Monday, June 28, 2010

വായില്ലാമൊഴി

കരിയും ചോപ്പും തേച്ച
മുഖമെഴുത്തും ഉടുത്തുകെട്ടും
കഴുത്തിറങ്ങിയ മുടിയുമായി കളിവേഷങ്ങള്‍,
കുറുങ്കുഴലും ചിലമ്പും
മുഴങ്ങുമൊറ്റച്ചെണ്ടയും കൊണ്ട്‌
കാണികളിലേയ്ക്ക്‌
കാല്‍ത്താളം പകര്‍ത്തി

ലോകം വിഴുങ്ങും തിരകളെ
വരച്ചിട്ട കളങ്ങളില്‍
തലചെരിച്ചും വെട്ടിച്ചും
കൈച്ചൂരല്‍ ഇടയ്ക്കു മിന്നലായ്‌ നിവര്‍ത്തി
വാള്‍ത്തിളക്കമായ്‌ ചുവടു മാറ്റി
ഉത്സവം തിമര്‍ത്താടി

പതിയെപ്പതിയെ മേളം മുറുകി
കാല്‍വേഗം കൂടി
ആരവമിരമ്പിച്ചൊരുവന്‍
ചായം തൊട്ടൊരു നെഞ്ചില്‍
വാള്‍മുനയുഴിഞ്ഞു;
കുനിച്ച തോളെല്ലുകള്‍ പേടിയഭിനയിച്ചു
ചെണ്ടയെന്തൊക്കെയോ ഉറക്കെപ്പറഞ്ഞു

മറുതലയ്ക്കല്‍, വീണ്ടുമതേ രംഗം
ചെണ്ടയുടെ ഗര്‍ജ്ജനം
കുഴലിന്റെ മുറവിളി
തനിയാവര്‍ത്തനം..

ഇടവരമ്പു മായ്ച്ചു;
കളിക്കാര്‍ കാഴ്ചക്കാരിലിറങ്ങി

മെല്ലെ.. വളരെ മെല്ലെ
തണുത്ത ഭാരത്തോടെ
മൂര്‍ച്ച മേഞ്ഞ ദേഹങ്ങള്‍
ഓരോന്നായി ചായക്കൂട്ടില്‍ കുഴഞ്ഞു
അഭിനയത്തികവെന്ന്‌ കയ്യടിച്ച്‌
ആഘോഷം നുരഞ്ഞു..

ഉയര്‍ത്തിക്കെട്ടിയ തട്ടില്‍
ഭേഷെന്ന്‌ തലയാട്ടുന്നു,
തൂവല്‍ തൊപ്പി വച്ച പൊന്നാടകള്‍

ആര്‍പ്പിന്നുച്ചസ്ഥായിയില്‍
കറുപ്പും മഞ്ഞയും വെള്ളയും ചുവപ്പിച്ച്‌
മുഖത്തെത്തിയ തിളക്കമോര്‍ക്കുന്നു
കീഴ്ച്ചുണ്ടിനൊപ്പം തെറിച്ച ശബ്ദവും

ഇതു മരണനൃത്തം,
കൊയ്യുന്നതെതിര്‍വാക്കിന്‍ നാക്കുകള്‍..
ചൂണ്ടിപ്പറഞ്ഞ വിരലറുത്തുപോയത്‌
കരുത്തായ്‌ കുരുത്തില്ലിതുവരെ

ഉറക്കത്തിന്‍ ഇരുട്ടുപാളിയ്ക്കിടയിലൂടെ
കണ്ണു കീറുകയാണീ
ദു:സ്വപ്നസൂചികള്‍


****************************

17 comments:

ചന്ദ്രകാന്തം said...

ദു:സ്വപ്നം

അരുണ്‍ ടി വിജയന്‍ said...

മെല്ലെ.. വളരെ മെല്ലെ
തണുത്ത ഭാരത്തോടെ
മൂര്‍ച്ച മേഞ്ഞ ദേഹങ്ങള്‍
ഓരോന്നായി ചായക്കൂട്ടില്‍ കുഴഞ്ഞു
അഭിനയത്തികവെന്ന്‌ കയ്യടിച്ച്‌
ആഘോഷം നുരഞ്ഞു..


ee duswapnathil oru aakhoshamundu....
kavitha nannaayi...
ishtappettu...

hashe said...
This comment has been removed by the author.
hashe said...

