Saturday, August 15, 2009

എടുത്തുവപ്പുകള്‍ മറിച്ചുനോക്കാനുള്ളതല്ലെന്ന്‌...

മഴത്തണുപ്പ്‌ തലവഴി മൂടി
കൂര്‍ക്കം വലിയ്ക്കുന്ന ഇരുട്ടില്‍,
ഉറക്കം തൂങ്ങും മേശവിളക്കിന്റെ
ഒറ്റക്കണ്‍നോട്ടത്തിലേയ്ക്ക്‌
മൂലകളടര്‍ന്ന ചട്ടപ്പെട്ടിയില്‍ നിന്നും
കരിംപച്ചയില്‍ സ്റ്റാമ്പുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന
പുറന്തോടുമായി
ചരിത്രപാഠപുസ്തകം നീങ്ങിയിരുന്നു

രാജ്യാതിര്‍ത്തികള്‍ പലതും മാഞ്ഞ്‌,
അറ്റം ചുളുങ്ങി,
തമ്മിലൊട്ടിയും തെറ്റിത്തെറിച്ചും പേജുകള്‍

അക്ബറിന്റെ തലയും
ഝാന്‍സിറാണിയുടെ പകുതി വാളും
തിന്നുതീര്‍ത്ത്‌
ഇരട്ടവാലന്‍ വെട്ടിത്തെളിച്ച
കപ്പല്‍പാതകള്‍

ഗാന്ധിപ്പടവും മൂവര്‍ണ്ണക്കൊടിയും
മുക്കാലും പൊടിഞ്ഞു

പഴമണവും പൊടിയും പിടിയ്ക്കാതെയാവാം
വെളിച്ചമൊന്നു തുമ്മി

എന്നും അവസാനപേജിലൊതുങ്ങുന്ന
പൗരധര്‍മ്മം തുറന്നപ്പോഴേയ്ക്കും
ആഞ്ഞുവീശിയ വാള്‍ത്തിളക്കം
വിളക്കിന്‍ കണ്ണടപ്പിച്ചു.

ആഗസ്റ്റ്‌ ലക്കം 'കലിക'യില്‍ പ്രസിദ്ധീകരിച്ചത്‌.

10 comments:

ചന്ദ്രകാന്തം said...

വന്ദേ മാതരം..!

കിലുക്കാംപെട്ടി said...

ഇന്നത്തെ കാലത്തിനു പറ്റിയത്.പൌരധര്‍മ്മം പഠിക്കാന്‍ ചരിത്രം ഒരിക്കലും അനുവദിക്കില്ല.
നല്ല ചിന്തയും നല്ല വരികള്ളും

..::വഴിപോക്കന്‍[Vazhipokkan] said...

വിളക്കുകള്‍ അണയാതിരിക്കട്ടെ..
വന്തേ മാതരം!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അല്ലെങ്കിലും ചരിത്രം അങ്ങനെയാണ്, ചില ഇരട്ടവാലന്മാര്‍ക്ക് തിന്നു തീര്‍ക്കാനും, മാറ്റിയെഴുതാനും..

രാമചന്ദ്രന്‍ വെള്ളിനേഴി said...

വാക്യാര്‍ത്ഥവും വ്യംഗ്യാര്‍ത്ഥവും നിറഞ്ഞു നില്‍ക്കുന്ന മനോഹരമായ കവിത
=================
"എന്നും അവസാനപേജിലൊതുങ്ങുന്ന
പൗരധര്‍മ്മം തുറന്നപ്പോഴേയ്ക്കും"

അതെ നാം എന്നും പൗരധര്‍മ്മം നാം അവസാനത്തേക്കു മാറ്റി ,അവകാശങ്ങളെ കുറിച്ചു മാത്രം ചിന്തിക്കുന്നു.

ആശയഭംഗി അതികേമം
================
"പഴമണവും പൊടിയും പിടിയ്ക്കാതെയാവാം
വെളിച്ചമൊന്നു തുമ്മി"

നൊസ്റ്റാള്‍ജിയ......
--------------
മഴത്തണുപ്പ്‌ തലവഴി മൂടി
കൂര്‍ക്കം വലിയ്ക്കുന്ന ഇരുട്ടില്‍,
ഉറക്കം തൂങ്ങും മേശവിളക്കിന്റെ
ഒറ്റക്കണ്‍നോട്ടത്തിലേയ്ക്ക്‌
മൂലകളടര്‍ന്ന ചട്ടപ്പെട്ടിയില്‍ നിന്നും
കരിംപച്ചയില്‍ സ്റ്റാമ്പുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന
പുറന്തോടുമായി
ചരിത്രപാഠപുസ്തകം നീങ്ങിയിരുന്നു

കുമാരന്‍ | kumaran said...

:)

അരുണ്‍ കായംകുളം said...

നല്ല ചിന്തകള്‍

ചാണക്യന്‍ said...

കവിത നന്നായി...

വെളിച്ചപ്പാട് said...

സമത്വസുന്ദര ഭാരതം ചിതലരിക്കാന്‍ തുടങ്ങിയിട്ട് കാലം ഇശ്ശ്യായി.സ്പര്‍ദ്ധയുടെ പേരില്‍ നമ്മള്‍ വാളെടുക്കുന്നു. രാജ്യത്തിന്‍റെ പാരമ്പര്യവും സംസ്കൃതിയും നമുക്കിന്നന്യം. സംസ്കാരം തച്ചുടക്കുന്ന ക്ഷൂദ്രശക്തികള്‍ ആരായിരുന്നാലും നാം അവരെ തിരിച്ചറിയേണ്ടിയിരിക്കുന്നു. അവര്ക്കെതിരെയാണ്‌ നാം പടവാളോങ്ങേണ്ടത് തികച്ചും തന്ത്രപരമായ നീക്കങ്ങളാണവരുടേത്. കുടുംബ ശിഥിലീകരണമ്,യുവനിരയെ മദ്യത്തിനും മയക്കുമരുന്നിനും വ്യഭിചാരങ്ങള്‍ക്കും വലയൊരുക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെയാണ്.

ജയ് ഹിന്ദ്.

jayanEvoor said...

നല്ല രചന!

വന്ദേ മാതരം!