Sunday, May 24, 2009

ഒറ്റമൈനയുടെ കാഴ്ച

പകുതിയിലേറെ പച്ചപ്പഴിഞ്ഞുപോയ ചില്ല;
തണലൊതുക്കിയിരുന്നാലും
ചിറകിനു തീ പിടിയ്ക്കും.
കാറ്റിളക്കങ്ങള്‍ക്കു മീതെ
പുതുക്കി മേച്ചില്‍ നടത്തുമ്പോഴെല്ലാം
ചിലമ്പിച്ച മുറുമുറുപ്പുകള്‍ ഉച്ചത്തിലെഴുതും.

മട തകര്‍ന്നു മരിച്ചവന്റെ കണ്ണും
ഉരുള്‍പ്പൊട്ടിയ ഒഴുക്കും
ചോരതുപ്പി വീണ മെയ്‌മാസപ്പൂക്കള്‍
വിവര്‍ത്തനം ചെയ്യുന്നു.

നനഞ്ഞ വെയില്‍
പുള്ളികുത്തിക്കളിയ്ക്കും അടുപ്പുകള്‍
എവിടെയും ചോദ്യാക്ഷരങ്ങളില്‍ത്തന്നെ.

തൊണ്ട നീറ്റുന്ന അക്ഷരത്തെറ്റുകള്‍ മായ്ക്കാന്‍
ആഴമറിയാത്ത മണ്‍ഭരണിയില്‍ നിന്നും
ഉയിര്‍കൊള്ളും വെള്ളത്തിനായി
ഇനിയുമേറെ കല്ലുപെറുക്കിയിടണമെന്ന്‌
ഇരിപ്പുമുറിയിലെ ഒറ്റജാലകം
പകര്‍ത്തിയെഴുതുന്നു.

****************************

17 comments:

അഗ്രജന്‍ said...

എങ്ങനെങ്ങനെങ്ങനെ... ഒന്നൂടെ പറഞ്ഞേ :)

anupama said...

okey-we will start putting stones and let the water arise.
keep trying.......
sasneham,
anu

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വിരഹത്തിന്റെ കാഴ്ചയാണോ?

ഉറുമ്പ്‌ /ANT said...

അഗ്രജനു മനസ്സിലായില്ല, പിന്നാണോ ഉറുമ്പിനു മനസ്സിലാകാൻ.?

അനില്‍ശ്രീ... said...

പ്രായമായില്ല എന്ന് മനസ്സു പറയവേ
വര്‍ഷങ്ങള്‍ എണ്ണിപ്പെറുക്കി
പതം പറയുന്നു ദേഹം

(കൂട്ടിവായന...)


കണ്ടൊ എനിക്ക് എന്തെല്ലാം മനസ്സിലായി....!! ഈ അഗ്രജനും ഉറുമ്പിനും ഒന്നുമറിയില്ല...

ഹന്‍ല്ലലത്ത് Hanllalath said...

....അക്ഷരത്തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുകയും
പുതുക്കി മേച്ചിലുകളാല് തൃപ്തിപ്പെടുകയും ചെയ്യുമ്പോഴാണ്
ഒത്തു തീര്‍പ്പുകള്‍ക്ക് വഴങ്ങാന്‍ പഠിക്കുന്നത്......

Ranjith chemmad / ചെമ്മാടൻ said...

ചോരതുപ്പി വീണ മെയ്‌മാസപ്പൂക്കളുടെ
വിവര്‍ത്തനം!....
നാമമാത്രമായ വിവര്‍ത്തനത്തിനെങ്കിലും
മെയ്ഫ്ലവറുകളെങ്കിലും ബാക്കി കാണുമോ?

കനലേറുന്ന വരികള്‍ക്ക് ആശംസകള്‍...

G.MANU said...

നനഞ്ഞ വെയില്‍
പുള്ളികുത്തിക്കളിയ്ക്കും അടുപ്പുകള്‍
എവിടെയും ചോദ്യാക്ഷരങ്ങളില്‍ത്തന്നെ.


