Tuesday, September 14, 2010

എന്നെത്തന്നെ

പറഞ്ഞും കേട്ടും തേഞ്ഞുപോയ
വാക്കുകൊണ്ടാണ്‌ മേച്ചില്‍

പലകുറി കടഞ്ഞതാണെങ്കിലും
കഴുക്കോലാകാനുള്ള ഉറപ്പൊന്നുമില്ല
ചിന്തകള്‍ക്ക്‌

മാറാലയില്‍ തൂങ്ങിയാടുന്ന
വാഗ്ദത്ത ഭംഗികള്‍
എന്നത്തേയും പോലെ
ഏതു സമയത്തും വീണുമറയാം

ആദര്‍ശങ്ങള്‍ ഉത്തരമാകുമ്പോള്‍
മനസ്സ്‌ അനങ്ങാപ്പാറയാകേണ്ടതാണ്‌;
പക്ഷേ,
കടുപ്പിച്ചൊരെഴുത്തില്‍
തകര്‍ന്നുപോകുന്നതാണ്‌ ചുമരെങ്കില്‍
തറച്ചൊരു നോട്ടത്തില്‍
അനുസരിപ്പിയ്ക്കപ്പെടുന്നതാണ്‌
തൂണുകളെങ്കില്‍..
ഉത്തരത്തിനു താങ്ങാകില്ല

ദീര്‍ഘശ്വാസമൊരു കൊടുങ്കാറ്റാകാം
ഉലയ്ക്കുന്ന ഭയപ്പാടുകളില്‍ നിന്നും
അസ്വസ്ഥതയുടെ ഉറുമ്പുകൂട്ടങ്ങള്‍
ഓരോ കോശത്തിലും കവാത്തു നടത്താം

ഒടുവില്‍
തൊട്ടാല്‍ പൊടിയാവുന്ന
നേര്‍ത്ത നാരുകളോ തുണ്ടങ്ങളൊ ആയി
മനസ്സില്ലാതെ, ഒരു ശരീരം പറന്നുപോകാം

തല നെഞ്ചിലേയ്ക്കു വളച്ച്‌
ദേഹം ചുരുട്ടിയൊതുക്കി
അമ്മയിലേയ്ക്കെന്നപോലെ
ചുരുങ്ങിച്ചുരുങ്ങി
ഒരൊറ്റ കോശത്തില്‍
എനിയ്ക്കെന്നെ സൂക്ഷിച്ചു വയ്ക്കണം

ഒരു കൊടുങ്കാറ്റിനും കൈകൊടുക്കാതെ.

*************************
"ആനുകാലിക കവിത"യില്‍ പ്രസിദ്ധീകരിച്ചത്‌.

17 comments:

ചന്ദ്രകാന്തം said...

ഒരൊറ്റ കോശത്തില്‍
എനിയ്ക്കെന്നെ സൂക്ഷിച്ചു വയ്ക്കണം

Kalavallabhan said...

"ഒരൊറ്റ കോശത്തില്‍
എനിയ്ക്കെന്നെ സൂക്ഷിച്ചു വയ്ക്കണം"
ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടുക.

G.MANU said...

പലകുറി കടഞ്ഞതാണെങ്കിലും
കഴുക്കോലാകാനുള്ള ഉറപ്പൊന്നുമില്ല
ചിന്തകള്‍ക്ക്‌

ശ്രീ said...

നന്നായിരിയ്ക്കുന്നു, ചേച്ചീ...

തണല്‍ said...

കുറച്ചു കാലങ്ങള്‍ക്കു ശേഷം ഞാന്‍ നിന്റെയൊരു നല്ല കവിത വായിക്കുന്നൂ...നിന്നെ വായിക്കുന്നു!
സബാഷ് പുരുഷൂ!!
:)
"പലകുറി കടഞ്ഞതാണെങ്കിലും
കഴുക്കോലാകാനുള്ള ഉറപ്പൊന്നുമില്ല
ചിന്തകള്‍ക്ക്‌"-അതു ചുമ്മാ.:)

കാവലാന്‍ said...

