Wednesday, January 6, 2010

ആത്മവൃക്ഷം

കുന്നിന്‍പുറങ്ങള്‍ക്ക്‌,
ഇലപൂത്ത്‌ നില്‍ക്കും വിതാനത്തിന്‍
ഒറ്റക്കാഴ്ചയാണ്‌ താഴ്‌വാരം

ആഴം തേടിപ്പോയ ചോലകള്‍ക്കറിയാം
തുളസി തൊട്ടു തളിച്ചാല്‍
കീഴാര്‍നെല്ലിയും
കണിക്കൊന്നയും
കൈതയും
ഏഴിലംപാലയും
ഉയിര്‍കൊള്ളുന്ന കോശങ്ങളെ

വള്ളികള്‍ സിരകളായ്‌ പടര്‍ന്ന്‌
ഏണുകളിലൊക്കെയും പൊടിച്ച മരങ്ങളെ,
ഒരു മരമെന്ന്‌ കരുതുമ്പോഴേയ്ക്കും
ഉണര്‍ന്നു വരും കാടിനെ

മേഘമേലാപ്പും ഇലനിരപ്പും ചോര്‍ന്ന്‌
ഈറന്‍മണ്ണില്‍ ജീവന്‍ വരയ്ക്കും
വെയില്‍നൂലുകളില്‍,
വാക്കേ വാക്കേ എന്ന്‌
ചിറകു വിരുത്തും അക്ഷരങ്ങളെ..
അവ കൂടുവയ്ക്കും കവിതയെ..

************************************

17 comments:

ശ്രീ said...

പുതുവര്‍ഷത്തിലെ ആദ്യ പോസ്റ്റിന് ആശംസകള്‍, ചേച്ചീ. ഒപ്പം നല്ലൊരു പുതുവര്‍ഷവും ആശംസിയ്ക്കുന്നു.

അപ്പു ആദ്യാക്ഷരി said...

ചന്ദ്രകാന്തത്തിന്റെ
പുതുവർഷക്കവിതയ്ക്ക്
ആശംസകൾ!

മാണിക്യം said...

പുതുവര്‍ഷത്തില്‍
ചന്ദ്രകാന്തം സമ്മാനിച്ച ആത്മവൃക്ഷത്തിനു നന്ദി
സര്‍‌വ്വ ഐശ്വര്യങ്ങളും സമാധാനവും
സന്തോഷവും ആയുരാരോഗ്യവും നേരുന്നു

വല്യമ്മായി said...

ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങുമ്പോല്‍ കാണാമല്ലെ ഒരു ലോകത്തെ :)

ചീര I Cheera said...

ഈ ആത്മവൃക്ഷം ഇങ്ങനെതന്നെ ഇവിടെ ഉണ്ടാവട്ടെ, എന്നും ആസ്വദിയ്ക്കപ്പെടാനായി..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ആത്മാവിന്‍റെ ആഴങ്ങളില്‍ ഒരു കാട് തന്നെ പൂക്കട്ടെ ഈ വര്‍ഷവും.

Rare Rose said...

ഒരു കാടു തന്നെ ഉള്ളിലൊളിപ്പിച്ച ഈ മരമെന്നും അങ്ങനെ പൂത്തുലഞ്ഞു നില്‍ക്കട്ടെ..
പുതുവത്സരാശംസകള്‍..:)

ഹരിയണ്ണന്‍@Hariyannan said...

മേഘമേലാപ്പും ഇലനിരപ്പും ചോര്‍ന്ന്‌
ഈറന്‍മണ്ണില്‍ ജീവന്‍ വരയ്ക്കും
വെയില്‍നൂലുകളില്‍,
വാക്കേ വാക്കേ എന്ന്‌
ചിറകു വിരുത്തും അക്ഷരങ്ങളെ..
അവ കൂടുവയ്ക്കും കവിതയെ..


ഈ വരികള്‍ക്കിടയിലൂടെ ഊര്‍ന്നുവീഴുന്ന കാവ്യരശ്മികള്‍ ആസ്വാദകഹൃദയങ്ങളെ ഇവിടെ കൂടുവയ്പ്പിക്കുമെന്നുറപ്പ്!

പുതുവത്സരാശംസകള്‍ !

അഭി said...

ചിറകു വിരുത്തും അക്ഷരങ്ങളെ..
അവ കൂടുവയ്ക്കും കവിതയെ..
പുതുവത്സരാശംസകള്‍

ആഗ്നേയ said...

ആഴംതേടിപ്പോകുന്ന ചോലകൾ വേനലറിയാതിരിക്കട്ടെ
മേഘമേലാപ്പും,ജലനിരപ്പും ചോർന്ന് വെയിൽക്കീറിറങ്ങി
പൊടിപ്പുകൾക്കിടയിൽ ചിറകടികൾ കൂടൊരുക്കി ചേക്കേറട്ടെ..
പുതുവർഷാശംസകൾ!

നജൂസ്‌ said...

ഒരു മരമെന്ന്‌ കരുതുമ്പോഴേയ്ക്കും
ഉണര്‍ന്നു വരും കാടിനെ!!

അനിലൻ said...

മഴയ്ക്കു ശേഷം പുലരുമ്പോള്‍ വീശുന്ന കാറ്റിന്റെ തെളിമയും തണുപ്പുമുണ്ട് കവിതയ്ക്ക്.

jayanEvoor said...

മനോഹരമായ വരികൾ...!

രാജേഷ്‌ ചിത്തിര said...

ഒരു മരമെന്ന്‌ കരുതുമ്പോഴേയ്ക്കും
ഉണര്‍ന്നു വരും കാടിനെ

മേഘമേലാപ്പും ഇലനിരപ്പും ചോര്‍ന്ന്‌
ഈറന്‍മണ്ണില്‍ ജീവന്‍ വരയ്ക്കും
വെയില്‍നൂലുകളില്‍,
വാക്കേ വാക്കേ എന്ന്‌
ചിറകു വിരുത്തും അക്ഷരങ്ങളെ..
അവ കൂടുവയ്ക്കും കവിതയെ..

ഹോ ...ഭാവനയുടെ കൊടുംകാട് ....:)

Ranjith chemmad / ചെമ്മാടൻ said...

"മേഘമേലാപ്പും ഇലനിരപ്പും ചോര്‍ന്ന്‌
ഈറന്‍മണ്ണില്‍ ജീവന്‍ വരയ്ക്കും
വെയില്‍നൂലുകളില്‍,
വാക്കേ വാക്കേ എന്ന്‌
ചിറകു വിരുത്തും അക്ഷരങ്ങളെ..
അവ കൂടുവയ്ക്കും കവിതയെ.."

ചന്ദ്രകാന്തത്തിന്റെ, വായിച്ചതില്‍ വെച്ചേറ്റവും മനോഹരമായതിലൊന്നാണീ
പുതുവര്‍ഷ സമ്മാനം!

Mahesh Cheruthana/മഹി said...

ആത്മവൃക്ഷത്തിന്റെ തണലില്‍ ഞാനും ഇരുന്നു,വളരെ ഇഷ്ടമായി!
ഈ പുതു വര്‍ഷം ഒത്തിരി നന്മയുടെ പൂക്കള്‍ സമ്മാനിക്കട്ടെ!

ചന്ദ്രകാന്തം said...

വായിച്ച്‌, അഭിപ്രായം പറഞ്ഞും പറയാതെയും പോയ എല്ലാവര്ക്കും നന്ദി.
നവ വല്സരാശംസകളോടെ..