തൃശ്ശൂർ സ്റ്റാന്റിൽനിന്ന്
അഴുകിയ മാർക്കറ്റ്മണം നീട്ടിത്തുപ്പി
തലവെട്ടിച്ച് ഇടത്തോട്ടിറങ്ങി
സമയമളന്ന് കുതിയ്ക്കുകയാണ് ബസ്സ്
മുൻവരിച്ചില്ലിൽ
“ഞാൻ നിന്നോടുകൂടെ”യെന്ന്
തിളങ്ങുന്ന ബൾബുമാല
ചായമിളകിയ ദേവരൂപത്തിൽ
പഴകിപ്പതിഞ്ഞ മുൾക്കിരീടം
റോഡ് തട്ടി മുറിഞ്ഞുപോയൊരു തോട്
പാലം നൂണ്ടിറങ്ങി
പാടത്തേയ്ക്ക് ചുരുളുന്നു
അവിടവിടെ ആമ്പൽത്തണ്ടുകൾ
വെയിലിനുനേരെ ചിമ്മിത്തുറക്കുന്നു
കാറ്റിലേയ്ക്കിറ്റുന്ന പച്ചപ്പ്
പാലയ്ക്കൽപ്പള്ളിയിൽ
പെയ്തു കയറുന്നുണ്ട് ഊട്ടുതിരുന്നാൾമേളം
അമ്മയുടെ സാരിത്തലപ്പുചുറ്റി
പാട്ടുപാടുന്ന ബലൂൺപീപ്പികൾ
ചുണ്ടുചോപ്പൻ മിഠായികൾ
പീലിവച്ച കരിമ്പിൻ കാടുകൾ
പിന്നോട്ടുപായും കാഴ്ചയിൽ
മെഴുക്കുപടർന്ന അലുവപ്പൊതി
മേല്ക്കാമോതിരമിട്ട ഉഴുന്നടക്കോർമ്പ
ഇനിയും പൊട്ടിത്തീരാത്ത ചുവന്ന കുപ്പിവള
വഴിയിലേയ്ക്കാഞ്ഞു നില്ക്കും
ഇലക്ട്രിക് പോസ്റ്റിന്റെ ഇരുമ്പുടലിൽ
പണ്ടംപണയത്തിൻ
കൊഴുത്ത അക്ഷരങ്ങൾ
കമ്പിവേലിപ്പരസ്യങ്ങൾ
ബംഗ്ലാവ് സ്റ്റോപ്പിലെ തണൽവിരിപ്പിൽ
വെയിൽ കല്ലെറിയുന്നു
തെരഞ്ഞെടുപ്പുതോരണങ്ങൾ
ആർത്തുചിരിയ്ക്കുന്നു
കരിങ്കണ്ണന്റെ വൈക്കോല്ക്കൈകൾ
വാഴയെ ചേർത്തുപിടിയ്ക്കുന്നു
ഉറക്കെക്കരഞ്ഞുകൊണ്ടൊരാംബുലൻസ്
എതിരെ നെഞ്ചടിച്ചു വന്നു
ഇരുട്ടിലേയ്ക്കിഴയുന്ന
ഏതോ അതിവേഗയാത്രക്കാരനാവാം
തീപ്പൊരി വീണേക്കാവുന്ന വെടിക്കെട്ടുപുര പോലെ
കൂട്ടിരിയ്ക്കുന്നവരുണ്ടാകാം
അതിദീനതയോടെ ബസ്സ്
അരികൊതുക്കി
യേശുദേവന്റെ നെറ്റിമുറിവിലെ ചോര
വിളർത്തിരിയ്ക്കുന്നു
ആഴക്കടലിൽ നിന്നും രണ്ടു നീലജാലകങ്ങൾ മാത്രം
മങ്ങാതെ ഇമയനക്കാതെ തുറന്നുകിടക്കുന്നു
6 comments:
മനോഹരമായ കവിത.മനസ്സില്‍ തട്ടുന്ന വാക്കുകള്‍ വരികള്‍ . ആശംസകള്‍
യാത്ര എപ്പോഴും കവിതയാണ്. കാവ്യമനസോടെ ചുറ്റും നോക്കണം. ഇവിടെ അതാണ് സംഭവിച്ചത്. കവിത എപ്പോഴും യാത്രയുമാണ് ആറും കാണാത്ത ലോകത്തേക്കുളള അനുയാത്ര.കവിയോടൊപ്പം .നന്ദി ഈ കാവ്യാനുഭവത്തിന്
നല്ല കവിത
ശുഭാശംസകൾ....
യാത്രയില്‍ കാണാവത്
നല്ല വരികൾ ചേർത്ത് വച്ചപ്പോൾ ഒഴിഞ്ഞു പോകുന്ന അപകടങ്ങൾ ആസ്വാദ്യമായി
ഓരോ ഇടങ്ങളിലും ...
Post a Comment