Tuesday, May 1, 2012

*വെട്ടോരി

വെട്ടിപ്പതിഞ്ഞ കയ്യും കത്തിയുമെഴുതുന്ന
വെട്ടുഭാഷയുടെ ഇറച്ചിക്കടയില്‍,
നെഞ്ചും തുടയും കരളും
ഇഷ്ടക്കാര്‍ പകുത്തെടുത്താല്‍പ്പിന്നെ
ചോരച്ച മാംസപ്പശയിലേയ്ക്ക്‌
അരിച്ചിറങ്ങും ഈച്ചപ്പടയില്‍പ്പെട്ടുപോകും
പേരുപോലും പുളിമറന്ന വെട്ടുമരക്കുറ്റി

വരിക്കപ്ലാവെന്നോ
തേന്മാവെന്നോ
തെക്കേമുറിയിലെ തേക്കെന്നോ
കിഴക്കനതിരിലെ മുരിക്കെന്നോ
കിണറ്റുവക്കിലെ അമ്പഴമെന്നോ
വണ്ടിയുരുട്ടാനൊടിച്ച ശീമക്കൊന്നയെന്നോ
പൂമൂടും ചെമ്പകമെന്നോ പേരില്ലാത്തവന്‍!

ഈര്‍ച്ചപ്പൊടിയിലും,
സങ്കടക്കൈപ്പുള്ള കാഞ്ഞിരമാകാത്തവന്‍

വില്‍ക്കുന്നവനും വാങ്ങുന്നവനുമിടയിലെ
പാകപ്പെടുത്തലുകാരന്‌
തായ്‌വേരോ താവഴിപ്പേരോ വേണ്ട
നാടും നട്ടറിവും വേണ്ട
ആണ്ടും അറുതിയും അറിയേണ്ട
കൊണ്ടറിഞ്ഞാലും മിണ്ടാട്ടവുമില്ല

വന്നുപോകുന്ന ശരീരങ്ങള്‍ക്കൊപ്പം മുറിഞ്ഞിട്ടും
ഉള്ളുപൊളിയാതെ
ഒരു കരച്ചില്‍ച്ചീളുപോലും തെറിപ്പിയ്ക്കാതെ
വികാരമറുത്തുകളഞ്ഞ
വെറും മുഖപ്രതലം മാത്രമാക്കുന്നു
തന്നെത്തന്നെ...
-----------------------------

*വെട്ടോരി - വെട്ടോഹരി - വെട്ടിക്കൂട്ടിയതില്‍ ഒരു പങ്ക്‌

(2012-ഏപ്രില്‍ ലക്കം 'മാതൃകാന്വേഷി'യില്‍ പ്രസിദ്ധീകരിച്ചത്‌.)



6 comments:

ചന്ദ്രകാന്തം said...

SumeshVasu said...
വളരെ നല്ല ഭാവന സുഹ്യത്തേ... ഇനിയുമെഴുതൂ

jayanEvoor said...

ദെന്താപ്പാ ഡാനിയൽ വെട്ടോരിയ്ക്ക് കവിതയിൽ കാര്യം എന്നു നോക്കി വന്നതാ!

നല്ല എഴുത്ത്.
ഇഷ്ടപ്പെട്ടു!

ശ്രീനാഥന്‍ said...

പുളിമറന്ന വെട്ടുമരക്കുറ്റി ഒരു ശക്തമായ രൂപകമായി മാറിയല്ലോ ഈ കവിതയിൽ. പാകപ്പെടുത്തലുകാരനെ തിരിച്ചറിഞ്ഞ വരികൾക്ക് മൌലികത.

തണല്‍ said...

പെട്ടെന്ന് ആരെയൊക്കെയോ ഓർമ്മ വന്നൂ..എന്നെക്കുറിച്ചോർമ്മ വന്നൂ..
ഉള്ളുപൊളിയാതെ ഒപ്പം ചതഞ്ഞ പങ്കുവെയ്ക്കലുകൾ ഓർമ്മ വന്നൂ..:(

ഭാനു കളരിക്കല്‍ said...

എല്ലാ വെട്ടലുകളെയും ഏറ്റുവാങ്ങുന്ന വെട്ടുമര കുറ്റി. ഗംഭീരമായി ഈ കാവ്യബിംബം.

Unknown said...

ഈര്‍ച്ചപ്പൊടിയിലും,
സങ്കടക്കൈപ്പുള്ള കാഞ്ഞിരമാകാത്തവന്‍

നനായി എഴുതി
ആശംസകള്‍


എന്നെ ഇവിടെ വായിക്കുക
http://admadalangal.blogspot.com/