Sunday, March 29, 2009

പരീക്ഷക്കണക്കുകൾ

നിരയൊപ്പിച്ച്‌ നിര്‍ത്തിയ
മെലിഞ്ഞ ഒറ്റകളെ വിഴുങ്ങി,
വെട്ടും കുത്തും കിട്ടി തെറിച്ചവരെ
തൊട്ടു കൂട്ടി,
കൊഴുത്ത സംഖ്യകള്‍ ഏമ്പക്കമിടും.

ഹരണത്തില്‍ ശോഷിച്ചവനും,
ഒടുക്കം ശേഷിച്ചവനും
ചേര്‍ന്നുനില്‍ക്കും സമവാക്യം കണ്ട്‌,
വീര്‍ത്ത വയറിനുള്ളിലെ
വീര്‍പ്പുമുട്ടലുകള്‍ മുഴച്ചുവരും.
'പുനര്‍ജ്ജനി' ചൊല്ലി, അവരെ
സ്വാതന്ത്ര്യക്കുപ്പായമിടീച്ചാല്‍ പിന്നെ
പയറ്റു തന്നെ.

ചോരമുക്കി ഉണക്കിയ,
അപായചിഹ്നങ്ങളും,
ഉറുമി ചുരുട്ടിയ വട്ടങ്ങളും കൂടി
മാര്‍ക്കുലിസ്റ്റുണ്ടാക്കുന്നത്‌
ഇങ്ങനെയാണ്.

21 comments:

kichu / കിച്ചു said...

എന്റെ ചന്ദ്രേ..

പരീക്ഷക്കണക്കുകള്‍ കൊള്ളാല്ലോ

വ്യാഴാഴ്ച്ച റിസല്‍റ്റ് മേടിച്ചതിന്റെ ആഫ്റ്റെര്‍ ഇഫെക്റ്റ് ആണോ :)

ഏതായാലും, കവിത വിരിയിക്കുന്ന മാതാവിനെക്കിട്ടിയ കുഞ്ഞുങ്ങള്‍ ഭാഗ്യം ചെയ്തവര്‍.

നജൂസ്‌ said...

ഈ കവിതയും സമകാലീന കേരളീയ രാഷ്ടീയത്തെ നല്ല രീതിയില്‍ വരച്ചു കാണിക്കുന്നു. സീറ്റ്‌ പിടിത്തവും, തിരഞ്ഞെടുപ്പും, കുതിരകച്ചവടവും സ്ഥാനാര്‍ത്ഥിയുമൊക്കെയായി... ഇനി മൂന്നാം മുന്നണിയും,ഭരണവും, ഭാവിയും കവിതയിലൂടെ തന്നെ ഇറങി വരട്ടെ.....

[ nardnahc hsemus ] said...

ആ എമ്പക്കമിടുന്ന്ന സംഖ്യകള്‍ക്കിത്തിരി ഗ്യാസ് ട്രബിളിനുള്ള മരുന്ന് വാങ്ങികൊടുക്കണേ...

:)

പകല്‍കിനാവന്‍ | daYdreaMer said...

Very Good...
:)

സുല്‍ |Sul said...

ഒരു മാര്‍ക്ക് ലിസ്റ്റ് കയ്യില്‍ കിട്ടിയപ്പോള്‍ അമ്മ ഇത്രെം വയലന്റാവും എന്നു അവന്‍ കരുതിക്കാണില്ല ചന്ദ്രേ... പാവമല്ലേ ഒന്നും ചെയ്യെണ്ട.

“ഹരണത്തില്‍ ശോഷിച്ചവനും,
ഒടുക്കം ശേഷിച്ചവനും
ചേര്‍ന്നുനില്‍ക്കും സമവാക്യം കണ്ട്‌,
വീര്‍ത്ത വയറിനുള്ളിലെ
വീര്‍പ്പുമുട്ടലുകള്‍ മുഴച്ചുവരും.“

ഒന്നും പറയാനില്ല.
-സുല്‍

പാമരന്‍ said...

അതുഗ്രനായി!

ശ്രീ said...

എന്തിലും ഏതിലും കവിത തന്നെ അല്ലേ ചേച്ചീ...
നന്നായിട്ടുണ്ട് :)

Appu Adyakshari said...

തേര്‍ഡ് ടേം അല്ലായിരുന്നെങ്കില്‍ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഈ കവിതയെഴുതി സ്കൂളില്‍ തിരികെ ഏല്‍പ്പിക്കാമായിരുന്നു.

