കാത്ത ചുമരിന്‍
ഒഴിവിടങ്ങള്‍ സൂക്ഷിച്ച
കുന്നിമണികളില്‍ കണ്ണുകലങ്ങി.“
എന്റേയും..

-സുല്‍

അഗ്രജന്‍ said...

പരിമിതിയുടെ മുള്‍പ്പടര്‍പ്പില്‍,
നനഞ്ഞമര്‍ന്ന അപ്പൂപ്പന്‍താടികള്‍....
ബാക്കിയാണിപ്പോഴും.


അതെപ്പോഴും ബാക്കിയാവണം, എന്നാലേ ഇങ്ങിനെയൊക്കെ എഴുതാനാവൂ...

Kaithamullu said...

തിരിഞ്ഞുനോട്ടമരുതാത്ത മടക്കത്തില്‍..
-തിരിഞ്ഞ് നോക്കിയിരുന്നെങ്കിലീ കവിത ജനിക്കുമായിരുന്നില്ല!

സ്വാഗതം,
ഇവിടെ പുതിയ റിയാലിറ്റി ഷോ തുടങ്ങിയതറിഞ്ഞില്ലെന്നുണ്ടോ?

മുസാഫിര്‍ said...

ചുഴിയിലേയ്ക്കെന്നറിയാതെ
നീന്തിപ്പോന്നവരില്‍ നിന്നും,
വിളക്കണയാത്ത വഴികളിലെ
ചിറകുപോയ ഈയാമ്പാറ്റകളില്‍ നിന്നും..

ഒരു പാട് കാഴ്ചകള്‍ അറിഞ്ഞു ഈ കുഞ്ഞു വരികളിലൂടെ.

ഗിരീഷ്‌ എ എസ്‌ said...

ഹൃദ്യം..മനോഹരം ചന്ദ്രേ..
ആശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...

പരിമിതിയുടെ മുള്‍പ്പടര്‍പ്പില്‍,
നനഞ്ഞമര്‍ന്ന അപ്പൂപ്പന്‍താടികള്‍....
ബാക്കിയാണിപ്പോഴും.

സുഹൃത്തേ...തകര്‍പ്പന്‍ വരികള്‍...ആശംസകള്‍

G.MANU said...

പിന്നെയും നാട് തിരിച്ചു വിളിക്കുന്നോ പെങ്ങള്‍സ്

എങ്കില്‍ ഒരു ഫാമിലി ടിക്കറ്റ് ഒന്നുകൂടി എടുക്കെന്നേ


:)

കവിത ശരിക്കും സൂപ്പര്‍..

ചെത്തിമിനുക്കാത്ത ചുമരിന്‍
ഒഴിവിടങ്ങള്‍ സൂക്ഷിച്ച
കുന്നിമണികളില്‍ കണ്ണുകലങ്ങി.

ഹറ്റ്സോഫ്

മേരിക്കുട്ടി(Marykutty) said...

നന്നായിട്ടുണ്ട്!

Rare Rose said...

ചന്ദ്രേച്ചീ..,നോവടക്കി തിരിഞ്ഞു നോക്കാതെയുള്ള മടക്കയാത്ര ബാക്കി വെയ്ക്കുന്നതിങ്ങനെയെന്തൊക്കെയോ...‍മനസ്സിലുടക്കി നില്‍ക്കുന്ന വരികള്‍ ട്ടോ..

ഗീത said...

ചന്ദ്രേ നാട് തിരിച്ചു വിളിക്കുന്നുണ്ട് അല്ലേ?
സമാധാനിക്കൂ...
ഒരിടവേള ഏതിനും നല്ലതാ.

മനോജ് മേനോന്‍ said...

ഇളവെയിലുരുകി വീഴുന്ന കുന്നിനു മുകളീല്‍ കണ്ണെത്താ ദൂരത്തോളം കണ്ണാന്തളിപൂക്കള്‍.....ഗ്രാമം എന്നെ വിളിക്കുന്നു.....