Wednesday, June 17, 2009

ഇല്ലാച്ചുമരിനപ്പുറം





അലങ്കാരപ്പുറ്റുകളില്‍ ചാരി
കാതോര്‍ക്കുന്നത്‌
ഉള്ളിലെ കടലിരമ്പമാവാം

ചുണ്ടനക്കമുണ്ട്‌;
വിട്ടുപോന്ന പ്രിയരെ
ദൂരം മുറിച്ചെത്തിയിരുന്ന നീരൊഴുക്കുകളെ
കണ്ണേറെത്താത്ത ഒളിവിടങ്ങളെ
ഒഴുകിമാഞ്ഞ സ്വാതന്ത്ര്യപ്പരപ്പിനെ,
ചൊല്ലി ബലപ്പെടുത്തുകയാവാം;
പലരൂപവും നിറവുമുള്ള
തടവുപുള്ളികള്‍

ചില്ലില്‍ പതിഞ്ഞ കൈനിഴലില്‍,
കണ്ണില്‍ ഭീതി തുളുമ്പി
പിടയുന്ന പൂവിതള്‍ പോലൊരു മീന്‍കുഞ്ഞ്‌..
'നീമോ' തന്നെയിതെന്ന് മകന്‍;

അളന്നുമുറിച്ച വെള്ളത്തിലുഴറും
നിലവിളിക്കീറിലൊന്നെങ്കിലും,
വേവലാതി തിന്ന്‌
കടലില്‍ നിന്ന്‌ കടലിലേയ്ക്ക്‌
തന്നെത്തേടി അവശതപ്പെടുന്ന
അച്ഛനിലെത്തണേയെന്ന്‌
ജീവനിണക്കിനിര്‍ത്തും
ശ്വാസചലനം കൊണ്ടല്ലാതെ
പറയാനറിയാതെ..

****************************
* നീമോ - 'ഫൈന്‍ഡിംഗ്‌ നീമോ' യില്‍ ഒറ്റപ്പെട്ടുപോകുന്ന കുഞ്ഞുമല്‍സ്യം.

ഇവിടെയുമുണ്ട്‌ ഇതുപോലെ ചിലര്‍.

26 comments:

ചന്ദ്രകാന്തം said...

ഇല്ലാച്ചുമരിനപ്പുറം..

പാവപ്പെട്ടവൻ said...

ചുണ്ടനക്കമുണ്ട്‌;
വിട്ടുപോന്ന പ്രിയരെ
ദൂരം മുറിച്ചെത്തിയിരുന്ന നീരൊഴുക്കുകളെ

മനോഹരം ആശംസകള്‍

Junaiths said...

കടലില്‍ നിന്ന്‌ കടലിലേയ്ക്ക്‌
തന്നെത്തേടി അവശതപ്പെടുന്ന
അച്ഛനിലെത്തണേയെന്ന്‌
ജീവനിണക്കിനിര്‍ത്തും
ശ്വാസചലനം കൊണ്ടല്ലാതെ
പറയാനറിയാതെ..

girishvarma balussery... said...

വളരെ നന്നായിരിക്കുന്നു. ഭാവന. കവിത ഇവിടെ തളിര്‍ക്കുന്നു. പൂക്കുന്നു. കായ്കുന്നു . ആശംസകള്‍

Vinodkumar Thallasseri said...

'അളന്നുമുറിച്ച വെള്ളത്തിലുഴറും
നിലവിളിക്കീറിലൊന്നെങ്കിലും,
വേവലാതി തിന്ന്‌
കടലില്‍ നിന്ന്‌ കടലിലേയ്ക്ക്‌
തന്നെത്തേടി അവശതപ്പെടുന്ന
അച്ഛനിലെത്തണേയെന്ന്‌
ജീവനിണക്കിനിര്‍ത്തും
ശ്വാസചലനം കൊണ്ടല്ലാതെ
പറയാനറിയാതെ..'

ഗംഭീരം.

