Monday, August 22, 2011

പൂമരത്തിലേയ്ക്കുള്ള വഴികളില്‍

വേനലിനും മഴയ്ക്കുമിടയിലെ
കൊടുക്കല്‍വാങ്ങലുകള്‍ക്കൊടുവില്‍,
മഞ്ഞുകാലത്തിലേയ്ക്കുള്ള
എത്തിനോട്ടത്തിനിടയില്‍
വസന്തത്തിന്‍ പൂവിളി കേട്ടു

തുമ്പക്കുടത്തില്‍
ശ്രീപാദമുണരുകയാവും

തണ്ടും തളിരും
സ്വപ്നനിറങ്ങളില്‍
ഉള്ളം പെരുക്കി,
മഴത്തുള്ളിയ്ക്കു മുകളിലൂടെ
പാറിവീഴുന്ന വെയില്‍ത്തുണ്ടുകളലങ്കരിച്ച്‌
തൊട്ടിടത്തെല്ലാം വിരിയാന്‍
ഇതള്‍ മിനുക്കിയിരിപ്പാവും

വേലിപ്പുറത്തെ ഇല്ലിക്കാട്ടില്‍ മാത്രം
വിഷാദത്തിന്‍ ഇലകൊഴിയുന്നു

ഓടത്തണ്ടിന്‍ നെഞ്ചില്‍
വലിച്ചുകെട്ടിയ ജീവിതം മൂളി
പതിഞ്ഞ ഈണത്തിലൊരു
കുഴലൂത്തുകാരന്‍ നടക്കാനിറങ്ങുന്നു

നേര്‍ത്ത സുഷിരങ്ങളില്‍
കാറ്റ്‌ മുറുകുമ്പോള്‍
ജനാലകളെല്ലാം അവനിലേയ്ക്ക്‌ തുറക്കും
വഴിക്കണ്ണു മടക്കി
നിറങ്ങളെല്ലാം അവനിലേയ്ക്കൊഴിയും
ഇതളെല്ലാം അവനെപ്പൊതിയും
മുളങ്കാട്‌ പൂക്കും
വസന്തം സ്വപ്നത്തിന്‍ വാതിലടയ്ക്കും

**********************

9 comments:

സുഗന്ധി said...

കൈത്തോടിന്‍ കരയിലെ തുമ്പയ്ക്ക്.. വാടാത്ത തൊട്ടാവാടിക്ക്..

മിര്‍സ said...

ജനാലകളെല്ലാം അവനിലേയ്ക്ക്‌ തുറക്കും
വഴിക്കണ്ണു മടക്കി
നിറങ്ങളെല്ലാം അവനിലേയ്ക്കൊഴിയും

ഒരില വെറുതെ said...

പെട്ടു പോയി. വസന്തം വാതിലടച്ച
ഈ സ്വപ്നത്തിനകത്ത്.
സ്വപ്നത്തിനു മാത്രം എഴുതാനാവുന്ന
വരികള്‍.

ശ്രീനാഥന്‍ said...

ഒരു മനം നിറയെ പൂത്തുനിൽക്കുന്നിപ്പോൾ... വാസന്തപഞ്ചമി നാളിൽ .. ജാനകി പാടുന്നു.

Appu Adyakshari said...

നന്നായിട്ടുണ്ട്>

Manickethaar said...

നന്നായി...

അനില്‍കുമാര്‍ . സി. പി. said...

ഈ വസന്തത്തിന്റെ പൂവിളി ഓടത്തണ്ടിൽ നിന്നു വരുന്ന പതിഞ്ഞ ഈണം പോലെ ...

Kaithamullu said...
This comment has been removed by the author.
Kaithamullu said...

തുമ്പക്കുടത്തില്‍
ശ്രീപാദമുണരുകയാവും
--
ഓടത്തണ്ടിന്‍ നെഞ്ചില്‍
വലിച്ചുകെട്ടിയ ജീവിതം മൂളി
(ഈ വരികള്‍ ഏറെ ഇഷ്ടായി)

വേലിപ്പുറത്തെ ഇല്ലിക്കാട്ടില്‍ മാത്രം
വിഷാദത്തിന്‍ ഇലകൊഴിയുന്നുണ്ടെങ്കിലും
മുളങ്കാട്‌ പൂക്കുന്നുണ്ടല്ലോ?

-ഒരിക്കലെങ്കിലും!!

(ഓടോ: ബ്ലോഗില്‍ പച്ചക്കറികൃഷി തുടങ്ങിയോ?)