Sunday, April 26, 2009

കാണാക്കിളിവാതിൽ

എന്നാണടച്ചതെന്നോ
ഇന്നേവരെ തുറന്നിട്ടേയില്ലെന്നോ
ആരും പറഞ്ഞുകേട്ടിട്ടില്ല.

അച്ഛനോര്‍മ്മ വച്ച കാലവും
അച്ഛാഛന്റെ ഓര്‍മ്മയിലുള്ള കാലവും
ഉള്ളൊന്നു തുറക്കാന്‍ പറ്റീട്ടില്ലെന്ന്‌.

മുട്ടി നോക്കിയിരിയ്ക്കാം..
ഇല്ലാത്താക്കോലിട്ട്‌ ശ്രമിച്ചിരിയ്ക്കാം,
ഇപ്പൊ തുറക്കാമെന്ന്‌ അഹങ്കരിച്ചിരിയ്ക്കാം..

കണ്ണടയ്ക്കാത്ത, കാതനക്കാത്ത കാത്തിരുന്ന്‌
നിശാഗന്ധി പൂക്കും സംഗീതം അറിയുന്നവന്‍
സൂത്രക്കണക്കില്‍ പാതി തുറക്കുമെന്നൊരു പഴങ്കഥ.

താക്കോല്‍പ്പഴുതിലൂടെയുള്ള
രഹസ്യ സഞ്ചാരങ്ങളെ കേട്ടിട്ടുണ്ട്‌;
അനുഭവിച്ചിട്ടുമുണ്ട്‌.
അതിന്മേലുള്ള കണക്കിലും
അനുമാനത്തിലുമൊതുങ്ങുമോ ഉള്ളറ.

എലിപ്പുറത്തു പുറപ്പെട്ടുപോയി
പൂട്ടുകളെത്ര പൊളിയ്ക്കുന്നു..!

കള്ളന്‍ കയറാതെ,
കയറിയോരൊന്നും പുറത്തുപോകാതെ,
അലസമെന്ന വിധം ചാരിയിട്ടേയുള്ളൂ..
എന്നിട്ടും...
അറിഞ്ഞൊന്നു മനസ്സ്‌ തുറക്കാന്‍..

14 comments:

Appu Adyakshari said...

മനസിന്റെ കണ്ണാടിയാണു മുഖം എന്നൊക്കെ പറയുന്നത് പൂര്‍ണ്ണമായും ശരിയല്ല അല്ലേ.. ? മനുഷ്യമനസ്സുപോലെ ആര്‍ക്കും മനസ്സിലാകാത്ത ഒരു പ്രഹേളിക മറ്റെന്തുണ്ട് .. കവിതയിലെ ചിന്ത നന്നായിട്ടുണ്ട്.

G.MANU said...

എലിപ്പുറത്തു പുറപ്പെട്ടുപോയി
പൂട്ടുകളെത്ര പൊളിയ്ക്കുന്നു..!


super

Rare Rose said...

അലസമായി വെറുതേ ചാരിയിട്ടുള്ളൂവെങ്കിലും ആ കിളിവാതില്‍ തുറന്നെത്തി നോക്കാന്‍ ആര്‍ക്കുമായില്ലേ...
ഇഷ്ടം തോന്നുന്ന വരികള്‍..:)

Kaithamullu said...

“കള്ളന്‍ കയറാതെ,
കയറിയോരൊന്നും പുറത്തുപോകാതെ..“

-ചാരിയിട്ടിട്ടേ ഉള്ളൂ.
സൂത്രപ്പൂട്ടിട്ട് പൂട്ടിയിട്ടില്ല എന്നുറപ്പാണോ?

ചന്ദ്രകാന്തം ചിന്തേരിട്ട് മിനുക്കിയ ചേലുള്ള ചില ചിന്തകള്‍!

പകല്‍കിനാവന്‍ | daYdreaMer said...

:)
നല്ല ചിന്തകള്‍.. .. ഇഷ്ടമായി ..

ശ്രീ said...

"മുട്ടി നോക്കിയിരിയ്ക്കാം..
ഇല്ലാത്താക്കോലിട്ട്‌ ശ്രമിച്ചിരിയ്ക്കാം,
ഇപ്പൊ തുറക്കാമെന്ന്‌ അഹങ്കരിച്ചിരിയ്ക്കാം..."

നന്നായിരിയ്ക്കുന്നു ചേച്ചീ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എത്ര തുറന്നിട്ടാലും കാഴ്ചയെത്താത്തയിടങ്ങള്‍ ഉണ്ടാകും, തുറന്നിട്ട വാതില്‍പ്പാളിക്ക് പുറകില്‍ നിഴലിലൊളിച്ച്..
അല്ലെങ്കിലും മുഴുവനും കാണാതിരിക്കുന്നതും, കാണിക്കാതിരിക്കുന്നതുമല്ലേ നല്ലത്? :)

നസീര്‍ കടിക്കാട്‌ said...

ഞാനെന്നെ ആലയില്‍ കൊടുത്തിട്ടുണ്ട്,
താക്കോലാക്കി മാറ്റിപ്പണിയുവാന്‍...

പാമരന്‍ said...

"..കണക്കിലും
അനുമാനത്തിലുമൊതുങ്ങുമോ ഉള്ളറ.."
fantastic!

ഹരിശ്രീ said...

:)

kichu / കിച്ചു said...

എന്നിട്ടും...
അറിഞ്ഞൊന്നു മനസ്സ്‌ തുറക്കാന്‍..

:)

മുസാഫിര്‍ said...

കണ്ണടയ്ക്കാത്ത, കാതനക്കാത്ത കാത്തിരുന്ന്‌
നിശാഗന്ധി പൂക്കും സംഗീതം അറിയുന്നവന്‍
സൂത്രക്കണക്കില്‍ പാതി തുറക്കുമെന്നൊരു പഴങ്കഥ.

മിത്തുകളും വര്‍ത്തമാനകാലവും .
എന്നിട്ടും..

ഏറനാടന്‍ said...

കവിത വായിച്ചു. കവിതയെ വിലയിരുത്താന്‍ ഞാന്‍ അശക്തനാണ്‌. പണ്ടുമുതല്‍ക്കേ കവിത എനിക്ക് വഴങ്ങാറില്ല, വൃത്തവും അലങ്കാരവും അന്ന് പഠിപ്പിക്കുമ്പോള്‍ ക്ലാസ്സില്‍ കൂര്‍ക്കം വലിച്ച് ഉറങ്ങിയതിന്‌ ചൂരല്‍ പ്രയോഗം എത്ര കിട്ടിയെന്ന് കണക്കില്ല!

താങ്ക്യൂ ചന്ദ്രകാന്തം.. ഇത്രേം ദൂരത്തൂന്നും കുടുംബസഹിതം വന്ന് നമ്മുടെ നാടകം കണ്ടതിനും അനുമോദിച്ചതിനും ഒരുപാട് നന്ദി.

ഇവിടെ വന്ന് ഓഫടിച്ചതിന്‌ മാപ്പ്. :)

വിജയലക്ഷ്മി said...

nalla ulladakkam ishtamaayi..