Sunday, May 25, 2014

ബിഗ് ബാംഗ്


അപരിചിതമായ ഒരു മണൽത്തരി
നെഞ്ചിൽ വീണിട്ടാണ്
ഭൂമി പിളർന്നുപോയത്‌

 മണ്ണെന്ന്‌
മനുഷ്യനെന്ന്‌
മണ്ണിന്റെ മനസ്സെന്ന്‌
കണ്ണികൂട്ടി വച്ചതിൽ നിന്നും
ഭൂമിയോളം ക്ഷമ എന്നതിലെ
ക്ഷമ അറ്റുപോയത്‌

വേരുവേരാന്തരം നിറഞ്ഞിരുന്ന
സ്നേഹനീരുചിന്തി
ഉപ്പുകടലുണ്ടായതും
തിരയെഴുതി ഭാഗിച്ച്‌ കരയുണ്ടായതും
ഓരോ കരയിലും ഓരോ കാടുണ്ടായതും
എന്റെ വീട്‌ നിന്റെ വീടെന്ന്‌
വേലിയിൽ ശീമക്കൊന്ന പൊടിച്ചതും

പാതിരാക്കറുപ്പിൽ
അയൽ‌‌ജനാലയുടെ
നെഞ്ചുപൊട്ടിയ വിളിയിൽ
കണ്ണു തുറക്കണോ വേണ്ടയോ എന്ന്‌
ടോർച്ച്‌ തിരിഞ്ഞുകിടന്നുറങ്ങിയതും

പിറ്റേന്ന്‌,
കുഴിയിറങ്ങിയ വെള്ളക്കോടിയിൽ
കറുത്ത കൊടിയോടെ ചിതറിവീണതും
അതേ മണൽത്തരിയുടെ
അന്നേവരെ പരിചയിയ്ക്കാത്ത
പര്യായപദങ്ങളായിരുന്നു..

9 comments:

സലീം കുലുക്കല്ലുര്‍ said...

നല്ല അയല്‍ക്കാരന്‍ ..!

yousufpa said...

അരാജകവാദിയാവുകയാണു ഞാൻ...

സൗഗന്ധികം said...

"മനുഷ്യാ നീ മണ്ണാകുന്നു " എന്ന വചനത്തിലെ മണ്ണിന്റെ ഉപ്പ്‌ മനുഷ്യനെന്നേ നഷ്ടമായിരിക്കുന്നു. ഇന്ന് മണ്ണ്‌ അവന്‌ ഹൃദയങ്ങളാൽ അതിർത്തികൾ തീർത്ത സ്വാർഥ ദ്വീപുകളാണ്‌ !!! സർവ്വേക്കല്ലുകൾക്കിടയിൽക്കിടന്ന് മണ്ണിനു വീപ്പു മുട്ടുന്നു. ഒടുവിലൊരു ദിവസം ആ മണ്ണ്‌ വന്നു നെഞ്ഞത്തു വീഴുമ്പോൾ മനുഷ്യൻ കേൾക്കും; മുകളിൽ നിന്നും പരിചിതമായ നിലവിളികൾ !! ആറടി നിരപ്പിൽത്തന്നെ അത്ര ദൂരത്തു നിന്നല്ലാതെ, ചില പരിചിത ചിരികൾ !!!


വളരെ മനോഹരമായൊരു കവിത. നല്ല അവതരണം.

ശുഭാശംസകൾ....

Kaithamullu said...

“പാതിരാക്കറുപ്പിൽ
അയൽ‌‌ജനാലയുടെ
നെഞ്ചുപൊട്ടിയ വിളിയിൽ
കണ്ണു തുറക്കണോ വേണ്ടയോ എന്ന്‌
ടോർച്ച്‌ തിരിഞ്ഞുകിടന്നുറങ്ങിയതും!“

-അത് ഞാനല്ലെന്ന് ആര്‍ക്കെങ്കിലും നെഞ്ചില്‍ കൈ വച്ച് പറയാനാവുമോ? അതാണീ കവിതയുടെ വിജയം!

ബൈജു മണിയങ്കാല said...

പൊട്ടിത്തെറിച്ചു കടുകിനെ പോലെ

ശ്രീ said...

നന്നായി, ചേച്ചീ

ajith said...

പൊട്ടിത്തെറിയ്ക്കല്‍ മാത്രമാണ് സാധാരണം
കൂടിച്ചേരലുകള്‍ അസാധാരണമായ സംഭവങ്ങളാണ്

Yamuna said...

പാതിരാക്കറുപ്പിൽ
അയൽ‌‌ജനാലയുടെ
നെഞ്ചുപൊട്ടിയ വിളിയിൽ
കണ്ണു തുറക്കണോ വേണ്ടയോ എന്ന്‌
ടോർച്ച്‌ തിരിഞ്ഞുകിടന്നുറങ്ങിയതും
എവിടെയൊക്കെയോ ഒരു അസ്വസ്ഥത സൃഷ്ടിക്കുന്ന വരികൾ ..ഇടുങ്ങിപ്പോയ മനസ്സുകൾ നാം

Unknown said...

നന്നായി