Wednesday, May 12, 2010

വേനല്‍മഴ

മഞ്ഞകലര്‍ന്ന ഇലകള്‍
കാറ്റ്‌ അഴിച്ചെടുത്തു
മേലാട പോയ പരിഭ്രമത്തില്‍
തൈമരം കൈപിണച്ചു വച്ചു
വെയില്‍ തൊട്ട തളിരുകള്‍ ചുവന്നു
തേനുറുമ്പുകള്‍ അടക്കം പറഞ്ഞു

നീട്ടിയൊന്നു ചൂളംകുത്തി
മുളംതലപ്പുകള്‍ ഇലയൊതുക്കി,
ആകാശം തിരിതാഴ്ത്തി

പിടഞ്ഞുനില്‍ക്കും ഇലഞ്ഞെട്ടില്‍,
തുടുത്ത പൊടിപ്പുകളില്‍,
വെള്ളിനൂലിഴചേര്‍ത്ത
കാര്‍മേഘപ്പട്ടഴിഞ്ഞുതിര്‍ന്ന്‌..
വിരിച്ചിട്ട മണ്‍തരികളില്‍
ചിത്രലിപികളെഴുതി

ഓരോ തുള്ളിയും
ആയിരം സ്നേഹവേഗങ്ങളായി തൊട്ടുരുമ്മി
താപമലിയിയ്ക്കെ,
തൊലിവിണ്ട ഭൂരേഖകള്‍ മാഞ്ഞു
തീപ്പെട്ട നാളുകള്‍ സാഗരസ്നാനം ചെയ്തു..

**********************************

19 comments:

ചന്ദ്രകാന്തം said...

വേനല്‍മഴ..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നനഞ്ഞു..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വിയര്‍ത്ത് കുളിച്ച് എ.സി. യിലേക്ക് കയറുമ്പോള്‍ ഉസ്മ്മാനിക്ക പറയും ,
'പുറത്തെന്നാ ..മഴ !'

നനയുന്നു നമ്മള്‍ പലവിധം.

Unknown said...

ഓരോ തുള്ളിയും
ആയിരം സ്നേഹവേഗങ്ങളായി തൊട്ടുരുമ്മി
താപമലിയിയ്ക്കെ,
തൊലിവിണ്ട ഭൂരേഖകള്‍ മാഞ്ഞു
തീപ്പെട്ട നാളുകള്‍ സാഗരസ്നാനം ചെയ്തു
പെയ്യട്ടെ മഴ അത്മാവിന് കുളിരായി.

പകല്‍കിനാവന്‍ | daYdreaMer said...

ഓരോ തുള്ളിയും
ആയിരം സ്നേഹവേഗങ്ങളായി തൊട്ടുരുമ്മി
താപമലിയിയ്ക്കെ,!!

Appu Adyakshari said...

സുന്ദര്‍ സുന്ദര്‍......

"മഞ്ഞകലര്‍ന്ന ഇലകള്‍
കാറ്റ്‌ അഴിച്ചെടുത്തു
മേലാട പോയ പരിഭ്രമത്തില്‍
തൈമരം കൈപിണച്ചു വച്ചു..."

മഴ പെയ്തിറങ്ങുന്നത് ശരിക്കും അനുഭവിച്ചു ഇത് വായിച്ചപ്പോള്‍..!!

ഓ.ടോ. ഇങ്ങനെ എന്നെപ്പോലെയുള്ള സാമാന്യ ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്ന കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

hashe said...
This comment has been removed by the author.
Kalavallabhan said...

"തേനുറുമ്പുകള്‍ അടക്കം പറഞ്ഞു"
മഴ വരുന്നു, വേനൽ മഴ.

രാജേഷ്‌ ചിത്തിര said...

ഭാവനയുടെ അക്ഷരസ്നാനം...

സ്നേഹവേഗത്തില്‍ മനസ്സുനനഞ്ഞു...

Kaithamullu said...

നീട്ടിയൊന്നു ചൂളംകുത്തി
മുളംതലപ്പുകള്‍ ഇലയൊതുക്കി,
ആകാശം തിരിതാഴ്ത്തി
--
നാണിച്ചിട്ടാ?

നനയാതെ നനയുന്നു,
മേലാകെ കുളിരുന്നു
പെയ്യാത്ത വേനല്‍ മഴയില്‍!

M.R.Anilan -എം. ആര്‍.അനിലന്‍ said...

മേലാട പോയ പരിഭ്രമത്തില്‍
തൈമരം കൈപിണച്ചു വച്ചു
-വേനൽ മഴയിലെ ഈ അർദ്ധനഗ്നസ്നാനം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്

Ranjith chemmad / ചെമ്മാടൻ said...

നനയാന്‍ മാത്രം കവിത പെയ്തില്ലേ? എന്നൊരു സംശയം!!!

ശാന്ത കാവുമ്പായി said...

ഓരോ തുള്ളിയും ആയിരം
സ്നേഹ വേഗങ്ങളായി
തൊട്ടുരുമ്മി താപമലിയിക്കട്ടെ.

Anonymous said...

പ്രഭാവർമ്മയുടെ മഴ നനഞ്ഞതിനു ശേഷം പിന്നെ ഞാൻ നനയുന്നത് ഇപ്പോഴാണു് മാഷെ!

Junaiths said...

പെയ്യട്ടെ...

പാമരന്‍ said...

കാഴ്ചയില്‍ മാത്രം കോണ്‍സന്‍ട്രേറ്റു ചെയ്യുകയാണോ?

കാവലാന്‍ said...

വേനല്‍ നിന്നു പെയ്യുന്നതിനിടയ്ക്കിങ്ങനെ മഴയെക്കുറിച്ചോര്‍മ്മിപ്പിക്കല്ലെ.

Sidheek Thozhiyoor said...

പുതുമഴയായ്‌ പുണര്‍ന്നു..ഓരോ തുള്ളിയും ആസ്വദിച്ചു.

ഭാനു കളരിക്കല്‍ said...

ഓരോ തുള്ളിയും
ആയിരം സ്നേഹവേഗങ്ങളായി തൊട്ടുരുമ്മി
താപമലിയിയ്ക്കെ,
തൊലിവിണ്ട ഭൂരേഖകള്‍ മാഞ്ഞു
തീപ്പെട്ട നാളുകള്‍ സാഗരസ്നാനം ചെയ്തു...

theeppetta nalukale sagarasnaanam cheyyaneththiya ee venalmazha bhuumiye kuliraniyikkum vare peythu nirayatte...