Sunday, July 18, 2010

അവസാനപംക്തി (വഴി കണ്ടുപിടിയ്ക്കുക)

കൈരേഖ കണക്ക്‌
പന്തലിച്ച വരകളിലൂടെ,
ഒരു പെന്‍സില്‍
ഉരഞ്ഞു തേഞ്ഞു പോകുന്നതിനു പിന്‍പേ,
കുതിച്ചും ഓടിയും
തിരക്കോടെ കുഞ്ഞുകാലുകള്‍;
അലസതയില്‍ തട്ടിവീഴാതെ
കുസൃതിയില്‍ ഒളിച്ചിരുന്ന്‌ മയങ്ങാതെ..

വികൃതിപ്പെന്‍സിലിന്റെ മറുതല,
ഇടയ്ക്കിടക്ക്‌
വര മായ്ചുമാറ്റുന്നുണ്ട്‌;
ശരിവര അതാവാം

മെല്ലെപ്പോകും
ആമച്ചങ്ങാതിയല്ല ജീവിതം,
അമ്മ പറഞ്ഞിട്ടുണ്ട്‌

ചിലയിടങ്ങളില്‍ ഇരുള്‍വനം,
ഇടുങ്ങിയ ഉറുമ്പുവഴികള്‍

ഇളകുന്ന ഒറ്റവരിപ്പാലം
കൈവരിയില്ലാത്ത കിണര്‍

കണ്ടുപിടിയ്ക്കേണ്ട വഴിയുടെ
മറുതലയ്ക്കലാണമ്മ

അറിയാപ്പാതയില്‍
പേടിക്കൂട്ടുകളായി
കൊല്ലന്റെ ആലകള്‍

മുയല്‍മണത്തില്‍ പൊന്തകളുടെ
മൂക്കു വിടരുന്നുണ്ടോ..

പെന്‍സില്‍വര തെന്നിച്ചൊരു നഖമൂര്‍ച്ചയില്‍,
പല്ലിന്‍ ആഴമളക്കലില്‍,
പവിഴക്കണ്ണ്‌ തുളഞ്ഞു

പിറ്റേന്ന്‌,
ചോപ്പുണങ്ങിയ
നീണ്ട ചെവിയുള്ള പഞ്ഞിത്തുണ്ടായിരുന്നു
ടിവി സ്ക്രീനുകളില്‍
ആഘോഷത്തിന്‍ കൊടിയടയാളം.

16 comments:

ചന്ദ്രകാന്തം said...

അവസാനമില്ലാത്ത പംക്തികള്‍...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒരു വരയില്‍ തീരില്ല, മാഞ്ഞു പോയ വഴികളൊന്നും..

hashe said...

മെല്ലെപ്പോകും
ആമച്ചങ്ങാതിയല്ല ജീവിതം
മുയലുകളല്ല നമ്മളും

ഭാനു കളരിക്കല്‍ said...

പിറ്റേന്ന്‌,
ചോപ്പുണങ്ങിയ
നീണ്ട ചെവിയുള്ള പഞ്ഞിത്തുണ്ടായിരുന്നു
ടിവി സ്ക്രീനുകളില്‍
ആഘോഷത്തിന്‍ കൊടിയടയാളം.

ഓരോ തവണ രക്തമിട്ടുമ്പോഴും അവര്‍ ആഘോഷിക്കയല്ലാതെ എന്തു ചെയ്യും. അതല്ലേ മാധ്യമ ധര്‍മം. പതിവുപോലെ സുന്ദരം ശക്തം.

കാലചക്രം said...

പെന്‍സില്‍വര തെന്നിച്ചൊരു നഖമൂര്‍ച്ചയില്‍,
പല്ലിന്‍ ആഴമളക്കലില്‍,
പവിഴക്കണ്ണ്‌ തുളഞ്ഞു


തുളഞ്ഞ പവിഴക്കണ്ണിലൂടെ
ഇറ്റിറ്റുവീഴുന്ന നിണത്തുള്ളികളുടെ ഗന്ധം
നിശ്വാസത്തില്‍ ഇഴുകിച്ചേര്‍ത്തുകൊണ്ട്.....

രാജേഷ്‌ ചിത്തിര said...

class!

പാവപ്പെട്ടവൻ said...

ഈ കവിത കാര്യമായ ബോധാതലം പകരുന്നില്ല ഇഷ്ടപെട്ടില്ല

Kaithamullu said...

വികൃതിപ്പെന്‍സിലിന്റെ മറുതല,
ഇടയ്ക്കിടക്ക്‌
വര മായ്ചുമാറ്റുന്നുണ്ട്‌;
ശരിവര അതാവാം.....

-മായ്ച്ച്, മാറ്റി വരച്ച് പോകാമെന്ന്കില്‍ എന്ത് രസം, അല്ലേ?
(അറ്റത്ത് റബ്ബര്‍ ഉള്ള പെന്‍സില്‍ കിട്ടാനീല്ല, ട്ടോ!)

hashe said...
This comment has been removed by the author.
hashe said...

വഴികളില്ലാതെ ഞാന്‍ ഉഴറുന്നു വാക്കിന്റെ പെരിയതാം കാട്ടിലെന്‍ തോഴി..എവിടെയൊ ഏതൊ വരിയുടെ മറവില്‍ നീ....

rafeeQ നടുവട്ടം said...

വഴിമാറിയാണ് വന്നത്. കണ്ടപ്പോള്‍ പുതുമ തോന്നി. ഇനിയും വരാം..
പുതിയ പോസ്റ്റിടുമ്പോള്‍ മെയില്‍ ചെയ്യുക.ആശംസകള്‍!

പാമരന്‍ said...

വഴിമാറിനടന്നത്‌ വളരെയിഷ്ടപ്പെട്ടു!

മുകിൽ said...

നന്നായിരിക്കുന്നു ചന്ദ്രകാന്തം. എടുത്തു പറയാന്‍ പല വരികളുണ്ട്.. നല്ലത്.

ചിത്ര said...

nannayitund..

Jishad Cronic said...

വളരെയിഷ്ടപ്പെട്ടു...

Sudhi !!! said...

അവസാനമില്ലാത്ത പംക്തികള്‍ kku ente abhinandanagal ..