Sabu Kottotty said...

ഞാനുമിവിടെത്തി..!
കവിത തരക്കേടില്ല...

പാമരന്‍ said...

അക്വേറിയത്തിലെ മീനുകളെക്കാണുമ്പോള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌. പക്ഷേ ഇങ്ങനെ കവിതയൊഴുക്കാനറിയില്ലല്ലോ :)

ശ്രീ said...

പാവം തടവു പുള്ളികള്‍!

Appu Adyakshari said...

നല്ല കവിത.
ദുരൂഹമായ അർത്ഥങ്ങളൊന്നുമില്ലാതെ മനസ്സിലാക്കി. നന്ദി. അഭിനന്ദനങ്ങൾ

ഓ.ടോ: ശ്രീയേ.. എന്തുപറ്റി? വർമ്മാലയത്തിൽ വർമ്മകൾ ഒരു മിമിക്രി കാണിച്ചു എന്നു കരുതി സ്വന്തം സ്റ്റൈൽ മാറ്റണ്ടാകേട്ടോ

“പാവം തടവുപുള്ളികൾ :) “ ഇങ്ങനെതന്നെയാണതിന്റെ സ്റ്റൈൽ !! വർമ്മകൾ പറഞ്ഞതാണു ശരി :)

കരീം മാഷ്‌ said...

ഉണ്ടല്ലോ ചുമരു ചുറ്റിലും..

വല്യമ്മായി said...

വരികളില്‍ ലാളിത്യം പതിവില്ലാത്തതഅണല്ലോ.പടം ദുബായ് മാളിലേയോ അറ്റ്ലാന്റിസിലേയോ?

കുഞ്ഞന്‍ said...

ഓഫ്..അപ്പൂട്ടാ വര്‍മ്മ പോലും ഇത്രയും ഹാസ്യാത്മകമായി ശ്രീയെ അനുകരിച്ചിട്ടില്ല, എന്നാല്‍ അപ്പൂട്ടന്റെ അനുകരണം അസ്സലെന്നു പറഞ്ഞാല്‍ അത് കുറഞ്ഞുപോകും..!

മുസാഫിര്‍ said...

കണ്ണാടി ചില്ലില്‍ സ്വന്തം പ്രതിബിംബവും കണ്ടുവോ ?

[ nardnahc hsemus ] said...

ഛേ....
കൂടുതല്‍പേര്‍ക്കും മനസ്സിലാകാവുന്നൊരു കവിതയായിപ്പോയല്ലോ!!!

;)

വരവൂരാൻ said...

അലങ്കാരപ്പുറ്റുകളില്‍ ചാരി
കാതോര്‍ക്കുന്നത്‌
ഉള്ളിലെ കടലിരമ്പമാവാം

ഒരിക്കൽ കടലിരബിയെത്തുമെന്നു മോഹിച്ചിട്ടുമുണ്ടാവണം

പകല്‍കിനാവന്‍ | daYdreaMer said...

'അളന്നുമുറിച്ച വെള്ളത്തിലുഴറും
നിലവിളിക്കീറിലൊന്നെങ്കിലും,
വേവലാതി തിന്ന്‌
കടലില്‍ നിന്ന്‌ കടലിലേയ്ക്ക്‌
തന്നെത്തേടി അവശതപ്പെടുന്ന
അച്ഛനിലെത്തണേയെന്ന്‌
ജീവനിണക്കിനിര്‍ത്തും
ശ്വാസചലനം കൊണ്ടല്ലാതെ
പറയാനറിയാതെ..'
.........
ഉള്ളില് നോവിന്റെ തിരയിളക്കം..

കാട്ടിപ്പരുത്തി said...

ലളിതമാണിതിന്റെ സൌന്ദര്യം

Kaithamullu said...

പലരൂപവും നിറവുമുള്ള
തടവുപുള്ളികള്‍......

-നാം എല്ലാരും!

