Thursday, May 27, 2010

സൂര്യായനം

മേഘം ചുറ്റിപ്പടര്‍ന്ന മലയില്‍ നിന്നും
നടക്കാനിറങ്ങും ഋതുക്കളുടെ
പുടവത്തുമ്പൊന്നു തൊട്ടാല്‍
തളിര്‍ക്കാനും പൂക്കാനും
ഇല മാറ്റിയുടുക്കാനും കൊതിച്ച്‌,
നിറച്ചാര്‍ത്തൊതുക്കി വച്ചിരുന്ന ചില്ലകളെ
കരിയില പൊതിഞ്ഞെടുത്തു പോയി

ചുളിവീണ ചെമ്മണ്‍മുഖങ്ങളും
പാകിയ പാറത്തലപ്പുകളും
വരണ്ട നീരൊഴുക്ക്‌ ഏറ്റുപാടി

കണ്ണും കാതും പാട്ടനിലമായി

മധുരം പൊതിഞ്ഞ വിഷവിത്ത്‌
നുണഞ്ഞ്‌ നുണഞ്ഞ്‌
കര്‍മ്മകാണ്ഡം
ശൈത്യകാലത്തില്‍ നങ്കൂരമിട്ടു

വെയില്‍മഞ്ഞയുടുത്തൊരു ഞാറ്റുപാട്ടില്‍,
അക്ഷരമാലയിലെ ഓരോ മണിയും
വേരൂന്നി നിവര്‍ന്ന്‌
ആകാശത്തേയ്ക്ക്‌ നോട്ടമെറിഞ്ഞതാകാം;
മരിച്ച നാവിലും നാഡിയിലും
ഒരരയാലിന്‍ ഇലപ്പെരുക്കം..
ഒരോടത്തണ്ടിന്‍ ശ്വാസവേഗം..

മനസ്സിന്‍ കൈവഴികളില്‍
കാറ്റിന്‍ വായ്ത്താരി കേള്‍ക്കുന്നു
ഋതുദേവകള്‍
ഇനിയുമീ വഴി വരികയാവാം..

**********************

21 comments:

ചന്ദ്രകാന്തം said...

ഉള്ളിലുറഞ്ഞ ശൈത്യകാലത്തിന്‍ തോടടര്‍ത്തി ജീവന്‍ വിരിയിയ്ക്കും വെയില്‍ച്ചിറകുകളേ..

jayanEvoor said...

നല്ല കവിത.
ഇഷ്ടപ്പെട്ടു.

kaithamullu : കൈതമുള്ള് said...

വെയില്‍മഞ്ഞയുടുത്തൊരു ഞാറ്റുപാട്ടില്‍,
അക്ഷരമാലയിലെ ഓരോ മണിയും
വേരൂന്നി നിവര്‍ന്ന്‌
ആകാശത്തേയ്ക്ക്‌ നോട്ടമെറിഞ്ഞതാകാം;
മരിച്ച നാവിലും നാഡിയിലും
ഒരരയാലിന്‍ ഇലപ്പെരുക്കം..
ഒരോടത്തണ്ടിന്‍ ശ്വാസവേഗം..
-----
ഋതുദേവകള്‍
ഇനിയുമീ വഴി വരട്ടെ!

ഭാനു കളരിക്കല്‍ said...

suryayanam kazhinjaal chandrayanamo? rthuvinte parinamangal... theerchchayayum kavyalmakam

Kalavallabhan said...

"ഋതുദേവകള്‍
ഇനിയുമീ വഴി വരികയാവാം.."

മാറ്റത്തിന്റെ

ഉപാസന || Upasana said...

അക്ക

വെയില്‍മഞ്ഞയുടുത്തൊരു ഞാറ്റുപാട്ടില്‍,
അക്ഷരമാലയിലെ ഓരോ മണിയും
വേരൂന്നി നിവര്‍ന്ന്‌
ആകാശത്തേയ്ക്ക്‌ നോട്ടമെറിഞ്ഞതാകാം;


:-)

രാജേഷ്‌ ചിത്തിര said...