-----------------------
ഇതു മരണനൃത്തം,
കൊയ്യുന്നതെതിര്‍വാക്കിന്‍ നാക്കുകള്‍..
ചൂണ്ടിപ്പറഞ്ഞ വിരലറുത്തുപോയത്‌
കരുത്തായ്‌ കുരുത്തില്ലിതുവരെ

ഉറക്കത്തിന്‍ ഇരുട്ടുപാളിയ്ക്കിടയിലൂടെ
കണ്ണു കീറുകയാണീ
ദു:സ്വപ്നസൂചികള്‍
-----------------------
നല്ല വരികള്‍

രാജേഷ്‌ ചിത്തിര said...

ദു:സ്വപ്നത്തുടര്‍‍ച്ചകളില്‍ ഇടര്‍ച്ചയോടെ..
മുറിവുകളില്‍ നിന്നൊരു കരുത്തു കുരുക്കും വരെ
ഈ സൂചിക്കുത്തലുകളില്‍ നൊന്തു,നൊന്തു കാത്തിരിക്കാം..

വല്ലാത്തൊരു അസുരതാളവും ,
ഭീതിപ്പെടുത്തുന്നോരു ചിത്രവും അനുഭവിക്കുന്നു.

Appu Adyakshari said...

വല്ലാത്ത ഒരു സ്വപ്നം തന്നെ

Sudhi !!! said...

um nannayi thonnunu ,,kavitha adhikam onnum ariyatha vayanakkaranu comment ezhuthalloo llle,,but aa pazhaya kavitha enikkishtayirunu

ജയിംസ് സണ്ണി പാറ്റൂർ said...

വളരെ നല്ല കവിത ആശംസകള്‍

ജയരാജ്‌മുരുക്കുംപുഴ said...

valare arthapoornnamayittundu..... aashamsakal........

മുകിൽ said...

വളരെ നല്ലത്, ചന്ദ്രകാന്തം. തിമിർത്താടി. ആസ്വദിച്ചു.

മുകിൽ said...
This comment has been removed by the author.
മുകിൽ said...
This comment has been removed by the author.
Neena Sabarish said...

മൂര്‍ച്ച മേഞ്ഞ ദേഹങ്ങള്‍
ഓരോന്നായി ചായക്കൂട്ടില്‍ കുഴഞ്ഞു...മൂര്ച്ചയയുള്ളവരികള്‍...ഇവിടെ എത്താന്‍ വൈകിയതില്‍ ദുഖിക്കുന്നു

ഭാനു കളരിക്കല്‍ said...

ഇതു മരണനൃത്തം,
കൊയ്യുന്നതെതിര്‍വാക്കിന്‍ നാക്കുകള്‍..
ചൂണ്ടിപ്പറഞ്ഞ വിരലറുത്തുപോയത്‌
കരുത്തായ്‌ കുരുത്തില്ലിതുവരെ

ethu duswapnamalla jeevitham thanne.

kavitha karuththunetiyirikkunnu. azamsakal.

ഒഴാക്കന്‍. said...

നല്ല വരികള്‍

തണല്‍ said...

ദു:സ്വപ്നങ്ങള്‍ വിഴുങ്ങിയ രാത്രികള്‍ നമുക്കായ് പകുത്തു തന്നത് ആരായിരിക്കും?
:(

poochakanny said...

ജനിച്ചതും വളര്‍ന്നതും കേരളത്തിനു പുറത്തായതിനാല്‍ മലയാള ഭാഷയില്‍ വലിയ പരിഞ്ജാനം ഒന്നും ഇല്ല.ഒരു കൌതുകത്തിനു ഇപ്പോള്‍ മലയാളവായന തുടങ്ങി. മുഴുവന്‍ അര്‍ഥം ഒന്നും മനസ്സിലായില്ല എങ്കിലും ഈ വരികള്‍ എനിക്ക് ഇഷ്ടപ്പെട്ടു.