As usual..superb

Appu Adyakshari said...

സത്യം പറഞ്ഞാല്‍ എവിടെയൊക്കെയോ കനലെരിയുന്നെന്നല്ലാതെ എനിക്കൊന്നും പിടികിട്ടിയില്ല :-( ഞാന്‍ ഒരാളോട് സഹായം ചോദിച്ചിട്ടുണ്ട്.

അഗ്രജന്‍ said...

ഓഫ് ടോപിക്:
ANT... ഇതെപ്പെഴാ യു.എ.ഇ. വിട്ട് കുവൈറ്റിലേക്ക് ചേക്കേറിയത്?

മുസാഫിര്‍ said...

വായിച്ചിട്ട് ഈ വരികളുടെ തുടര്‍ച്ച പോലെയാണ് തോന്നിയത്.

ഇരുപുറവുമുള്ള ചുഴികളില്‍ വീണുപോകാതെ,
നിഴലിച്ചുകാണുന്ന ഒറ്റയടിപ്പാതയിലൂടെ
വെളുത്ത മണല്‍ത്തിട്ടയില്‍
ആത്മാവെത്തും വരെ...
ബോധമനസ്സിന്റെ കണ്ണുകള്‍ കൂട്ടുവേണം...
ഓ ടോ :

ദുബായില്‍ ചൂട് ഭയങ്കരമായി കൂടിയിരിക്കുന്നെന്ന് പത്രത്തില്‍ വായിച്ചു. :)

Mahi said...

വളരെ നന്നായിട്ടുണ്ട്‌ ചന്ദ്രം

കരീം മാഷ്‌ said...

ഭരണിയിലിട്ട കല്ലുകളോക്കെ തിരിച്ചു പെറുക്കിക്കളഞ്ഞാലേ അടിയിലുള്ള ഇത്തിരി വെള്ളം പോലും കിട്ടൂ വെന്നാണു ആധുനീക ശാസ്ത്രം.
അണകെട്ടാന്‍ പഠിപ്പിച്ചതു ശാസ്ത്രം (ഭക്രാനംഗല്‍). അണകെട്ടുന്നതു തെറ്റാണെന്നു ഇന്നു തിരിച്ചറിഞ്ഞതും ശാസ്ത്രം.

കടു കട്ടി ചന്ദ്രകാന്തം.
ചിന്തിച്ചിട്ടിതാണെഴുതാന്‍ തോന്നിയത്.

ഒ.ടോ
ഈയിടെ എന്താണു കുടിക്കുന്നത് :)
കഷായം ആണോ?

ഇറക്കാന്‍ വിഷമം.
കൂടെ ഇത്തിരി വെല്ലച്ചക്കര താ....നൊട്ടിനുണയാന്‍......!

സുല്‍ |Sul said...

ഹൊ
വായിച്ചു കഴിഞ്ഞപ്പോഴേക്കും തൊണ്ടയിലെ വെള്ളം വറ്റിപ്പോയി.

-സുല്‍

ശ്രീ said...

:)

Unknown said...

എന്റമ്മോ....ഇതുകുറച്ചു കട്ടി തന്നെ മാഷേ...
എന്റെ തൊണ്ടയും വെള്ളത്തിനായി പരതുന്നു!!!!!!!!!!

Anuroop Sunny said...

"തൊണ്ട നീറ്റുന്ന അക്ഷരത്തെറ്റുകള്‍ മായ്ക്കാന്‍
ആഴമറിയാത്ത മണ്‍ഭരണിയില്‍ നിന്നും
ഉയിര്‍കൊള്ളും വെള്ളത്തിനായി
ഇനിയുമേറെ കല്ലുപെറുക്കിയിടണമെന്ന്‌.."

ഈ വരികള്‍ ഇഷ്ടമായി.. ആശംസകള്‍..