മനസ്സില്‍ വന്ന ചിത്രം വരികളില്‍ പൂര്‍ണമായൊ എന്ന സംശയം ബാക്കി...

വരച്ച ചിത്രത്തെ അറിഞ്ഞു...

:))

വികടശിരോമണി said...

ഒരേ ശ്വാസവേഗങ്ങളോടു ചേരുന്നു.

സോണ ജി said...

നല്ല ഭാവനയുള്ള കവിയാണു്‌ ചന്ദ്രകാന്തം എന്നിരിക്കേ ,അദ്ദേഹം കെട്ടിയിട്ട ആട് നല്ല പുല്‍മെത്ത വിരിച്ച മൈതാനത്തില്‍ നില്‍ക്കുന്നു.ആ ആട് കുറ്റിക്ക് ചുറ്റും കറങ്ങുന്നു..അതിനെ എന്നാണു്‌ കവി അഴിച്ചു വിടുക?? വിശാല ലോകം കാണാത്ത പാവം ആട് ഇപ്പോഴും ആ കുറ്റിക്ക് ചുറ്റും കറങ്ങികളിക്കുന്നു. അല്ലയോ കവേ ,അതിനെ അഴിച്ചു വിടൂ.....ആവര്‍ത്തനത്തില്‍ നിന്നും....അത് ഭാവനയുടെ വിശാല ലോകത്തില്‍ മേഞ്ഞ് കുതിക്കട്ടെ...ഭാവുകങ്ങള്‍!!

പാമരന്‍ said...

സോണ ജിയോടു യോജിക്കാതെ വയ്യ. അപാര ദൃശ്യഭംഗിയുണ്ട്‌ കവിതയില്‍. പക്ഷേ, എപ്പോഴും കാഴ്ചകള്‍ തന്നെ മതിയോ?

വികടശിരോമണി said...

തികച്ചും വൈയക്തികമാണ് ചന്ദ്രകാന്തത്തിന്റെ എഴുത്ത്.ദൃശ്യങ്ങൾക്കു ഭാഷ നിർമ്മിക്കുന്നതിനുള്ള സിദ്ധിയാണ് താങ്കളുടെ കൈയ്യൊപ്പ്.അതു മാറ്റണം എന്ന് അഭിപ്രായമില്ല.ഏകതാനമായ ശൈലികൾ ഉപേക്ഷിച്ചാൽ കൊള്ളാം.മിക്ക കവിതകൾക്കും ഒരേ മിടിപ്പ്,ശ്വാസവേഗം.

കവിതയുടെ ഋതുദേവകളോട് കവിക്കു പോലും കൽ‌പ്പിക്കാനാവില്ല എന്ന അഭിപ്രായമുള്ളതുകൊണ്ട് മിണ്ടാതിരുന്നു എന്നേയുള്ളൂ.

G.manu said...

Good One

HASH said...

ഇനിയുമീ വഴി വരികയാവാം...വരട്ടെ ഇനിയും നല്ല കവിതകള്‍..

HASH said...

സോണയും വികടശിരോമണിയും പറഞത് പോലെ ആവര്‍ത്തനമുണ്ടോ..(images)??

എന്‍.ബി.സുരേഷ് said...

ഇങ്ങനെ ശൈഥില്യപ്പെടുന്നതെന്തിന്.
കവിത്വം വല്ലാ‍തെ അനുഗ്രഹിച്ച ഒരു മനസ്സിന് കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തിക്കൂടെ?

jayarajmurukkumpuzha said...

valare nannayittundu... aashamsakal.....

Mahesh Cheruthana/മഹി said...

എനിക്കിഷ്ടമായി!

Vayady said...

ഋതുഭേദങ്ങളെ നല്ല ഭംഗിയായി വര്‍ണ്ണിച്ചിരിക്കുന്നു..
നല്ല കവിത.

Jishad Cronic™ said...

ഋതുദേവകള്‍
ഇനിയുമീ വഴി വരട്ടെ!

Sirjan said...

നല്ല കവിത... ഇഷ്ടായി ട്ടൊ..

jp said...

മനോഹരമായ വരികള്‍