ഒടുക്കം ശരിക്കുള്ള ജീവിതമെത്തുമ്പോഴേക്കും മെലിഞ്ഞ ഒറ്റകള്‍ രക്ഷപെടും.. അല്ലേ.

പ്രയാണ്‍ said...

വെട്ടും കുത്തും കിട്ടി തെറിച്ചവര്‍ക്ക് വേണ്ടിയുള്ള ഈകവിത അസ്സലായിട്ടുണ്ട്.

മുസാഫിര്‍ said...

ഉദ്യോഗസ്ഥയായ ഒരു വീട്ടമ്മയുടെ വിഹ്വലതകളില്‍ നിന്നും മാറി ഒരു രാഷ്ട്രീയ ലൈനിലേക്കാണ് കവിതയുടെ പോക്കെന്നു തോന്നി ഇതു വായിച്ചപ്പോള്‍.

കരീം മാഷ്‌ said...

രാഷ്ട്രീയം.
തലക്കു കയറിയോ?
ഈയിടെ!
ഗുണമായിരിക്കാം..
പോയതിന്റെ
നാട്ടിൽ!.
ഈയിടെ

(എന്റെ കവിത.. ഹായ്!)

കരീം മാഷ്‌ said...
This comment has been removed by the author.
രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നോട്ടീസ് ബോര്‍ഡില്‍
പേരു തിരഞ്ഞ് തിരഞ്ഞ്
കണ്ണില്‍ വെള്ളം നിറയും.

ജയിച്ചവരുടെ ആരവം..
(ആര്‍ക്കൊക്കെ കെട്ടിവെച്ച കാശ് പോകും?)

കാവലാന്‍ said...

'മോഡ'റേഷന്‍കടക്കാരുടെ വിഹിതം കൂടി തൊട്ടുകൂട്ടിയാല്‍
കഷ്ടിച്ചു ജയിക്കാമെന്നൊരു വ്യാമോഹം
പച്ചച്ചെങ്കൊടി പാറിച്ചുകൊണ്ട്
പാഞ്ഞു നടക്കുന്നുണ്ടെന്ന്!

Kaithamullu said...

ഹരണത്തില്‍ ശോഷിച്ചവനും,
ഒടുക്കം ശേഷിച്ചവനും
ചേര്‍ന്നുനില്‍ക്കും സമവാക്യം കണ്ട്‌,
....
'പുനര്‍ജ്ജനി' ചൊല്ലി, അവരെ
സ്വാതന്ത്ര്യക്കുപ്പായമിടീച്ചാല്‍ പിന്നെ
പയറ്റു തന്നെ.
--
ചോരമുക്കി ഉണക്കിയ,
അപായചിഹ്നങ്ങളും,
ഉറുമി ചുരുട്ടിയ വട്ടങ്ങളും കൂടി...

--

ഞാനിപ്പോ ടിവി ന്യൂസ് കാണല്‍ നിര്‍ത്തി,
റിയാലിറ്റി ഷോ കാണാന്‍ തുടങ്ങീ......
---
ശക്തമെന്ന് പറഞ്ഞാക്ഷേപിക്കുന്നില്ല,
തീവ്രം!!

Mr. X said...

"ഹരണത്തില്‍ ശോഷിച്ചവനും,
ഒടുക്കം ശേഷിച്ചവനും
ചേര്‍ന്നുനില്‍ക്കും സമവാക്യം കണ്ട്"


കൊള്ളാം... സമയോചിതമായ പോസ്റ്റ്.
നല്ല വിമര്‍ശനം.

തണല്‍ said...

വീര്‍ത്ത വയറിനുള്ളിലെ
വീര്‍പ്പുമുട്ടലുകള്‍ മുഴച്ചുവരും.
'പുനര്‍ജ്ജനി' ചൊല്ലി, അവരെ
സ്വാതന്ത്ര്യക്കുപ്പായമിടീച്ചാല്‍ പിന്നെ
പയറ്റു തന്നെ.
-ചിരിക്കാണ്ടിരിക്കാനും പയറ്റാണ്ടിരിക്കാനും പറ്റണില്ലാ കേട്ടോ.
:)

ഹന്‍ല്ലലത്ത് Hanllalath said...

..
ബോധ പൂര്‍വ്വമായ ദുരൂഹത കവിതയ്ക്ക് നന്നല്ല എന്ന് മാത്രമല്ല,അതൊരു ശീലം കൂടി ആയിക്കഴിഞ്ഞാല്‍ പിന്നെ സ്വന്തം ഡയറി പോലെയേ കാണാന്‍ പറ്റുകയുള്ളൂ...
കാരണം അനുവാചകന് അപ്രാപ്യമായ ഒരു സൃഷ്ടി ദുരൂഹമായി തന്നെ നില നില്‍ക്കുകയെ ഉള്ളു...