"അസ്വസ്ഥതയുടെ ഉറുമ്പുകൂട്ടങ്ങള്‍
ഓരോ കോശത്തിലും കവാത്തു നടത്താം"

ഇവറ്റകളിങ്ങനെ കവാത്തിനിടയില്‍ തിന്നുതീര്‍ത്തായിരിക്കണം കാമ്പുതീര്‍ന്ന് മനസ്സ് ഒരു പാഴ്തൊണ്ടു മാത്രമായിത്തീരുന്നത്.

Deepa Bijo Alexander said...

"തല നെഞ്ചിലേയ്ക്കു വളച്ച്‌
ദേഹം ചുരുട്ടിയൊതുക്കി
അമ്മയിലേയ്ക്കെന്നപോലെ
ചുരുങ്ങിച്ചുരുങ്ങി
ഒരൊറ്റ കോശത്തില്‍
എനിയ്ക്കെന്നെ സൂക്ഷിച്ചു വയ്ക്കണം
ഒരു കൊടുങ്കാറ്റിനും കൈകൊടുക്കാതെ. "

നല്ലവരികൾ.

ഭാനു കളരിക്കല്‍ said...

വരികളും കാവ്യ ഭംഗിയും ഇഷ്ടപ്പെട്ടു. ആശയത്തിനോട് യോജിപ്പില്ല

മിര്‍സ said...

കൊടുങ്കാറ്റിനു കൊടുക്കണ്ട...സ്നേഹത്തിനു കൊടുക്കൂ..അനന്തതക്കു കൊടുക്കൂ.
ശ്രദ്ധിക്കപ്പെടേണ്ട കവിയത്രിയാണു നിങ്ങള്‍.

LiDi said...

ദീര്‍ഘശ്വാസമൊരു കൊടുങ്കാറ്റാകാം
ഉലയ്ക്കുന്ന ഭയപ്പാടുകളില്‍ നിന്നും
അസ്വസ്ഥതയുടെ ഉറുമ്പുകൂട്ടങ്ങള്‍
ഓരോ കോശത്തിലും കവാത്തു നടത്താം

M.R.Anilan -എം. ആര്‍.അനിലന്‍ said...

വളരെ നന്നായി കവിത! കോശത്തിലേയ്ക്കുള്ള മടക്കം തന്നെയാണ്‌ ചിലർക്ക് ജീവിതം. കോശമാകാതെ തന്നെ ഒന്നിനും വിട്ടുകൊടുക്കാതെ ജീവിക്കാനുള്ള തത്രപ്പാടിലാണ്‌ ചിലരെങ്കിലും എന്നുമോർക്കുക..

ചാന്ദ്നി said...

വേറിട്ട ചിന്ത. കവിത ഇഷ്ടപ്പെട്ടു. നന്നായിരിക്കുന്നു.

Jishad Cronic said...

കൊള്ളാം, കവിത ഇഷ്ടപ്പെട്ടു.

Anees Hassan said...

ചിന്തകള്‍ക്ക് പാറ പോല്‍ ഉറപ്പുണ്ടാകുന്നത് അപകടം തന്നെ

Pranavam Ravikumar said...

കവിത ഇഷ്ടപ്പെട്ടു.

വരയും വരിയും : സിബു നൂറനാട് said...

തല നെഞ്ചിലേയ്ക്കു വളച്ച്‌
ദേഹം ചുരുട്ടിയൊതുക്കി
അമ്മയിലേയ്ക്കെന്നപോലെ
ചുരുങ്ങിച്ചുരുങ്ങി
ഒരൊറ്റ കോശത്തില്‍
എനിയ്ക്കെന്നെ സൂക്ഷിച്ചു വയ്ക്കണം

ഭംഗിയായി, വരികള്‍ :-)

മുകിൽ said...

സുന്ദരം.