രാവേറുന്തോറും നീന്തിക്കയറും
കടല്‍സ്പര്‍ശത്തിന്‍ സ്വേദമന്ത്രണമേറ്റ്
മനസ്സിന്റെ ഒളിസങ്കേതങ്ങളില്‍ നിന്നും
കമ്പിയില്ലാക്കമ്പിയിലൂടെ
സന്ദേശ കമ്പനങ്ങള്‍
ശരീരത്തിലാവേശിയ്ക്കുമ്പോള്‍,
ഒഴുക്കിനാവേഗത്തില്‍
പൊട്ടിത്തകര്‍ന്നേയ്ക്കുമെന്ന്
കൈ ഞരമ്പുകള്‍ സന്ദേഹിയ്ക്കുമ്പോള്‍,
പ്രണയസ്ഫുലിംഗത്തിന്‍ വജ്രസൂചിയാല്‍
നിന്നെയെന്നില്‍ എഴുതിച്ചേര്‍ത്തത്,
അഗ്നിരേഖകളായി വേരുപടര്‍ത്തി
പൊടിച്ചുണര്‍ന്നതാണെന്‍ കവിത..
ഇക്കാലമത്രയും നിന്നുപോയിരുന്ന
ഘടികാര സൂചികളില്‍
ഹൃദയമിടിപ്പേറ്റിയ വസന്തമേ..
നിന്റെ പച്ച തഴയ്ക്കുന്നത്
ഇന്നെന്റെ അസ്ഥികളിലാണ്
പൂക്കുന്നതും കായ്ക്കുന്നതുമെന്റെ മജ്ജയാണ്
എന്നിലിനി എന്റേതെന്നു പറയാന്‍
ഞാനില്ല; നീയല്ലാതെ.
12 comments:
ഞാനില്ല; നീയല്ലാതെ
"പ്രണയസ്ഫുലിംഗത്തിന്‍ വജ്രസൂചിയാല്‍
നിന്നെയെന്നില്‍ എഴുതിച്ചേര്‍ത്തത്,
അഗ്നിരേഖകളായി വേരുപടര്‍ത്തി
പൊടിച്ചുണര്‍ന്നതാണെന്‍ കവിത.."
മനോഹരമായിരിക്കുന്നു..
ഓണാശംസകൾ.
ഞാനുമൊന്ന് ജ്വലിച്ചു..പിന്നെ പച്ചയായി :)
പ്രണയം വിപ്ലവം തന്നെയാണ്. അത് കൊടുങ്കാറ്റുകള്‍ വിതക്കുന്നു. നീയല്ലാതെ ഞാനില്ലാതാകുന്ന അവസ്ഥ മനോഹരം തന്നെ.
“നീ” യാര്..?
നിന്റെ പ്രണയത്തിന്റെ റ്റെലിമെറ്ററി കവിത ഉളവാക്കുന്നു, നിന്നു പോയ ഹൃദയത്തെ ചലിപ്പിക്കുന്നു, നീ ഞാനായി മാറുന്നു, സ്വപ്ന സദൃശമായ ഭാഗ്യം! നന്നായീ കവിത.
മധുരം........
വാക്കുകളുടെ ഈ വസന്തത്തിനു മുന്നില്‍ ഞാനെന്തെഴുതാനാണു...
പ്രണയതിന്‍ അഗ്നിരേഖകളില്‍ തൊട്ട്,
നമ്മുക്കിടയിലെ പച്ച,
തളിരില്‍ നിന്നും കടും പച്ചയിലേക്ക്
നടന്നു കയറുന്നത്....
സമര്‍പ്പണ്‍ത്തിന്റെ ആഴങ്ങള്‍
‘പ്രണയത്തെ നീ മുറിപ്പെടുത്തുന്നുവെങ്കിലും ഇനിയും ഒരു ആഴത്തിലുള്ള മുറിവിലൂടെ മാത്രമേ അസ്ഥിയിലേക്ക് തുളച്ച് കയറാന്‍ സാധ്യമാകൂ എന്ന് തോന്നൂന്നു
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
''''എന്നാലിന്ന് എന്റേത് എന്ന് പറയാന്‍ ഞാനില്ല ;നീയല്ലാതെ''''പ്രണയം സമര്‍പ്പ്ണത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തിനില്‍ക്കുന്നതിന്റെ മനോഹര ചിത്രം ...ഭാവുകങ്ങള്‍.
Post a Comment