Sunday, August 7, 2011

ജീവനുള്ള ഫോസിലുകള്‍ രൂപപ്പെടുന്നത്‌

പൂമ്പാറ്റയോ ബാലരമയോ ആവോ
ചിത്രകഥയാണല്ലോ..

രാജാവ്‌
വിദൂഷകനെ കേട്ടുകേട്ടിരിയ്ക്കുന്നു;
റാണി
പുടവയും അലങ്കാരങ്ങളും
മാറിമാറിയണിയുന്നു

കയ്യൂക്കുള്ള മന്ത്രി
സപരിവാരം
നീതിയുടെ മൊത്തവിതരണത്തിന്‌
എവിടേയുമെപ്പോഴും

പലവട്ടം അടച്ചിട്ട താഴുകളെല്ലാം
താനേ തുറന്ന്‌
പൊന്നുകെട്ടിയ കോട്ടയില്‍
അടയിരിയ്ക്കുന്നോനെ കയ്യോടെ പിടിയ്ക്കാന്‍
ഓതിരം കടകമെന്ന്‌
അകത്തേയ്ക്ക്‌ പറക്കുന്ന മന്ത്രിയുടെ
ക്ലോസ്‌-അപ്‌ ഷോട്ട്‌

പുറത്ത്‌,
കീജയ്‌ വിളികളോടെ
ഏതു വിഴുപ്പുമെടുക്കാന്‍ പോന്നവര്‍

വാള്‍പ്പേശലിനൊടുവില്‍
ഒറ്റക്കണ്ണുമൂടിയ കള്ളന്‍
അടിയറവു പറയേണ്ടതാണ്‌;
കഥ തീരേണ്ടതാണ്‌

മന്ത്രിയ്ക്ക്‌ പകര്‍ച്ച കിട്ടിയ
'നാരങ്ങാവെള്ള'ത്തില്‍
ഒഴുകിപ്പോകുന്നത്‌
നാളിതുവരെക്കൊതിപ്പിച്ച വാക്കല്ലേ
കള്ളനല്ലേ എന്ന്‌
കഴുത കൊമ്പിളക്കുന്നിടത്ത്‌,
കള്ളനെ കണ്ടുകെട്ടാനൊരു
വാറോലയില്ലല്ലോ
ചൂടിക്കയറില്ലല്ലോ എന്ന്‌
മന്ത്രി രണ്ടു കണ്ണും മൂടുന്നിടത്ത്‌

കഥ അനക്കമറ്റു നില്‍ക്കുന്നു

16 comments:

poor-me/പാവം-ഞാന്‍ said...

നിസ്സഹായരായി കണ്ണു മൂടുകയെ നമ്മുക്കും കരണിയം

കരീം മാഷ്‌ said...

നമുക്കു നിധികളൊക്കെ വീണ്ടും ഭൂതത്തിനെ ഏൽപ്പിക്കാം. എന്നാലെങ്കിലും അതവിടെ സുരക്ഷിതമായിരിക്കട്ടെ!

Manickethaar said...

രാഷ്ട്രീയം...ഇതാണു ലോകം.....

കൃഷ്ണ::krishna said...

കണ്ണിനു കാഴ്ചയുണ്ടെങ്കില്‍ മൂടുകയാണ്‌ നല്ലത്‌ ഒപ്പം കാതും.
എങ്കില്‍ ഉറങ്ങാന്‍ പറ്റും
അല്ലെങ്കിലും നമ്മള്‍ എപ്പൊഴും ഉറക്കമാണല്ലൊ അല്ലെ :)

Manoraj said...

രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്ക്..

അത്തിക്കുര്‍ശി said...

കഥ അനക്കമറ്റു നില്‍ക്കുന്നു..
.................................

We too..

ശ്രീനാഥന്‍ said...

കള്ളനു കഞ്ഞിവെച്ചവനെയാണല്ലോ സിംഹാസനത്തിലിരുത്തുക.
വാറോലയില്ലല്ലോ
ചൂടിക്കയറില്ലല്ലോ എന്ന്നു പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളു.

yousufpa said...

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും കൊതുകിന്‌.....

Kalavallabhan said...

പുറത്ത്‌,
കീജയ്‌ വിളികളോടെ
ഏതു വിഴുപ്പുമെടുക്കാന്‍ പോന്നവര്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കൊള്ളാം ഗംഭീരം ......“നാളിതുവരെക്കൊതിപ്പിച്ച വാക്കല്ലേ
കള്ളനല്ലേ എന്ന്‌
കഴുത കൊമ്പിളക്കുന്നിടത്ത്‌“ ഉള്ളകൊമ്പുകള്‍ കൊണ്ട് കുത്തിയാലറിയാത്ത തൊലിക്കട്ടിയല്ലേ പിന്നെ എങ്ങിനെ അന്ധത സ്വന്തമാക്കിയവര്‍ ഇല്ലാക്കൊമ്പിളക്കം അറിയുന്നു?
ജീവനുള്ള ഫോസിലുകളെ നോക്കി സഹതപിക്കുന്നവരേ കണ്ടോ?ഫോസിലുകളായ ഫോസിലുകളാകാത്തവര്‍ .

Kaithamullu said...

മന്ത്രിയ്ക്ക്‌ പകര്‍ച്ച കിട്ടിയ
'നാരങ്ങാവെള്ള'ത്തില്‍
ഒഴുകിപ്പോകുന്നത്‌
നാളിതുവരെക്കൊതിപ്പിച്ച വാക്കല്ലേ
....
മന്ത്രി രണ്ടു കണ്ണും മൂടുന്നിടത്ത്‌
കഥ അനക്കമറ്റു നില്‍ക്കുന്നു
..
നമ്മളും!
(ശുഭം!!)

മുകിൽ said...

ഇതു തുടര്‍ക്കഥ..
കവിത നന്നായിരിക്കുന്നു

t.a.sasi said...

''വാള്‍പ്പേശലിനൊടുവില്‍
ഒറ്റക്കണ്ണുമൂടിയ കള്ളന്‍
അടിയറവു പറയേണ്ടതാണ്‌;
കഥ തീരേണ്ടതാണ്''

ഒരില വെറുതെ said...

ഒരു കഥ ഈ വരികളിലൂടെ പല വഴിക്ക് നടക്കുന്നു.
കവിതയുടെയും കഥയുടെയും ലോകങ്ങള്‍ തമ്മിലുള്ള
ഈ ജുഗല്‍ബന്ദി ഇഷ്ടമായി

ഭാനു കളരിക്കല്‍ said...

കഥ തുടരും. തുടരില്ലാന്നു വാശി പിടിക്കല്ലേ. എന്നും എന്നും എല്ലാം ഇങ്ങനെ ആയിരുന്നില്ലല്ലോ?

hashe said...

??????