കാലടിയിലൂടെ നടന്നുപോയ വഴികളെന്നപോലെ
ഒന്നിനോടൊന്ന് കൂട്ടിത്തുന്നിയും
പകുത്ത കൈവഴിയില്‍ കാലഹരണപ്പെട്ടും
പാടവും പറമ്പും പാലവും വളഞ്ഞുപിടിച്ചും
നെടുകെപ്പിളര്‍ത്തിയും
തമ്മില്‍ക്കൊരുത്തുമയഞ്ഞും
നടക്കാതെ പോയ വഴികളുമുണ്ട്
ടാറുരുകിയും
ചെമ്മണ്ണ് തെറിപ്പിച്ചും
കാറ്റിളക്കത്തിനൊത്ത് വെയിലെരിച്ചും
നിഴല്‍മരങ്ങള്‍ക്കിടയിലൂടെ നിലാവുനനഞ്ഞും
കെട്ടുപിണഞ്ഞുകിടക്കുന്നു
മഞ്ഞുപാടയ്ക്കപ്പുറമെന്നപോലെ
ഉയര്‍ന്ന പാതകളിന്നും മങ്ങിയ കാഴ്ചയാണ്
അടുത്തുള്ള സ്ഥിരവഴികളാവട്ടെ
മുന്നിലൊരു ലക്‌ഷ്യമുണ്ടെന്ന നാട്യത്തില്‍
തിടുക്കം കൂട്ടി കിതയ്ക്കുന്നു
എന്നും ഏറെ നടത്തക്കാരെത്തുന്നത്
അപ്പപ്പോള്‍ ചുങ്കപ്പിരിവില്ലാതെ
ഒറ്റത്തീര്‍പ്പില്‍ മുഴുജീവിതം എണ്ണിയെടുത്ത്
കൃത്യമായ കൈവരികളില്‍ ചിട്ടപ്പെടുത്തിയ
രണ്ടു ദേശീയപാതകളിലേയ്ക്കാണ്
കിടപ്പുമുറിയില്‍ നിന്ന്
നാഴികക്കണക്കില്ലാത്ത അടുക്കള വരേയും
അവിടെനിന്ന് തീന്മേശ വരേയും.
.................................................................
6 comments:
വളരെ നന്നായിരിക്കുന്നു
വഴികള്‍ നമുക്കുചുറ്റും നടന്നുകൊണ്ടേയിരിക്കും
നമ്മള്‍ അവിടെയും ഇവിടെയും തെന്നി ചിതറി കാലുറക്കതെയും
ആശംസകള്‍
NH 47 -നും NH 17 -നും എവിടെയാണെന്ന് ഇപ്പഴാ ട്ടോ മന്‍സിലായേ! “ഏറെ നടത്തക്കാരെത്തുന്നത്
അപ്പപ്പോള്‍ ചുങ്കപ്പിരിവില്ലാതെ ....“ ന്യൂ ജെനെറേഷന്‍ ബാങ്കുകാരെപ്പോലെ ‘വണ്‍ ടൈം സെറ്റില്‍മെന്റായി‘ ഈടാക്കുമെന്നോര്‍ക്കുക!
പറഞ്ഞത് കവിതയായിട്ടാണെങ്കിലും, ദേശീയ പാതകൾ ശരിക്കൊന്ന് വികസിപ്പിക്കാൻ തുനിഞ്ഞാൽ പലരുടേയും കിടപ്പുമുറിയും തീൻമേശയും അടുക്കളയുമൊക്കെ പെരുവഴീലാകും :)
വഴികൾ..
പാതകള്‍ നമുക്ക് കൈമോശം വരും. പിന്നീട് പാദങ്ങളും.
വഴിനടക്കാന്‍ നമുക്ക് തീവ്രവാദ പ്രസ്ഥാനങ്ങള്‍ തുടങ്ങേണ്ടിവരുന്ന കാലം വിദൂരമല്ല.
Post a Comment