Sunday, January 29, 2012

ഉയിര്‍പ്പ്‌

ഓരോ തവണ മരിയ്ക്കുമ്പോഴും കരുതും
ഇനിയും ഉയിര്‍ക്കാനാവില്ലെന്ന്‌

വിരലറ്റം വരെ തളര്‍ന്നുപോയ വരികള്‍,
വര്‍ത്തമാനങ്ങള്‍,
വായനകള്‍,
കണക്കുകള്‍,
രുചിഭേദങ്ങള്‍,
പ്രണയതാളങ്ങള്‍,
ഹൃദയത്തിന്‍ സമയസൂചികള്‍..
സംസ്കരിച്ച്‌ ഉയിര്‍പ്പുണ്ടാകുമെന്ന്‌
ചിന്തിയ്ക്കുന്നതെങ്ങനെ?

പുനര്‍ജ്ജനിയുടെ
സൂത്രവാക്യമെഴുതാന്‍
ഒലീവില തേടും കിളിവാതിലുകളോടെ
കണ്ണില്‍ തൂങ്ങുന്നുണ്ട്‌,
തലമുറ താണ്ടിയ
രക്ഷാപേടകത്തിന്‍ ചുമര്‍ച്ചിത്രം

വെടിയുണ്ട തിന്നു ജീവിയ്ക്കുന്ന
ക്ഷാമകാലത്തില്‍ നിന്നും
മറുകരയിലേയ്ക്ക്‌ എത്തിപ്പിടിയ്ക്കാനായുന്ന
ഊഞ്ഞാലുകള്‍ പോലെയാണ്‌
അതിന്‍ തുഴകളത്രയും

നീണ്ട അള്‍ത്താരയില്‍,
കുരിശിലേറ്റപ്പെട്ടവന്റെ നോട്ടം
ഉരുകിയുരുകി ചരിഞ്ഞുപോയിരിയ്ക്കുന്നു

മെഴുകുതിരിയുടെ
പുരാതനമായ മഞ്ഞ വെളിച്ചത്തില്‍
മഴപ്പാറ്റകള്‍ മാലാഖച്ചിറകുരുക്കുന്നു

സാധ്യതയുടെ നേര്‍രേഖ
തേഞ്ഞുമാഞ്ഞു പോയിരുന്നിട്ടും,
കൊമ്പൊടിഞ്ഞുമരിച്ച
എന്റെ ഊഞ്ഞാലുയര്‍ത്താന്‍

അമ്മേ..എന്ന്‌
മോളേ..എന്ന്‌
എന്റെ പൊന്നേ.. എന്ന്‌

പ്രളയപ്പരപ്പില്‍ നിന്ന്‌
മൃതസഞ്ജീവനിയും കൊത്തി
വെള്ളപ്പിറാവെത്തുമെന്നും,
അടുത്ത നിമിഷം
കുരിശില്‍പ്പോലും
ഒലീവുമരങ്ങള്‍ പൊട്ടിമുളയ്ക്കുമെന്നും
കരുതിയതേ അല്ല
************************

ആനുകാലികകവിതയുടെ വാര്‍ഷികപ്പതിപ്പില്‍..

3 comments:

നാമൂസ് said...

മരണ മുഖത്തു വെച്ചെങ്കിലുമൊന്നു അറിയുമായിരിക്കും മുന്‍പേ മരിച്ചതാണെന്ന്.

ശ്രീനാഥന്‍ said...

കരുതിയില്ല അല്ലേ, ഇതാണ്‌ ജീവിതത്തോടുള്ള സമീപനം പോസിറ്റീവാവണമെന്ന് പറയുന്നത്. മനുഷ്യപുത്രനെപ്പോലെ പോസിറ്റീവായി ആരും ഉണ്ടായിരുന്നില്ല; പറഞ്ഞപോലെ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റില്ലേ?

sm sadique said...

ആശംസകൾ..... ഞാൻ “ഈയെഴുത്ത്” മാഗസിൻ വായിച്ച് വന്ന വഴി.