ബുദ്ധിപരമായ ഭാരം സഹിച്ചു കവിത ആസ്വദിക്കുന്നവര്‍ തുലോം കുറവ് തന്നെയാണ്...

ബോധപൂര്‍വ്വമായി കവിതയെ ദുരൂഹമാക്കി പുതുമ സൃഷ്ടിക്കുന്നതിനെ ഞാന്‍ അനുകൂലിക്കുന്നില്ല...

...ഒരു പക്ഷെ, എനിക്കു മാത്രമാകാം അര്‍ഥങ്ങളും അര്‍ഥഭേദങ്ങളും ചികഞ്ഞ് ഈ കവിത മൂന്നു നാലവര്‍ത്തി രണ്ട്‌ ദിവസങ്ങളില്‍ വായിക്കേണ്ടി വന്നത്...
അങ്ങനെ എങ്കില്‍ പൊറുക്കുക...
അധിക പ്രസംഗം...!!
(ഞാന്‍ പറഞ്ഞത് ഈ ബ്ലോഗിലെ കവിതകളെ മൊത്തത്തില്‍ വിലയിരുത്തിയാണ്...ഈ കവിതയെ മാത്രമായല്ല )




....കവിതയെക്കുറിച്ച്....

ഹരണത്തില്‍ ശോഷിച്ചവനും,
ഒടുക്കം ശേഷിച്ചവനും
ചേര്‍ന്നുനില്‍ക്കും സമവാക്യം കണ്ട്‌,
വീര്‍ത്ത വയറിനുള്ളിലെ
വീര്‍പ്പുമുട്ടലുകള്‍ മുഴച്ചുവരും.

....വീര്‍ത്ത വയറിനുള്ളിലെ വീര്‍പ്പു മുട്ടലുകള്‍ മുഴച്ചു വരണം....
എല്ലാ വീര്‍പ്പു മുട്ടലുകള്‍ക്കും വയറു വീത്തവര്‍ പരിഹാരം കണ്ട്‌ കൊള്ളും...
പക്ഷെ...
അവസാനം ഹരണ പ്രക്രിയയില്‍ സ്വയം ഇല്ലാതായിപ്പോയവനും , ശിഷ്ടമായി കിട്ടിയ ശൂന്യതയുമായി ഇല്ലായമയനുഭാവിക്കുന്നവനും ഒരിക്കലും ഒന്നുമുണ്ടാകുന്നില്ല..


അവതരണവും ആശയവും കൊള്ളാം....

G.MANU said...

ചോരമുക്കി ഉണക്കിയ,
അപായചിഹ്നങ്ങളും,
ഉറുമി ചുരുട്ടിയ വട്ടങ്ങളും കൂടി
മാര്‍ക്കുലിസ്റ്റുണ്ടാക്കുന്നത്‌
ഇങ്ങനെയാണ്.


നമിച്ചു പെങ്ങള്‍സ്

ഉഷശ്രീ (കിലുക്കാംപെട്ടി) said...

"ഹരണത്തില്‍ ശോഷിച്ചവനും,
ഒടുക്കം ശേഷിച്ചവനും
ചേര്‍ന്നുനില്‍ക്കും സമവാക്യം കണ്ട്‌"കൂട്ടത്തില്‍ നിന്നും മാറ്റി നിര്‍ത്തിയവരെ ഒക്കെ കൂട്ടു പിടിച്ചു നില്‍ക്കുന്ന ചില് സ്വതന്ത്രന്മാരെ ഒര്‍മ്മ വന്നു.

ഓരോ കാലാവസ്ഥക്കും അനുസരിച്ചുള്ള കവിതകള്‍ കൃത്യമായി ജനിക്കുന്ന ആ മനസ്സില്‍ ഇനിയും ഒരുപാടു കവിതകല്‍ ഉണ്ടാവട്ടേ.....

ശെഫി said...

ഈ കവിതയെ ഇങ്ങനെ രാഷ്ട്രീയ വത്കരിച്ച് വെറും ഈ കാലത്തേക്ക് ചുരുക്കണോ നജൂസ്,
ഈ കവിതയിൽ വായിക്കുന്നത് ജീവിതമാണെന്ന് പറഞ് നമുക്കിതിനെ കാലാനുവർത്തിയാക്കിക്കൂടെ, ബിംബങ്ങളൊക്കെ അതിനു ചേരുണ്ടുന്നുതാനും..
ജീവിതമത്സരത്തിന്റെ ബിംബവത്കരണം