Sunday, February 12, 2012

പനി'നീരൊ'ഴുക്ക്‌

എത്ര വേണ്ടെന്നുവച്ചാലും
തള്ളിപ്പറയാനാവാത്ത ചില ഒഴുക്കുകളുണ്ട്‌
ആശ്വാസധമനിയുടെ വാല്‍വ്‌ തുറക്കുന്നവ

വിരല്‍ച്ചില്ല ഇറുക്കിയിറുക്കിപ്പിടിച്ച മധുരക്കനി
ചളിയിലും മാന്തോപ്പ്‌ കിളിര്‍പ്പിക്കാമെന്ന്‌
വീണുപോകുന്നത്‌

പെറ്റിട്ടുപേക്ഷിച്ചവള്‍
കെടുതിക്കാറ്റിനുശേഷവും
കെട്ടുപോകാത്ത തൈമരത്തെ
കുഞ്ഞേ..യെന്ന്‌ തിരഞ്ഞെത്തുന്നത്‌,

ചിരിച്ച്‌ വെളുപ്പിച്ചോരൊക്കെയും
നിമിഷത്തിന്‍ തികട്ടല്‍ക്കറയില്‍
ഒറ്റനൂല്‍ബന്ധം പൊട്ടി,
കാണാതെയും, കണ്ടാല്‍ മിണ്ടാതെയുമാകുന്നത്‌,

വ്രണം മാന്തിയും കണ്ണുകൂര്‍പ്പിച്ചും
ചുരുണ്ട ദേഹത്തില്‍ നിന്ന്‌
വെളിച്ചമഴിഞ്ഞുപോകുന്നത്‌

കടിച്ചൊതുക്കിയ കടിഞ്ഞാണ്‍
മൂര്‍ച്ചപ്പെട്ട വാക്കില്‍ത്തട്ടി
എതിര്‍നില്‍ക്കുന്നവന്റെ
മുഖത്ത്‌ തെറിക്കുന്നത്‌,

പനിക്കിടക്കയില്‍
തൊണ്ടയില്‍ വഴുതിയിറങ്ങും കഫക്കട്ട
ശ്വാസഗതി തെളിയിച്ചെടുക്കുന്നത്‌

തള്ളിപ്പറയാനാവാത്ത ചില ഒഴുക്കുകള്‍
അതിശയമോ അതിസുഖമോ തരുന്ന
ആശ്വാസവഴികള്‍ തുറന്നു വയ്ക്കുന്നു

7 comments:

Kaithamullu said...

ചിരിച്ച്‌ വെളുപ്പിച്ചോരൊക്കെയും
നിമിഷത്തിന്‍ തികട്ടല്‍ക്കറയില്‍
ഒറ്റനൂല്‍ബന്ധം പൊട്ടി,
കാണാതെയും, കണ്ടാല്‍ മിണ്ടാതെയുമാകുന്നത്‌
-ഇത് കുറെ പരിചയമുണ്ട്! (സത്യം! ദാ ഇന്നു കൂടി!)

ശോഭ said...

എല്ലാവഴികളും ആശ്വാസവഴികളായെങ്കിലെന്ന്.... വെറുതെ....

മണിലാല്‍ said...

തള്ളിപ്പറയാനാവാത്ത ചില ഒഴുക്കുകള്‍
അതിശയമോ അതിസുഖമോ തരുന്ന
ആശ്വാസവഴികള്‍ തുറന്നു വയ്ക്കുന്നു

റിയ Raihana said...

പെറ്റിട്ടുപേക്ഷിച്ചവള്‍
കെടുതിക്കാറ്റിനുശേഷവും
കെട്ടുപോകാത്ത തൈമരത്തെ
കുഞ്ഞേ..യെന്ന്‌ തിരഞ്ഞെത്തുന്നത്‌,

nalla varikal

Anurag said...

നല്ല വരികള്‍ ആശംസകള്‍

Admin said...

നന്നായി കേട്ടോ എഴുത്ത്. ഇനിയുമെഴുതുക. ആശംസകള്‍.

Unknown said...

കടിച്ചൊതുക്കിയ കടിഞ്ഞാണ്‍
മൂര്‍ച്ചപ്പെട്ട വാക്കില്‍ത്തട്ടി
എതിര്‍നില്‍ക്കുന്നവന്റെ
മുഖത്ത്‌ തെറിക്കുന്നത്‌,


നന്നായി എഴുതി
ആശംസകള്‍