Thursday, October 11, 2012

സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ കരകയറിയ നാള്‍മുതല്‍



കാലടിയിലൂടെ നടന്നുപോയ വഴികളെന്നപോലെ
ഒന്നിനോടൊന്ന്‌ കൂട്ടിത്തുന്നിയും
പകുത്ത കൈവഴിയില്‍ കാലഹരണപ്പെട്ടും
പാടവും പറമ്പും പാലവും വളഞ്ഞുപിടിച്ചും
നെടുകെപ്പിളര്‍ത്തിയും
തമ്മില്‍ക്കൊരുത്തുമയഞ്ഞും
നടക്കാതെ പോയ വഴികളുമുണ്ട്‌

ടാറുരുകിയും
ചെമ്മണ്ണ്‌ തെറിപ്പിച്ചും
കാറ്റിളക്കത്തിനൊത്ത്‌ വെയിലെരിച്ചും
നിഴല്‍മരങ്ങള്‍ക്കിടയിലൂടെ നിലാവുനനഞ്ഞും
കെട്ടുപിണഞ്ഞുകിടക്കുന്നു

മഞ്ഞുപാടയ്ക്കപ്പുറമെന്നപോലെ
ഉയര്‍ന്ന പാതകളിന്നും മങ്ങിയ കാഴ്ചയാണ്‌
അടുത്തുള്ള സ്ഥിരവഴികളാവട്ടെ
മുന്നിലൊരു ലക്‌ഷ്യമുണ്ടെന്ന നാട്യത്തില്‍
തിടുക്കം കൂട്ടി കിതയ്ക്കുന്നു

എന്നും ഏറെ നടത്തക്കാരെത്തുന്നത്‌
അപ്പപ്പോള്‍ ചുങ്കപ്പിരിവില്ലാതെ
ഒറ്റത്തീര്‍പ്പില്‍ മുഴുജീവിതം എണ്ണിയെടുത്ത്‌
കൃത്യമായ കൈവരികളില്‍ ചിട്ടപ്പെടുത്തിയ
രണ്ടു ദേശീയപാതകളിലേയ്ക്കാണ്‌

കിടപ്പുമുറിയില്‍ നിന്ന്‌
നാഴികക്കണക്കില്ലാത്ത അടുക്കള വരേയും
അവിടെനിന്ന്‌ തീന്മേശ വരേയും.
.................................................................

6 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

വളരെ നന്നായിരിക്കുന്നു

Unknown said...

വഴികള്‍ നമുക്കുചുറ്റും നടന്നുകൊണ്ടേയിരിക്കും
നമ്മള്‍ അവിടെയും ഇവിടെയും തെന്നി ചിതറി കാലുറക്കതെയും

ആശംസകള്‍

Kaithamullu said...

NH 47 -നും NH 17 -നും എവിടെയാണെന്ന് ഇപ്പഴാ ട്ടോ മന്‍സിലായേ! “ഏറെ നടത്തക്കാരെത്തുന്നത്‌
അപ്പപ്പോള്‍ ചുങ്കപ്പിരിവില്ലാതെ ....“ ന്യൂ ജെനെറേഷന്‍ ബാങ്കുകാരെപ്പോലെ ‘വണ്‍ ടൈം സെറ്റില്‍മെന്റായി‘ ഈടാക്കുമെന്നോര്‍ക്കുക!

നിരക്ഷരൻ said...

പറഞ്ഞത് കവിതയായിട്ടാണെങ്കിലും, ദേശീയ പാതകൾ ശരിക്കൊന്ന് വികസിപ്പിക്കാൻ തുനിഞ്ഞാൽ പലരുടേയും കിടപ്പുമുറിയും തീൻ‌മേശയും അടുക്കളയുമൊക്കെ പെരുവഴീലാകും :)

മുകിൽ said...

വഴികൾ..

ഭാനു കളരിക്കല്‍ said...

പാതകള്‍ നമുക്ക് കൈമോശം വരും. പിന്നീട് പാദങ്ങളും.
വഴിനടക്കാന്‍ നമുക്ക് തീവ്രവാദ പ്രസ്ഥാനങ്ങള്‍ തുടങ്ങേണ്ടിവരുന്ന കാലം വിദൂരമല്ല.