ആരൊക്കെയോ എവിടെയൊക്കെയോ തേടുന്നുണ്ട്, കാത്തിരിപ്പുണ്ട് എന്ന മിഥ്യാധാരണയില്‍ സ്വയം തലോടലില്‍ ആശ്വാസം കാണ്ടെത്തുന്നവര്‍....

അല്ലേ?
(കവീ, എന്തിന് ചിന്തിപ്പിക്കുന്നൂ? വേദനിപ്പിക്കുന്നൂ ..ഇങ്ങനെ?)

Rejeesh Sanathanan said...

കവി ഉദ്ദേശിച്ചത് കമന്‍റുകള്‍ കണ്ടപ്പോള്‍ മനസ്സിലായി.......

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വേദനകളും ..ആശങ്കകളും..

മനസ്സു കുളിര്‍ക്കുന്ന ഒരു കവിത ഇടൂ..

:)

ചന്ദ്രകാന്തം said...

കടല്‍ത്തുള്ളികള്‍ തൊട്ടെടുത്ത എല്ലാവര്‍ക്കും നന്ദി.

(വല്യമ്മായീ, ഇത്‌ ഷാര്‍ജയിലെ അക്വേറിയമാണ്‌. എല്ലാ തട്ടിലെ വെള്ളവും ഒന്നിച്ചെടുത്താല്‍‌പ്പോലും നാട്ടിലെ 'ചാട്ടുകുളത്തോളം' വരില്ല.)

സുല്‍ |Sul said...

ഇതാണോ പ്രവാസ കവിത ചന്ദ്രേ...

എമിഗ്രേഷനും കഴിഞ്ഞ് നാട്ടില്‍ കാല്‍ കുത്തുന്നതു വരെ ഒരു വിധത്തില്‍ പറഞ്ഞാല്‍ നാം അനുഭവിക്കുന്നതും അളന്നു മുറിച്ച വെള്ളത്തിലെ നീന്തിത്തുടിപ്പുകളല്ലെ?

നല്ല വരികള്‍...

-സുല്‍

Unknown said...

കടലില്‍ നിന്ന്‌ കടലിലേയ്ക്ക്‌
തന്നെത്തേടി അവശതപ്പെടുന്ന
അച്ഛനിലെത്തണേയെന്ന്‌
ജീവനിണക്കിനിര്‍ത്തും
ശ്വാസചലനം കൊണ്ടല്ലാതെ
പറയാനറിയാതെ..
കൊള്ളാം ചേച്ചി എവിടെ യോ തട്ടുന്നു ഈ വരികൾ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"അലങ്കാരപ്പുറ്റുകളില്‍ ചാരി
കാതോര്‍ക്കുന്നത്‌
ഉള്ളിലെ കടലിരമ്പമാവാം.."

അതെ, എത്ര സൌകര്യങ്ങള്‍ക്കിടയിലാണെങ്കിലും അദൃശ്യമായ ഒരു ചില്ലുകൂട് ചുറ്റിലും അനുഭവിക്കാനാവുന്നുണ്ട്...

സെറീന said...

നിലവിളിയുടെ കടല്‍പ്പെരുക്കം..
നല്ല കവിത.

സന്തോഷ്‌ പല്ലശ്ശന said...

സൂക്ഷ്മമായ സവേദനം ആവശ്യപ്പെടുന്ന കവിത; ഒറ്റ വായനയില്‍ എനിക്ക്‌ ആ അക്വേറിയത്തിന്‍റെ ചിത്രം ഉരുത്തിരിഞ്ഞിരുന്നില്ല....പിന്നെ പതിയെ ഒരു വേദന എന്‍റെ മനസ്സില്‍ ഇതള്‍ വിരിക്കുകയായിരുന്നു....നന്ദി ഈ നല്ല കാവ്യാനുഭവത്തിന്‌...സമകാലിക കവിതയ്ക്ക്‌ ഒപ്പം നടക്കുന്ന ഈ കവിമനസ്സിന്‌ അഭിനന്ദനങ്ങള്‍....